അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


എവിടെയാണോ മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപിക്കപ്പെടുന്നത് അതിനനുസരിച്ച് അതിന്റെ ഇസ്‌ലാമിക വിധി മനസ്സിലാക്കേണ്ടത്. സാധാരണയായി ഇന്ത്യപോലുള്ള രാജ്യങ്ങില്‍ മ്യൂച്ചല്‍ ഫണ്ടിന്റെ നല്ലൊരു ഭാഗം  പോകുന്നത് സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്ന  കടപ്പത്രങ്ങളി(ബോണ്ട്‌)ലേക്കാണ്. കടപ്പത്രങ്ങള്‍ പലിശ അടിസ്ഥാനത്തില്‍ വരുമാനം ഉറപ്പു തരുന്ന ഒരു ധനകാര്യ സാമഗ്രിയാണ്. അതിനാല്‍ തന്നെ ഇത്തരം മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് അനുവദിനീയമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം ലാഭ-നഷ്ട അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഓഹരി(stock)കള്‍ പോലുള്ള ഇക്വിറ്റി സെക്യൂരിറ്റികളില്‍ മാത്രമാണ് നിക്ഷേപിക്കുന്നതെങ്കില്‍ ആ ഓഹരികള്‍ വാങ്ങുന്നതിനുള്ള ഇസ്‌ലാമിക വിധി ഈ ഫണ്ടിനും ബാധകമായിരിക്കും. ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതിന് ഒട്ടേറെ നിബന്ധനകള്‍ ബാധകമാണ്. ആ നിയമങ്ങള്‍ പാലിക്കുന്ന കമ്പനികളുടെ ഓഹരി മാത്രമേ വാങ്ങാന്‍ പാടുള്ളൂ.
കമ്പനിയുടെ വരുമാന സ്രോതസ്സ് ഹലാലായിരിക്കണം.  കമ്പനിയുടെ പ്രവര്‍ത്തനം ഹലാലാണെങ്കിലും പലിശയടിസ്ഥാനത്തില്‍ ധനകാര്യ ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അവയുടെ ഓഹരി വാങ്ങാന്‍ പാടില്ല.  ഓഹരി വാങ്ങുമ്പോള്‍ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പാലിച്ചിരിക്കണം. 


ഇത് സംബന്ധിച്ച കൂടുതല്‍ വിശദവിവരങ്ങള്‍ മനസ്സിലാക്കാന്‍ മ്യൂച്ചല്‍ ഫണ്ടിനെക്കുറിച്ച് നേരത്തെ നല്‍കിയ Oth8825 മറുപടിയും ഫിഖ്ഹ്ഓണ്‍വെബില്‍ പ്രസിദ്ധീകരിച്ച ലാഭവിഹിതവും ഓഹരി വില്‍പനയും എന്ന ലേഖനവും വായിക്കണം. 
 


ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