അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും നിസ്കാരത്തിന്‍റെ ആദ്യത്തെ രണ്ട് റക്അതുകളില്‍ ഫാതിഹ ഓതിയ ശേഷം സൂറത്ത് ഓതല്‍ സുന്നത്താണ്. ചെറിയ സൂറത്ത് പൂര്‍ണമായി ഓതലാണ് വലിയ സൂറത്തുകളുടെ കുറച്ച് ഭാഗം ഓതുന്നതിനേക്കാള്‍ ഉത്തമം.


രണ്ട് റക്അത്തിലും വ്യത്യസ്തസൂറത്തുകള്‍ ഓതലാണ് പൂര്‍ണതക്ക് ഉത്തമമെങ്കിലും ഒരേ സൂറത്ത് ആവര്‍ത്തിച്ച് ഓതിയാലും സുന്നത്ത് ലഭിക്കുന്നതാണ്. ഫാതിഹയല്ലാത്ത മറ്റൊരു സൂറത്തും മനപ്പാഠമില്ലാത്തവന് ഫാതിഹ  തന്നെ ആവര്‍ത്തിച്ച് ഓതിയാല്‍ സൂറത്ത് ഓതിയ സുന്നത്ത് ലഭിക്കുന്നതാണ്. മറ്റുസൂറത്തുകള്‍ അറിയാമെങ്കില്‍ ഫാതിഹ ആവര്‍ത്തിച്ചത് കൊണ്ട് സുന്നത്ത് ലഭിക്കില്ല.


ഫാതിഹയിലെ ഒരു ആയത്ത് എന്ന കരുതലില്ലാതെ ബിസ്മി മാത്രം ഓതിയാലും സുന്നത്ത് ലഭിക്കുന്നതാണ്. പരിപൂര്‍ണത ഒരൂ സൂറത്ത് മുഴുവനായി ഓതലാണെന്ന് മുമ്പ് പറഞ്ഞല്ലോ.


മറ്റു സൂറത്തുകള്‍ ഓതുമ്പോള്‍ അര്‍ത്ഥം പിഴക്കുന്ന തെറ്റുകള്‍ ഇല്ലാതെ ഓതാനറിയില്ലെങ്കില്‍ ഫാതിഹയല്ലാത്ത മറ്റൊന്നും ഓതാതിരിക്കുകയാണ് വേണ്ടത്.


ഇവ്വിഷയം ഫത്ഹുല്‍മുഈന്‍/ഇആനതുത്ത്വാലിബീന്‍(1/175)ല്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.