യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം ഹലാലാകുമോ സാധാരണ നാം ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു, അതിൽ വരുന്ന പരസ്യത്തിന്റെ കണക്കനുസരിച് നമ്മുടെ അക്കൗണ്ടിൽ ക്യാഷ് വരുന്നുമുണ്ട്, പരസ്യങ്ങൾ നന്മയുടേതും തിന്മയുടേതും ഉണ്ടാകും, ഇതിൽ നിന്നും കിട്ടുന്ന പണം ഹലാലാണോ ?

ചോദ്യകർത്താവ്

sadiq

Sep 5, 2017

CODE :Fin8823

 അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വാർത്തകളും സന്ദേശങ്ങളും വിജ്ഞാനവുമൊക്കെ ജനങ്ങളിലെത്തിക്കാനുള്ള ഏറെ സൌകര്യ പ്രദവും ചെലവ് ചുരുങ്ങിയതുമായ ഇടമാണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങൾ. നല്ല സന്ദേശങ്ങളും അറിവുകളും പകർന്നു നൽകുകയാണ് നാം ഇവിടെ ചെയ്യുന്നതെങ്കിൽ ആരൊക്കെ അവ കാണുകയും ഉൾക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യന്നുവോ അവർക്ക് ലഭിക്കുന്ന പ്രതിഫലം പോലോത്തത് നമുക്കും ലഭിക്കും. എന്നാൽ അനിസ്ലാമികമായ കാര്യങ്ങൾക്കാണ് നാം അവ ഉപയോഗിക്കുന്നതെങ്കിൽ  അത് കണ്ട് എപ്പോൾ ആര് തിന്മ ചെയ്യുമ്പോഴും അവർക്ക് ലഭിക്കുന്ന ശിക്ഷകൾ പോലോത്തത് നമ്മുക്കും കിട്ടിക്കൊണ്ടിരിക്കുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (മുസ്ലിം, തിർമിദി). അതിനാൽ മരണ ശേഷം നമുക്ക് പ്രതിഫലപ്പെരുമഴ ലഭിക്കാനുതകും വിധമുള്ള നന്മകൾ പ്രചരിപ്പിക്കുവാൻ സാമൂഹിക മാധ്യമങ്ങളെ നാം ഉപയോഗിക്കണം.

ഇനി പരസ്യത്തിന്റെ കാര്യമെടുത്താൽ ഒരു ക്ലിപ്പ് യൂട്യൂബിൽ വൈറലാവുകയും അത് കാണാൻ പ്രേക്ഷകർ യഥേഷ്ഠമുണ്ടാവുകയും ചെയ്യുമ്പോൾ ആ പ്രേക്ഷകർ കാണാൻ വേണ്ടിയാണ് പരസ്യ കമ്പനികൾ യൂട്യൂബിന്റെ പരസ്യ വിഭാഗവും മറ്റുമായി ചേർന്ന് പരസ്യം നൽകുന്നതും തുടർന്ന് ക്ലിപ്പിന്റെ ജനകീയതക്കനുസിരിച്ച് നമ്മുടെ എക്കൌണ്ടിലേക്ക് പരസ്യയിനത്തിൽ ക്രഡിറ്റ് വരികയും ചെയ്യുന്നത്. ഇവിടെ നാമും യൂട്യൂബും പരസ്യക്കമ്പനികളും പരസ്പരം സഹകരിച്ച് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പരസ്പരം സഹകരിക്കുമ്പോൾ അത് നന്മയിലും തഖ്വയിലുമായിക്കണമെന്നും തിന്മയിലും ശത്രുതയിലുമാകരുതെന്നും ഇക്കാര്യം ഗൌരവ പൂർവ്വം കണ്ട് സൂക്ഷമത പാലിച്ചില്ലെങ്കിൽ അല്ലാഹു അതി ശക്തമായി ശിക്ഷിക്കുമെന്നും വിശുദ്ധ ഖുർആൻ തുറന്ന് പറഞ്ഞിട്ടുണ്ട്. (സൂറത്തുൽ മാഇദ-2). അതിനാൽ നമ്മുടെ ക്ലിപ്പിന് നൽകപ്പെടുന്ന പരസ്യങ്ങൾ ഇസ്ലാമികമാണെങ്കിൽ അതുമായി സഹകരിക്കാം ആ ക്രഡിറ്റ് നമുക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇനി അവ ഇസ്ലാമിൽ നിഷിദ്ധമായ രീതിയിലുള്ളവയാണെങ്കിൽ അവയുമായി സഹകരിച്ചാൽ അല്ലാഹു അതി ശക്തമായി ശിക്ഷിക്കുമെന്നതിനാൽ യൂട്യൂബുമായി ബന്ധപ്പെട്ട് അവ ഉടൻ നീക്കം ചെയ്യാനുളള ശ്രമങ്ങൾ നടത്തണം, ഒപ്പം അതിലൂടെ നമ്മുടെ എക്കൌണ്ടിലേക്ക്ഒഴുകുന്ന പണം ഹറാമായ വരുമാനമായതിനാൽ അത്തരം പണത്തിന്റെ ഒഴുക്കിനെ ബ്ലോക്ക് ചെയ്യുകയും വേണം. അങ്ങനെ വന്നുപെട്ട പണം നമ്മുടെ കയ്യില്‍ ഉണ്ടെങ്കില്‍ അത് എന്ത് ചെയ്യണമെന്നു ഇവിടെ വായിക്കാം. 

ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

 

 

ASK YOUR QUESTION

Voting Poll

Get Newsletter