അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


നാം ചെയ്യുന്ന ഏത് ഇടപാടുകളും ഹറാമിലേക്ക് നയിക്കുന്നതാണ് എന്ന ഉറപ്പോ അല്ലെങ്കില്‍ ഉറപ്പിനോടടുത്ത ധാരണയോ ഉണ്ടെങ്കിലേ ആ ഇടപാട് ഹറാമാവുന്നുള്ളൂ. മുന്തിരിയില്‍ നിന്ന് കുടിക്കുന്നതിനായി കള്ള് നിര്‍മിക്കുമെന്ന് ഉറപ്പോ മികച്ച ധാരണയോ ഉള്ള ആള്‍ക്ക് വില്‍പനയായോ മറ്റോ മുന്തിരി നല്‍കാന്‍ പാടില്ല. ഇതുപോലെ പട്ട് ധരിക്കുന്ന പുരുഷന് പട്ട് നല്‍കാനോ, ബിംബത്തിന് സുഗന്ധം പൂശാന്‍ വേണ്ടി ബിംബാരാധകന് സുഗന്ധമോ അറവ് നടത്താതെ ഭക്ഷിക്കുന്ന അവിശ്വാസിക്ക് അറുത്ത് ഭക്ഷിക്കാവുന്ന മൃഗത്തെയോ ഒന്നും വില്‍പന നടത്താന്‍ പാടില്ല.


മുകളില്‍ പറഞ്ഞത് പോലെ ഹറാമിലേക്ക് നയിക്കുമെന്ന ഉറപ്പോടെയോ ഉറപ്പിനോടടുത്ത ധാരണയോടെയോ ഇത്തരം ഇടപാടുകള്‍ നടത്തിയാല്‍ ഇടപാട് ചെയ്യാന്‍ പാടില്ലാത്ത തെറ്റാണെങ്കിലും ഇടപാട് സാധുവാകുന്നതാണ്.


അപഹരിച്ച വസ്ത്രം കൊണ്ട് നിസ്കരിക്കല്‍ ഹറാമാണെങ്കിലും ആ വസ്ത്രം കൊണ്ട് ഔറത്ത് മറച്ച് നിസ്കരിച്ചാല്‍ ആ നിസകാരം ശരിയാവുന്നത് പോലെ ഇത് മനസ്സിലാക്കാം.


ഹറാമിന് ഉപോയോഗിക്കുമെന്ന ചെറിയ ഊഹം മാത്രമേ ഉള്ളൂവെങ്കില്‍ അവരോട് ഇടപാട് നടത്തല്‍ കറാഹത്താണ്.


ചോദ്യത്തിലുന്നയിക്കപ്പെട്ട ലോഡ്ജിന്‍റെ വിഷയത്തില്‍ അവര്‍ അത് ഹറാമിന് ഉപയോഗിക്കുമെന്ന ഉറപ്പോ മികച്ച ധാരണയോ പൊതുവെ ഉണ്ടാവാറില്ലല്ലോ. ആയതിനാല്‍ ഈ ഇടപാട് അനുവദനീയവും സാധുവാകുന്നതുമാണ്. ആയതിനാല്‍ അവരില്‍ നിന്ന് വാങ്ങുന്ന വാടക ഹലാല്‍ തന്നെയാണ്.


ഈ വിഷയം ഫത്ഹുല്‍ മുഈനിലെ കച്ചവടത്തിന്‍റെ അധ്യായത്തില്‍ സൈനുദ്ദീന്‍ മഖ്ദൂം(റ) വിശദീകരിച്ചിട്ടുണ്ട്. മറ്റു ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളിലും കാണാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.