അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


നാലു ലക്ഷം തിരിച്ചു തരണം എന്ന വ്യവസ്ഥയിൽ കടം കൊടുക്കാം. എന്നാൽ അത് കച്ചവടം ചെയ്യാൻ വേണ്ടി കൊടുക്കുകയാണെങ്കിൽ അങ്ങനെ നിബന്ധന വെക്കാൻ പാടില്ല. കാരണം കൂറ് കച്ചവടക്കാരൻ കച്ചവടത്തിലെ ലാഭത്തിലും നഷ്ടത്തിലും പങ്കാളിയായിരിക്കണം. ലാഭം കിട്ടിയാൽ തന്റെ നിക്ഷേപത്തിന്റെ തോതനുസരിച്ച് എടുക്കാം. കച്ചവടം നഷ്ടമാണെങ്കിൽ അതിന്റെ നഷ്ടം നികത്താൻ നിക്ഷേപത്തിന്റെ തോതനുസരിച്ച് തന്റെ അതിൽ നിന്ന് എടുക്കേണ്ടിയും വരും. അഥവാ പണം പിൻവലിക്കുന്ന സമയത്ത് കച്ചവടം ലാഭകരമാണെങ്കിൽ മൂലധനവും ലാഭവിഹിതവും ലഭിക്കും, നഷ്ടമാണെങ്കിൽ നഷ്ടത്തിന്റെ തോത് മൂലധനത്തിൽ നിന്ന് കിഴിച്ചിട്ട് ബാക്കിയുള്ളതേ ലഭിക്കുകയുള്ളൂ. ഇതൊന്നുമല്ലാതെ താൻ കൊടുക്കുന്ന പണം ചോദിക്കുമ്പോൾ ഒരു കുറവും വരുത്താതെ തിരിച്ചുതരണമെന്നും അത് വരേക്കും പ്രതിമാസം ഇത്ര രൂപ തരണമെന്നും നിബന്ധനവെക്കുന്നത് തനി പലിശയിടപാടാണ്. പലിശയിടപാട് ഇസ്ലാം ശക്താമായി വിലക്കിയതാണ് (സൂറത്തുൽ ബഖറ, സ്വഹീഹുൽ ബുഖാരി). അതു പോലെ കച്ചവടത്തിനായി പണം വാങ്ങി കച്ചവടം ലാഭമായാലും നഷ്ടമായാലും ഒരു നിശ്ചിത സംഖ്യ തരാം എന്ന നിബന്ധനയിൽ പണം വാങ്ങുന്നത് അന്യന്റെ മുതൽ അവിഹതമായി എടുക്കാൻ നോക്കലാണ്. കാരണം ഇവ രണ്ടും ഈ ഇടപാടിലെ രണ്ടാലൊരാൾക്ക് നഷ്ടമുണ്ടാക്കുന്ന ഏർപ്പാടാണ്. കച്ചവടക്കാരന് പ്രതിമാസം ഈ നിശ്ചിത തുക കച്ചവടത്തിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ അത് അവന് നഷ്ടമുണ്ടാക്കുന്നതാണ്. അതേ സമയം കച്ചവടക്കാരന് ചില മാസങ്ങളിൽ ഇതിനേക്കാൾ കൂടുതൽ കിട്ടുന്നുണ്ടെങ്കിൽ അതിന്റെ ലാഭ വിഹിതം നൽകാതെ പിടിച്ചു വെക്കുന്നത് നിക്ഷേപകന് നഷ്ടവുമാണ്. അഥവാ ഈ ഇടപാടുകളിൽ ചതി നടക്കുന്നു. അത് നബി (സ്വ) നിരോധിച്ചതാണ് (ഇബ്നു മാജ്ജഃ, മുവത്വ), ഈ ഇടപാടുകളിൽ രണ്ടാലൊരാൾക്ക് നഷ്ടം വരുത്തലും പ്രായസപ്പെടുത്തലുമുണ്ട്, അതും ഇസ്ലാം നിരോധിച്ചതാണ് (സ്വഹീഹ് മുസ്ലിം). ഈ ഇടപാടിൽ  അന്യന്റെ ധനം അപഹരിക്കലുണ്ട്. അത് അല്ലാഹു പല തവണ താക്കീത് ചെയ്ത കാര്യമാണ് (സൂറത്തുൽ ബഖറഃ)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.