അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഇസ്ലാം നിഷിദ്ധമാക്കിയിട്ടില്ലാത്ത ഏത് ഭക്ഷണവും കഴിക്കാം. ഒരു ഭക്ഷണത്തേയും കുറ്റം പറയാനും പാടില്ല (ശറഹു മുസ്ലിം). ഇന്ന ഭക്ഷം മാത്രമേ കഴിക്കാവൂ എന്നതിലുപരി ഏത് ഭക്ഷണമായാലും അത് എങ്ങനെ കഴിച്ചാലാണ് ശരീരിത്തിന് ഗുണകരമാകുകയും ആരോഗ്യത്തിന് ഹാനികരമാകാതിരിക്കുകയും ചെയ്യുകയെന്ന വസ്തുതയാണ് ഇസ്ലാം വിശദീകരിക്കുന്നത്.


നബി (സ്വ) അരുള്‍ ചെയ്തു: നിറക്കുന്ന പാത്രങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് വയറാണ്. നട്ടെല്ല് നിവരാവുന്ന അത്രയേ ഭക്ഷണം കഴിക്കാവൂ. ഇനി നന്നായി ഭക്ഷണം കഴിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ വയറിന്റെ മൂന്നില്‍ ഒരു ഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും നിറക്കുക, ബാക്കി മൂന്നിലൊരു ഭാഗം ഒഴിച്ചിടുക (തിര്‍മ്മിദി, ഇബ്നു മാജ്ജഃ). ഏത് ഭക്ഷണം കഴിക്കുകയാണെങ്കിലും (അല്ലാഹുവിന്റെ റസൂല്‍ -സ്വ- നിര്‍ദ്ദേശിച്ച) ഈ ഭക്ഷണ രീതി തെറ്റിക്കാതിരുന്നാല്‍ ഭക്ഷണം കഴിച്ചത് കൊണ്ട് ഒരാള്‍ക്കും ഒരു അസുഖവും വരില്ലെന്ന് തീര്‍ച്ചയല്ലേ.. അഥവാ ഭക്ഷണം കഴിക്കുമ്പോള്‍ ആത്മ നിയന്ത്രണമാണ് പ്രധാനം, വായയ്ക്ക് രുചിയുണ്ട് എന്ന കാരണത്താലോ വിശപ്പ് കൊണ്ട് വയറ് കത്തുന്നവെന്ന കാരണത്താലോ ഇന്ന ഭക്ഷം ഏറെ പ്രിയമാണ് എന്ന കാരണത്താലോ അത് ദഹിപ്പിക്കുവാനും ശരീരത്തിന് ഉപയോഗപ്പെുടുത്തുവാനുമുള്ള ആമാശം, ചെറു കുടല്‍ അടക്കമുള്ള ദഹന-ഊര്‍ജ്ജ സിസ്റ്റന്റെ കപ്പാസിറ്റി മറന്ന് പോകരുത്. അവയുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതാണ് ശരീരം രോഗാതുരമാകാനുള്ള പ്രധാന കാരണം. അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രധാന കാരണം അമിത ഭക്ഷണമാണ്. അതിനാല്‍ വിശക്കുമ്പോഴൊക്കെ ആഹാരം കഴിക്കുക, പക്ഷെ ആമാശയത്തന്റെ മൂന്നില്‍ ഒന്നിനേക്കാള്‍ കൂടരുത്. അല്‍പം മുമ്പോ അല്‍പം കഴിഞ്ഞോ അത്ര തന്നെ വെള്ളവും കുടിക്കുക, ബാക്കി ഭാഗം ഒഴിച്ചിടുക. ദഹന വ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കും, വയറിന്റെ ഭാരവും ശരീരത്തിന്റെ അസുഖങ്ങളും കുറഞ്ഞു വരും إن شاء الله .


കഴിക്കുന്ന ഭക്ഷണം കൊണ്ട് ആരോഗ്യമുണ്ടാകാനും ദോഷമുണ്ടാകാതിരിക്കാനും അതില്‍ ബറകത്ത് ഉണ്ടാകുക പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക, ബിസ്മി ചൊല്ലി തുടങ്ങുക, വലത് കൈ കൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുക, (ഇടത് കൈ കൊണ്ട് ഇത് രണ്ടും പാടില്ല, കാരണം പിശാച് ഇടത് കൈ കൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുക), ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഓരോരുത്തരും മധ്യത്തില്‍ നിന്ന് കഴിക്കാതെ അവരവരുടെ ഭാഗത്ത് നിന്ന് കഴിക്കുക, പരമാവധി മൂന്ന് വിരല്‍ കൊണ്ട് കഴിക്കുക (ചോറ് പോലെയുള്ളവയാണെങ്കില്‍ നാലും അഞ്ചും വിരലുകള്‍ ഉപയോഗിക്കാം), വലത് കൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ഇടത് കൈ നിലത്ത് കുത്തി അതിന്മേല്‍ ചാരിയിരിക്കാതിരിക്കുക, കൂടെയിരിക്കുന്നവര്‍ക്ക് പ്രാധാന്യം കൊടുക്കുകയും അവരെ ഭക്ഷിപ്പിക്കകുയും ചെയ്യുക, ഭക്ഷണത്തെ ഒരു കാരണവശാലും കുറ്റം പറയാതിരിക്കുക, (ഇഷ്ടമായെങ്കില്‍ കഴിക്കുക, അല്ലെങ്കില്‍ കഴിക്കാതിരിക്കുക, എന്നാലും കുറ്റം പറയരുത്), ഭക്ഷണം ശേഷം അല്ലാഹുവിനെ സ്തുതിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കല്‍ സുന്നത്താണ്. അഥവാ ഇത് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുകയും അവന്‍ അതില്‍ ബറകത്ത് ചെയ്യുകയും ചെയ്യും. ( ബുഖാരി, മുസ്ലിം, തിര്‍മ്മിദി, അബൂദാവൂദ്, ഇബ്നു മാജ്ജഃ, ഫത്ഹുല്‍ ബാരീ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.