അസ്സലാമു അലൈക്കും.. 1. അന്യ സ്ത്രീകളോട് സൗഹൃദം പങ്ക് വെക്കുന്നതിൽ തെറ്റുണ്ടോ ?? (2). അന്യസ്ത്രീകളോട് (മുസ്ലിമായാലും.,അമുസ്ലിമായാലും) അവരോട് social media യിലൂടെ chat ചെയ്യൽ..അവരെ കാണൽ..അവരോട് നേരിട്ട് സംസാരിക്കൽ എന്നിവ അനുവദനീയമാണോ ?? (വികാരത്തോട് കൂടി അല്ലാതെ ഇതൊക്കെ ചെയ്യാൻ പറ്റുമോ ) (3). ഇസ്‌ലാമിക പരമായിട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി അന്യസ്ത്രീകളോട് ഇടപെടുന്നത് തെറ്റാണോ (social media യിൽ ആണെങ്കിൽ പോലും) (4)..ഒരു വിധത്തിലും നമുക്ക് അന്യാസ്ത്രീകളോട് ഇടപെടാൻ പറ്റില്ലേ...സുഹൃത്തിന്റെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കണ്ട്..സഹായം ചെയ്യാമോ. (5). പ്രായമായ ഉമ്മമാരോട് ഇടപെടുന്നതോ (സംസാരം..,സഹായം)??

ചോദ്യകർത്താവ്

Sake of allah

Aug 22, 2019

CODE :Cou9410

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം പാലിക്കണമെന്ന് ഇസ്‍ലാം നിഷ്കർഷിക്കുന്ന പരിധികൾക്കും പരിമിതികൾക്കും വിധേയമായി, ഇന്ന് നാം സാധാരണ അർത്ഥമാക്കുന്ന സൌഹൃദം (friendship) നിലനിർത്തി പോരുക അസാധ്യമാണ്. (ഫൈസ്ബുക്കിൽ ഫ്രണ്ട് ആയി അംഗീകരിക്കുന്നത് കൊണ്ട് മാത്രം പരിധികൾ ലംഘിക്കപ്പെടണമെന്നില്ല.)
അന്യ സ്ത്രീകളുടെ (മുസ്‍ലിമായാലും അല്ലെങ്കിലും) ശരീര ഭാഗങ്ങൾ, ബാഹ്യാകാരം എന്നിവ മനഃപൂർവ്വം നോക്കുന്നത് നിഷിദ്ധമാണ്. അവിചാരിതമായി ദൃഷ്ടിയിൽ പെടുന്നത് പൊറുക്കപ്പെടും. ഈ വിഷയം പണ്ഡിതന്മാർ വളരെ കണിശതയോടെ തന്നെയാണ് വിവരിച്ചിട്ടുള്ളത്. വികാരത്തോടെയല്ലെങ്കിലും സ്ത്രീയോ പുരുഷനോ ആകർഷണീയനല്ലെങ്കിലും അവർ പ്രായം ചെന്നവരാണെങ്കിലും അന്യ സ്ത്രീയെ നോക്കുന്നത് അനുവദനീയമല്ല. 

ചികിത്സ, സാക്ഷ്യം, തിരിച്ചറിയൽ അത്യാവശ്യമായ ഇടപാടുകൾ, ഇമിഗ്രേഷൻ, വോട്ടിംഗ് പോലെയുള്ള അവസരങ്ങളിൽ നോട്ടം അനുവദനീയമാണ്.
അന്യ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതും അവരോടു സംസാരിക്കുന്നതും അനുവദനീയം തന്നെയാണ്. പക്ഷേ, വികാരം തോന്നുകയോ, പരിധിവിട്ടു പോകുമെന്ന ഭയമോ ഉണ്ടാകുമ്പോൾ അത് നിഷിദ്ധമായി തീരും. മാത്രമല്ല, അവർ രണ്ടു പേരും ഒറ്റക്ക് ഒരിടത്ത് (ഖൽവതിൽ) ഒരുമിക്കരുത്. സംസാര സമയത്തും അരുതാത്ത നോട്ടം ഉണ്ടാവരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്യുമ്പോഴും മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. പരിധി വിട്ടു പോകാമെന്ന സാധ്യതയുണ്ടെങ്കിൽ ചാറ്റിങ്ങിനു മുതിരുക തന്നെയ ചെയ്യരുത്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ, ഫാമിലി, അലുംനി, ദീനീ ചർച്ചകൾ, വിജ്ഞാന സദസ്സുകൾ, ആത്മീയ കൂട്ടായ്മകൾ, രാഷ്ട്രീയം തുടങ്ങി പല രീതിയിൽ പ്രവർത്തിക്കുന്ന മിക്ക ഗ്രൂപ്പുകളിലും അന്യ സ്ത്രീ – പുരുഷ സാന്നിധ്യങ്ങളുണ്ട്. അതു പോലെ, കുടുംബ യോഗങ്ങളും ഒത്തു ചേരലുകളും നടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഫിത്ന ഭയപ്പെടുന്ന പക്ഷം അത്തരം ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കേണ്ടതുമാണ്. 
ഇസ്‍ലാമിക കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും നേരത്തെ പറഞ്ഞ നിബന്ധനകൾക്ക് വിധേയി മാത്രമേ അന്യ സ്ത്രീകളുമായി ഇടപഴകാവൂ. 

ഇതു വരെ പറഞ്ഞതിൽ നിന്ന് ഒരു അന്യ സ്ത്രീയുമായി ഏതെല്ലാം നിലക്ക് ബന്ധപ്പെടാനാകുമെന്നും എന്തെല്ലാം നിബന്ധനകളും പരിധികളുമുണ്ടെന്നും മനസ്സിലായിട്ടുണ്ടാവും. ആ നിലക്ക് സുഹൃത്തിന്‍റെ ഉമ്മയോട് സ്വന്തം ഉമ്മയോടെന്ന പോലെ പെരുമാറാൻ ഇസ്‍ലാം അനുവദിക്കുന്നില്ല. നിബന്ധനകൾക്ക് വിധേയമായി അവരോട് സംസാരിക്കുകുയും അവരെ സഹായിക്കുകയും ചെയ്യാം. പ്രായമായ ഉമ്മാമമാരുടെ കാര്യത്തിലും തഥൈവ.
താഴെ കൊടുത്ത ഖുർആനിക വചനങ്ങൾ ഈ സാഹചര്യങ്ങളെ എത്ര ഗൌരവത്തോടെയാണ് നാം കാണേണ്ടതെന്ന് മനസ്സിലാക്കിത്തരുന്നു.
“ഓ നബീ, തങ്ങളുടെ ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവർക്കേറ്റവും പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസിനികളോടും തങ്ങളുടെ നയനങ്ങൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കൾ കൽപ്പിക്കുക.” (സൂറത്തുന്നൂർ)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter