നിശ്ചിത തുക നിക്ഷേപം നടത്തി 200 ദിവസം കൊണ്ട് ഇരട്ടിയിലധികം ലാഭം ലഭിക്കുന്ന ഒരു ബിസിനസ്സിൽ ഉസ്താദുമാര്‍ വരെ ചേര്‍ന്നതായും പ്രോല്‍സാഹിപ്പിക്കുന്നതായും കാണുന്നു. ഇതിനെ കുറിച്ച് അറിയാൻ താല്‍പര്യമുണ്ട്. പഠിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു ഐഡിയ കിട്ടുന്നില്ല. ഇസ്ലാമിക മാനം അറിയാണമെന്നുണ്ട്. അള്ളാഹു തുണക്കട്ടെ.

ചോദ്യകർത്താവ്

Salahudheen

Mar 19, 2020

CODE :Oth9637

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നമ്മുടെ നാടുകളില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാവുകയും പലരും പ്രോല്‍സാഹിപ്പിക്കുകയും  ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം ബിസിനസുകള്‍ പല പേരുകളിലായി വ്യപകമാണ്.

ശാരീരികമായി പറയത്തക്ക അദ്ധ്വാനമൊന്നുമില്ലാതെ പണനിക്ഷേപം മൂലം തന്നെ നിശ്ചിതമല്ലാത്ത വരുമാനം ലഭിക്കുമെന്ന അനുമാനത്തിന്‍റെ പേരിലും മുമ്പേ അംഗങ്ങളായ പലരുടെയും പ്രലോഭനം മൂലവും ആളുകള്‍ ചേരുന്ന ഇത്തരം പദ്ധതികള്‍ അടുത്ത കാലത്തായി പലപേരുകളിലായി ഉടലെടുക്കുകയും പിന്നീടത് തകരുകയും ചെയ്യുന്ന നിത്യകാഴ്ചയാണ് കണ്ടുവരുന്നത്.

ദീനീസേവനരംഗത്ത് തുടരുന്ന ചില ഉസ്താദുമാരും ഇതൊരു ഹലാലായ വരുമാനപദ്ധതിയാണെന്ന് ധരിച്ചുകൊണ്ട് ഈ പദ്ധതിയില്‍ ധനനിക്ഷേപം നടത്തിയിട്ടുണ്ടെന്നാണറിവ്. ചില ഉസ്താദുമാര്‍ ഈ പദ്ധതി ഹലാലാണെന്ന് വിശദീകരിക്കുന്നതിന് വേണ്ടി കിതാബുകളുടെ ഉദ്ധരണികള്‍ സഹിതം എഴുതിയുണ്ടാക്കിയ കുറിപ്പുകളും പൊതുമാധ്യമങ്ങളില്‍ പരന്നുനടക്കുന്നുണ്ട്.

ഏതെങ്കിലും ഒരു ബിസിനസ് കൂട്ടായ്മയെ പേരെടുത്ത് ആക്ഷേപിക്കാനോ അത്  ശരിയാണെന്ന് പറഞ്ഞു പ്രോല്‍സാഹിപ്പിക്കാനോ തെറ്റാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനോ തുനിയുന്നതിന് പകരം ഇത്തരം  ബിസിനസുകളില്‍ കേട്ടുവരുന്ന ഇടപാടിന്‍റെ പൊതുസ്വഭാവം എന്താണെന്ന്  പഠിക്കാനുള്ള ശ്രമമാണിത്.

കമ്പനി നിശ്ചയിക്കുന്ന തുക (5000,10000,25000 രൂപ തുടങ്ങി മുകളിലേക്ക് എത്രയും ആകാം.) നിക്ഷേപകന് കമ്പനിയില്‍ നിക്ഷേപം നടത്താം. നിക്ഷേപം നടത്തുമ്പോള്‍ കമ്പനിയുടെ പ്രൊഡക്ട് എന്ന പേരില്‍ മൊബൈല്‍ ആപുകളോ മറ്റു വല്ല വസ്തുക്കളോ ലഭിക്കുന്നതാണ്. 200 പ്രവര്‍ത്തിദിവസങ്ങളിലായി ഓരോ ദിവസവും നിക്ഷേപിച്ച തുകയുടെ 1% മുതല്‍ 5% വരെ (പല കമ്പനികളുടെയും തോത് പലതാണ്) നിക്ഷേപകന്‍റെ ബാങ്ക് എക്കൌണ്ടില്‍ ക്രഡിറ്റ് ആയിക്കൊണ്ടിരിക്കും. ഓരോ പ്രവര്‍ത്തി ദിനത്തിലും നിക്ഷേപത്തിന്‍റെ 1% തുക തീര്‍ച്ചയായും എക്കൌണ്ടില്‍ ക്രഡിറ്റാകും. ചിലപ്പോള്‍ അതില്‍കൂടുതലും ലഭിക്കും. കൂടുതല്‍ എത്ര കിട്ടുമെന്നത് ഉറപ്പില്ല. ഇന്ത്യന്‍ ധനകാര്യനിയമപ്രകാരമുള്ള ആദായനികുതിവിഹിതം കഴിച്ചു ബാക്കിയാണ് അക്കൌണ്ട് വഴി ലഭിച്ചുകൊണ്ടിരിക്കുക.

കൂടാതെ കമ്പനിയിലേക്ക് പുതിയ ആളുകളെ നിക്ഷേപകരായി റഫര്‍ ചെയ്യുന്നവര്‍ക്ക് നിക്ഷേപത്തിന്‍റെ നിശ്ചിതശതമാനം (10%മാണ് പൊതുവെ നല്‍കുന്നത്) കമ്മീഷനും ബൈനറിയുമൊക്കെയായി നല്‍കുകയും ചെയ്യുന്നു. അഥവാ 10000 നിക്ഷേപിക്കുന്ന ഒരാളെ കമ്പനിയിലേക്ക് ചേര്‍ത്ത ആള്‍ക്ക് ആ പതിനായിരത്തിന്‍റെ 10%മായ 1000 രൂപ കമ്മീഷനായി ലഭിക്കുമെന്ന് സാരം.

ചുരുക്കത്തില്‍ 200 പ്രവര്‍ത്തിദിനങ്ങള്‍ കഴിയുമ്പോഴേക്ക് 10000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് ചുരുങ്ങിയ തോതനുസരിച്ച് ഓരോ ദിവസവും നല്‍കിയ തുകയുടെ 1% വീതം ലഭിക്കുകയാണെങ്കില്‍ നല്‍കിയ തുകയുടെ ഇരട്ടിയായ 20000 ലഭിക്കും. കാരണം 200 ദിവസം 1% വീതം ലഭിക്കുമ്പോള്‍ ആകെ നല്‍കിയതിന്‍റെ 200% ലഭിക്കുമല്ലോ. കമ്പനി നല്‍കുന്ന ഓഫര്‍ അനുസരച്ച് ദിനേന ലഭിക്കുന്ന തുകയില്‍ 1% മുതല്‍ 5% വരെ ചിലപ്പോള്‍ വര്‍ധനവ് ഉണ്ടായേക്കാം. അപ്പോള്‍ 200 ദിവസം കഴിയുമ്പോള്‍ ഇരട്ടിയിലധികവും ലഭിച്ചേക്കാം.

അടക്കുന്ന തുകയുടെ ഇരട്ടിയോ അതില്‍ കൂടുതലോ ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് നിക്ഷേപകര്‍ പണം നല്‍കുന്നതെന്ന് സാരം. പുതിയ ഒരാളെ ചേര്‍ത്താല്‍ അയാളുടെ നിക്ഷേപത്തിന്‍റെ 10 ശതമാനവും പ്രോല്‍സാഹിപ്പിച്ചവന് ലഭിക്കുന്നു.

ഇനി നമുക്ക് ഈ ഇടപാടിലെ മതവിധിയെ കുറിച്ച് അറിയുകയാണ് വേണ്ടത്. അതിനുമുമ്പായി ചില ചോദ്യങ്ങള്‍ക്ക് നാം മറുപടി കണ്ടെത്തേണ്ടതുണ്ട്.

  1. ഇവിടെ നിക്ഷേപകര്‍ക്ക് അവരടക്കുന്ന തുകയുടെ ഇരട്ടിയോ അതില്‍ കൂടുതലോ 200 പ്രവര്‍ത്തിദിവസങ്ങള്‍ കൊണ്ട് (ഒഴിവുദിവസങ്ങളടക്കംഏകദേശം ഒരു വര്‍ഷം കൊണ്ട്) ലഭിക്കുന്നു. ഇങ്ങനെ ഒരു വര്‍ഷം കൊണ്ട് നല്‍കിയ തുകയുടെ ഇരട്ടിയിലധികം ലാഭം നല്‍കാന്‍ കഴിയുന്ന എന്തുതരം ബിസിനസാണ് നിക്ഷേപം സ്വീകരിക്കുന്ന കമ്പനി നടത്തുന്നത്?
  2. നിക്ഷേപകര്‍ക്ക് ഒരു വര്‍ഷത്തില്‍ 100 ശതമാനമോ അതില്‍ കൂടുതലോ ലാഭം നല്‍കാന്‍ കഴിയുന്ന കമ്പനിയാണെങ്കില്‍ അവര്‍ക്ക് വളരെ തുച്ഛമായ പലിശക്ക് ബാങ്കില്‍ നിന്ന് ലോണെടുക്കലല്ലേ ഇതിനേക്കാള്‍ ലാഭകരം?
  3. 200 ദിവസം കൊണ്ട് മുടക്കിയ മുതലും അത്രതന്നെയോ അതില്‍ കൂടുതലോ ലാഭമായും നിക്ഷേപകന് തിരിച്ചുനല്‍കുമ്പോള്‍ കമ്പനിഉടമകള്‍ക്ക് എത്ര ലാഭമുണ്ടാകും. എങ്ങനെയായാലും നിക്ഷേപകര്‍ക്ക് നല്‍കുന്ന അത്രയെങ്കിലും ലാഭം അവരുമെടുത്തല്ലേ ബിസിനസ് നടത്തൂ. അപ്പോള്‍ മുടക്കുമുതലിന്‍റെ മൂന്നോ നാലോ ഇരട്ടി ലാഭം കൊയ്യുന്ന ഈ ബിസിനസ് എന്തായിരിക്കും?

ഇവിടെ ചില സത്യങ്ങള്‍ നാം മനസിലാക്കിയേ തീരൂ. അടക്കുന്ന തുകയുടെ ഇരട്ടിയിലധികം തിരിച്ചുനല്കുമെന്ന ഉറപ്പോടെ ഒരു കമ്പനിക്കും ബിസിനസ് നടത്താവുന്ന മേഖല കണ്ടെത്തുക ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസമാണ്. അതോടൊപ്പം പുതിയ ഒരാളെ ചേര്‍ക്കുമ്പോള്‍ നിക്ഷേപത്തിന്‍റെ 10 ശതമാനം ചേര്‍ത്ത ആള്‍ക്ക് നല്‍കുകയും വേണമല്ലോ. പിന്നെയെങ്ങനെയാണിവര്‍ ഇങ്ങനെ ലാഭം നല്‍കുന്നത്. അതോടൊപ്പം അവരുടെ ലാഭം കൂടി കണക്ക് കൂട്ടുമ്പോള്‍ എങ്ങനെ ഇത് വിശ്വസിക്കാനാകും. പലര്‍ക്കും മാസങ്ങളായി തുക വന്നുകൊണ്ടിരിക്കുന്നുവെന്നും ഒരുപാട് ലാഭം കിട്ടിയിട്ടുണ്ടെന്നുമാണ് അടക്കുന്നവരുടയെും പ്രോല്‍സാഹിപ്പിക്കുന്നവരുടെയുമെല്ലാം ഏകതെളിവ്.

സത്യത്തില്‍ ഇത് കടുത്ത വഞ്ചന മാത്രമാണ്. നിക്ഷേപം നടത്തുമ്പോള്‍ ലഭിക്കുന്ന മൊബൈല്‍ ആപോ മറ്റെന്തെങ്കിലും സാമഗ്രകളോ നിയമനടപടികള്‍ ശരിയാക്കാനുള്ള മാര്‍ഗം മാത്രമാണ്. അത് നിക്ഷേപിക്കപ്പെടുന്ന തുകക്കു പകരമായി നല്‍കുന്നതോ അതിനുതകുന്നതോ അല്ല. ഒരു ബിസിനസും ചെയ്യാതെ താഴെ തട്ടില്‍ പുതുതായി ചേരുന്നവരുടെ പണമുപയോഗിച്ച് മുകളിലുള്ളവര്‍ക്ക് ലാഭമെന്ന പേരില്‍ പണം വീതിച്ചു നല്‍കുകയെന്നതാണ് ഈ പദ്ധതികളുടെയെല്ലാം രീതി. ആദ്യമാദ്യം നിക്ഷേപിക്കുന്നവര്‍ക്ക് പ്രതിദിനം ബാങ്കിലേക്ക് പണം അയച്ചു കൊടുക്കുന്നതിലൂടെ അവര്‍ പുതിയ ആളുകളെ ചേര്‍ക്കാന്‍ താല്‍പര്യം കാണിക്കുന്നു. കാരണം പുതിയ മെമ്പറെ ചേര്‍ക്കുമ്പോള്‍ അവരുടെ നിക്ഷേപത്തിന്‍റെ 10 ശതമാനവും ലഭിക്കുമല്ലോ. ഒരുപാടാളുകള്‍ കണ്ണി ചേര്‍ന്ന് ഭീമമായ സംഖ്യ ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ കമ്പനി നടത്തുന്നവര്‍ക്ക് നിക്ഷേപമായി ലഭിക്കുന്നു. ഏകദേശം 3 മാസം കൊണ്ടാണല്ലോ ഒരാള്‍ക്ക് തന്‍റെ നിക്ഷേപതുക ബാങ്കില്‍ ഡെപോസിറ്റായി തിരികെയെത്തുക. ചെറിയ തുകകളായി ബാങ്കില്‍ കാശ് വരുന്നതോടെ എല്ലാവരും പുതിയ ആളുകളെ ചേര്‍ക്കാന്‍ വ്യഗ്രത കാണിക്കുന്നു. കൂടാതെ ആദ്യത്തെ നിക്ഷേപകര്‍തന്നെ അവരുടെ മുടക്കുമുതല്‍ ലഭിച്ചാല്‍ വീണ്ടുമത് നിക്ഷേപിക്കുന്നു. കാരണം ഇനി കിട്ടുന്നതൊക്കെ ലാഭമാണല്ലോ.

മാസങ്ങള്‍ കൊണ്ട് കോടികള്‍ നിക്ഷേപമായി കമ്പനി നടത്തിപ്പുകാര്‍ക്ക് ലഭിക്കുമ്പോള്‍ അതിന്‍റെ ചെറിയൊരു ശതമാനം മാത്രമേ തിരിച്ചുനല്‍കിയിട്ടുണ്ടാകൂ. ഒരുപക്ഷേ, ഇരുനൂറ് ദിവസം പിന്നിട്ടാല്‍ ആദ്യനിക്ഷേപകര്‍ക്ക് മേല്‍പറഞ്ഞത്പോലെ ഇരട്ടിയിലധികം തുക ലഭിക്കുമായിരിക്കുമെങ്കിലും അപ്പോഴേക്കും താഴേതട്ടിലുള്ള എണ്ണമറ്റ നിക്ഷേപകരുടെ തുക കൊണ്ട് തിരിമറി നടത്താനാകുന്നതിനാല്‍ കമ്പനി നടത്തിപ്പുകാരെ സംബന്ധിച്ചിടത്തോളം പിന്നെയും പണം ബാക്കിയായിരിക്കും.

ഏകദേശം വലിയ തുക അവരുടെ കയ്യിലായെന്ന് വരുമ്പോഴാണ് പെട്ടന്ന് എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് കമ്പനി പൊട്ടിയെന്ന് പറയുക. കമ്പനിയുടമ മരിക്കുകയോ മാര്‍കറ്റ് ഇടിയുകയോ നിക്ഷേപകരായ സാധാരണക്കാര്‍ക്ക് മനസിലാകാത്ത മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിനുണ്ടാകും.

പണമടക്കുന്നത് തന്നെ സുതാര്യമല്ലാത്ത രീതിയിലാണല്ലോ. സ്വന്തം അക്കൌണ്ടില്‍ നിന്ന് നമ്മെ പ്രോല്‍സാഹിപ്പിച്ച് ചേര്‍ക്കാന്‍ വരുന്നവര്‍ നല്‍കുന്ന കമ്പനിയുടമകളുടേതെന്ന് പറയപ്പെടുന്ന അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയെന്നതല്ലാത്ത മറ്റൊരു രേഖയും നിക്ഷേപകന്‍റെ കയ്യിലുണ്ടാകില്ല. ഇടപാടിന്‍റെ എല്ലാ വിധ നിയമങ്ങളും നിബന്ധനകളും ഉടമ്പടികളും നടത്തുന്നത് ഈ പ്രോല്‍സാഹകനോടാണെന്നതും രസാവഹമാണ്.  കമ്പനി പൊളിയുന്നതോടെ കമ്പനിയുടെ ഓഫീസോ കമ്പനി ഉടമകളെയോ ആര്‍ക്കും അറിയാത്ത തലത്തിലേക്ക് മാറലാണ് പതിവ്. പ്രോല്‍സാഹകരും നിക്ഷേപകരും ഒരുപോലെ കൈമലര്‍ത്തുമ്പോള്‍ സാധുക്കളായ നിക്ഷേപകര്‍ പിന്നീട് അടുത്ത പടിയായ കോടതിയും കേസുമായി ചുറ്റിക്കറങ്ങലാണ് പതിവ്. തട്ടിപ്പു നടത്തി കോടികള്‍ കൈവശപ്പെടുത്തിയ കമ്പനി ഉടമകള്‍ക്ക് കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും മാര്‍ഗങ്ങളുണ്ടായേക്കും.

ഇനി ഈ ഇടപാടിന്‍റെ മതപരമായ വീക്ഷണമെന്താണെന്ന് പറയേണ്ടതില്ലല്ലോ. വഞ്ചനയുള്ള ഒരു ഇടപാടും ശറഅ് അംഗീകരിക്കുന്നില്ലെന്ന അടിസ്ഥാനതത്വം മാത്രം മതി ഈ ഇടപാട് അനിസ്ലാമികമാണെന്ന് മനസ്സിലാക്കാം.

നമുക്കിതിനെ ഒന്നുകൂടെ വിശദമായി പഠിക്കാം. ശറഇന്‍റെ കാഴ്ചപ്പാടില്‍ ഖിറാള്(ലാഭക്കൂറു കച്ചവടം)ന്‍റെ ഇനത്തില്‍ പെട്ടതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഇടപാടാണിത്. ഒരാള്‍ പണമിറക്കുകയും മറ്റൊരാള്‍ അദ്ധ്വാനിക്കുകയും ലാഭത്തില്‍ ഇരുവരും പങ്കുചേരുകയും ചെയ്യുന്ന ഇടപാടിനാണ് ഖിറാള് എന്ന് പറയുന്നത്. പണമുള്ള ആള്‍ക്ക് പണിയെടുക്കാന്‍ കഴിവോ താല്‍പര്യമോ ഉണ്ടാകണമെന്നില്ല. അപ്പോള്‍ കച്ചവടം ചെയ്തു കിട്ടുന്ന ലാഭത്തിന്‍റെ ഇത്ര ശതമാനം മുതല്‍മുടക്കിയവനും ഇത്ര ശതമാനം ജോലിക്കാരനുമെന്ന് നിബന്ധന വെച്ചാണ് ഖിറാള് നടത്തേണ്ടത്. ഫിഖ്ഹിന്‍റെ അടസ്ഥാനനിയമങ്ങളനുസരിച്ച് ചതി വരാന്‍ ഏറെ സാധ്യതയുള്ള ഇടപാടാണ് ലാഭക്കൂറുകച്ചവടമെങ്കിലും ശറഅ് അത് അംഗീകരിച്ചത് ജനങ്ങളുടെ വലിയ ഉപകാരം മുന്നില്‍കണ്ടുള്ള ഒരു വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ മേല്‍പറയപ്പെട്ട കമ്പനികളുടെ ഇടപാട് ഫാസിദായ കൂറുകച്ചവടമായേ വിലയിരുത്താനാകൂ. കാരണം അവര്‍ ലാഭത്തിന്‍റെ കണക്ക് പറയുന്നത് മുടക്കുമുതലിന്‍റെ ഇത്ര ശതമാനം എന്നാണ്. മുടക്കുമുതലിന്‍റെ ഇത്ര ശതമാനം ലാഭം കിട്ടുമെന്ന് ഉറപ്പില്ലല്ലോ. കച്ചവടം ചെയ്തു കിട്ടുന്ന ലാഭത്തിന്‍റെ ഇത്ര ശതമാനം നല്‍കാമെന്നാണ് പറയേണ്ടത്. ചിലപ്പോള്‍ ലാഭമുണ്ടായേക്കാം. ചിലപ്പോള്‍ ലാഭമില്ലാതിരിക്കാം. ചിലപ്പോള്‍ നഷ്ടമായിരിക്കാം.

ലാഭമായാലും നഷ്ടമായാലും ശരി പത്തിന് പന്ത്രണ്ട് തിരിച്ചുതരണമെന്ന നിബന്ധനയോടെ കച്ചവടം നടത്താനായി മറ്റൊരാള്‍ക്ക് പണം നല്‍കുകയെന്ന ചില ആളുകളുടെ പതിവുപരിപാടി ഫാസിദായ കൂറുകച്ചവടമാണെന്ന് ഫത്ഹുല്‍മുഈനില്‍ കാണാം.

ഇത്തരം ഇടപാടുകളെ കുറിച്ച് പുറമെ പറയപ്പെടുന്ന വിവരങ്ങള്‍ വെച്ച് ഇതൊരു ഫാസിദായ കൂറുകച്ചവടമാണെന്ന് വിലയിരുത്തിയാലും യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു ബിസിനസും നടത്താതെ മറ്റുള്ളവരുടെ പണം തട്ടിയെടുത്ത് ലാഭമെന്ന പേരില്‍ ചിലര്‍ക്ക് വിതരണം ചെയ്യുകയും പിന്നീട് ഭീമമായ സംഖ്യ കൈക്കലാക്കിയ ശേഷം ബിസിനസ് പൊട്ടിയെന്ന പേരില്‍ മുങ്ങുകയും ചെയ്യുന്ന ഈ ഇടപാട് ഫാസിദായ കൂറുകച്ചവടത്തിന്‍റെ പരിധിയില്‍ നിന്നുപോലും പുറത്താണ്. കൂടാതെ പുതിയ ആളുകളെ ചേര്‍ക്കുന്ന ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന കൂലിയെ കുറിച്ചും പഠിക്കേണ്ടതുണ്ട്. മധ്യവര്‍ത്തി ഇവിടെ കൂലിവേല നടത്തുന്ന കൂലിക്കാരനായേ കണക്കാക്കാനാകൂ. കൂലിവേല സാധുവാകണമെങ്കില്‍ കൂലിയുടെ ഇനം, തോത് വിശേഷണം, അളവ് എന്നിവ വ്യക്തമായി അറിഞ്ഞിരിക്കണം(നിഹായ 5-266). കൂടാതെ കൂലിക്കാരന്‍റെ വേതനം അദ്ദേഹത്തിന്‍റെ സേവനപ്രവര്‍ത്തനത്തിന്‍റെ തന്നെ ഭാഗമായി വരരുത് (റൌള 4-251).  ഇവിടെ പ്രോല്‍സാഹനം നടത്തി പുതിയ ആളുകളെ ചേര്‍ക്കുന്ന മധ്യവര്‍ത്തിക്ക് നല്‍കുന്ന വേതനം ജോലി സമയത്ത് അറിയപ്പെടാത്തതാണ്. പുതിയ ആളെ ചേര്‍ത്ത ശേഷം അയാളുടെ നിക്ഷേപത്തിന്‍റെ 10 ശതമാനമാണല്ലോ ഇയാളുടെ കൂലി. കൂടാതെ തന്‍റെ സേവനപ്രവര്‍ത്തനത്തിന്‍റെ ഒരു ഭാഗം തന്നെയാണ് കൂലിയായും നല്‍കപ്പെടുന്നത്. ഇതും ശറഅില്‍ അംഗീകൃതമല്ല.

ഇനിയും ഒരുപാട് ശറഇന് വിരുദ്ധമായ ക്രയവിക്രയങ്ങള്‍ ഇത്തരം ബിസിനസുകളിലുണ്ട്. കൂടുതല്‍ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പഠനവിധേയമാക്കാവുന്നതാണ്.

ആയതിനാല്‍ അന്യായമായി മറ്റുള്ളവരുടെ മുതല്‍ പിടിച്ചുപറിക്കാനുള്ള ഒരു പുതുപുത്തന്‍രീതിയെന്നേ ഇതിനെ വിളിക്കാനാകൂ.

ഇത്തരം ഇടപാടുകളെ ന്യായങ്ങള്‍ നിരത്തി ഹലാലാക്കുന്ന ചില പരമസാധുക്കളായ പണ്ഡിതന്മാരുടെ വാദങ്ങളെന്താണെന്നും അവയുടെ നിജസ്ഥിതി എന്താണെന്നും നോക്കാം.

  1. ഇത് ലാഭമുദ്ദേശിച്ചു നടത്തുന്ന കടമിടപാടാണെന്നും ഖിറാള് (ലാഭക്കൂറ് കച്ചവടം) അല്ലെന്നുമാണ് ഒരു വാദം.

മറുപടി:    ഈ വാദം തെറ്റാണെന്ന് മനസിലാക്കാന്‍ കടമിടപാട് എന്നതും ലാഭക്കൂറ് കച്ചവടം എന്നതും  പണ്ഡിതന്മാര്‍ വിശദീകരിച്ചത് എങ്ങനെയെന്ന് പഠിച്ചാല്‍ മതി. കച്ചവടത്തിലെ ലാഭത്തില്‍ ഇരുവരും പങ്കുണ്ടെന്ന നിബന്ധനയോടെ പണത്തിന്‍റെ ഉടമ മറ്റൊരാള്‍ക്ക് കച്ചവടം ചെയ്യാനായി പണം നല്കുകയും അയാള്‍ കച്ചവടം നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് ഖിറാള്(ലാഭക്കൂറുകച്ചവടം). ഒരു വസ്തു അതുപോലെയുള്ളത് തിരിച്ചുതരണമെന്ന നിബന്ധനയോടെ മറ്റൊരാള്‍ക്ക് നല്‍കുന്നതിനാണ് കടം(ഖര്‍ള്). പകരം നല്‍കിയ തുകയേക്കാള്‍ ഇരട്ടിയോ അതിലധികമോ നല്കമെന്ന നിബന്ധനയോടെയായതിനാല്‍ ഇത് കടമാണെന്ന് വെച്ചാല്‍ ഹറാമായ കടപ്പലിശ വരുന്നതാണ്. കടമാണെങ്കില്‍ ഇവിടെ കമ്പനി ബിസിനസ് നടത്തിയ ലാഭമാണ് നല്‍കുന്നതെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്.  ഇവിടെ നടക്കുന്ന ഇടപാടില്‍ നിക്ഷേപം നടത്തിയ ശേഷം ഓരോ ദിവസവും നല്‍കുന്ന തുകയുടെ നിശ്ചിതമല്ലാത്ത ശതമാനം 200 ദിവസങ്ങളിലായി ലാഭമെന്ന പേരില്‍ തിരിച്ചുലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണല്ലോ. ആയതിനാല്‍ ഈ ഇടപാടിനെ കടമിടപാടാക്കാന്‍ ഒരു മാനദണ്ഡവുമില്ലെന്ന് തെളിഞ്ഞു.

2.കടമിടപാടാണെങ്കിലും നല്കുന്ന തുകയേക്കാള്‍ കൂടുതല്‍ തരണമെന്ന് ശര്‍ത്വ് വെക്കുന്നില്ലെന്നും കടം സ്വീകരിക്കുന്ന കമ്പനിയുടമകളുടെ വാഗ്ദാനം മാത്രമാണെന്നുമാണ് മറ്റൊരു വാദം. കടം നല്‍കിയവര്‍ക്ക് പാരിതോശികമായി നല്‍കുന്നതാണെന്നാണ് പറയുന്നത്.

മറുപടി: കടമിടപാടല്ല ഇതെന്ന് പറഞ്ഞുവല്ലോ. ഇനി കടമിടപാടാണെന്ന് വെച്ചാല്‍ തന്നെ ഈ വാദം ശരിയല്ല. പലിശ നല്‍കുന്ന കമ്പനികളായ ബാങ്കുകളില്‍ പോലും ഓരോ സമയവും നാം പണം ഡെപോസിറ്റ് ചെയ്യുമ്പോള്‍ ഇത്ര ശതമാനം കൂടുതല്‍ തരണമെന്ന് അവരോട് നാം വാക്കാല്‍ ശര്‍ത്വ് വെക്കുന്നത് കൊണ്ടാണോ ബാങ്ക് പലിശ ഹറാമാകുന്നത്. ബാങ്ക്പലിശ ഹറാമല്ലെന്ന് പറഞ്ഞ് സാധാരണക്കാരെ വഴിതെറ്റിക്കുന്നവര്‍ക്കേ അങ്ങനെ പറയാനൊക്കൂ. വാക്കാല്‍ ഈജാബും ഖബൂലുമില്ലാത്ത ഇത്തരം ഇടപാടുകളില്‍ ഇടപാടുകാരുടെ അപേക്ഷകളും  എഴുത്തുകുത്തുകളും  അനുസരിച്ചാണല്ലോ തീര്‍പ്പ് കല്‍പ്പിക്കാനാവുക. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി ലഭിക്കണമെന്ന ആഗ്രഹവും അത് ലഭിച്ചിട്ടില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കലും ഈ ഇടപാട് കടമിടപാടല്ലെന്നും ലാഭക്കൂറ് കച്ചവടമാണെന്നും തെളിയിക്കുന്നതാണ്. പ്രോല്‍സാഹനം നടത്തി ആളുകളെ ചേര്‍ക്കുന്നവരോട് കൃത്യമായി നിബന്ധന വെച്ചാണ് ഓരോ നിക്ഷേപകനും പണമടക്കുന്നത് എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

വാഗദാനവും(വഅ്ദ്) നിബന്ധനവെക്കലും(ശര്‍ത്ത്) തമ്മിലുള്ല വ്യത്യാസം കൂടി മനസ്സിലാക്കിയാല്‍ ഈ വാദം പോളിയുന്നത് വേഗം മനസിലാക്കാം. ശര്‍ത്ത് എന്നാല്‍് നിയമപരമായി ഇടപാടില്‍ പാലിക്കല്‍ ബാധ്യതയുള്ളതും വാഗ്ദാനം(വഅ്ദ്) എന്നാല്‍ നിയമപരമായി ഇടപാടില്‍ പാലിക്കാന്‍ ബാധ്യതയില്ലാത്തതുമാണ്. പണം നിക്ഷേപിക്കുന്നവരോ നിക്ഷേപം സ്വീകരിക്കുന്നവരോ നിയമപരമായി ഇടപാടില്‍ പാലിക്കാന്‍ ബാധ്യതയില്ലാത്ത ഇത്തരം വാഗ്ദാനം മാത്രമാണ് നടത്തുന്നതെന്ന് ആരെങ്കിലും സമ്മതിക്കുമോ? കമ്പനിയുടമകള്‍ ഇത് സമ്മതിക്കുന്നതോടെ  പിന്നെയാരും നിക്ഷേപം നടത്തുകയില്ല. നിക്ഷേപകര്‍ ഇത് സമ്മതിച്ചാല്‍ പിന്നെ കമ്പനി പൊളിഞ്ഞാലും വാപൊത്തിയിരിക്കേണ്ടി വരും.

3. ഈജാബും ഖബൂലും ഇല്ലാത്ത മുആത്വാത്ത് ഇടപാടില്‍് പെട്ട കടം നല്‍കലാണ് ഇത് എന്നാണ് മറ്റോരു വാദം.

മറുപടി: കടമിടപാടിനും ലാഭക്കൂറ്കച്ചവടത്തിനും ഈജാബും ഖബൂലും വേണമെന്നാണ് പ്രബലാമയ അഭിപ്രായം. ഇന്ന് നടക്കുന്ന മിക്ക ഇടപാടുകളിലും രേഖാമൂലമുള്ള എഴുത്തുകളാണ് ഈജാബും ഖബൂലുമായി വര്‍ത്തിക്കുന്നത്. ബാങ്കില്‍ പോയി 5000 രൂപ വിത്ഡ്രോ ചെയ്യണമെന്ന് വാക്കാല്‍ പറയുന്നതിന് നിയമസാധുതയില്ല. സ്ലിപ്പില്‍ എഴുതി നല്‍കുകയോ ചെക്ക് നല്കുകയേോ മാത്രമേ വഴിയുള്ളൂ. ഇന്ന് ഇടപാടുകളെല്ലാം എഴുത്തുകളായോ ഓണ്‍‌ലൈന്‍ മുഖേനയോ രേഖാമൂലം നടത്തേണ്ടതാണെന്നത് നിയമമാണ്. ആയതിനാല്‍ വാക്കാലുള്ള ഈജാബും ഖബൂലും സ്വീകാര്യമല്ലാത്തതിനാല്‍ എഴുത്തുകുത്തുകളും ഓണ്‍ലൈന്‍ വഴിയുള്ള രേഖപ്പെടുത്തലുകളും ഈജാബും ഖബൂലുമായി ഉപയോഗിക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്.  ഇവിടെ നിയമപ്രകാരം ഈ എഴുത്തുകളാണ് ഇടപാടുകളിലെ ഈജാബും ഖബൂലും. ബാങ്കിലോ മറ്റു സ്ഥാപനങ്ങളിലോ നിയമപരമായി വാക്കാലുള്ള ഈജാബും ഖബൂലും സ്വീകരിക്കപ്പെടാത്ത സാഹചര്യമാകുമ്പോള്‍ എഴുത്തുകുത്തുകള്‍ മതനിയമപരമായി തന്നെ സ്വീകാര്യമാണെന്നതറിയാമല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ എഴുത്തുകുത്തുകള്‍ സ്വരീഹായ (കിനായതല്ല) ഈജാബും ഖബൂലും തന്നെയാണ്.

ഇനി ഓണ്‍ലൈന്‍ ഇടപാടിലാണെങ്കിലോ. ആപ്പുകളിലോ സൈറ്റുകളിലോ കയറി അവയിലുള്ല നിയമങ്ങളൊക്കെ അംഗീകരിച്ചുകൊണ്ട് നടത്തുന്ന ക്ലിക്കുകള്‍ തന്നെയാണിവിടെ ഈജാബും ഖബൂലുമൊക്കെയായി പ്രവര്‍ക്കുന്നത്. ഓണ്‍ലൈന്‍ രംഗത്ത് ഇന്ന് നടക്കാത്ത ഏതിടപാടാണുള്ളത്. ഈ ഇടപാടുകളിലൊക്കെ പരിഗണിക്കപ്പെടുന്ന ഈജാബും ഖബൂലും ഈ ബിസിനസിലും പരിഗണനീയം തന്നെ.

4. ഇടപാട് സമയത്ത് നിബന്ധന പറയാതെ ഇടപാടിന് മുമ്പ് ഇരുവിഭാഗവും തമ്മില്‍ തിരിച്ചു തരുമ്പോള്‍ അധികം തുക നല്‍കണമെന്ന ധാരണയിലെത്തുകയാണ് ചെയ്യുന്നത്. ഈ ഇടപാട് ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണപ്രകാരം കറാഹത്തേ ഉള്ളൂ. ഇങ്ങനെ ഒരു ധാരണ പോലും കമ്പനിയുടെ ഇടപാടില്‍ നടക്കുന്നില്ല.

മറുപടി: കമ്പനി ഉടമ ആരാണെന്നോ അവരുടെ പേരുവിവരമോ ഒന്നും അറിയാതെയാണ് പ്രോല്‍സാഹകരുടെ പ്രലോഭനം മൂലം ഓരോ നിക്ഷേപകനും ഇതില്‍ പങ്കുചേരുന്നത്. ഈ പ്രോല്‍സാഹകരോട് എല്ലാ വിധ നിബന്ധനകളും പറഞ്ഞുറപ്പിച്ചാണ് ഓരോരുത്തരും നിക്ഷേപം നടത്തുന്നത്. ആദ്യം ധാരണയിലെത്തി പിന്നീടാണ് ഇടപാട് നടത്തുന്നത് എന്ന വാദമൊക്കെ ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള ന്യായീകരണമാണ്.

5. കടം നല്‍കിയാല്‍ അധികം തുക തിരിച്ചുനല്‍കാറുണ്ടെന്ന് പരക്കെ ശ്രുതിപ്പെട്ട വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ അവരില്‍ നിന്ന് അധികം ലഭിക്കണമെന്ന ആഗ്രഹത്തോടെ തന്നെ കടം നല്‍കുന്ന ഇടപാടാണ് കമ്പനിയില്‍ നടക്കുന്നത്. ഇതും ശാഫിഈ മദ്ഹബില്‍ കറാഹത്തേ ഉള്ളൂ എന്നതാണ് പ്രബലമായ വീക്ഷണം.

മറുപടി: ഇത് കടമിടപാടല്ലെന്ന് നാം നേരത്തെ വിശദീകരിച്ചു.

6. ഖിറാളാണെന്ന് സമ്മതിക്കുന്ന ചിലരുടെ നിരീക്ഷണം ഇതില്‍ നിശ്ചിതസംഖ്യ ലാഭം ലഭിക്കുന്നുവെങ്കിലും അത് ശരിയായ രീതിയിലുള്ള ലാഭത്തിന് കുറവോ കൂടുതലോ ആകുമ്പോള്‍ നിക്ഷേപകരും കമ്പനിയുടമകളും പരസ്പരം പൊരുത്തപ്പെട്ടു തൃപ്തിപ്പെട്ടുകൊടുക്കുന്ന ഇടാപാടാണിതെന്നാണ്.

മറുപടി: ഇടപാട് നടത്തുമ്പോഴോ പ്രതിമാസം നിശ്ചയിക്കപ്പെട്ട തുക ലഭിക്കാതിരിക്കുമ്പോഴോ  കമ്പനി പൊളിയുമ്പോഴോ പറയപ്പെടാത്ത ഈ ന്യായം ഇത് ഹലാലല്ലെന്ന് പറയുന്നവരുടെ മുമ്പില്‍ മാത്രം പറയാനുള്ളതാണെന്നതാണ് രസാവഹം. ഇടപാടുകാര്‍ക്കിടയില്‍ ഇങ്ങനെ ഒരു തൃപ്തിപ്പെടല്‍നിബന്ധന വെക്കാറേ ഇല്ല. അങ്ങനെ തൃപ്തിയുടെ നിബന്ധന വെച്ചുകഴിഞ്ഞാല്‍പിന്നെ നിക്ഷേപം സ്വീകരിച്ചവര്‍ എത്ര കുറഞ്ഞ ലാഭം നല്‍കിയാലും നിക്ഷേപകര്‍ക്ക് ചോദ്യം ചെയ്യാനാകില്ല. അത്തരം ഒരു നിബന്ധനയോടെ ഒരു ബിസിനസ് വിജയിക്കുകയുമില്ല. കാരണം ഹലാലായ ബിസിനസ് എവിടെയാണെന്നന്വേഷിച്ച് നടക്കുന്ന വിരളമാളുകള്‍ ചേര്‍ന്നതുകൊണ്ടുമാത്രം ബിസിനസ് എവിടെയെത്താനാണ്. ഹലാലായ ബിസിനസ് ആക്കാന്‍ വേണ്ടി മാത്രമാണല്ലോ ഈ തൃപ്തിപ്പെടല്‍ മറ. അത് നിക്ഷേപകരില്‍ ഭൂരിപക്ഷവും അംഗീകരിക്കില്ല. അല്ലെങ്കിലും ഇടപാട് കഴിഞ്ഞ ശേഷമല്ലേ ഈ പൊരുത്തപ്പെട്ടുകൊടുക്കല്‍ നടക്കൂ. നേരത്തേ ഇരുവരും പൊരുത്തപ്പെടുന്നുവെന്ന് ഇടപാടില്‍ തന്നെ പറയുന്നത് പ്രായോഗികമോ പ്രവര്‍ത്തിപഥത്തില്‍ ഉള്ളതോ അല്ല.

ചുരുക്കത്തില്‍് ധനമിടപാട് നടത്തുന്നതിന് ശരീഅത് മുന്നോട്ടുവെച്ച അടിസ്ഥാനപരമായ വിഷയങ്ങളായ ഇടപാടുകാരുടെ സംതൃപ്തിയും അനീതിയില്ലായ്മയും അനിശ്ചിതത്വമില്ലായ്മയും തുടങ്ങിയ കാര്യങ്ങളൊന്നും തീരെ പരിഗണിക്കപ്പെടാത്ത തീര്‍ത്തും ചതിയും വഞ്ചനയും മാത്രം അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഇത്തരത്തിലുള്ള ഇടപാടുകള്‍് ശരീഅത്ത് ഒരുവിധത്തിലും അനുവദിക്കുന്നില്ല എന്ന് മനസിലാക്കേണ്ടതാണ്.

മനുഷ്യന്‍റെ നിലനില്‍പിന്‍റെ ആധാരശിലയായി അല്ലാഹു മനുഷ്യന് നല്‍കിയ ധനത്തെ അലക്ഷ്യമായും അശ്രദ്ധമായും നശിപ്പിച്ചുകളയലും ക്രമരഹിതമായി കൈകാര്യം ചെയ്യലും വിശുദ്ധഖുര്‍ആനിലൂടെ തന്നെ അല്ലാഹു വിലക്കിയതാണ്.

നിലനില്‍പിനുള്ള താങ്ങായിക്കൊണ്ട് അല്ലാഹു നിശ്ചയിച്ച നിങ്ങളുടെ ധനത്തെ ഭോഷന്മാര്‍ക്ക് വിട്ടുകൊടുക്കരുത്. (അന്നിസാഅ് 5)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter