ഉസ്താദേ, അസ്സലാമു അലൈകും. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഹുണ്ടിക്ക് ക്യാഷ് നാട്ടിലേക്ക് അയക്കുന്നതിന്റെ വിധി എന്താണ് ? അത് പോലെ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലെ ഗവണ്മെന്റ് അനുവദിച്ചതിനും പുറമെ സ്വർണം കൊണ്ട് പോകുന്നതിൻറെ വിധി എന്താണ് ? പല ഉസ്താദുമാരും പലതും പറയുന്നു? ഒരു മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

NASIH

Jun 25, 2019

CODE :Fin9333

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ലോകത്തെ പല രാജ്യങ്ങളുടേയും രാജ്യ കൂട്ടായ്മകളുടേയും സാമ്പത്തിക വിഭാഗം കുഴൽപ്പണം അഥവ ഹുണ്ടി എന്ന വിഷയം ചർച്ചചെയ്തിട്ടുണ്ട്. ആ പഠനങ്ങളൊക്കെ ഒരാവര്‍ത്തി കണ്ണോടിച്ചാല്‍ അവിഹിതമായ മാർഗത്തിലൂടെ സമ്പാദിച്ച സ്വത്ത് നിയമ വിധേയമാക്കുന്ന അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കന്ന, അല്ലെങ്കില്‍ ഇസ്ലാമിൽ ഹറാമായ മുതല് സൂത്രങ്ങളുപയോഗിച്ച് ഹലാലാക്കുന്ന ഏർപ്പാടാണിത് എന്നാണ് വ്യക്തമാകുന്നത്. നമുക്ക് വിശദീകരിക്കാം:

അവിഹിത മാർഗത്തിലൂടെ സമ്പാദിച്ച സ്വത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വൻകിട പദ്ധതികൾക്കായി വാങ്ങുന്ന കോടികളുടെ കൈക്കൂലിയും വട്ടിപ്പലിശക്കാരുടെ കോടികളുടെ പലിശ മുതലും വൻകിട കച്ചവടമടക്കുമുള്ള വ്യവഹാരങ്ങളിൽ ടാക്സ് വെട്ടിച്ച് സൂക്ഷിക്കുന്ന കോടികളും സ്വദേശ-വിദേശ കമ്പനികളും വ്യക്തികളുമായുള്ള വൻകിട ഇടപാടുകളിൽ ലഭിക്കുന്ന കോടികളുടെ അഴിമതിപ്പണവും മറ്റുള്ളവരിൽ നിന്ന് കൊള്ളയടിച്ചും പിടിച്ചെടുത്തും കൈക്കലാക്കുന്ന വെട്ടിപ്പ് മുതലും ഭീകരപ്രവർത്തനങ്ങൾക്ക് ആയുധങ്ങളും മറ്റും വിറ്റിട്ട് കിട്ടുന്ന കോടികളും മയക്ക് മരുന്ന് വാണിഭത്തിൽ നിന്ന് ലഭിക്കുന്ന കോടികളും അടക്കമുള്ള കണ്ണപ്പണമാണ്. രാജ്യ നിയമപ്രകാരം ഇവയെല്ലാം നിയമ വിധേയമല്ലാത്തതും മാനുഷിക നിയമപ്രകാരം ഇവയെല്ലാം അവിഹിത സമ്പാദ്യവും ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധവുമായ അവിഹിത സമ്പാദ്യമാണ്. ഈ മാഫിയയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഇസ്ലാമിക മാനം നമുക്കിവിടെ സംഗ്രഹിക്കാം:

ഇവിടെ പറയപ്പെട്ടത് കള്ളപ്പണത്തിന്റെ ചില സ്രോതസ്സുകളാണ്. അഥവാ കൈക്കൂലി, വട്ടിപ്പലിശ, അഴിമതി, കളവ് മുതൽ, കൊള്ള മുതൽ, മയക്ക് മരുന്ന് വ്യാപാരം തുടങ്ങിയവയുടെ ഇസ്ലാമിക വിധി അറിയാത്തവർ വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടാകില്ല. കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും നരകത്തിലാണ്, ഇരുവരേയും അല്ലാഹുവിന്റെ റസൂല്‍ (സ്വ) ശപിച്ചിരിക്കുന്നു (ത്വബ്റാനീ, അഹ്മദ്, അബൂദാവൂദ്..) . പലിശ തിന്നുന്നവൻ നാളെ പിശാച് ബാധയേറ്റവനെപ്പോലെയാണ് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക, പലിശക്കാരോട് അല്ലാഹുവും റസൂല്‍ (സ്വ)യും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു (സൂറത്തുല്‍ ബഖറ), കൊള്ള മുതൽ നരകത്തിലെ തീക്കട്ടയാണ് (ബുഖാരി, മുസ്ലിം), അന്യരുടെ സ്വത്ത് അവിഹിതമായി കൈക്കലാക്കിയാൽ അത് ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും ശരി അവന് അല്ലാഹു സ്വര്‍ഗം നിഷേധിക്കുകയും നരകം നിര്‍ബ്ബന്ധമാക്കുകയും ചെയ്യും (സ്വഹീഹ മുസ്ലിം)... തുടങ്ങി ശരീഅത്തിന്റെ ധാരാളം മുന്നറിയിപ്പുകൾ പ്രസിദ്ധമാണ്. അപ്പോൾ ഇതൊന്നും പാടില്ലാത്തതാണ്. ഹറാമായത് സമ്പാദിക്കുന്നവനും ഉപയോഗിക്കുന്നവനും ആഖിറത്തില്‍ നാളെ അഭിമുഖീകരിക്കാന്‍ പോകുന്നത് ശുഭകരമായ സാഹചര്യമല്ലെന്നര്‍ത്ഥം.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഈ രീതിയിൽ അവിഹിതമായി കോടികൾ അത് മുഴുവന്‍ നിയമവിധേമാക്കുന്നത് (അഥവാ അവരുടെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കുന്നത്) പല രീതിയിലാണ്. മുമ്പൊക്കെ പ്രധാനമായും ആ പണം ഉപയോഗിച്ച് ഭൂമിയും സ്വർണ്ണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിക്കൂട്ടുകയാണ് ചെയ്തിരുന്നത്. എന്നിട്ട് അവ നിയമ വിധേയമായി വിൽപ്പന നടത്തി കിട്ടുന്ന പണം ബാങ്കിലും മറ്റുും നിക്ഷേപിക്കുമായിരുന്നു. അപ്പോൾ സർക്കാറിന്റെ കണ്ണിൽ ഈ പണം രേഖയുള്ളതായി മാറുന്നു. വരവില്‍ കവിഞ്ഞ സ്വത്തിന് പിടിക്കപ്പെടാതിരിക്കാന്‍ ഈ ഭീമമായ പണം ചെറിയ ചെറിയ സംഖ്യകളായി വിവിധ ബാങ്കുകളിൽ വിവിധ ആളുകളുടെ പേരിൽ അവരെ ബിനാമികളാക്കി അവർക്ക് കമ്മീഷൻ കൊടുത്ത് നിക്ഷേപിച്ച് അങ്ങനെ നിയമ വിധേയമാക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിച്ചപ്പോള്‍ ഭീമമായ തുകകള്‍ അനധികൃതമായി കൈവശമുള്ള പലരും ഈ രീതി ഉപയോഗിച്ചും ബാങ്ക് ജീവനക്കാരെയും മറ്റുും സ്വാധീനിച്ചും ആ പണം ബാങ്കില്‍ നിന്നും മാറ്റിയെടുത്തത് അന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അനധികൃത സമ്പാദ്യം നിയമ വിധേയമാക്കുാനുള്ള മറ്റൊരു പ്രധാന പോംവഴിയായി ഇവര്‍ കാണുന്നത് പ്രവാസികളെ ഉപയോഗിച്ച് നാട്ടിൽ വ്യാപകമായി കുഴൽപ്പണം ഒഴുക്കുകയെന്നതാണ്. ഇതാണ് നമ്മുടെ ചർച്ചാ വിഷയം. നാം നാട്ടിലേക്ക് പണമയക്കുമ്പോൾ യഥാർത്ഥത്തിൽ ആ പണം നേരിട്ട് ഇന്ത്യൻ രൂപയാക്കി മാറ്റിയിട്ടോ അല്ലെങ്കിൽ നമുക്ക് വേണ്ടി പണം നാട്ടിലെത്തിക്കുന്നവര്‍ ഹലാലായ രീതിയിൽ സമ്പാദിച്ച് നാട്ടിൽ നിക്ഷേപിച്ച പണം എടുത്തിട്ടോ അല്ല അവർ നമ്മുടെ നാട്ടിലും വീട്ടിലും എത്തിച്ചു കൊടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പ്രത്യുത പണം നാട്ടിലെത്തിക്കാന്‍ നാം ഏല്‍പ്പിക്കുന്ന ഹുണ്ടിക്കാരോ അവരുടെ മുകളിലുള്ളവരോ നാട്ടിലെ കള്ളപ്പണ മാഫിയയുടെ ഏജന്റുമാരായിരിക്കും. നേരത്തെ പറഞ്ഞ അവിഹിത രീതിയിൽ സ്വത്ത് സമ്പാദിച്ചവർ നേരിട്ടോ അവരുടെ അന്താരാഷ്ട്ര ഏജെന്റുമാരോ അവരുമായി ബന്ധപ്പെട്ടവരോ ആകാം ഈ കള്ളപ്പണ ഏജന്റുമാര്‍. നാം പണം അയക്കാന്‍ ആശ്രയിക്കുന്ന കുഴൽപ്പണ ഏജന്റുമാരുമായി ഇവര്‍ ഉണ്ടാക്കുന്ന കരാർ എന്നത് ഇവർക്കു വേണ്ടി എത്ര കളളപ്പണം വെളുപ്പിക്കുന്നുവോ അതിനനുരസരിച്ച് ഭീമമായ കമ്മീഷൻ നൽകുമെന്നതാണ്. ഉദാ:- ഒരു കോടി രൂപ വെളുപ്പിച്ചാൽ 75 ലക്ഷം തിരിച്ചു കൊടുത്താൽ മതി. ബാക്കി 25 ലക്ഷം ഇവരുടെ കമ്മീഷൻ ആണ്. ഇത് കേവലം ഉദാഹരണമാണ്. ഈ കണക്കിൽ വ്യത്യാസമുണ്ടാകാം. രഹസ്യ കോഡിലൂടെയാണ് ഇവർ തമ്മിലെ ആശയവിനിമയം നടക്കുന്നത്. ഇങ്ങനെ ഇവർക്ക് ലഭിക്കുന്ന (മുകളിൽ പറഞ്ഞ രീതിയിൽ ഹറാമായി സമ്പാദിച്ച) പണമാണ് ഭീമമായ കമ്മീഷൻ മോഹിച്ച് നമ്മുടെ സുഹൃത്തുക്കളായ കുഴൽപ്പണക്കാർ നമ്മുടെ വീടുകളിൽ നൽകുന്നത്. പകരം നാം ഹലാലായ രീതിയിൽ സമ്പാദിച്ചുണ്ടാക്കിയ പണമായ രിയാലുകളും ദിര്‍ഹമുകളും ദീനാറുകളുമൊക്കെ വിവിധ എൻ. ആർ. ഐ. എക്കൌണ്ടുകൾ വഴി നാട്ടിലെ കള്ളപ്പണ മാഫിയക്ക് രേഖയായി അയച്ചു കൊടുക്കുന്നു. അഥവാ വെളുപ്പിച്ച് നൽകുന്നു. ഇങ്ങനെ വെളുപ്പിച്ച് കൊടുക്കുമ്പോൾ ഇവർക്ക് ലഭിക്കുന്ന ഭീമമായ കമ്മീഷനാണ് ഇവരുടെ ലാഭം. അല്ലാതെ നാം കൊടുക്കുന്ന രിയാലുകളും മറ്റും കൊണ്ട് ഡോളറോ യൂറോയോ പർച്ചേസ് ചെയ്ത് നോട്ടാക്കിമാറ്റിയാലൊന്നും വലിയ ലാഭം അവര്‍ക്ക് ലഭിക്കില്ല. അതിനാല്‍ ഡോളർ പർച്ചേസിങ്ങിലൂടെയാണ് അവര്‍ ലാഭം കാണുന്നത് എന്ന അവരില്‍ പലരുടേയും വാദം അടിസ്ഥാന രഹിതവും തങ്ങളുടെ ബിസിനസ് രീതിയെക്കുറിച്ച്  ചോദിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള കേവലം ഒരു കാരണവുമായിട്ടാണ് മനസ്സിലാകുന്നത്.

കുഴല്‍ പണക്കാര്‍ ഇത്തരത്തിൽ നാട്ടിലെ കള്ളപ്പണ മാഫിയയുടെ കോടികൾ വരുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം ദിനേനയെന്നോണം പ്രവാസികളെ ഉപയോഗിച്ച് തന്ത്രപരമായി വെളുപ്പിച്ച് കൊടുക്കുമ്പോൾ രാജ്യത്തിന്റെ  നിയമപ്രകാരം അത് രേഖയുള്ള പണമാക്കി മാറ്റി എന്നേ അവർക്ക് ആശ്വസിക്കാൻ വകയുളളൂ. എന്നാൽ ഹറാമായ പണം (അഥവാ നേരത്തെ പറഞ്ഞ രീതിയിൽ ഹറാമായി സമ്പാദിച്ച പണം ഒരു കാരണവാശാലും) അല്ലാഹുവിന്റെ അടുത്ത് വെളുപ്പിക്കാൻ ഇവർക്ക് കഴിയില്ല. അല്ലാഹു ഹറാമാക്കിയ രീതിയിൽ സമ്പാദിച്ച പണം ഏത് തരം തന്ത്രങ്ങൾ സ്വീകരിച്ചാലും ഹലാൽ ആകില്ലല്ലോ. അങ്ങനെ ചിന്തിക്കലും പ്രവര്‍ത്തിക്കലും വിശ്വാസിയുടെ രീതിയല്ല. യഥാര്‍ത്ഥില്‍ ഇത് ജൂദന്മാരുടെ സ്വഭാവമായിരുന്നു. അല്ലാഹുവിന്റെ കോപം അവരില്‍ ഭവിക്കാന്‍ ഈ സ്വഭാവം കാരണമായിട്ടുണ്ട്. അത് കൊണ്ടാണ് അല്ലാഹുവിന്റെ റസൂൽ (സ്വ) മുന്നറിയിപ്പ് നൽകിയത്.

