നമസ്കാരത്തിലെ അത്തഹിയാത്തിൽ ചൂണ്ടു വിരൽ അനക്കിക്കൊണ്ടിരിക്കാന്‍ (ചലിപ്പിക്കാന്‍) പറ്റുമോ, മുജാഹിദ്, ജമാഅത്ത്കാരെ പോലെ, ഒന്ന് വിശദികരിച്ചാലും

ചോദ്യകർത്താവ്

abdul hakeem

Jul 7, 2019

CODE :Oth9345

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അത്തഹിയ്യാത്തില്‍ ചൂണ്ടു വിരല്‍ ചലിപ്പിച്ചുകൊണ്ടിരിക്കല്‍ കറാഹത്താണ്. കാരണം നബി (സ്വ) അങ്ങനെ ചെയ്തിരുന്നില്ലായെന്ന് ഇമാം അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതു പോലെ വിരല്‍ അനക്കിക്കൊണ്ടിരിക്കുന്നത് കാരണം മുന്‍കൈ മൊത്തം അനങ്ങുന്നില്ലെങ്കില്‍ നിസ്കാരം ബാത്വിലാകില്ല. കാരണം വിരല്‍ മാത്രം അനങ്ങല്‍ നിസ്കാരത്തെ ബാത്വിലാക്കാത്ത ചെറിയ അനക്കമായാണ് പരിഗണിക്കപ്പെടുക. ഇതാണ് ശാഫഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം (ശറഹുല്‍ മുഹദ്ദബ്, റൌള, മുഗ്നി, അബൂദാവൂദ്). എന്നാല്‍ നബി (സ്വ) വിരല്‍ അനക്കിയിരുന്നുവെന്ന് ഇമാം ബൈഹഖി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. അത് കൊണ്ടുള്ള ഉദ്ദേശ്യം വിരല്‍ പലപ്രാവശ്യം അനക്കിക്കൊണ്ടിരുന്നു എന്നല്ല, പ്രത്യുത ചുണ്ടു വിരല്‍ ചൂണ്ടാൻ വേണ്ടി മാത്രം ഒരു പ്രാവശ്യം അനക്കിയെന്നാകാം (ശറഹുല്‍ മുഹദ്ദബ്, ബൈഹഖീ).

നാലു മദ്ഹബുകളില്‍ മാലികീ മദ്ഹബില്‍ മാത്രമാണ് വിരല്‍ അനക്കിക്കൊണ്ടിരിക്കല്‍ സുന്നത്തുള്ളത്. അത് തന്നെ ചൂണ്ടു വിരല്‍ ഇടത്തോട്ടും വലത്തോട്ടും ഇളക്കലാണ് സുന്നത്ത്. അല്ലാതെ മുകളിലോട്ടും താഴോട്ടുമല്ല (ഹാശിയത്തുദ്ദുസൂഖി, മുഖ്തസ്വറുല്‍ ഖലീല്‍, അശ്ശറഹുസ്സ്വഗീര്‍). അതിനാല്‍ ഇന്ന് സുന്നിയായാലും അസുന്നിയായാലും ആരെങ്കിലും വിരല്‍ മുകളിലേക്കും താഴേക്കും ഇളക്കിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അതിന് നാല് മദ്ഹബിലും അനുകൂലാഭിപ്രായമില്ല. അതു പോലെ മദ്ഹബില്‍ കറാഹത്തായ വിരല്‍ ചലിപ്പിച്ചത് കാരണം മുന്‍കൈ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം അനങ്ങിയാല്‍ നിസ്കാരം ബാത്വിലാകുകയും ചെയ്യു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter