അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


കുടുംബ ബന്ധം വഴി ആരോടാണ് അടുത്തിടപഴകേണ്ടത് എന്ന് അല്ലാഹുവും റസൂൽ (സ്വ)യും കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്.അവരാണ് മഹ്റമുകൾ, വിവാഹ ബന്ധം ഹറമായവർ എന്ന് ചുരുക്കിപ്പറയാം. അല്ലാത്തവർ കുടുംബക്കാരായാലും അയൽവാസികളായാലും ക്ലാസ് മേറ്റുകളായാലും കോവർക്കേഴ്സ് ആയാലും സംഘടനാ സുഹൃത്തുക്കളായാലും ആരായാലും അന്യ സ്ത്രീകളാണ്. അവരോട് അല്ലാഹു നിശ്ചയിച്ച പരിധി ലംഘിച്ചു കൊണ്ട് ഒരു ഇടപഴകലും ശറഅ് അംഗീകരിക്കുന്നില്ല.
പിന്നെ, സലാം പറയുകയെന്നാൽ സംസാരം തുടങ്ങുകയെന്നാണ് അർത്ഥം. അഥവാ സംസാരത്തിന് തുടക്കം കുറിക്കൽ പോലും വളരേ കരുതലോടെയേ പാടുള്ളൂവെന്നാണ് ഇസ്ലാമിന്റെ നിലപാടെങ്കിൽ അതിനപ്പുറമുള്ള കാര്യങ്ങൾ എത്ര ഗൌരവത്തോടെയാണ് ഇസ്ലാം കാണുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു നിലക്കും വൈകാരിക ചിന്ത ഉടലെടുക്കാത്ത വിധം കിഴവിയായ സ്ത്രീയോട് സലാം പറയുന്നത് സുന്നത്താണ്. അവർക്കത് മടക്കൽ നിർബ്ബന്ധവുമാണ്. എന്നാൽ ഇവരല്ലാത്ത (ചെറിയ രൂപത്തിലെങ്കിലും ആകർശണീയത തോന്നാവുന്ന തരത്തിലുള്ള) ഏത് സ്ത്രീക്കും, അവരുടെ കൂടെ മറ്റൊരു സ്ത്രീയില്ലെങ്കിൽ, ഒരു അന്യ പുരുഷനോട് സലാം പറയലും അയാൾ സലാം പറഞ്ഞാൽ മടക്കലും ഹറാമാണ്. അഥവാ സാധാരണ ഗതിയിൽ അന്യ സ്ത്രീ പുരഷന്മാർ തമ്മിൽ സംസാരിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല. അതിനാൽ അതിന് മുതിരുന്നത് പാപമാണ്, നിഷിദ്ധമാണ്. ഏറ്റവും ചുരുങ്ങിയത് കണ്ണു കൊണ്ടോ മനസ്സു കൊണ്ടോ മറ്റോ ഒക്കെ എങ്കിലും വൈകാരികത ഉടലെടുക്കാൻ അത് കാരണമാകും എന്നതാണ് അതിന് കാരണം (ശറഹുൽ മുഹദ്ദബ്, തുഹ്ഫ).


അന്യ സ്ത്രീയോട് വല്ലതും പറയാനോ മറ്റോ ഉണ്ടെങ്കിൽ അവരുടെ പിതാവോ ഭർത്താവോ മകനോ സഹോദരനോ മറ്റു മഹ്റമുകളോ മുഖേന  പറയുകുയും ചെയ്തു തീർക്കുകയുമാണ് വേണ്ടത്. കാരണം അവളുടെ സംരക്ഷണ ഉത്തരവാദിത്തം അല്ലാഹു ഏൽപ്പിച്ചത് ഇവരെയൊക്കയാണ്. എന്നാൽ ഇനി അവളോടു തന്നെ സംസാരിക്കേണ്ട വല്ല അത്യാവശ്യ സന്ദർഭങ്ങളുമുണ്ടായാൽ ഒരു മറക്ക് പിന്നിൽ നിന്നാകണം അവരോട് സംസാരിക്കേണ്ടത് എന്ന് അല്ലാഹു തആലാ കണിശമായി പറഞ്ഞിട്ടുണ്ട് (സൂറത്തുൽ അഹ്സാബ്). അതു പോലെ അവർ സംസാരിക്കുമ്പോൾ അത് പുരുഷന് ആകർഷണീയത തോന്നന്ന വിധം നല്ല ശബ്ദത്തലോ കൊഞ്ചിക്കുഴഞ്ഞോ നല്ല ഇണക്കമുള്ള സംസാര രീതിയിലോ സംസാരിക്കരുത്. മനോരോഗികളുടെ മനസ്സിൽ വൈകാരികത ഉടെലെടുക്കാൻ അത് കാരണമാകും. അതിനാൽ ആകർശണീയത തോന്നാത്ത വിധമുള്ള ശബ്ദത്തിൽ പറയാനുള്ളതെന്തോ അതു മാത്രം വേഗം പറഞ്ഞു സംസാരം അവസാനിപ്പിക്കണം എന്നും അല്ലാഹു തആല കൃത്യമായി മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട് (സൂറത്തുൽ അഹ്സാബ്). അല്ലാഹു നിശ്ചയിച്ച പരിധികൾ ലംഘിക്കുരത് (സൂറത്തുന്നിലാഅ്). ആരെങ്കിലും അല്ലാഹു നിശ്ചയിച്ച പരിധികൾ ലംഘിച്ചാൽ അവർ സ്വന്തത്തോട് തന്നെ അക്രമം കാണിക്കുന്നവരാണ് (സൂറത്തു. ബഖറ). എന്നാൽ ഇടപാടുകളും മറ്റും നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്ക് ആളെ തിരിച്ചറിയാൻ വേണ്ടി നോക്കൽ അനുവദനീയമാണ് (ഫത്ഹുൽ മുഈൻ)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.