അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഖുത്വുബയുടെ ഭാഷ അറബിയായിരിക്കൽ ശർത്വാണ്. കാരണം അങ്ങനെയാണ് ഇസ്ലാമിക സമൂഹം അത് നിർവ്വഹിച്ചു വന്നത് (മഹല്ലീ), അതാണ് നബി (സ്വ)യുടേയും സ്വഹാബത്തിന്റേയും ചര്യ (ഫത്ഹുൽ മുഈൻ), അതാണ് മുൻഗാമികളുടേയും പിൻഗാമികളുടേയും ചര്യ (ബുജൈരിമി).


ഇമാം നവവി (റ)യും ഇമാം റാഫിഈ (റ) പറയുന്നു: ഖുതുബ മുഴുവനും അറബിയിലായിരിക്കൽ ശർത്വാണ് എന്നതാണ് സ്വഹീഹായ വജ്ഹ്. കാരണം ഇസ്ലാമിക സമൂഹം അത് അങ്ങനെയാണ് നിർവ്വഹിച്ചു വന്നത്. (റൌള, ശറഹുൽ വജീസ്). ഖുത്വുബ അറബിയിലാവൽ ശർത്വാണ് എന്നതാണ് എറ്റവും സ്വഹീഹായതും ഭൂരിഭാഗം ഇമാമീങ്ങളും ഖണ്ഡിതമായി പറഞ്ഞതും. കാരണം ഖുത്വുബയെന്നത് തക്ബീറത്തുൽ ഇഹ്റാം, അത്തഹിയ്യാത്ത് എന്നിവ പോലെ ജുമുഅക്ക് ഒഴിച്ചു കൂടാത്ത ഒരു ദിക്ർ ആയതിനാൽ അതിന് അറബി ശർത്വ് ആയി. മാത്രവുമല്ല ഞാൻ നിസ്കരിക്കുന്നത് നിങ്ങൾ കണ്ടത് പോലെ നിങ്ങളും നിസ്കരിക്കുവീൻ എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്. അറബി ഭാഷയിൽ ഖുത്വുബ ഓതിയിട്ടായിരുന്നു നബി (സ്വ) ജുമുഅ നിർവ്വഹിച്ചിരുന്നത് (ശറഹുൽ മുഹദ്ദബ്).


നിർബ്ബന്ധമായ ഖുത്വുബ അതിന്റെ അർക്കാനുകൾ (നിർബ്ബന്ധ ഘടകങ്ങൾ) നിർവ്വഹിക്കൽ ആയത് കൊണ്ട് അത് നിർവ്വഹിക്കൽ അറബി ഭാഷയിലായിരിക്കൽ ശർത്വാണ് എന്ന് തുഹ്ഫയിലും നിഹായയിലുമൊക്കെ പറഞ്ഞത് തഖ് വ കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയെന്ന റുകിനിൽ നിർബ്ബന്ധമായ ഭാഗം കഴിഞ്ഞ് ബാക്കി അധികം വരുന്ന ഭാഗം അറബിയിതര ഭാഷകളിൽ പറയാം എന്ന അർത്ഥത്തില്ല. മറിച്ച് ഇമാം നവവി (റ) മജ്മൂഇലും ഇമാം റാഫിഈ (റ) അസീസിലും പറഞ്ഞത് പോലെ ദീർഘമായ ഉപദേശം ഖുത്വുബയിൽ നിർബ്ബന്ധമില്ല എന്ന അർത്ഥത്തിലാണ്. അഥവാ ആ അധികം വരുന്ന ഭാഗം ജുമുഅ സ്വഹീഹാകാൻ ആവശ്യമായ ഖുത്വുബയുടെ പരിധിയിൽ വരാത്തത് കൊണ്ട് ആ ഭാഗത്തിന് അറബി ശർത്വാണെന്ന നിബന്ധനയുടെ ചർച്ച വരുന്നില്ല എന്നാണ്. അതു പോലെ നാൽപത് ആളുകൾ കേൾക്കൽ ശ്വർത്വുള്ളതും ഈ അർക്കാനുകൾ മാത്രമാണ്. അതല്ലാത്ത അധികം വരുന്നവ കേൾക്കൽ ഖുത്വുബയുടെ സാധുതക്ക് ശർത്വല്ല (തുഹ്ഫ, നിഹായ). മാത്രവുമല്ല ആ അധികം വരുന്ന ഭാഗം അറബിയിതര ഭാഷയിൽ പറഞ്ഞാൽ അത് ഖുതുബയുടെ ഭാഗമായി പരിഗണിക്കില്ലെന്നും ഒരു ലഗ് വ് (വെറും വർത്തമാനം /പൊഴിവാക്ക്/ നിരർത്ഥകം) മാത്രമായിട്ടേ പരിഗണിക്കപ്പെടുകയുള്ളൂ എന്നും അതിനാൽ അങ്ങനെ ഖുതുബക്കിടയിൽ അറബിയല്ലാത്ത ഭാഷയിൽ വല്ലതും പറഞ്ഞിട്ട് രണ്ട് റക്അത്ത് നിസ്കാരത്തിന്റെ സമയത്തേക്കാൾ ദീർഘിച്ചു പോയാൽ അത് അത്രയും നേരം മിണ്ടാതിരിക്കുന്നതിന് തുല്യമാണെന്നും അതിനാൽ അതുമൂലം ഖുത്വുബയുടെ അർക്കാനുകൾക്കിടയിലെ തുടർച്ച മുറിയുകയും ഖുത്വുബ അസാധുവാകുകയും ചെയ്യുമെന്നും (ജമൽ, ബുജൈരിമി) കർമ്മ ശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ ഖുത്വുബയെന്നത് അത് അറബിയിൽ മാത്രം നിർവ്വഹിക്കപ്പെടേണ്ടതാണെന്നും അതിനിടയിൽ അനറബി ഭാഷയിൽ വല്ലതും പറഞ്ഞാൽ അത് ഖുത്വുബയായി പരഗണിക്കില്ലെന്നും മൌനത്തിന് തുല്യമായ നിരർത്ഥകമായ അധര വ്യായാമം മാത്രമായേ പരിഗണിക്കപ്പെടുകയുള്ളൂവെന്നും വ്യക്തമായി.


പിന്നെ ശാഫിഈ ഇമാമിന്റേയും അബുഹനീഫ ഇമാമിന്റേയും അത് പോലെയുള്ള മദ്ഹബിന്റെ മറ്റു ഇമാമീങ്ങളുടേയും വചനങ്ങളേയും പരാമർശങ്ങളേയും മനസ്സിലാക്കേണ്ടത് മുൻഗാമികളും പിൻഗാമികളുമായ ആ മദ്ഹബിലെ കിടയറ്റ പണ്ഡിതന്മാരുടെ വിശദീകരണം നോക്കിയാണ്. ശാഫിഈ ഇമാമിന്റെ ഉമ്മിൽ ഉള്ള പരാമർശം ഖുതുബ മാതൃഭാഷയിൽ നടത്താനുള്ള ലൈസൻസാണ് എന്ന് പണ്ഡിതന്മാർക്ക് അഭിപ്രായമില്ല. കാരണം ജുമുഅ ഖുത്വുബക്കിടയിലോ മറ്റോ ആളുകൾ വല്ല സംശയം ചോദിക്കുകയോ അവരുടെ മാതൃ ഭാഷയിൽ വല്ലതും ബോധ്യപ്പെടുത്തിക്കൊടുക്കുകയോ ചെയ്യേണ്ട സാഹചര്യം വന്നാൽ അത് ചെയ്യാം എന്നാണ് അവിടെ സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ അങ്ങനെ പറയാൻ സാഹചര്യമുണ്ടായാൽ പറയാൻ പറ്റുമെങ്കിലും അത് ദിക്റുകൾക്കിടയിൽ ജനങ്ങളോട് അവരുടെ ഭാഷയിൽ സംസാരിക്കുമ്പോലെയാണെന്നും അത് ദിക്റിൽ പെടാത്തത് പോലെ ഖുത്വുബക്കിടയിൽ വല്ലതും അനറബി ഭാഷയിൽ സംസാരിച്ചാൽ അത് ഖുത്വുബയെന്ന ദിക്റിന്റെ  ഭാഗമായി പരിഗണിക്കില്ലായെന്നും  ഖുത്വുബയല്ലാത്ത മറ്റു സംസാരമായേ ഗണിക്കുകയുള്ളൂവെന്നും മറ്റുമുള്ള മദ്ഹബിലെ മിക്ക പണ്ഡിതരുടേയും വിശദീകരിണത്തിന്റെ ചുരുക്കം നേരത്തെ സൂചിപ്പിച്ചുവല്ലോ.


അതു പോലെ ഇമാം ഖത്വീബുശ്ശീർബ്ബീനി (റ) ഖുത്വുബ മാതൃഭാഷയിൽ നടത്താൻ ഉമ്മിലെ ഈ പരാമർശം തെളിവായി പിടിക്കണമെന്ന് തന്റെ കിതാബായ മുഗ്നിയിൽ ചോദ്യകർത്താവ് ഉദ്ധരിച്ച പേജ് നമ്പറിലോ ജുമുഅ ഖുത്വുബയുടെ ഭാഷ വിശദീകരിക്കുന്നിടത്തോ മറ്റോ പരാമർശിച്ചതായി കാണുന്നില്ല. അതേ സമയം അതിന് വിരുദ്ധമായി രണ്ട് ഖുതുബയെന്ന് പറയപ്പെടാവുന്ന അത്രയും  അറബിയിൽ തന്നെയാവൽ ശർത്വാണെന്നും അത് സലഫിനേയും ഖലഫിനേയും ഇത്തിബാഅ് ചെയ്തു കൊണ്ടാണെന്നും അറബിയറിയാത്തവരോടും അറബിയിൽ തന്നെയാണ് ഖുത്വുബ നിർവ്വഹിക്കേണ്ടതെന്നും അറബിയറിയാത്ത ഒരു സാധാരണക്കാരൻ നിസ്കാരത്തിൽ അർത്ഥമറിയാതെ ഫാതിഹാ ഓതുന്നത് പോലെയാണതെന്നും അതിന് വിരോധമില്ലെന്നും മൊത്തത്തിൽ തഖ് വ കൊണ്ടുള്ള വസ്വിയ്യത്താണ് നടക്കുന്നത് എന്ന ഒരു ബോധ്യം അറബിയറിയാത്ത കേൾവിക്കാർക്കുണ്ടായാൽ മതിയെന്നുമൊക്കെയാണ് മഹാനവർകൾ തന്റെ മുഗ്നിയിൽ രേഖപ്പെടുത്തിക്കാണുന്നത്. അറബിയറിയാത്തവരോടും അറബിയിലാണ് ഖുത്വുബ നിർവ്വഹിക്കേണ്ടത് എന്നും അതാണ് മുൻഗാമികളുടേയും പിൻഗാമികളുടേയും മാതൃകയെന്നും മുഗ്നി മാത്രമല്ല പിൽക്കാല പണ്ഡിതരിൽ മിക്കവരും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്( മഹല്ലി, ശർഖാവീ, ശറഹു ബാഫള്ൽ).


ഇമാം അബൂഹനീഫ (റ)ഖുതുബ ഏത് ഭാഷയിലും നിർവ്വഹിക്കാൻ പറ്റുമെന്ന് പറഞ്ഞതും നിരുപാധികമല്ല. ഹനഫീ ഗ്രന്ഥമായ ഉംദത്തുർരിആയയിൽ ഈ വാദഗതികൾക്ക് ഇപ്രകാരം മറുപടി പറയുന്നത് കാണാം: അവിടെ അനുവദനിയം എന്ന് പറഞ്ഞത് നിരുപാധികമല്ല.. അനറബി ഭാഷയിലല്ലാതെ ഖുത്വുബ നിർവ്വഹിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ ജുമുഅ ശരിയാകാൻ തൽകാലം അനറബി ഭാഷയിൽ ഖുതുബ നിർവ്വഹിക്കാം എന്നാണ് ആ പറഞ്ഞതിന്റെ താൽപര്യം. അല്ലാതെ നിരുപാധികം ആർക്കും എപ്പോഴും മറ്റു ഭാഷകളിൽ ഖുതുബ നടത്താം എന്നല്ല. കാരണം അറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് നബി(സ)യിൽ നിന്നും സ്വഹാബത്തിൽ(റ) നിന്നും അന്തരമായി ലഭിച്ച ചര്യക്കെതിരാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതിനാൽ അത് (അറബിയിൽ അത് നിർവ്വഹിക്കാൻ കഴിയുന്ന സാഹചിര്യത്തിൽ അങ്ങനെ ചെയ്യാതെ ഇതര ഭാഷകളിൽ നിർവ്വഹിക്കൽ) ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു. (ഉംദത്തുൽ രിആയ:1/200). ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് എന്ന് പറഞ്ഞത് അക്കാര്യം റസൂൽ (സ്വ)യുടേയും സ്വഹാബത്തിന്റേയും ചര്യക്ക് എതിരായത് കൊണ്ടാണ്. കാരണം നബി(സ)യും സ്വഹാബത്തും അറബിയിൽ മാത്രമാണ് സദാ ഖുത്വുബ നിർവഹിച്ചിട്ടുള്ളത്. അവരാരും ജുമുഅ ഖുത്വുബയോ മറ്റേതെങ്കിലും ഖുത്വുബയോ അറബിയല്ലാത്ത ഭാഷയിൽ നിർവ്വഹിച്ചതായി ഒരു മഹാനും ഇത് വരേ ഉദ്ധരിച്ചിട്ടില്ല (ആകാമുന്നഫാഇസ്). അത് പോലെ ഹനഫീ മദ്ബിലെ പ്രധാന അവലംബങ്ങളായ ഇമാമുമാരായ ഇമാം അബൂയൂസുഫ്(റ), മുഹമ്മദ് ബിൻ ഹസൻ (റ) എന്നിവർ ഖുത്വുബക്ക് അറബി ശർത്വാണെന്ന് തീർത്തു പറഞ്ഞിട്ടുണ്ട് (ഹാശിയത്തു ഇബ്നു ആബിദീൻ).


ഹമ്പലീ മദ്ഹബിലും മാലികീ മദ്ഹബിലും ഖുത്വുബ അറബി ഭാഷയിലായിരിക്കൽ ശത്വാണ് എന്ന് അവയുടെ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി ആ മദ്ഹബ് വിശകലനം ചെയ്യുന്ന ആർക്കും പ്രഥമാ ദൃഷ്ട്യാ വ്യക്തമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മാലികീ മദ്ഹബിലെ പ്രബല ഗ്രന്ഥമായ അശ്ശർഹുൽ കബീറും ഹമ്പലീ മദ്ഹബിലെ ഗ്രന്ഥങ്ങളായ അൽഫുറൂഉം കശ്ശാഫുൽ ഖനാഉം പരിശോധിക്കാവുന്നതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.