അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


നിഷിദ്ധമായ ധനം ഏതെങ്കിലും നിലയില്‍ നമ്മുടെ അക്കൌണ്ടിലേക്ക് എത്തിയാല്‍ അതു എന്തുചെയ്യണമെന്നു പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.


ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി പറയുന്നു: ഭരണാധികാരിയുടെ കയ്യില്‍ നിന്ന് നിഷിദ്ധമായ ധനം ഒരാളുടെ കയ്യില്‍ പെട്ടാല്‍ അത് തിരിച്ചുകൊടുക്കുന്ന പക്ഷം  ഭരണാധികാരി ശരിയല്ലാത്ത മാര്‍ഗത്തില്‍ ചെലവഴിക്കുമെന്നു അയാള്‍ക്ക് ഉറപ്പവുകയോ അല്ലെങ്കില്‍ കൂടുതല്‍ സാധ്യത അതിനാണെന്ന് ബോധ്യപ്പെടുകയോ ചെയ്‌താല്‍ അത് പാലം പണി പോലുള്ള മുസ്‌ലിംകളുടെ പൊതു ആവശ്യങ്ങള്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണ്‌. എന്തെങ്കിലും കാരണം വശാല്‍ അതിനു ബുദ്ധിമുട്ടാണെങ്കില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ക്ക് നല്‍കണം.  (ശറഹുല്‍ മുഹദ്ദബ് 9: 351)  ഇതേ നിലപാട് ബാങ്ക് വിഷയത്തിലും സ്വീകരിക്കേണ്ടതാണ്.

ബാങ്ക്ഇ പലിശയില്‍  ബാങ്കിന് നാം ആ പണം തിരിച്ചുനല്‍കുന്ന പക്ഷം നിഷിദ്ധമായ പലിശക്ക് വേണ്ടി അവര്‍ ഉപയോഗിക്കുമെന്ന് ഉറപ്പായതിനാല്‍ റോഡ്‌, പാലം പോലുള്ള പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം. സാധ്യമാകാത്ത പക്ഷം തന്നോട് ബന്ധപ്പെട്ട ഏറ്റവും പാവപ്പെട്ടവര്‍ക്ക് നല്‍കണം. അതേ ബാങ്കില്‍ നിന്ന് കടമെടുത്തു പ്രയാസപ്പെടുന്നവര്‍ക്ക് മുന്ഗണനല്‍കാവുന്നതാണ്.  


മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധി പൊതുആവശ്യത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അതിനു വേണ്ടിയും ഉപയോഗപ്പെടുത്താം. പാലിയേറ്റീവ് സെന്‍റര്‍കള്‍ക്ക് ഉപയോഗപ്പെടുത്തുമ്പോള്‍  അതിന്റെ അവകാശികള്‍ പാവപ്പെട്ടവരാണെന്ന് ഉറപ്പുവരുത്തണം. 


ഹലാലായത് മാത്രം സമ്പാദിക്കാനും ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.