മൊബൈൽ കടകളിൽ നിന്നും മൊബൈൽ വാങ്ങുമ്പോൾ മൊബൈൽ ബൈ ബാക്ക് പോളിസി എന്നൊരു ഓഫർ ഉണ്ട്.ഇത് പ്രകാരം മൊബൈൽ ഫോൺ വങ്ങുന്നതിനൊപ്പം 100 രൂപ കൂടി കൊടുത്താൽ 10000 രൂപ ഉള്ള മൊബൈൽ ഫോൺ 1 വർഷത്തിനുള്ളിൽ എക്സ്ചേഞ്ച് ചെയ്താൽ 5000 രൂപ വരെ വിലക്കിഴിവു കിട്ടും.ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

Muhammed Shafi

Feb 24, 2019

CODE :Fiq9169

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മൊബൈൽ ബൈ ബാക് പോളിസിയെന്നത് ഒരു മൊബൈൽ മാർക്കറ്റിങ് തന്ത്രമാണെന്നത് പ്രസിദ്ധമാണ്. അതായത് വര്‍ഷാവർഷം അവർ അപ്ഗ്രേഡ് ചെയ്ത് ഇറക്കുന്ന മൊബൈൽ സീരീസ് വാങ്ങിക്കൊണ്ടേയിരിക്കാൻ സ്ഥിരം കസ്റ്റമേഴ്സിനെ ഉണ്ടാക്കാൻ വേണ്ടി പയറ്റുന്ന തന്ത്രം. ഇവിടെ ഒരു വർഷത്തനുള്ളിൽ തന്നെ അത് കേട് വരുത്താതെ തിരിച്ചു കൊടുക്കണം, കൂടെ അവർ തന്നെയിറക്കിയ പുതിയ മൊബൈൽ അവർ നിശ്ചയിക്കുന്ന വില കൊടുത്ത് വാങ്ങുകയും ചെയ്യണം. അപ്പോൾ അവരുടെ ‘വകയായി' ഒരു നിശ്ചിത സംഖ്യ ഇളവ് ചെയ്തു കൊടുക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

ഒരു പക്ഷേ ആ വില കൂടി കൂട്ടിയിട്ടാകാം അതിന്റ വില നിശ്ചയിച്ചിട്ടുണ്ടാകുക. അല്ലെങ്കിൽ ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള തങ്ങളുടെ മൊബൈൽ തിരികെ ലഭിക്കുമ്പോൾ അതിലെ പാർട്സ് ചില്ലറ മാറ്റങ്ങൾക്ക് വിധേയമാക്കി പുതിയ മൊബൈൽ നിർമ്മാണത്തിന് ഉപയോഗിച്ചോ മറ്റോ ചെലവ് വളരേ ചുരുക്കുകുയും ഉണ്ടാക്കുന്നത് പുതിയ വേർഷനായതിനാൽ വലിയ വിലക്ക് വിൽക്കുകയും ചെയ്യാം. അവർക്ക് അവരുടെ ഉൽപന്നത്തിന്റെ സ്പെസിഫിക്കേഷൻ പ്രഖ്യാപിച്ച് അതിന് വില നിശ്ചയിക്കാനും പഴയ മൊബൈൽ തിരിച്ചു വാങ്ങി അതിന്റെ വിലയെന്നോണം പുതിയ മൊബൈലിന്റെ വിലയിൽ ഇളവു ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ യാഥാർത്ഥത്തിൽ അവർ എന്താണ് ഈ പോളിസി കൊണ്ട് ലക്ഷ്യവെക്കുന്നത്, അത് തന്നെ നന്നാക്കാനോ അതോ വർഷാവർഷം വലിയ സംഖ്യ തന്റെ പോക്കറ്റി.നിന്ന് അടിച്ച് മാറ്റാനോ എന്തിനാണ് അവർ ശ്രമിക്കുന്നത് എന്ന് ചിന്തിക്കുവാനുള്ള വിവേകം ഉപഭോക്താവ് കാണിക്കണം. അത് പോലെ ഏതാനും മാസങ്ങൾക്ക് മുമ്പ് വലിയ വില കൊടുത്ത് വാങ്ങിയ മൊബൈൽ കുറഞ്ഞ വിലക്ക് അവർക്ക് തന്നെ വിറ്റ് വീണ്ടും വലിയ വിലയിട്ട മൊബൈൽ വാങ്ങി കീശ കാലിയാക്കുന്ന കെണിയിൽ താൻ വീഴണോയെന്നും ഉപഭോക്താക്കളാണ് തീരുമാനിക്കേണ്ടത്.

ഉപഭാക്താവിനെ പറ്റിച്ച് കുറഞ്ഞ ചെലവിൽ വലിയ ലാഭം ഉണ്ടാക്കാനാണ് മൊബൈൽ കമ്പനികളും ഏജന്റുമാരും ശ്രമിക്കുന്നതെങ്കിൽ അത് കുറ്റകരമാണ്. കാരണം ഇവിടെ ഉപോഭോക്താവിനെ അയാൾ അറിയാതെ വഞ്ചിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നു. ഇത് രണ്ടും നിഷിദ്ധമാണ് (സ്വഹീഹ് മുസ്ലിം, ഇബ്നു മാജ്ജഃ).. എന്നാൽ ഇങ്ങനെയൊരു ഉദ്ദേശ്യമോ പ്രവർത്തനമോ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെങ്കിൽ കുഴപ്പവുമില്ല. അതു പോലെ ആരെങ്കിലും പറയുന്നത് കേട്ട പാതി കേൾക്കാത്ത പാതി വിശ്വസിച്ച് ഉപയോഗ യോഗ്യമായ വസ്തുക്കൾ കുറഞ്ഞ വിലക്ക് അതിന്റെ നിർമ്മാതാക്കൾക്ക് തന്നെ കൊടുത്ത് അതേ ഉപയോഗം നടക്കുന്ന വസ്തു കൂടുതൽ പണം നൽകി അവരിൽ നിന്ന് തന്നെ വാങ്ങി ധനം ദുർവ്യയം ചെയ്യുന്നതും കുത്തക ഭീമന്മാരുടെ സ്ഥിരം ഇരായകുന്നതും ഒരു വിശ്വാസിക്ക് ചേർന്നതല്ല. അല്ലാഹു നൽകിയ ധനം ധൂർത്തടിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നില്ല (സൂറത്തുൽ അഅ്റാഫ്) ഒരു സത്യ വിശ്വാസിക്ക് ഒരേ മാളത്തിൽ നിന്ന് രണ്ടു തവണ കടിയേൽക്കില്ല (സ്വഹീഹ് മുസ്ലിം). ഒരു യഥാർത്ഥ വിശ്വാസി ബുദ്ധിപൂർവ്വം മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവനാണ്. അവന് അത്രയെളുപ്പം ചൂഷകരുടെ ഇരായാകാൻ കഴിയില്ല. അവന്റെ ഓരോ നീക്കവും ചടുലമായിരിക്കും (ശറഹു മുസ്ലിം).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter