അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഇന്നേദീവസം മയ്യിത്ത് നിസ്കരിക്കപ്പെടല്‍ സ്വഹീഹാകുന്നവരില്‍ നിന്ന് ഭൂമിയുടെ വിവിധഭാഗങ്ങളിലായി ആരൊക്കെ മരിച്ചിട്ടുണ്ടോ അവരുടെയെല്ലാം പേരില്‍ ഒന്നിച്ച് നിയ്യത്ത് വെച്ച് മയ്യിത്ത് നിസ്കരിക്കല്‍ അനുവദനീയമാണെന്നും മാത്രമല്ല സുന്നത്ത് തന്നെയാണെന്നും തുഹ്ഫ(3/146)യില്‍ കാണാം.


മയ്യിത്ത് നിസ്കരിക്കുമ്പോള്‍ അവരെ വ്യക്തിപരമായി അറിയണമെന്നോ പേരുവിവരങ്ങള്‍ അറിയണമെന്നോ എത്ര പേരുടെ മേലിലാണ് നിസ്കരിക്കുന്നതെന്ന എണ്ണം  അറിയണമെന്നോ ഇല്ല. എന്തെങ്കിലും ചെറിയ ഒരു വകതിരിക്കല്‍ ഉണ്ടായാല്‍മതി. ഇന്നേ ദിവസം മരിച്ചവര്‍ എന്ന് കരുതല്‍ അതിന് മതിയാകുന്നതാണ്.


എന്നാല്‍ ഇങ്ങനെ നിസ്കരിക്കുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ഉള്ള മയ്യിത്തുകളുടെ പേരിലേ ഇത് ബാധകമാകൂ. ഒന്ന്: മേല്‍പറഞ്ഞ മയ്യിത്തുകളെ കുളിപ്പിക്കല്‍ കഴിഞ്ഞിരിക്കണം, രണ്ട്: പറയപ്പെട്ട മയ്യിത്തുകള്‍ ശഹീദല്ലാത്തവരാകണം. മൂന്ന് : മറഞ്ഞമയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കല്‍ അനുവദനീയമാകുന്ന രീതിയിലുള്ള മറഞ്ഞമയ്യിത്താകണം(ശര്‍വാനീ-3/146).


മറഞ്ഞമയ്യിതിന്‍റെ പേരില്‍ വീട്ടില്‍ നിന്നോ പള്ളിയില്‍ നിന്നോ ഒറ്റക്കായോ ജമാഅത്തായോ ഒക്കെ നിസ്കരിക്കാമെന്നപോലെ ഈ നിസ്കാരവും അത്തരത്തിലെക്കെ നിര്‍വഹിക്കാവുന്നതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.