വെള്ളി മോതിരം പുരുഷന്മാർക്ക് ഏത് വിരലിൽ ധരിക്കലാണ് സുന്നത്. മറ്റു വിരലുകളിൽ ധരിക്കുന്നതിന്റെ വിധിയെന്ത് ? അത് പോലെ ധരിക്കാൻ പാടില്ലാത്ത വിരലുകൾ ഉണ്ടോ ? ഒന്നിൽ കൂടുതൽ മോതിരം ധരിക്കുന്നതിന്റെ വിധിയെന്ത് ?

ചോദ്യകർത്താവ്

Farhan

Aug 4, 2019

CODE :Fiq9390

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

പുരുഷന്മാർക്ക് വെള്ളി മോതിരം ചെറു വിരലിൽ ധരിക്കലാണ് സുന്നത്ത്. അത് തന്നെ വലത്തെ ചെറുവിരലിലാണ് ഉത്തമം. മറ്റു വിരലുകളിൽ ധരിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവ അനുവദനീയമാണ് എന്നതാണ് ഒരു അഭിപ്രായം. ചൂണ്ടു വിരലിലും നടു വിരലിലും ധരിക്കൽ കറാഹത്താണ്. ചെറുവിരലൊഴികെ എല്ലാ വിരലിലും കറാഹതാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ചിലർ ഹറാമാണെന്ന് വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കറാഹത്താണെന്ന അഭിപ്രായമാണ് ഇബ്നു ഹജർ അല്‍ ഹൈതമി  പ്രബലമാക്കിയിരിക്കുന്നത്.

ഒന്നിൽ കൂടുതൽ മോതിരം ധരിക്കുന്നതിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇമാം ഇബ്നു ഹജർ അത് ഹറാമായി അഭിപ്രായപ്പെടുമ്പോൾ കറാഹത്തെന്നാണ് ഇമാം റംലിയുടെ അഭിപ്രായം. പല പ്രമുഖ പണ്ഡിതരും അത് അനുവദനീയമാണെന്ന് വിധി പറഞ്ഞിട്ടുണ്ട്. ദൂർത്തിന്‍റെ പരിധിയിലേക്ക് വന്നാൽ ഒന്നിൽ കൂടുതൽ ധരിക്കൽ നിഷിദ്ധമാണെന്നാണ് എല്ലാവരുടെയും നിലപാട്.

ഏറ്റവും ഉത്തമവും സൂക്ഷ്മതയും വലതു ചെറു വിരലിൽ ഒരു മോതിരം മാത്രം ധരിക്കലാണ്. പല മഹാന്മാരിൽ നിന്നായി തബർറുകിനായി ഒന്നിലധികം മോതിരം ലഭിക്കുമ്പോൾ, അനുവദനീയമാണെന്ന അഭിപ്രായം സ്വീകരിച്ച്, പല പണ്ഡിതരും ഒന്നിലധികം വിരലുകളിലും ചെറുവിരലല്ലാത്തവയിലും ധരിക്കാറുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. 

 

ASK YOUR QUESTION

Voting Poll

Get Newsletter