അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ജമാഅത്തായി നിസ്കരിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഏറെ മഹത്വമുള്ള കാര്യമാണ്. അവയിൽ ചിലത് ഇവിടെ വിവരിക്കാം:


അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ജമാഅത്തായി നിസ്കരിക്കുന്നതിന് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി സ്രേഷ്ഠതയുണ്ട്’ (ബുഖാരി, മുസ്ലിം). ‘ഒരാൾ ഫർള് നിസ്കാരം ജമാഅത്തായി നിസ്കരിക്കാൻ വേണ്ടി നടന്നു പോയി അത് നിർവ്വഹിച്ചാൽ അത് ഒരു ഹജ്ജ് നിർവ്വഹിക്കുന്നതിന് പോലെ പുണ്യരകമാണ്. ഒരാൾ സുന്നത്ത് നിസ്കരിക്കാൻ വേണ്ടി നടന്ന് പോയി അത് നിർവ്വഹിച്ചാൽ അത് ഒരു ഉംറ നിർവ്വഹിക്കുന്നത് പോലെ പുണ്യകരമാണ്’. (ത്വബ്റാനി). ‘ആരെങ്കിലും നാൽപത് ദിവസം, ഇമാമിനോട് കൂടെ തക്ബീറത്തുൽ ഇഹ്റാം കിട്ടും വിധം, ജമാഅത്തായി നിസ്കരിച്ചാൽ രണ്ട് തരത്തിലുള്ള മോചനം അവന് വേണ്ടി എഴുതപ്പെടും, ഒന്ന് നരകത്തിൽ നിന്നുള്ള മോചനവും രണ്ട് കാപട്യത്തിൽ നിന്നുള്ള മോചനവുമാണവ’ (തിർമ്മിദി). ‘ആരെങ്കിലും നിസ്കരിക്കാൻ വേണ്ടി (ആദാബുകൾ പാലിച്ചുള്ള പൂർണ്ണമായ) വുളൂഅ് എടുത്ത് ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി നടന്നു പോകുകയും പള്ളിയിൽ വെച്ചോ മറ്റോ ജമാഅത്തായി നിസ്കരിക്കുകയും ചെയ്താൽ അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും’ (സ്വഹീഹ് മുസ്ലിം). ‘ആരെങ്കിലും പളളിയിൽ പോയി ജമാഅത്തായി നിസ്കരിച്ചാൽ ഓരോ പോക്കിനും അല്ലാഹു അവന് വേണ്ടി വേണ്ടി സ്വർഗത്തിൽ ഓരോ അഥിതി മന്ദിരം ഒരുക്കും’ (ബുഖാരി, മുസ്ലിം). ‘ആരെങ്കിലും ഇശാഅ് നിസ്കാരം ജമാഅത്തായി നിസ്കരിച്ചാൽ അവൻ ആ രാത്രി പകുതിയോളം നിന്ന് നിസ്കരിച്ചവനെപ്പോലെയാണ്. ആരെങ്കിലും സുബ്ഹ് നിസ്കകാരം ജമാഅത്തായി നിസ്കരിച്ചാൽ ആ രാത്രി മുഴുവനും നിന്ന് നിസ്കരിച്ചവനെപ്പോലെയാണ്’ (സ്വഹീഹ് മുസ്ലിം).


മുൻഗാമികൾ അവർക്ക് ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുന്നത് ഒരു ആപത്ത് സംഭവിക്കുന്നത് പോലെയാണ് കണ്ടിരുന്നത്. മുൻഗാമികളിലൊരാൾ ഒരിക്കൽ തന്റെ ഈത്തപ്പനത്തോട്ടത്തിൽ പോയി തിരിച്ച് വന്നപ്പോഴേക്കും പള്ളിയിൽ അസ്വറിന്റെ ജമാഅത്ത് കഴിഞ്ഞിരുന്നു. ഉടൻ അദ്ദേഹം ആപത്ത് സംഭവിക്കുമ്പോൾ ചൊല്ലുന്ന വചനമായ إنا لله.... എന്ന് ചൊല്ലിയിട്ട് പറഞ്ഞു: ‘ഇന്നെനിക്ക് ഈ ഇത്തപ്പനത്തോട്ടം കാരണം ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടിരിക്കുന്നു. അതു കൊണ്ട് ഞാൻ ഈ തോട്ടം പാവങ്ങൾക്കിതാ ധർമ്മം ചെയ്യുന്നു’..... അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഒരിക്കൽ ഇശാഇന്റെ ജമാഅത്ത് നഷ്ടപ്പെട്ടപ്പോൾ ആ നഷ്ടം പരിഹരിക്കാൻ വേണ്ടി ആ രാത്രി നേരം പുലരുവോളം മഹാനവർകൾ നിസ്കരിച്ചു കൊണ്ടേയിരുന്നു...... ഉബൈദുല്ലാഹി ബിനു ഉമറുൽ ഖവാരീറി (റ) ഒരിക്കൽ തന്റെ വീട്ടിൽ വന്ന അഥിതിയെ സൽക്കരിക്കുന്ന തിരക്കിൽ ഇശാഇന്റെ ജമാഅത്ത് നഷ്ടപ്പെട്ടു. ഉടൻ അദ്ദേഹം എവിടെയെങ്കിലും ജമാഅത്ത് കഴിയാൻ ബാക്കിയുണ്ടോ എന്നറിയാൻ വേണ്ടി ആ നാട്ടിലെ മുഴുവൻ പള്ളികളിലും പോയി നോക്കി. പക്ഷേ എല്ലായിടത്തും നിസ്കാരം കഴിഞ്ഞ് പള്ളികൾ അടച്ചിരുന്നു. ദുഃഖിതനായ അദ്ദേഹം വീട്ടിൽ ചെന്നപ്പോൾ ‘ജമാഅത്തായി നിസ്കരിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി സ്രേഷ്ഠതയുള്ളതാണ്’ എന്ന നബി വചനം അദ്ദേഹത്തിന് ഓർമ്മവരികയും (ജമാഅത്ത് നഷ്ടപ്പെട്ടതിന് പകരമായി) 27 തവണ ഇശാഅ് നിസ്കരിച്ച് കിടന്നുറങ്ങുകയും ചെയ്തു. ആ ഉറക്കിൽ അദ്ദേഹം ഒരു സമൂഹത്തിന്റെ കൂടെ കുതിര സവാരി ചെയ്യുന്നത് സ്വപ്നം കണ്ടു. ആ സമൂഹം മുഴുവൻ മുന്നിലും അദ്ദേഹം അവർക്ക് പിന്നിലുമായിരുന്നു. അദ്ദേഹം തന്റെ കുതിരയെ എത്ര സ്പീഡിൽ ഓടിച്ചിട്ടും അവരുടെ അടുത്ത് എത്താൻ കഴിയുന്നില്ല. അപ്പോൾ അവരിലൊരാൾ അദ്ദേഹത്തെ തിരിഞ്ഞു നോക്കി പറഞ്ഞു: ‘താങ്കൾ കുതിരയെ എത്ര പ്രയാസപ്പെടുത്തിയാലും താങ്കൾക്ക് ഞങ്ങളുടെ കൂടെ എത്താൻ കഴിയില്ല’. എന്തു കൊണ്ടാണ് സാധിക്കാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: ‘കാരണം ഞങ്ങളിന്ന് ഇശാഅ് നിസ്കരാം ജമാഅത്തായിട്ടും നിങ്ങൾ നിങ്ങൾ ഒറ്റക്കുമാണ് നിസ്കരിച്ചത്’. ഇത് കേട്ടപ്പോൾ ദുഃഖിതനായി അദ്ദേഹം ഉറക്കമുണർന്നു..... മുൻഗാമികളിലൊരാൾ പറഞ്ഞു: ‘താൻ ചെയ്ത എന്തെങ്കിലും ദോഷം കാരണല്ലാതെ ഒരാൾക്കും ഒരു ജമാഅത്തും നഷ്ടപ്പെടുകയില്ല’..... മുൻഗാമികൾക്ക് വല്ല കാരണത്താലും ഒരു ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടാൽ (ഉറ്റവരും ഉടയവരും നഷ്ടപ്പെടുംപോലെ) ആ നഷ്ടം സഹിക്കാൻ കഴിയാത്തിന്റെ പേരിൽ ഏഴു ദിവസം അവർ അവരോട് തന്നെ അനുശോചനം രേഖപ്പെടുത്തുമായിരുന്നു. ഇനി ഒരു റക്അത്താണ് അവർക്ക് ജമാഅത്തിൽ നഷ്ടപ്പെട്ടതെങ്കിൽ മൂന്ന് ദിവസം ആ നഷ്ടത്തിൽ അവർ അവരോട് തന്നെ അനുശോചനം രേഖപ്പെടുത്തുമായിരുന്നു (അൽ മിനഹുസ്സനിയ്യ, ഇഹ്യാഉ ഉലൂമിദ്ദീൻ)


കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.