"لا ترتكبوا ما ارتكبت اليهود؛ فتستحلون محارم الله بأدنى الحيل"

അപ്പോൾ വെളുക്കാത്ത ഹറാമ് തന്ത്രങ്ങളുപയോഗിച്ച് വെളുപ്പിക്കാൻ നോക്കുന്ന ഈ ഏര്‍പ്പാടിന് മാതൃക ജൂതന്മാരാണ്.

ബാങ്കിലൂടെ പണമയക്കുമ്പോഴുള്ള ടാക്‌സ് ഒഴിവാക്കുന്നതിനും കുറഞ്ഞ നിരക്കില്‍ നാട്ടില്‍ പണമെത്തിയ്ക്കുന്നതിനും  പ്രായമായ മാതാപിതാക്കളും യുവതികളായ ഭാര്യമാരും ബാങ്കിൽ പോയി പണം എടുക്കുന്നതിലെ പ്രയാസവും മറ്റും കണക്കിലെടുത്തും പ്രവാസികള്‍ ഈ ഹവാലാ ഇടപാടിനെ ആശ്രയിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നല്ല പ്രവണതയല്ല . കയ്യിലുള്ള പണം എത്രയെന്ന് സർക്കാറോ മറ്റാരുമോ അറിയില്ലാ എന്നതും (അഥവാ വലിയ തുകകള്‍ നാട്ടില്‍ എത്തിയ്ക്കുന്നതിന്റെ കണക്ക് വെളിപ്പെടുത്തേണ്ടതില്ല എന്നതും) ഇടപാട് സമയത്ത് തിരിച്ചറിയല്‍ രേഖകളോ മറ്റോ നല്‍കേണ്ടതില്ലാ എന്നതും ഈ ഇടപാടിനെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. യാതൊരു വിധ രേഖയും കുഴല്‍പ്പണ കൈമാറ്റങ്ങള്‍ക്കുണ്ടാകില്ലല്ലോ. അതിനാല്‍ തന്നെ ആരാണ് പണത്തിന്റെ ഉടമയെന്ന് (അഥവാ നേരത്തെ പറഞ്ഞ ഇനത്തിൽപ്പെട്ട അവിഹിത സ്വത്തുക്കള്‍ സമ്പാദിക്കുന്ന ആരാണ് ഈ പണത്തിന്റെ ഉടമയെന്ന്) അറിയുക സാധ്യമല്ല. അത് പോലെ നാട്ടിൽ പണം കൈമാറുന്നവൻ തന്റെ പേരോ ഊരോ പറയാൻ നിൽക്കാതെ വേഗം പണം നൽകി ധൃതിയില്‍ അപ്രത്യക്ഷനാവുകയല്ലേ ചെയ്യുന്നത്. അഥവാ ഈ ഇടപാടുകള്‍ ഒരു പരിധി വരെ അജ്ഞാതവും നിഗൂഢവും അവ്യക്തവുമാണ്.

ഗൾഫിൽ നിന്ന് കുഴലായി നാട്ടിലേക്ക് പണമയക്കുന്നവർ പതിവായി പറയുന്ന രണ്ട് ന്യായീകരണങ്ങളുണ്ട്:

  1. നാം ഗള്‍ഫില്‍ നിന്ന് രിയാൽ/ദിര്‍ഹം/ദീനാര്‍ ഹുണ്ടിക്കാര്‍ക്ക് കൊടുക്കുന്നു. അവർ അതിന്റെ ഇന്ത്യൻ രൂപ നാട്ടിലെത്തിക്കുന്നു. പിന്നെ അതിനിടയിൽ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദികൾ അവരല്ലേ. നമുക്ക് അതിൽ നേരിട്ട് പങ്കില്ലെല്ലോ എന്നതാണ് ഒന്നാമത്തെ ന്യായം. ഇവിടെ ഈ പാവങ്ങള്‍ അറിയാതെ പോകുന്ന വസ്തുത മറ്റൊന്നാണ്. അവർ കഷ്ഠപ്പെട്ട് സമ്പാദിച്ച് സ്വരുക്കൂട്ടിയ രിയാലുകളും ദിര്‍ഹമുകളും ദീനാറുകളും യഥാർത്ഥത്തിൽ ഹുണ്ടിക്കാരായ സുഹൃത്തുകൾ എൻ ആർ ഐ എക്കൌണ്ടുകൾ വഴി നാട്ടിലെ കള്ളപ്പണക്കാർക്കാണ് അയച്ചു കൊടുക്കുന്നത്. എൻ ആർ ഐ എക്കൌണ്ടിലൂടെ പണം നാട്ടിലയച്ചാൽ അതിന് ടാക്സില്ല, രേഖയുള്ള നല്ല പണമാണത്. അതിന് പകരം  (നേരത്തെ പറയപ്പെട്ട രീതിയിൽ കുന്നു കൂട്ടപ്പെട്ട) കള്ളപ്പണം ഭീമമായ കമ്മീഷൻ അടിസ്ഥാനത്തിൽ കള്ളപ്പണ ഏജന്റുമാർ ഹുണ്ടിക്കാരുടെ നാട്ടിലെ ഏജന്റുമാർക്ക് കൈമാറുന്നു. (ഉദാ. ഇവിടെ നിന്ന് 75 ലക്ഷം രൂപ എൻ ആർ ഐ എക്കൌണ്ടുകൾ വഴി നാട്ടിലേക്ക് അയച്ചാൽ പകരം അവർ ഒരു കോടി രൂപ കള്ളപ്പണം 25 ശതമാനം കമ്മീഷന്‍ വ്യവസ്ഥയില്‍  ഇവർക്ക് നൽകുന്നു. ആ കള്ളപ്പണത്തിൽ നിന്നുള്ള നോട്ടുകളാണ് നമ്മുടെ വീടുകളിൽ എത്തുന്നത്). ചുരുക്കത്തില്‍ കള്ളപ്പണം നാം വീട്ടിലേക്ക് നേരിട്ട് എത്തിക്കുന്നില്ല എന്ന കാരണത്താൽ അത് ഹറാമോ കള്ളപ്പണമോ ആകാതിരിക്കില്ല. നാം കൊടുത്ത ഹലാലായ രിയാലിന് പകരമായിട്ടാണ് നമ്മുടെ സുഹൃത്തുക്കൾ നമ്മുടെ വീടുകളിലേക്ക് ആ പണം എത്തിക്കുന്നത് എങ്കിലും അത് കള്ളപ്പണവും ഹറാമും തന്നെയാണ്. കാരണം ഹറാമായ ഒരു കാര്യത്തിന്റെ രൂപമോ പേരോ മാറ്റിയത് കൊണ്ട് മാത്രം അതിന്റെ ഹറാമെന്ന ഹുക്മ് മാറുകയില്ല. ; فإنه لا يتغير حكمه بتغير هيئته وتبديل اسمه. സ്ഥിരമായി നാം കൊടുക്കുന്ന നമ്മുടെ ഹലാലായ സമ്പാദ്യം കുഴലുകാർ ഉപയോഗിക്കുന്നത് ഇത്തരം കള്ളപ്പണം വെളുപ്പിക്കാനാണ് എങ്കിൽ അതിന്റെ അപകടം ആഴമുള്ളതാണെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.
  2. കുഴൽപണം ഹറാമാണെങ്കിൽ പിന്നെ പ്രവാസിയുടെ പണം നാട്ടിലേക്ക് അയക്കാനുള്ളത് ബേങ്കിലൂടെയല്ലേ, അത് പലിശ സ്ഥാപനമല്ലേ, അപ്പോൾ അവ രണ്ടും തമ്മില്‍ വ്യത്യാമൊന്നുമില്ലല്ലോ എന്നതാണ് രണ്ടാമതായി പറയപ്പെടുന്ന ന്യായം. എന്നാല്‍ ബേങ്കിങ് സംവിധാനത്തിൽ പലിശ ഒഴിച്ചു കൂടാനാകാത്ത കാര്യമാണെങ്കിലും ഇന്ന് ലോക രാജ്യങ്ങളുടെ കൂട്ടായ തീരുമാനപ്രകാരമുള്ള അന്താരാഷ്ട്ര പണമിടപാടുകൾക്കുള്ള ഏക ഉപാധി ബേങ്കുകളും അതുമായി ബന്ധമുള്ള മറ്റു സ്ഥാപനങ്ങളുമാണ്. ഇത് ഒരു നിവൃത്തിയില്ലാത്ത സാഹചര്യമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഇന്നത്തെ കാലത്ത് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാം. ഉദാ:- ഇൻഷുറൻസ് ഹറാമാണെങ്കിലും ഇൻഷൂറൻസില്ലാതെ വിദേശ രാജ്യങ്ങളുടെ ഇഖാമ (റസിഡന്‍സ് പെര്‍മിട്ട്) പുതുക്കുക സാധ്യമല്ലല്ലോ, ഇന്ഷൂറൻസില്ലാതെ വാഹനം ഓടിക്കുക സാധ്യമല്ലല്ലോ, ഇൻഷൂറൻസില്ലാത്ത ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ പറ്റില്ലല്ലോ. ഇത് നിവൃത്തിയില്ലായ്മയാണ്. ഗത്യന്തരമില്ലാതെ ചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുന്ന ഈ സാഹചര്യത്തിന് അറിബിയിൽ ളറൂറത്തിന്റെ അവസ്ഥ എന്നാണ് പറയുക. അതിനാലാണ് ഇന്നത്തെ എല്ലാ വിഭാഗം പണ്ഡിതരും പറയുന്നതും പറയാതെ പറയുന്നതും ധന വിനിമയത്തിന്  മറ്റു വഴികളൊന്നുമില്ലെങ്കിൽ ബാങ്കിന്റെ പലിശ ഉള്‍പ്പെടേയുള്ള കാര്യങ്ങളിൽ നാം പങ്കാളികളാകുന്നത് സൂക്ഷിച്ചു കൊണ്ട് ബാങ്ക് വഴി അത്യാവശ്യങ്ങൾ മാത്രം നിർവ്വഹിക്കാം എന്ന് പറയുന്നത്.

ഹുണ്ടിയും നിര്‍ബ്ബന്ധിത ബാങ്കിടപാടും തമ്മിലുള്ള വ്യത്യാസം ഒരു ലഘു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം: ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിലൊന്നായ ഹജ്ജിന് പോകാന്‍ പണമടക്കേണ്ടത് ബാങ്കിലൂടെയാണ്. വേറെ വഴിയില്ല. അപ്പോൾ ഇക്കാലത്ത് ഹജ്ജിന് പോകുന്ന എല്ലാ ആലിമീങ്ങളും നിവൃത്തിയില്ലാത്ത സാഹചര്യം എന്ന രീതിയിൽ ബാങ്കിലൂടെ ആ പണം അടക്കുന്നു. അത് പോലെയാണോ ഒരാളുടെ കയ്യിൽ അഴിമതിയിലൂടെയോ കൈക്കൂലിയിലൂടെയോ കളവ് നട്ത്തിയിട്ടോ മയക്കുമരുന്ന് വിറ്റിട്ടോ വട്ടിപ്പലിശ ഇടപാടിലൂടെയോ ലഭിച്ച രേഖയില്ലാത്ത പണം വെളുപ്പിക്കാൻ വേണ്ടി നടക്കുന്നവന് നാം നിയമ വിധേയമായി സമ്പാദിച്ചുണ്ടാക്കിയ ഹലാലായ ധനം കൊടുത്തിട്ട് പകരം അയാളുടെ കയ്യിലുള്ള കള്ളപ്പണം വാങ്ങി ആ പണം കൊണ്ട് ഹജ്ജിന് പോകുന്നത് ?. ഇവ രണ്ടും രണ്ട് തന്നെയല്ലേ?. ഒന്നാമത്തേത്, ഇന്നത്തെ ലോക സാമ്പത്തക ഘടനയിൽ അനിവാര്യമായ ഒരു സംഭരംഭവുമായി നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെടുന്നതാണ്. രണ്ടാമത്തേത്, തനി കള്ളന്മാർക്ക് കഞ്ഞിവെക്കലാണ്. അവരെ സ്ഥിരം കള്ളന്മാരും കൈക്കുലിക്കാരും പലിശക്കാരും വെട്ടിപ്പുക്കാരും തട്ടിപ്പുകാരുമാക്കുന്നമാക്കുന്ന ഏർപ്പാടാണ്, അത്തരം മാഫിയ സംഘങ്ങൾ തഴച്ചു വളരാൻ വളം നൽകലാണ്. അവരുടെ കൈവശമുള്ള ഹറാമായ പണത്തിന് ഹലാലിന്റെ പരിവേശം നൽകലാണ്.... അത് പോലെത്തന്നെയാണ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ലോക രാജ്യങ്ങൾ തമ്മിലെ ഉടമ്പടി പ്രകാരമുള്ള വിനിമയ രീതിയായ ബാങ്കിങ് ട്രാസാക്ഷനും. വേറെ വഴി നമ്മുടെ മുന്നിലില്ലാത്തതിനാൽ ആ വഴി തെരഞ്ഞെടുക്കാൻ നാം നിർബന്ധിതരാകുന്നു. ആ ഇടപാട് നിയമ വിധേയവും സത്യസന്ധവും രേഖാമൂലം നിലനിൽക്കുന്നതുമാണ്. ആ വിനിമയത്തിലെ എല്ലാ വശങ്ങളും ഇടപാടുകാർക്ക് എപ്പോഴും അറിയാവുന്ന വിധം സുതാര്യമാണ്. ഇത്തരം ഒരു ഇടപാട് പോലെയാണോ യാതൊരു തെളിവുമില്ലാത്തതും ഒരു രേഖയും ആവശ്യമില്ലാത്തതും ഇടപാടിന്റെ ഒരു വശവും സുതാര്യമല്ലാത്തതും അനിസ്ലാമിക മാർഗത്തിലൂടെ സമ്പാദിച്ചതുമൊക്കയായ കളളപ്പണത്തിന് രേഖയുണ്ടാക്കിക്കൊടുക്കുന്ന കഴൽപ്പണം എന്ന ഇടപാട്. നാട്ടിൽ കള്ളപ്പണ മാഫിയ സമ്പാദിച്ച ഹറാമായ പണം വെളുപ്പിക്കാൻ വേണ്ടി അവരിൽ നിന്ന് ഭീമമായ കമ്മീഷൻ പറ്റുന്ന നമ്മുടെ കുഴൽപ്പണ സുഹൃത്തുക്കൾ വീശുന്ന വലയിൽ കുടുങ്ങി നാം കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പണം മലിനമാക്കണോ എന്നും ആ രീതിയില്‍ നാട്ടിലെത്തുന്ന പണം ഭക്ഷിക്കാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഉപയുക്തമാണോ എന്നും ഓരോ പ്രവാസിയും ഗൌരവത്തോടെ ചിന്തിക്കേണ്ടതാണ്.

 

ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട രാണ്ടാമത്തെ വിഷയം ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലെ ഗവണ്മെന്റ് അനുവദിച്ചതിനേക്കാല്‍ കൂടുതല്‍ സ്വർണ്ണം നാട്ടിലേക്ക് കൊണ്ട് പോകാമോയെന്നതാണല്ലോ. . അനുവദിച്ചതിലും കൂടുതല്‍ സ്വര്‍ണ്ണം നാട്ടിലേക്ക് ഒളിച്ചു കടത്തുന്നത് രാജ്യ നിയമ പ്രാകരം കുറ്റകരമാണ്. നാം ഹലാലായ രീതിയില്‍ അധ്വാനിച്ചുണ്ടാക്കിയ സ്വര്‍ണ്ണമാണെങ്കില്‍ അത് മുഴുവനും നമുക്ക് നാട്ടിലേക്കോ നാം ഉദ്ദേശിച്ച മറ്റു സ്ഥലങ്ങളിലേക്കോ കൊണ്ടു പോകുന്നതിന് വിരോധമില്ല. എന്നാല്‍ ഏതു കാര്യവും നിയമ വിധേയമായും നിശ്ചയിക്കപ്പെട്ട ഡ്യൂട്ടി അടച്ചും രാജ്യ നിയമങ്ങള്‍ പാലിച്ചും അന്തസ്സോടെയും മനഃസമാധാനത്തോടെയും ചെയ്യുന്നതാണ് രാജ്യത്തെ ഒരു പൌരന്‍ എന്ന നിലയിലും സര്‍വ്വോപരി ഒരു വിശ്വാസിയെന്ന നിലയിലും ഓരാളുടെ വ്യക്തിത്വത്തിന് ചേര്‍ന്നത്. അല്ലാതെ കള്ളനെപ്പോലെ പതുങ്ങിയും രാജ്യ നിയമങ്ങളെ ലംഘിച്ചും ഏതു നിമിഷവും സാമ്പത്തിക കുറ്റവാളിയായി മുദ്രകുത്തപ്പെടുവാനും ശിക്ഷിക്കപ്പെടുവാനും കുപ്രസിദ്ധനാകുവാനുമൊക്കെ സാധ്യതകള്‍ തുറന്നിട്ടു കൊണ്ടും മനസ്സ് ചഞ്ചലപ്പെട്ടും ഒരു കാര്യവും ചെയ്യുന്നത് ആര്‍ക്കും ഭൂഷണമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter