അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


ഈ ഹദീസ് ശരിയാണോയെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ നിസ്കാരത്തിൽ തല മറക്കൽ സുന്നത്താണ്. കാരണം ഈ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ പലതും വളരേ ളഈഫായവയാണെങ്കിലും വ്യത്യസ്ത വഴികളിലൂടെ ധാരാളമായി ഈ വിഷയത്തിൽ ഹദീസുകൾ വന്നത് കാരണം അവയിലുള്ള ന്യൂനത പരിഹരിക്കപ്പെടും. അതേ സമയം ഇങ്ങനെ വന്ന പല ഹദീസകുളും മൌളൂഅ് ആണ് എന്ന് ചിലർ വാദിക്കുന്നുണ്ട്. ഹദീസുകളിൽ വേണ്ടത്ര ഗവേഷണം നടത്താതെ എളുപ്പപ്പണി ചെയ്യുന്നവരുടെ ശൈലിയാണിത്. ഉദാഹരണത്തിന് ഇമാം ഇബ്നുൽ ജൌസി (റ) യെപ്പോലുളളവർ ഇത്തരത്തിൽ ളഈഫാക്കിയ പല ഹദീസുകളും ഇമാം ഹാകിം (റ) നെപ്പോലെയുള്ളവർ സ്വഹീഹാക്കിയിട്ടുണ്ട് (തുഹ്ഫ).


അഥവാ ചോദ്യ കർത്താവ് ഉദ്ധരിച്ച ഹദീസ് അടക്കം പലതും ളഈഫാണെങ്കിലും തല മറക്കൽ സുന്നത്താണെന്ന് അറിയിക്കുന്ന ഹദീസുകൾ ധാരാളമായി പല വഴിയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവയിൽ പലതിലും വിലയിരുത്തപ്പെടുന്ന ളുഅ്ഫ് ആ വിഷയം സുന്നത്താണെന്ന കാര്യത്തിന് തടസ്സമാകില്ല. എന്നാൽ അവയിൽ പലതും മൌളൂഅ് ആണ് എന്ന് പലരും പല സൈറ്റിലും എടുത്തുദ്ധരിച്ച് കാണാം. അങ്ങനെ ഏത് ഇമാമിനെ ഉദ്ധരിച്ച് പറഞ്ഞതാണെങ്കിലും ഈ വിഷയത്തിൽ അവർ കൂടുതൽ ഗവേഷണം നടത്താടെ അഭിപ്രായം പറഞ്ഞതാണെന്ന് മനസ്സിലാക്കണം. കാരണം ഇതാണ് പിൽക്കാല പണ്ഡിതന്മാരുടെ ഈ വിഷയത്തിലെ അപഗ്രഥനത്തിന്റെ സംഗ്രഹം.


പിന്നെ, നാലു മദ്ഹബിനേയും അംഗീകരിക്കാതെ തങ്ങളുടെ നിലപാടിനോട് യോജിക്കുന്നത് മാത്രം നാല് മദ്ഹബിൽ നിന്നും എടുത്തുദ്ധരിക്കുന്ന ഇത്തരം (ചോദ്യ കർത്താവ് റഫറൻസായിട്ട് കൊടുത്തിട്ടുള്ള തരത്തിലുള്ള) സൈറ്റുകൾ ദീനിന്റെ വിധിവിലക്കുകൾ മനസ്സിക്കാൻ വേണ്ടി വായിക്കുകയോ മറ്റുള്ളവർക്ക് റഫർ ചെയ്യുകയോ ചെയ്യുന്നത് അപകടവും പിശാചിന് നമ്മുടെ വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും വസ് വാസ് ഉണ്ടാക്കാനുള്ള അവസരം നൽകലുമാണ് എന്ന് പ്രത്യേകം ഓർക്കണം. ഇത് കൊണ്ടൊക്കെത്തന്നെയാണ് ഇത്തരം നിലപാടുള്ളവരുടെ ഗ്രന്ഥങ്ങളും ഫത്വകളും ഗവേഷണങ്ങളും ഒരു കാരവശാലും നോക്കിപ്പോകരുതെന്ന് ഇമാം ഇബ്നു ഹജർ അൽ ഹൈത്തമി (റ)യെപ്പോലെയുള്ള മഹാ പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് (സവാജിർ, അൽ ഫതാവൽ കുുബ്റാ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.