ഒരു പ്രമുഖ പ്രവാസി സംഘടന സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന പേരില്‍ ഒരു കാമ്പയിന്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നു . 75 റിയാല്‍ നല്‍കി ഒരു വര്‍ഷത്തിന് ഇതില്‍ അംഗത്വം എടുത്താല്‍ ഈ കാലപരിധിയില്‍ മരണപ്പെട്ടാല്‍ അനന്തരാവകാശികള്‍ക്ക് അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപയും രോഗം വരികയാണെങ്കില്‍ ചികിത്സ ഫീസായി നിക്ഷിത സംഖ്യയും വാഗ്ദാനം ചെയ്യുന്നു .ഇതിന്റെ ഇസ്‌ലാമിക മാനം വിശദീകരിച്ചാല്‍ വളരെ ഉപകാരപ്പെടുമായിരുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ

ചോദ്യകർത്താവ്

Saalim jeddah bawadi

Dec 30, 2018

CODE :Fin9028

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇക്കാര്യം അൽപം വിശദീകരണം അർഹിക്കുന്നത് കൊണ്ട് അൽപം വിശദമായിത്തന്നെ പറയാം. ഇവിടെ ഏതെങ്കിലും ഒരു സൂരക്ഷാ സ്കീമിനേയോ കമ്പനിയേയോ സംഘടനയേയോ വ്യക്തിയേയോ പേരെടുത്ത് പരാമർശിക്കാതെ വിഷയം മാത്രം അവതരിപ്പിക്കുകയാണ്. പൂർണ്ണമായും വായിച്ച് ഒരു തീരുമാനത്തിലെത്തുമല്ലോ.

ആമുഖം

പെട്ടെന്നുള്ള മരണം, അത്യാഹിതം, അസുഖം, ധന നഷ്ടം തുടങ്ങിയ കാര്യങ്ങൾ ഭാവിയിലെ നിശ്ചിത കാലയളവിൽ സംഭവിക്കുകയാണെങ്കിൽ ഒരു നിശ്ചിത/അനിശ്ചിത സംഖ്യ ഉറപ്പായും നൽകും എന്ന കരാറിൽ ജനങ്ങളിൽ നിന്ന് ഒരു പ്രത്യേക കാലയളവിലേക്ക് നിശ്ചിത സംഖ്യ ഇടാക്കുന്ന സംവിധാനമാണ് സുരക്ഷാ സ്കീമുകൾ എന്ന് ചരുക്കത്തിൽ പറയാം. ലോകത്ത് എല്ലായിടത്തും ഇത് വ്യാപകമാണ്. ഇൻഷൂറൻസ് കമ്പനികളും ആ രീതി സ്വീകരിക്കുന്നതോടൊപ്പം ആ പേരിൽ അറിയപ്പെടാത്ത കമ്പനികളും വ്യക്തികളും സംഘടനകളും ഈ സംവിധാനം ഉപയോഗിച്ച് വൻ ലാഭം കൊയ്തു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ലാഭം പ്രതീക്ഷിക്കാതെ അംഗങ്ങൾക്ക് സംഭവിക്കുന്ന അത്യാഹിതങ്ങളിൽ അവർക്ക് താങ്ങാകാൻ വേണ്ടി മാത്രം ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സംഘടനകളും നിലവിലുണ്ട്. ഏതായിരുന്നാലും ഈ സംവിധാനത്തിലെ ഇസ്ലാമികതയും അനിസ്ലാമികതയും ഹ്രസ്വമായി വിലയിരുത്താം.

ഭാവിയിൽ താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താകും, അവർ അനാഥമായാൽ അവരെ ആര് നോക്കും, താങ്കളുടെ സ്ഥാപനത്തിനോ വീടിനോ തീ പിടുത്തമോ മറ്റു ദുരന്തമോ സംവിച്ചാൽ, താങ്കൾക്ക് തന്നെ പെട്ടെന്ന് അപകടം സംഭവിച്ചാൽ, മാരകമായ അസുഖം പിടിപെട്ടാൽ ആ സമയത്ത് താങ്കൾ അഭിമുഖീകരിക്കുന്ന റിസ്ക് മുഴുവൻ ഏറ്റെടുക്കാൻ ആര് തയ്യാറാകും, അത്തരം ഘട്ടങ്ങളിൽ നിങ്ങൾക്ക് താങ്ങായും നിങ്ങളുടെ കണ്ണീരൊപ്പാനും ഞങ്ങൾ തയ്യാറാണ് എന്ന കാര്യം ഏത് ആളോട് ഉർത്തിയാലും ആരായാലും പറഞ്ഞു പോകും ‘ശരിയാണ് ആരോരും സഹായിക്കാൻ ഇല്ലാതിരിക്കാവുന്ന ആ ഘട്ടത്തിൽ തന്നെ സഹായിക്കാൻ ഇവർക്ക് കഴിയുമെങ്കിൽ തുച്ഛമായ പ്രീമിയം/അംഗത്വ ഫീസ് അടച്ച് ഞാൻ എന്റെ ജീവനും കുടുംബത്തിന്റെ നിലനിൽപും ഉറപ്പ് വരുത്തുന്നതിന് എന്താണ് കുഴപ്പം എന്ന്’. തന്റെ ഭാവിയെക്കുറിച്ചുള്ള ഏതൊരാളുടേയും ആശങ്ക എന്ന വീക്ക് പോയന്റിൽ പിടിച്ചിട്ടാണ് ഇത്തരം കമ്പനികളും സ്ഥാപനങ്ങളും ജനലക്ഷങ്ങളെ ചാക്കിലാക്കി മുതലെടുക്കുന്നതും ചൂഷണം ചെയ്ത് വൻ ലാഭം കൊയ്യുന്നതും.

അപ്പോൾ സ്വാഭാവികമായും ചോദിക്കാം ഇവിടെ ചൂഷണവും മുതലെടുപ്പും എവിടെയാണെന്ന്. നോക്കാം, മേൽ പറയപ്പെട്ട വിധം ഭാവിയെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ച് ആരോട് പറഞ്ഞാലും അവരെല്ലാം പണമടച്ച് ഇതിൽ അംഗമാകും. കാരണം തന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാണല്ലോ -അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നത് കുറഞ്ഞ- ഇന്നത്തെ ഭൂരിപക്ഷം ജനങ്ങളും. ലക്ഷക്കണക്കിനാളുകൾ അംഗമാകുന്നതോടെ ശേഖരിച്ചു വെച്ച സംഖ്യ കോടികൾ കവിയും. പിന്നീട് പല കമ്പനികൾ സംഘടനകളും പലിശാധിഷ്ഠിതവും അല്ലാത്തതുമായ ഇടപാടുകളിൽ ഈ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കുന്നു. ചിലർ ഹലാലായ മാർഗത്തിൽ തന്നെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നു, മറ്റു ചിലർ ബാങ്കിൽ നിക്ഷേപിച്ച് ഒന്നുകിൽ അതിന്റെ പലിശ വാങ്ങുന്നു. അല്ലെങ്കിൽ പലിശ ബാങ്കിന് തന്നെ കൊടുത്ത് അതിനെ സഹായിക്കുന്നു. ഏതായാലും ഇങ്ങനെ ലഭിക്കുന്ന ലാഭം ഈ ലക്ഷക്കണക്കിന് വരുന്ന അംഗങ്ങളിൽ ആർക്കും വിതരണം ചെയ്യപ്പെടുന്നില്ല. അത് മുഴുവനും ഈ കമ്പനികളാണ് എടുക്കുന്നത്. അംഗങ്ങൾ പണമടച്ചത് ഒരു വർഷത്തേക്കാണെങ്കിൽ ആ ഒരു വർഷത്തിനുള്ളിൽ അവരിലാർക്കെങ്കിലും നേരത്തേ പറയപ്പെട്ട വിധം വല്ലതും സംഭവിച്ചാലേ നഷ്ടപരിഹാരമായി അവർ വാഗ്ദാനം ചെയ്തത് ലഭിക്കുകയുള്ളൂ. ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ഒന്നും ലഭിക്കുകയുമില്ലെന്ന് മാത്രമല്ല അടച്ച സംഖ്യ നഷ്ടപ്പെടുകയും ചെയ്യും. ഇനി അടുത്ത വർഷത്തേക്ക് നമ്മുടെ ഭാവി ഇൻഷൂർ ചെയ്യണമെങ്കിൽ അല്ലെങ്കിൽ സുരക്ഷിതമാകണമെങ്കിൽ അടുത്ത വർഷത്തേക്കായിട്ട് വേറെ സംഖ്യ അടക്കണം. സുരക്ഷാ ദാധാക്കളാണെങ്കിലോ കഴിഞ്ഞ വർഷം അനേകായിരം പേർ അടച്ച പണമുപയോഗിച്ച് നടത്തിയ ഇടപാടുകളിലൂടെ വലിയ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

സുരക്ഷാ ദാധാക്കൾക്ക് ചെലവ് താരതമ്യേന വളരേ കുറവായിരിക്കും. കാരണം ഇവർ എല്ലാ മരണത്തിനും അസുഖത്തിനുമൊന്നും സുരക്ഷ നൽകില്ല. അവ പദ്ധതി കാലയളവിൽ ഉണ്ടായതാകണം. അഥവാ മുമ്പ് ഉണ്ടായ ഇപ്പോഴും നിലനിൽക്കുന്ന അസുഖത്തിനോ നേരത്തേ മരണകാരണമായേക്കാവുന്ന അസുഖമുണ്ടായിട്ട് പദ്ധതി കാലയളവിൽ സംഭവിക്കുന്ന മരണത്തിനോ ഇൻഷുറോ സുരക്ഷയോ ലഭിക്കില്ല. ഉദാ: അംഗമായ ആ ഒരു വർഷത്തിനുള്ളിൽ മാത്രം ഉണ്ടായ അസുഖത്തിനും അപ്രതീക്ഷിതമായി മാത്രം ഉണ്ടായ മരണത്തിനും അപകടത്തിനും മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളൂ എന്ന് നിബന്ധനവെക്കുന്നവരാണ് അധിക പേരും.  ഇങ്ങനയാകുമ്പോൾ വളരേ കുറച്ചു പേർക്കേ നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയുള്ളൂ എന്നും ആളുകളുടെ സംഖ്യ അനേകായിരം ആകുന്നതിനനുസരിച്ച് കിട്ടുന്ന സംഖ്യ കൂടുകയും റിസ്ക് കുറയുകയും ചെയ്യും കിട്ടിയ പണം ഉപയോഗിച്ച് വലിയ ലാഭം ഉണ്ടാക്കുകയും ചെയ്യാം എന്നുമുള്ള ചിന്തയാണ്  ഇത്തരം കമ്പനികളെ മുന്നോട്ട് നയിക്കുന്നത്.

നിഷിദ്ധമായ കാര്യങ്ങൾ

ഇവിടെ ഒന്നാമതായി, ചൂതാട്ടത്തിന്റെ സ്വഭാവം നമുക്ക് കാണാം. അതായത് ഭാവിയിൽ വല്ലതും സംഭവിച്ചാൽ നിങ്ങൾ അടച്ചതിനേക്കാൾ എത്രയോ മടങ്ങ് പണം നിങ്ങൾക്ക് ഞങ്ങൾ നൽകും. ഒന്നും സംഭവിച്ചില്ലെങ്കിൽ ഒന്നും നൽകില്ല. ഇത് ചൂതാട്ടമാണ്. കാരണം സംഭവിക്കുമോ ഇല്ലയോ എന്ന്  മുൻകൂട്ടി അറിയാൻ കഴിയാത്ത കാര്യം നിബന്ധനവെച്ചുള്ള ഏത് ഇടപാടും ചൂതാട്ടമാണ്. ഗാംബ്ലിങ്ങിന്റെ ഏത് രീതിയെടുത്താലും (ഉദാ: ചീട്ടുകളി: ഇന്ന കാർഡ് കിട്ടിയാൽ എല്ലാം കിട്ടും ഇല്ലെങ്കിൽ വെച്ചത് പോകും എന്ന അവസ്ഥ) ഈ രീതിയാണ് കാണാൻ കഴിയുക. പരസ്പര സമ്മതത്തോടെ നടത്തുകയാണെങ്കിലും പണം വെക്കുന്നത് സംഭാവനയാണെന്ന് പറഞ്ഞിട്ടാണെങ്കിലും അല്ലെങ്കിലും ചൂതാട്ട സ്വഭാവത്തിലുള്ളതാണെങ്കിൽ എന്തും നിഷിദ്ധമാണെന്ന് വിശുദ്ധ ഖുർആനും തിരു സുന്നത്തും മുന്നറിയിപ്പ് നൽകുന്നുണ്ട് (സൂറത്തുൽ ബഖറഃ, സൂറത്തുൽ മാഇദഃ, സ്വഹീഹ് മുസ്ലിം, മുസ്നദ് അഹ്മദ്)

രണ്ടാമതായി, ചിലർ പറയാറുണ്ട് ‘ഇത് ചൂതാട്ടം എന്നൊക്കെ പറഞ്ഞ് വെറുതേ എതിർക്കരുത്. കാരണം ഒരു പാട് പേരുടെ പ്രത്യേകിച്ചും പാവങ്ങളുടെ കണ്ണീരൊപ്പുന്ന സൽകർമ്മമാണ്എന്ന്’. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്: വിശുദ്ധ ഖുർആൻ ജാഹിലിയ്യാ കാലത്ത് നടന്ന ചൂതാട്ടത്തെയാണല്ലോ നിരോധിച്ചത്. അന്നത്തെ വലിയ ധനമായ ഒട്ടകങ്ങളെ വെച്ചിട്ടായിരുന്നു ഹൈടെക് ഗാംബ്ലീങ് നടത്തിയിരുന്നത്. എന്നാൽ അതിൽ വിജയിക്കുന്നവർക്ക് ആ ഒട്ടകങ്ങളൊക്കെ ലഭിക്കുമായിരുന്നെങ്കിലും അവയൊന്നും അവർ ഉപയോഗിക്കാതെ എല്ലാം പാവങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ചെയ്തിരുന്നുത്. ഇങ്ങനെ ധാരാളം ഒട്ടകങ്ങൾ നൽകി പാവങ്ങളെ സഹായിക്കുന്ന പരിപാടിയാണെങ്കിലും ആ ഒട്ടകങ്ങളത്രയും ലഭിക്കുന്നത് ചൂതാട്ടത്തിലൂടെയായതിനാൽ അല്ലാഹു അത് നിഷിദ്ധമാക്കി (തഫ്സീർ റാസി). ചിലർ പറയുന്നത് പോലെ ലക്ഷ്യം മാർഗത്തെ ന്യായീകരിക്കും എന്ന നിലപാട് ഇസ്ലാമിനില്ല. ലക്ഷ്യം പോലെ മാർഗവും പവിത്രമാകണം.

മൂന്നാമതായി, പല സുരക്ഷാ ദാധാക്കളുടേയും ഇടപാടിൽ പലിശ വരുന്നതായി കാണാം. അഥവാ അനേകായിരങ്ങളിൽ നിന്ന് പിരച്ചെടുത്ത പണം ബാങ്കിൽ നിക്ഷേപിച്ച് ഒന്നുകിൽ അതിന്റെ പലിശ കൂടി അതിലേക്ക് കൂട്ടുന്നു അല്ലെങ്കിൽ പലിശ രഹിത എക്കൌണ്ടിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള പലിശ മുഴുവൻ പലിശക്കമ്പനിയായ ബാങ്കിന് കൊടുത്ത് അതിനെ സഹായിക്കുന്നു. ഇത് ഒരു കൂട്ടർ. മറ്റൊരു കൂട്ടർ ഈ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിന് പുറമേ പലിശാധിഷ്ഠിതമായ ധാരാളം സംരംഭങ്ങളിലും പ്രോജക്ടുകളിലും നിക്ഷേപിക്കുന്നു. എന്നിട്ട് ഈ പണത്തിൽ നിന്നാണ് വല്ലതും സംഭവിച്ചാൽ നഷ്ടപരിഹാരമായി നൽകുന്നത്. പലിശയുടെ ഏത് അവസ്ഥയും നിഷിദ്ധവും അതിൽ ഏത് രീതിയിൽ ഭാഗഭാക്കായവരേയും അല്ലാഹുവും റസൂലും ശപിച്ച കാര്യവുമാണെന്ന് വിശുദ്ധ ഖുർആനും തിരു ഹദീസും പല തവണ മുന്നറിയിപ്പ് നൽകിയതാണ് (സൂറത്തുൽ ബഖറ, സൂറത്തു ആലു ഇംറാൻ, സൂറത്തുർറൂം, സ്വിഹാഹുസ്സിത്ത).

നാലാമതായി, തുച്ഛമായ പണം അടച്ച ഒരാൾക്ക് ഒരു മാരകമായ അസുഖം വന്നാൽ ലഭിക്കുന്ന തുക അടച്ച തുകയുടെ പതിനായിരമോ അതിലധികമോ ഇരട്ടി ആയിരിക്കും. ഇവിടെ അടച്ച തുകയേക്കാൾ കൂടുതലുള്ള സംഖ്യ എന്ത് അടിസ്ഥാനത്തിലാണ് കമ്പനി അയാൾക്ക് കൊടുക്കുന്നതും അയാൾ അത് വാങ്ങുന്നതും. കാരണം ആ പണമത്രയും മറ്റുള്ളവർ അടച്ച അവരുടെ വിഹിതമാണെങ്കിൽ അന്യരുടെ മുതൽ അന്യാമായി കൈക്കലാക്കലാണത്. അതു പോലെ ആ വർഷം ഒന്നും സംഭവിക്കാത്ത ലക്ഷക്കണക്കിനാളുകൾക്ക് ഇവരുടെ സർവ്വീസ് ചാർജ്ജ് കഴിച്ച് ബാക്കി തുക തിരിച്ചു കൊടുക്കുന്നില്ല. അത് സുരക്ഷാ ദാധാക്കൾ പിടിച്ചു വെച്ച് പിന്നീടങ്ങോട്ട് സ്വന്തം മുതലായി പ്രഖ്യാപിച്ച് അതിൽ ക്രയവിക്രയം നടത്തുകയോ അല്ലെങ്കിൽ അടുത്ത വർഷത്തെ സ്കീമിൽ വരുന്നവർക്ക് വല്ലതും സംഭവിച്ചാൽ അവർക്ക് കൊടുക്കുകയോ ചെയ്യുന്നു. അഥവാ അത്രയും കൂടുതൽ ആളുകളുടെ ധനം അത് (ഓരോരുത്തരുടേതായി നോക്കുമ്പോൾ എത്ര കുറച്ച് ആണെങ്കിലും) അന്യായമായി എന്നെന്നേക്കുമായി സ്വന്തം നിലയിൽ കൈക്കലാക്കുകയോ മറ്റുള്ളവർക്ക് എടുത്ത് കൊടുക്കുകയോ ചെയ്യുന്നു . അന്യരുടെ മുതൽ അന്യായമായി കൈക്കലാക്കാൻ പാടില്ലെന്ന് വിശുദ്ധ ഖുർആനും തിരു ഹദീസും തീർത്ത് പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബഖറഃ, ആലു ഇംറാൻ, നിസാഅ്, തൌബഃ, സ്വിഹാഹുസ്സിത്തഃ)

അഞ്ചാമതായി, ഓരോരുത്തരും പണം അടക്കുമ്പോൾ ഈ കാലയളവിനുള്ളിൽ മരിച്ചാൽ താൻ നിർദ്ദേശിക്കുന്ന വ്യക്തി അല്ലെങ്കിൽ വ്യക്തികൾക്ക് ഇത്ര പണം നൽകണം എന്നോ ഞങ്ങൾ നൽകും എന്നോ പരാമർശിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഒരാൾക്ക് തന്റെ സ്വത്ത് എഴുതിവെക്കുന്നതിനാണ് വസ്വിയ്യത്ത് എന്ന് പറയുന്നത്. ഇത് അനന്തരാവകാശികൾക്ക് വേണ്ടി എഴുതിവെക്കണമെങ്കിൽ മറ്റു അനന്തരാവകാശികളുടെ സമ്മതം ആവശ്യമാണ്. കാരണം അനന്തരവാകാശികളുടെ സമ്മതമില്ലാതെ അനന്താരാവകാശിക്ക് വസ്വിയ്യത്തില്ലെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ബൈഹഖി). അതുപോലെ മറ്റുള്ളവർക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യുകുയാണെങ്കിൽ തന്റെ സ്വത്തിന്റെ മൂന്നലൊന്നിൽ അത് കൂടാൻ പാടില്ല. അഥവാ കൂടിയാൽ അനന്തരാവകാശികളുടെ സമ്മതം അനിവാര്യമാണ്(തുഹ്ഫ). ഈ നിയമം ഇവിടെ ലംഘിക്കപ്പെടുകയും പലപ്പോഴും അന്താരാവകാശികളിൽ ചിലരെ മറ്റുള്ളവരുടെ സമ്മതമോ അറിവോ ഇല്ലാതെത്തന്നെ നോമിനിയാക്കിവെക്കുകയും ചെയ്യുന്നുണ്ട്.

പരിഹാരം

ഇതൊരു ചോദ്യോത്തര പംക്തിയായത് കൊണ്ട് ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള വിവരണം തൽക്കാലം നിർത്തി ഇസ്ലാമികമായ രീതിയിൽ എങ്ങനെ ഈ സംരംഭം നടത്താം എന്ന് വിശദീകരിക്കാം. തകാഫുൽ എന്ന പേരിൽ ഇസ്ലാമിക് ഇൻഷൂറൻസ്/സുരക്ഷാസ്കീം അറിയപ്പെടുന്നുണ്ട്. അതിലും പല ആശങ്കകളും പലരും പ്രകടിപ്പിക്കാറുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ വേണ്ടി കൂടി ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒരാൾക്ക് സംഭവിക്കുകന്ന നഷ്ടം നികത്താൻ അയാളുമായി ബന്ധമുള്ളവർ സംഘടിച്ച് സഹായിക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നുണ്ട്. മനപ്പൂർവ്വമല്ലാതെയോ അബദ്ധത്തിലോ ഒരാളെ കൊന്നാൽ കൊല്ലപ്പെട്ടവന്റെ അനന്താരാവകാശികൾക് പ്രായ്ശ്ചിത്ത ധനം നൽകണം. ഇവിടെ ഇത് നൽകി സഹായിക്കേണ്ടത് കൊലയാളിയുടെ അനന്താരവാകാശികളായാ പുരുഷന്മാരാണെന്നും അവർക്ക് കഴിയില്ലെങ്കിൽ ബൈത്തുൽമാൽ (പൊതു ഖജനാവിൽ) നിന്ന് എടുക്കണമെന്നും പൊതു ഖജനാവിലും അതിന് പരിമിതിയുണ്ടെങ്കിൽ ആ സംഖ്യ കൊലായാളി കണ്ടെത്തണമെന്നുമാണ് എന്ന് ഇസ്ലാം നിർദ്ദേശിക്കുന്ന രീതി (ഫത്ഹുൽ മുഈൻ, തുഹ്ഫ). മനപ്പുർവ്വമല്ലാത്ത നരഹത്യ യാതൃശ്ചികമായി സംഭവിക്കുന്നതാണ്. അത് അയാളെ വല്ലാത്ത പ്രായസത്തിലാക്കും ഇത്തരം ഒരു ഘട്ടത്തിൽ അയാളെ സഹായിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണ് എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതു പോലെ നബി (സ്വ) അരുൾ ചെയ്തു. അശ്അരീ ഗോത്രത്തിന് യുദ്ധം കാരണം സാമ്പത്തിക പരാധീനതയുണ്ടാകുകയോ ഭക്ഷണ ക്ഷാമമുണ്ടാകുകയോ ചെയ്താൽ അവരെല്ലാരും ഒരു മിച്ചു കൂടി എല്ലാവരുടേയും കയ്യിലുള്ളത് ഒരിടത്ത് ശേഖരിച്ച് അതിൽ നിന്ന് ആവശ്യക്കാരുടെ അവശ്യങ്ങൾ നിറവേറ്റും വിധം ഒരു പോലെ വിതരണം ചെയ്യുന്നവരാണ്. അതിനാൽ അവർ എന്നിൽപ്പെട്ടവരം ഞാൻ അവരിൽ പെട്ടവനുമാണ് (സ്വഹീഹുൽ ബുഖാരി). ഈ രീതി സുരക്ഷാ സ്കീമുകളിലും നടപ്പാക്കാം.

ഒരു നാട്ടിലെ, കുടുംബത്തിലെ, കമ്പനിയിലെ, സംഘടനയിലെ, ഫ്ലാറ്റിലെ അംഗങ്ങൾക്ക് പെട്ടെന്ന് വല്ല അസുഖമോ അപകടമോ മറ്റോ സംഭവിക്കുകയും അതു മൂലം അവരും കുടുംബവും പ്രയാസപ്പെടുന്ന സാഹചര്യവുമുണ്ടായാൽ അവരെ സഹായിക്കാൻ വേണ്ടി എല്ലാവരും ചേർന്ന് ഒരു ഫണ്ട് സ്വരൂപിച്ചു വെക്കാം. ഈ ഫണ്ടിലേക്ക് ഓരോരുത്തരും അവനവന് കൊടുക്കാൻ കഴിയുന്ന ഒരു സംഖ്യ ദാനമായിട്ട് നൽകുക. എന്നിട്ട് ഈ പണം കഴിയുന്നത് വരേ ഇതിൽ അംഗങ്ങളായിട്ടുള്ളവർക്ക് (ഈ ഫണ്ട് നടത്തിപ്പിനാവശ്യമായ തുക കിഴിച്ച് ബാക്കിയുള്ള സംഖ്യയിൽ നിന്ന്) അവർക്ക് സംഭവിച്ചേക്കാവുന്ന പ്രയാസങ്ങൾക്ക് ആശ്വാസം നൽകാൻ വേണ്ടി സാമ്പത്തിക സഹായം നൽകുക. ഇതിൽ മേൽ പറയപ്പെട്ട ചൂഷണത്തിലധിഷ്ഠിതമായ നിബന്ധനകൾ ഉണ്ടാകില്ല. കാരണം താഴെ വിവരിക്കാം:

  1. ഇതിൽ പണം കൊടുക്കുന്നവനും വാങ്ങുന്നവരും തമ്മിൽ ഇടപാടിന്റെ കരാർ ഉണ്ടാകില്ല. കൂടെയുള്ളവരെ സഹായിക്കുകയെന്ന അല്ലാഹുവിന്റേയും റസൂൽ (സ്വ) യുടേയും കൽപനം ശിരസ്സാവഹിച്ച് കഴിയുന്ന ഒരു സംഖ്യ ധർമ്മം ചെയ്യുകയാണിവിടെ ചെയ്യുന്നത്. ഇൻഷൂറൻസ് കമ്പനികളിൽ പ്രീമിയം അടക്കുന്നവരും സുരക്ഷാ സ്കീമുകളിൽ അംഗങ്ങളാകുന്നവരും കൂടുതൽ ഫോകസ് ചെയ്യുന്നത് തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർ പറയുന്ന സംഖ്യ കിട്ടുമല്ലോ എന്ന അമിത പ്രതീക്ഷയിലാണ്. അത് നിറവേറാൻ വേണ്ടിയാണ് സുരക്ഷാ ദാധാക്കൾ നൽകുന്ന കാരാർ ഫോമിൽ ഇടം വലം നോക്കാതെ പൂരിപ്പിച്ച് ഒപ്പിട്ട് എനിക്കെന്തെങ്കിലും പറ്റിയാൽ നിങ്ങൾ പറഞ്ഞ സംഖ്യ/കൾ എനിക്ക്/നോമിനിക്ക് തന്നിരിക്കണം എന്ന രേഖ നിലനിർത്തുന്നത്. അതോടെ മറ്റുള്ളവരെ സഹായിക്കാനാണ് ഞാൻ അംഗത്വമെടുത്തത് എന്ന വാക്കി വേണ്ടത്ര പ്രസക്തമല്ലാതാകുന്നു.
  2. ഇതിൽ ചൂതാട്ടത്തന്റെ സ്വഭാവം ഇല്ല. കാരണം ഒരു നിശ്ചിത സമയത്തിനുള്ളിൽ വല്ലതും സംഭവിച്ചാൽ അടച്ച തുകയും അതിൽ അധികവും തിരിച്ചു നൽകും ഇല്ലെങ്കിൽ അത് മുഴുവൻ സുരക്ഷാ ദാധാവ് എടുക്കും എന്ന നിബന്ധനയില്ല. ഇതൊരു പരസ്പ സഹായ ഫണ്ടായതിനാൽ തനിക്ക് വല്ലതും സംഭവിച്ചാൽ അപ്പോൾ ഫണ്ട് മാനേജ്മെന്റിന് ആവശ്യമായ ചെലവുകൾ കഴിച്ച് ഫണ്ടിൽ എത്രയാണോ ബാക്കിയുള്ളത് അതിൽ നിന്ന് അനുയോജ്യമായ ഒരു സംഖ്യ ലഭിക്കും. ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ദാനമായി നൽകിയ സംഖ്യ ആരും എടുക്കുന്നില്ല. അത് തീരും വരേ മറ്റുള്ളവരെ സഹായിക്കാനായി ആ സംവിധാനത്തിൽ തന്നെ ബാക്കിയായി ഫണ്ടിൽ നിലകൊള്ളുന്നു.
  3. ഫണ്ടിലെ പണം പെട്ടെന്ന് തീർന്നാൽ (ഉദാ. നാട്ടിൽ പകർച്ച വ്യാധി വന്ന് ധാരാളം ആളുകൾക്ക് വലിയ ചികിത്സ വേണ്ടി വന്നു)പിന്നീട് ആർക്കെങ്കിലും വല്ലതും സംഭവിച്ചാൽ അത് നികത്താൻ ഫണ്ട് നടത്താനേൽപ്പിക്കപ്പെട്ടവർ ഉത്തരവാദികളാകില്ല. ഫണ്ട് തീരുന്നതോടെ അതിൽ നിന്നുള്ള സഹായ വിതരണവും തീരും. എന്നാൽ പോളിസി കാലയളവിൽ കിട്ടിയ പണം മുഴുവൻ തീർന്നതിനു ശേഷവും അംഗങ്ങൾക്ക് അത്യാഹികം സംഭവിച്ചാൽ ഇൻഷൂറൻസ് കമ്പനി സ്വന്തം നിലക്ക് അത് നികത്താൻ ബാധ്യസ്ഥരാണ്. അത് പോലെ ചില സുരക്ഷാ സ്കീമുകളിൽ അംഗങ്ങളോട് പദ്ധതി കാലയളവിലേക്കുള്ള സംഖ്യ സംഭാവനായി അടക്കാൻ പറയുകയുന്നതോടൊപ്പം ആ കാലയളവിൽ കിട്ടിയ പണം മുഴുവൻ കഴിഞ്ഞാൽ പിന്നെയും ആർക്കെങ്കിലും വല്ലതും പറ്റിയാൽ അവർക്ക് നേരത്തേ കൊടുക്കും എന്ന് കരാറാക്കിയിട്ടുള്ള തുക കൊടുക്കാൻ വേണ്ടി അംഗങ്ങളിൽ നിന്ന് വീണ്ടും ‘സംഭാവന ഈടാക്കും’ എന്ന് നിബന്ധന വെക്കാറുണ്ട്. ഇത് രണ്ടും അനുദനീയമല്ല. ഇൻഷുറൻസ് കമ്പനി സ്വന്തമായി പണം കണ്ടെത്തേണ്ടി വരുന്നതും അംഗങ്ങൾ സ്വമേധയാ നൽകുകയല്ലാതെ നിർബ്ബന്ധിക്കപ്പെടുന്നതും അനുവദനീയമല്ല.
  4. ഇത്ര മാസത്തിൽ അല്ലെങ്കിൽ വർഷത്തിനുള്ളിൽ വല്ലതും സംഭവിച്ചാലേ പണം നൽകൂ എന്ന നിബന്ധന ഇവിടെയില്ല. ഫണ്ട് പൂർണ്ണമായും കഴിയുന്നത് വരേ ഇതിൽ അംഗമായവർക്ക് ആവശ്യം വരുമ്പോൾ നൽകിക്കൊണ്ടിരിക്കും. എന്നാൽ ഇൻഷൂൻസ് കമ്പനികളും പല സാമൂഹ്യ, ജീവൻ സുരക്ഷാ സ്കീമുകളും പോളിസിയുടെ/സ്കീമിന്റെ കാലവാധി (ഉദാ. ഒരു വർഷം)ക്കുള്ളിൽ മരണമോ അസുഖമോ അപകടമോ സംഭവിച്ചില്ലെങ്കിൽ ആ വർഷം അടച്ച പണം മിച്ചമുണ്ടായാൽ പോലും നഷ്ട പരിഹാരം നൽകില്ല. ഇനി കിട്ടണമെങ്കിൽ അടുത്ത വർഷത്തേക്ക് പണം അടച്ച് വീണ്ടും അംഗത്വം പുതുക്കണം. ഇത് ശരിയല്ല. ആ വർഷം വല്ലതും ബാക്കിയുണ്ടെങ്കിൽ ബാക്കിയുള്ള തുക അംഗങ്ങൾ വീതിച്ചു കൊടുക്കുകയോ അവരുടെ സമ്മതത്തോടെ ദാനധർമമങ്ങളായി ചിലവഴിക്കുകയോ ആകാം. എന്നാൽ അത് അടുത്ത വർഷം അംഗമാകുന്നവർക്ക് ആ വർഷം വല്ലതും സംഭവിച്ചാൽ കൊടുക്കുന്നതിലേക്കോ അംഗങ്ങളറിയാത്ത മറ്റു കാര്യങ്ങളിലേക്കോ നീക്കി വെക്കുന്നത് ശരിയല്ല.. ഇത് സ്കീമിന്റെ കാര്യം. അതേ സമയം പല ഇൻഷൂറൻസ് കമ്പനികളും പോളിസീ കാലാവധി കഴിഞ്ഞാൽ ബാക്കി തുക മുഴുവനും തങ്ങളുടേതാക്കി മാറ്റുകയാണ് ചെയ്യുന്നത്.
  5. അംഗങ്ങൾക്ക് മരണം സംഭവിച്ച് കുടുംബം അനാഥമായാൽ അവരെ സഹായിക്കാൻ ഇസ്ലാമിക ഇൻഷൂറൻസ് ഫണ്ട് ഉപയോഗിക്കും. അത് ഇദ്ദേഹത്തിന്റെ പണം ആയിട്ടല്ല. മറിച്ച് ആ കുടുംബത്തെ സഹായിക്കാൻ വേണ്ടി ആവശ്യമായ തുക ഫണ്ടിൽ നിന്ന് നൽകി സഹായിക്കുകയാണ് ചെയ്യുന്നത് . കാരണം അദ്ദേഹം ഇസ്ലാമിക് സുരക്ഷാ ഫണ്ടിലേക്ക് പണം ദാനം ചെയ്തപ്പോൾ കൂടെ താൻ മരിച്ചാൽ ഇത്ര സംഖ്യ എന്റെ ഇന്ന നോമിനിക്ക് നൽകണം എന്ന് പറയില്ല. കാരണം അദ്ദേഹം തനിക്കെന്തെങ്കിലും മെച്ചം ലഭിക്കണം എന്ന് കരുതിയല്ല പണം നൽകുന്നത്. കൂട്ടത്തിലാർക്കെങ്കിലും വല്ലതും സംഭവിച്ചാൽ അവർക്ക് അതൊരു സഹായമാകട്ടേ എന്ന് കരുതിയും തനിക്ക് ഈ ധർമ്മത്തിന്റെ ബറകത്ത് കൊണ്ട് ഒരു ആപത്തും വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടുമാണ് ഈ പണം സ്വദഖ ചെയ്യുന്നത്. എന്നാൽ ഇൻഷൂറൻസ് കമ്പനികൾ  പോളിസി എടുക്കുമ്പോഴും പല സുരക്ഷാ സ്കീമുകളും അംഗത്വം എടുക്കുന്ന സമയത്തും സംഭാവന എന്ന പേരിൽ പണം വാങ്ങുമ്പോഴും പൂരിപ്പിച്ച് നൽകാൻ നിർദ്ദേശിക്കുന്ന ഫോറത്തിൽ മരണ ശേഷം തന്റെ പേരിൽ നൽകാൻ പോകുന്ന പണം ഇന്ന വ്യക്തിക്ക്/ വ്യക്തികൾക്ക് നൽകണം എന്ന് നിബന്ധന വെക്കുന്നുണ്ട്. അതനുസരിച്ച് അവർക്ക് മാത്രമേ അത് നൽകുകകയുള്ളൂ. എന്നാൽ ഒരു വ്യക്തിയുടെ പേരിൽ മരണ ശേഷം പണം വന്നു ചേർന്നാൽ അത് ഏതെങ്കിലും വ്യക്തികൾക്ക് മാത്രമായി നൽകാൻ പറ്റില്ല. അനന്തരാവകാശ നിയമ പ്രകാരം അനന്തരാവകാശികൾക്ക് കൃത്യമായി വിതരണം ചെയ്യണം. അതുപോലെ ഇവിടെ നോമിനിയെ നിർദ്ദേശിക്കൽ വസ്വിയ്യത്താണെന്നും അതിന്റെ നിബന്ധനകൾ എന്തൊക്കെയന്നും നേരത്തേ പറഞ്ഞുവല്ലോ.
  6. അപകടമോ അസുഖമോ ഒക്കെ ഉണ്ടായാൽ നിങ്ങള്‍ നല്‍കിയതിനേക്കാള്‍ കൂടുതൽ പണം നിങ്ങള്‍ക്ക് തിരിച്ച് നല്‍കും എന്ന ഒരുറപ്പ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനം നല്‍കുകയോ പണം ദാനം ചെയ്തവൻ അങ്ങനെ നിബന്ധന വെക്കകുയോ ചെയ്യുന്നില്ല.. അപ്രകാരം ഉറപ്പ് നല്‍കുന്ന വ്യവസ്ഥ പലിശയാണ്. മറിച്ച് വല്ലതും സംഭവിക്കുന്ന നേരത്ത് ഇദ്ദേഹത്തിന് സഹായം ആവശ്യമാണെങ്കിൽ ഫണ്ടിലെ പണത്തിന്റെ അവസ്ഥക്കനുസരിച്ചുള്ള സഹായ ധനമാണ് ലഭിക്കുക. മറ്റുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പണം ദാനം ചെയ്യുന്നത് കൊണ്ട് തനിക്ക് അധികമായി വല്ലതും തിരിച്ചു കിട്ടണം എന്ന് ഇവിടെ ആരും ആഗ്രഹിക്കില്ല.  എന്നാൽ ഇൻഷൂറൻസ് കമ്പനികളും സുരക്ഷാ സ്കീമുകളും യഥാക്രമം പോളിസീ ഹോൾഡർക്കും അംഗത്തിനും മരിച്ചാൽ, അപകടത്തിന് ഇത്ര, ഇന്ന അസുഖത്തിനിത്ര എന്ന് അടച്ച സംഖ്യയേക്കാൾ ഇത്ര അധികം നൽകുമെന്ന് ഉറപ്പ് പറയാൻ നിർബ്ബന്ധിതരാകുകയും നിബന്ധനകളടങ്ങിയ നോട്ടീസിൽ/ പേപ്പറിൽ/ ഡോക്യുമെന്റിൽ അത് വ്യക്തമാക്കുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ പണം പ്രീമിയമായി നൽകുന്നവനും അംഗത്വ ഫീസായി നൽകുന്നവനും സംഭാവന എന്ന പേരിൽ നിബന്ധനകളംഗീകരിച്ച് ഫോം ഒപ്പിട്ടു നൽകുന്നവനും മറ്റുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലപ്പറം തനിക്കെന്തെങ്കിലും പറ്റിയാൽ താൻ കൊടുത്തതിന്റെ എത്രയോ ഇരട്ടി എന്തായാലും തിരച്ചു കിട്ടുമെന്ന് സ്വാഭാവികമായും ചിന്തിക്കുകയും ആ ചിന്ത ഇതിൽ അംഗമാകാനുള്ള കാരണങ്ങളിൽ മുഴച്ചു നിൽക്കുകയും ചെയ്യുന്നു. കൂടാതെ ആ ഫോമിൽ ഒപ്പിടുന്നതോട് കൂടി തനിക്കെന്തെങ്കിലും പറ്റിയാൽ ആ പറയപ്പെട്ട സംഖ്യ നൽകണമെന്ന് നേരിട്ട് നിബന്ധന വെക്കുകയും ചെയ്യുന്നു. ഇത് അപകടമാണെന്ന് നേരത്തേ പറഞ്ഞുവല്ലോ.
  7. ഇസ്ലാമിക ഇൻഷൂറൻസ് ഫണ്ടിന് പലിശ സംബന്ധിയായ ഒരു ഇടപാടുമായും ബന്ധമുണ്ടാകില്ല. പലിശ രഹിതവും ചൂഷണ രഹിതവും ഹലാലുമായ പ്രോജക്ടുകളിലും സംരംഭങ്ങളിലും നിക്ഷേപം നടത്തി ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഫണ്ട് നടത്തിപ്പിന് ആവശ്യമായ തുക മാത്രം കിഴിച്ച് ബാക്കി പണം മുഴുനും അംഗങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നു. വരുമാനം ഗണ്യമായി വർദ്ധിച്ചാൽ അംഗങ്ങളുടെ സമ്മതത്തോടെ മറ്റു സൽകർമ്മങ്ങൾക്കു വേണ്ടിയും ഉപയോഗിക്കുന്നു. എന്നാൽ ഒട്ടുമിക്ക ഇൻഷുറൻസ് കമ്പനികൾ ശേഖരിക്കുന്ന പണം കൊണ്ട് ബാങ്കി നിക്ഷേപവും പലിശ ഇടപാടുകളും ബിസിനസ്സും മറ്റു സംരംഭങ്ങളും നടത്തി ലഭിക്കുന്ന ലാഭം ഒറ്റക്ക് അനുഭവിച്ച തടിച്ച് കൊഴുക്കുന്നു. അതു പോലെ പല സുരക്ഷാ സ്കീമുകളും അംഗങ്ങൾ നൽകുന്ന പണം എന്താണ് ചെയ്യുന്നതെന്നോ ബാങ്കിൽ നിക്ഷേപിച്ച് അതിന് പലിശ വാങ്ങുകയാണോ പലിശ വാങ്ങാതെ ബാങ്കിന് പലിശ പരിപാടി യഥേഷ്ടം നടത്താൻ സഹായിക്കും വിധം ബാങ്കിൽ പ്രത്യേക സമയത്തേക്ക് നിക്ഷേപിച്ച് വെക്കുകയാണോ അതുമല്ല വല്ല ബിസിനസ്സിലോ മറ്റു സംരംഭങ്ങളിലോ ഇറക്കിയിട്ടോ വലിയ വലിയ മുതലാളിമാർക്കും മറ്റും നൽകിയിട്ടോ വല്ല ലാഭവും നേടുന്നുണ്ടോ അല്ലെങ്കിൽ ഇതൊന്നും ചെയ്യാതെ പരമാവധി ഹലാലായ രൂപത്തിൽ അത് പോലെ നിലനിർത്തുകയാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും അംഗങ്ങൾക്ക് വ്യക്തത നൽകുന്നുമില്ല.

ചുരുക്കത്തിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന പ്രയാസങ്ങൾക്ക് ആശ്വസമെന്നോണം നമ്മെ സഹായിക്കാൻ വരുന്ന ഏത് കമ്പനിയായാലും സ്ഥാപനമായാലും സംഘടനയായാലും വ്യക്തിയായാലും അവയുടെ നിബന്ധനയിലും നടത്തിപ്പിലും മുകളിൽ പറയപ്പെട്ട വിധമുള്ള ഇസ്ലാമികത ഉണ്ടെങ്കിൽ അത് അംഗീകരിക്കാവുന്നതും അതിൽ അംഗമാകാവുന്നതും അതന്റെ ഗുണഭോക്താക്കളാകാവുന്നതുമാണ്. എന്നാൽ ഒട്ടുമിക്ക ഇൻഷൂറൻസ് കമ്പനികളുടേയും ആ രീതിയിൽ പ്രവർത്തിക്കുന്ന പല സുരക്ഷാ സ്കീമുകളുടേയും ഇക്കാര്യത്തിലുള്ള പ്രധാന ശ്രദ്ധ ലാഭക്കൊതിയിലും ചുഷണത്തിലും അധിഷ്ഠിതമാണെന്ന് വ്യക്തമായ സ്ഥിതിക്ക് (വാഹന ഇൻഷൂറൻസ് പോലെ, ഗൾഫിൽ മെഡിക്കൽ ഇൻഷൂറൻസ് പോലെ) നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന നിർബ്ബന്ധിതാവസ്ഥ ഇല്ലെങ്കില്‍ ഒരു നിലക്കും അതുമായി ബന്ധപ്പെടാതിരിക്കുകയാണ് നാം ചെയ്യേണ്ടത്.

എന്നാൽ ചൂഷണ മനസ്ഥിതിയും ലാഭേച്ഛയും ഇല്ലാതെ ജനക്ഷേമം മാത്രം ലക്ഷ്യം വെച്ച് സുരക്ഷാ പദ്ധതികൾ നടത്തുന്നവർ അറിഞ്ഞു കൊണ്ട് ഒരിക്കലും അനിസ്ലാമിക രീതി സ്വീകരിക്കില്ലല്ലോ. ഈ വിഷയത്തിലെ തെറ്റിദ്ധാരണകളും അജ്ഞതയും സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പുലർത്തുന്ന പണ്ഡിതന്മാരുമായി കൂടിയാലോചിക്കാത്തതും മറ്റും മൂലമാകും പലപ്പോഴും അവയിൽ അനിസ്ലാമികത കടന്നു കൂടുന്നത്. അത് പോലെ അംഗത്വ സമയത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന നോട്ടീസിൽ പദ്ധതിയുടെ എല്ലാ വശങ്ങളുമായി ബന്ധപ്പെട്ട വിശദരീകരണങ്ങൾ ഉണ്ടാകണമെന്നുമില്ല.  അമിത തിരക്കു കാരണവും മറ്റും പല സംഘടനകളുടേയും ഉന്നത നേതൃത്വത്തിന് ഇത്തരം വിഷയങ്ങളിൽ ഇഴകീറിയുള്ള വിശകലനത്ത് സമയം ലഭിച്ചിട്ടുമുണ്ടാകില്ല. അതിനാൽ ഇത്തരം ഏത് സംരംഭങ്ങളുമായി ബന്ധപ്പെടുമ്പോഴും നമുക്ക് അത് പരിചയപ്പെടുത്തുന്നവരിൽ നിന്ന് അതിന്റെ വിശദ വിവരം അന്വേഷിച്ച് മനസ്സിലാക്കണം.. ഏതെങ്കിലും രീതിയിലുള്ള അനിസ്ലാമിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ അക്കാര്യം ഉണർത്തി അത് പൂർണ്ണമായും ഇസ്ലാമികമാക്കാൻ ശ്രമിക്കുകയും അതിന് സാധ്യമല്ലെങ്കിൽ അതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യണം. والله أعلم بالصواب

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter