Assalamu alaikum കൃത്രിമ ഗർഭ ധാരണം, ക്ലോണിംഗ് ഇവയുടെ കർമ്മ ശാസ്ത്ര വിധി വിശദീകരിക്കാമോ

ചോദ്യകർത്താവ്

mahmood

Feb 7, 2019

CODE :Fiq9133

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇക്കാര്യം ലളിതമായു ഹ്രസ്വമായും വിവരിക്കാം. ഏതൊരു കാര്യവും ഇസ്ലാമികമാകണമെങ്കിൽ അത് അഞ്ചു കാര്യങ്ങൾക്ക് ഭംഗം വരാതെ നിർവ്വഹിക്കപ്പെടണം. അവരുടെ ദീൻ, ശരീരം, ബുദ്ധി, പാരമ്പര്യം (പിതൃത്വവും മാതൃത്വവും), ധനം. ഈ അഞ്ചു അടിസ്ഥാന കാര്യങ്ങളും സംരക്ഷിക്കപ്പെട്ടു കൊണ്ടാണെങ്കിൽ അത് ഇസ്ലാമിൽ അനുവദനീയവും അല്ലെങ്കിൽ നിഷിദ്ധവുമാണ് (അൽ മുസ്തസ്ഫാ). പ്രത്യുൽപാദനത്തിലും ഈ കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്നത് പ്രധാനമാണ്.

ഉദാഹരണത്തിന് ദീൻ നോക്കാം. പ്രത്യുൽപാദനത്തിന് പണ്ടു മുതലേ മനുഷർക്ക് സ്വീകരിക്കാവുന്ന ധാരാളം വഴികളുണ്ട്. ഏത് സ്ത്രീയുമായും അന്യരായാലും രക്ത ബന്ധമായാലും ഇഷ്ടം പോലെ ബന്ധപ്പെട്ടോ മൃഗങ്ങളുമായി ലൈംഗിക വേഴ്ച നടത്തിയോ ഒക്കെ അത് സാധ്യമാണ്. എന്നാൽ അല്ലാഹു തആലാ മറ്റു ജീവികൾക്കൊന്നുമില്ലാത്ത ഒരു നിയന്ത്രണം മനുഷ്യന് നിശ്ചയിച്ചിരിക്കുന്നു. അഥവാ പ്രത്യുൽപാദനത്തിന് വിവാഹം അനുവദിക്കുകയും വിവാഹേതര ബന്ധം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: “ശാരീരികമായും മാനസികമായും പര്സപരം ആശ്വാസം കണ്ടെത്തുന്നതിന് വേണ്ടി നിങ്ങൾക്ക് നാം ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾ രണ്ടു കൂട്ടർക്കുമിടയിൽ സ്നേഹവും കാരുണ്യവും അവൻ നിക്ഷേപിക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്”(സൂറത്തുർറൂം). “നിങ്ങൾ ബീജ നിക്ഷേപം നടത്തേണ്ട സ്ഥലം നിങ്ങൾക്ക് ലൈംഗികത ഹലാലാക്കപ്പെട്ട സ്തീകളിലാണ്” (സൂത്തുൽ ബഖറഃ). “അല്ലാഹു നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളുടെ ഇണകളില്‍ നിന്നും മക്കളേയും പേരക്കുട്ടികളേയും സൃഷ്ടിച്ചു തന്നിരിക്കുന്നു”. (സൂറത്തുന്നഹ്ൽ). അഥവാ നികാഹ് എന്ന ദൈവിക ഉടമ്പടിയിലൂടെ അല്ലാഹു ഇണകളാക്കുന്നവർ നടത്തുന്ന പ്രചനനമേ ഇസ്ലാം അംഗീകരിക്കുന്നുള്ളൂ. അല്ലാഹു ഹലാലാക്കിത്തന്ന ഇണയോടല്ലാതെ ലൈംഗികത പാടില്ലെന്ന് അല്ലാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട്.  അല്ലാഹു പറയുന്നു: “നിങ്ങൾ വ്യഭിചാരത്തിലേക്ക് അടുത്ത് പോകരുത്, അത് തോന്ന്യാസവും ദുർമാർഗവുമാണ്” (സൂറത്തുൽ ഇസ്റാഅ്). വ്യഭിചാരത്തെ നിഷിദ്ധമാക്കുകയും കടുത്ത ശിക്ഷ കൊണ്ട് താക്കീത് ചെയ്യുകയും ചെയ്യുന്ന ധാരാളം ആയത്തുകൾ വിശുദ്ധ ഖുർആനിലുണ്ട്..

ക്ലോണിങ്ങിലും കൃത്രിമ ഗർഭ ധാരണത്തിലും ഈ നിബന്ധന പാലിക്കപ്പെടുന്നുണ്ടോയെന്നത് പ്രധാനമാണ്. ഒരാൾ തന്റെ തന്നെ കോശം ഉപയോഗിച്ച് പ്രചനനം നടത്താൻ പാടില്ലെന്നും അതിന് തന്റെ ഹലാലായ ഇണയെത്തന്നെ സമീപിക്കണമെന്നുമുള്ള തത്വം ക്ലോണിങ്ങിൽ ലംഘിക്കപ്പെടുന്നു. അത് പോലെ ഭർത്താവിന്റെ ബീജം ഭാര്യയിൽ നിക്ഷേപിക്കുന്നതിലൂടെയോ ഭാര്യയുടെ അണ്ഡവും  ഭർത്താവിന്റെ ബീജവും ടെസ്റ്റ് ട്യൂബിൽ വെച്ച് ചേർത്ത് അത് പിന്നീട് ഭാര്യയിൽ നിക്ഷേപിക്കുന്നതിനോ  (സുരക്ഷിതമായും സ്ത്രീത്വം അപമാനിക്കപ്പെടാതെയും സാധിക്കുമെങ്കിൽ) അങ്ങനെ ഗർഭ ധാരണം നടത്തുന്നതിനോ ഗത്യന്തരമില്ലെങ്കിൽ കുഴപ്പമില്ലെന്നും മനസ്സിലാക്കാം. എന്നാൽ ഇങ്ങനെ കൃത്രിമമായി സംയോജിപ്പിക്കപ്പെട്ടത് അന്യസ്ത്രീയിലാണ് (വാടക ഗർഭ പാത്രത്തിലാണ്) നിക്ഷേപിക്കപ്പെടുന്നതെങ്കിൽ അത് അനുവദനീയമല്ല. കാരണം ഒരു പുരുഷന്റെ ബീജം സ്വീകരിക്കണമെങ്കിലും അത് ഗർഭം ധരിക്കണമെങ്കിലും ഒരു സ്ത്രീ അയാളുടെ ഹലാലായ ഭാര്യയായിരിക്കണമെന്നും അല്ലെങ്കിൽ അത് വ്യഭിചാരമാകുമെന്നും നേരത്തേ വ്യക്തമാക്കിയല്ലോ. മാത്രവുമല്ല ഇക്കാര്യത്തിൽ മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസവുമില്ല. ഈ തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. അതു പോലെ തന്റെ ബീജത്തിന് വീര്യം പോരാത്തതിനാൽ മറ്റൊരാളുടെ ബീജം തന്റെ ഭാര്യയുടെ അണ്ഡവുമായി സംയോജിപ്പിച്ച് അത് തന്റെ ഭാര്യയിലേക്കോ മറ്റൊരു സ്ത്രീയിലേക്കോ നിക്ഷേപിക്കലും തനി വ്യഭിചാരവും നിഷിദ്ധവുമാണ്.

ഇസ്ലാം നിഷിദ്ധമാക്കിയ വിധത്തിൽ പ്രത്യുൽപാദനത്തിന് ശ്രമിച്ചാൽ അത് കുട്ടിയുടെ പിതൃത്വത്തേയും മാതൃത്വത്തേയും ബാധിക്കും. ഉദാഹരണത്തിന് ഒരാൾ തന്റെ ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയെ വ്യഭിചരിച്ചാൽ അതിലുണ്ടാകുന്ന കുട്ടി ഒരിക്കലും ഇസ്ലാമികമായി അയാളുടേതാകില്ല. മറിച്ച് ആ സ്തീയുടെ പേരിലാണ് ആ കുട്ടിയുടെ പരമ്പര സ്ഥിരപ്പെടുക. തന്റെ ഹറാമായ ബീജത്തിൽ പിറന്നത് കൊണ്ട് പിതൃത്വമെന്ന ആദരവോ പരിഗണനയോ അയാൾക്ക് നൽകപ്പെടുന്നില്ല. അയാളുമായി ആ കുട്ടിക്ക് പിതൃത്വം മാത്രമല്ല യാതൊരു ബന്ധവും ഇസ്ലാമികമായി അനുവദിക്കപ്പെടുന്നില്ല. ഒരാളുടെ ബീജം ഒരു സ്ത്രീയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്ത് ആ സ്ത്രീയുമായി വിവാഹ ബന്ധം നടന്നിരിക്കൽ നിർബ്ബന്ധമാണ്. എങ്കിലേ ആ ബീജപ്രവേശം ഹലാലാകുകയുള്ളൂ അതു മൂലം പരമ്പര (പിതൃത്വം) സ്ഥിരപ്പെടുകയുമുള്ളൂ. (തുഹ്ഫ). അല്ലെങ്കിൽ മനുഷ്യ പ്രകൃതത്തിന് അല്ലാഹു നിശ്ചയിച്ച പരിധികൾ ലംഘിച്ച അയാൾ എറിഞ്ഞു കൊല്ലപ്പെടാൻ മാത്രം അർഹനാണ് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്  (ബുഖാരി, മുസ്ലിം). അതിനാൽ മറ്റൊരു പുരുഷന്റെ ബീജം തന്റെ ഭാര്യുടെ അണ്ടവുമായി കൃത്രിമ സങ്കലനം നടത്തി അവളിൽ തന്നെ നിക്ഷേപിച്ചാലും ആ കുട്ടി അയാളുടേതോ ആ ബീജത്തന്റെ ഉടമയുടേത് പോലുമോ ആകില്ല. ആ സ്ത്രീയുടെ മാത്രം കുട്ടിയായേ പരിഗണിക്കപ്പെടുകയുള്ളൂ. അവളുടെ പരമ്പരയിലേ ആ കുട്ടി അറിയപ്പെടുകയുമുള്ളൂ.  ആ കുട്ടി പെണ്ണാണെങ്കിൽ അവൾ വലുതാകുമ്പോൾ ഈ രണ്ടു പേർക്കും അവളെ കാണാനോ തൊടാനോ പാടില്ല. വ്യഭിചാരത്തിലുണ്ടായ കുട്ടി തന്റെ അനന്തര സ്വത്തവകാശം അടക്കം എല്ലാ കാര്യത്തിലും ഉമ്മയുമായും ഉമ്മയിലുള്ള സഹോദരങ്ങളും കുടുംബവുമായും ബന്ധപ്പെട്ടിക്കും എന്ന കാര്യം ഇജ്മാഅ് ആണ് (ശറഹു മുസ്ലിം). എന്നാൽ പലപ്പോഴും ഈ നിഷിദ്ധ പ്രവൃത്തി നടത്തിയിട്ട് തന്റെ കുട്ടിയെന്നു പറയുകയും ഇസ്ലാമികമായി മാതാവും പിതാവുമല്ലാത്തവരിലേക്ക് കുട്ടിയുടെ പരമ്പര ചേർത്ത് പറയുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. ഇത് ഇസ്ലാം അനുവദിക്കുന്നില്ല  അങ്ങനെ ചെയ്യൽ അല്ലാഹു കർശനമായി നിരോധിച്ചതാണ്. (സൂറത്തുൽ അഹ്സാബ്)

അതുപോലെ അല്ലാഹു തആലാ പറയുന്നു: നിങ്ങളുടെ സൃഷ്ടി കർമ്മം നാം ഘട്ടം ഘട്ടമായി നിർവ്വഹിക്കുന്നത് നിങ്ങളുടെ ഉമ്മയുടെ വയറ്റിലാണ് (സൂറത്തുസ്സമർ). ആരാണോ കുട്ടിയെ പ്രസവിച്ചത് അവളെയാണ് ആ കുട്ടിയുടെ മാതാവായി ഇസ്ലാം കണക്കാക്കുന്നത് (തുഹ്ഫ, ബുജൈരിമി, നിഹായ, മുഗ്നി). അതിനാൽ ഒരാൾ തന്റേയും ഭാര്യയുടേയും ബീജാണ്ഡങ്ങൾ കൃത്രിമ സങ്കലനം നടത്തി വാടക ഗർഭ പാത്രത്തിൽ (മറ്റൊരു സ്ത്രീയുടെ ഗർഭ പാത്രത്തിൽ) നിക്ഷേപിക്കുകയും ആ സ്ത്രീ പ്രസവിക്കുകയും ചെയ്താൽ ഇസ്ലാമികമായി ആ സ്ത്രീയായിരിക്കും ഈ കുട്ടിയുടെ മാതാവ്. ബീജവും അണ്ഡവും നൽകിയ ഭാര്യാ ഭർത്താക്കൾക്ക് ഈ കുട്ടിയുമായി യാതൊരു രക്ത ബന്ധവുമാണ്ടാകില്ല. ഈ രീതിയിലുള്ള ശറഇന്റെ വിധി വിലക്കുകൾ പാലിച്ചു കൊണ്ടും ഇസ്ലാം നിശ്ചയിച്ച അതിർ വരമ്പുകൾ ലംഘിക്കാതെയും ഇക്കാര്യം നിർവ്വഹിക്കാൻ പറ്റുമോയെന്ന് നോക്കലാണ് പ്രധാനം.

ഇനി ഇസ്ലാം നിഷിദ്ധമാക്കിയതാണെങ്കിലും ആ വില്കക്ക് ലംഘിച്ച് ക്ലോണിങ്ങിലൂടെയോ വാടക ഗർഭ പാത്രത്തിലൂടെയോ പ്രത്യുൽപാദനം നടത്തി ഒരു കുട്ടി ജനിക്കുകയാണെങ്കിൽ ഇവർ ചെയ്ത തെറ്റിന് ആ ജനിച്ച കുട്ടി ഒരു കാരണവശാലും ശിക്ഷ അനുഭവിക്കേണ്ട സാഹചര്യമില്ല. മറ്റു മനുഷ്യർക്ക് നൽകുന്ന സാമൂഹിക പവിത്രത ഈ കുട്ടിക്കും നൽകപ്പെടണം. വ്യഭിചാരം നിഷിദ്ധമാണെങ്കിലും ആരെങ്കിലും ആ നീച പ്രവൃത്തി നടത്തി കുഞ്ഞുണ്ടായാൽ ആ കുട്ടി അതിന്റെ പേരിൽ ജീവിതത്തിൽ സാമൂഹികമായി ക്രൂഷിക്കപ്പെടരുത് എന്നാണ് ഇസ്ലാമിന്റെ ശാസന (മുസ്വന്നഫ് അബ്ദിർറസ്സാഖ്).

അത് പോലെ നായയും മനുഷ്യനും ബന്ധപ്പെട്ട് ജനിച്ച കുട്ടിയുടെ ഇസ്ലാമിക വിധി, ക്ലോണിങ്ങിനെക്കുറിച്ചും കൃത്രിമ ഗർഭ ധാരണത്തെക്കുറിച്ചുമൊക്കെ വിദൂര സങ്കൽപങ്ങൾ പോലുമില്ലാത്ത കാലത്ത് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ആ കുട്ടി നായയുടെ രൂപത്തിലാണെങ്കില്‍ അതു നജസായിത്തന്നെ പരിഗണിക്കപ്പെടും. എന്നാൽ അത് മനുഷ്യരൂപത്തിലാണെങ്കിൽ നജസല്ലെന്നു ഇമാം റംലി (റ)യും നജസാണ്; പക്ഷേ ഇടപഴകുന്നതിനോ തൊടുന്നതിനൊ ഒന്നും കുഴപ്പമില്ലാത്ത വിട്ടു വീഴ്ചയുള്ള നജസാണ് എന്ന് ഇമാം ഇബ്നു ഹജർ (റ) വും അഭിപ്രായപ്പട്ടിട്ടുണ്ട്. ഈ രണ്ട് അഭിപ്രായം അനുസരിച്ചും ആ കുട്ടി ഇമാമത്തു നില്‍ക്കുന്നതിനോ പള്ളിയില്‍ പ്രവേശിക്കുന്നതിനോ ജനങ്ങളുമായി ഇടപഴകി ജീവിക്കുനനതിനോ വിരോധമില്ല.. നനവോട് കൂടി അവനെ സ്പര്‍ശിച്ചാലും അവരെ അവന്‍ മലിനപ്പെടുത്തില്ല (അഥവാ നായ തൊട്ടാൽ കഴുകുന്നത് പോലെ കഴുകി വൃത്തിയാക്കേണ്ടതില്ല). കുറഞ്ഞ വെള്ളത്തെയോ മറ്റു ദ്രാവകത്തെയോ (ആ കുട്ടി തൊടുന്നതോ മറ്റോ) നജസാക്കുകയില്ല.” (ബുജൈരിമി, ശര്‍വാനി)..

ക്ലോണിംഗ് ഇസ്ലാമിൽ അനുവദിക്കപ്പെടാത്ത പ്രത്യുൽപാദന രീതിയായതിനാൽ നിഷിദ്ധമാണെന്ന് നേരത്തേ വ്യക്തമാക്കിയല്ലോ. അത്തരം കുട്ടികൾ ഉണ്ടായാൽ ആ കുട്ടികൾക്ക് വ്യക്തിപരമായും ശാരീരികമായും മാനസികമായും ഉണ്ടാകാവുന്ന പ്രായസങ്ങളും സമൂഹികമായി ഉണ്ടായേക്കാവുന്ന വിപരത ഫലങ്ങളും ഇതിന് പുറമേയാണ്. അവയൊക്കെ വിവിധ ശാസ്ത്രീയ ഗ്രന്ഥങ്ങളിലും ആനുകാലികങ്ങളിലും പരാമർശിക്കപ്പെട്ടതും പ്രസിദ്ധവുമായിരിക്കെ ഈ ചോദ്യോത്തര പംക്തിയിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ ഒരാൾ തന്റെ ശരീരത്തിന്റെ സുരക്ഷക്ക് വേണ്ടി തന്റെ ശരീരത്തിന്റെ ഒരു ഭാഗം പാർശ്വ ഫലങ്ങളൊന്നുമില്ലാത്ത വിധം ക്ലോണിങ്ങിലൂടെ ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ അത് അനുവദനീയമാണ്,  അതിന് ബുദ്ധിമുട്ടില്ലാത്ത വിധം തന്റെ  ശരീരത്തിലെ ഒരു ഭാഗം ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ ചെയ്യാം അല്ലെങ്കിൽ പറ്റില്ല. അതേ സമയം അതിന് വേണ്ടി മറ്റൊരാളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം എടുക്കുന്നതോ തന്റേത് മറ്റൊരാൾക്ക് നൽകുന്നതോ അനുവദനീയമല്ല (തുഹ്ഫ). ദൂര വ്യാപക പ്രത്യാഘാധങ്ങളുളവാക്കാവുന്ന വിധം പ്രകൃതി വിരുദ്ധവും സാമൂഹിക വിരുദ്ധവും സ്വയം നിലനിൽപ് തന്നെ ഉറപ്പില്ലാത്തത്തുമായ  മനുഷ്യ ക്ളോണിങ് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ സൃഷ്ടിക്കാനുള്ള ‘തെറാപ്യൂട്ടിക് കോണിങി’ലെ പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ; കരള്‍, തൊലി, ചില മസ്തിഷ്ക കോശങ്ങൾ തുടങ്ങിയ വളരേ കുറച്ച് അവയവങ്ങള്‍ ഒഴികെ മനുഷ്യന്റെ മറ്റു അവയവങ്ങള്‍ മുറിച്ചു കളഞ്ഞാല്‍ അവ വീണ്ടും വളരുകയില്ലല്ലോ. ഈ പ്രതിസന്ധി മറികടക്കാൻ മൂല കോശത്തിന്റെ വികസനം വഴിയുള്ള തെറാപ്യൂട്ടിക് ക്ളോണിങ്ങിലൂടെ അവയവങ്ങളെ സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണത്തലാണ് ശാസ്ത്രം. പാര്‍ക്കിന്‍സണ്‍, ഹൃദ്രോഗം തുടങ്ങിയവ മൂലം നഷ്ടമാകുന്ന കോശങ്ങളെ വീണ്ടും ഉണ്ടാക്കാൻ ഇതിലൂടെ കഴിയുമത്രേ. ഇതിന് പ്രധാനമായും രക്ത കോശങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് നടക്കുന്നത്. രക്തം അത്യാവശ്യത്തിന് എടുക്കുന്നതും മറ്റുള്ളവർക്ക് കൊടുക്കുന്നതും അനുവദനീയമായതിനാൽ ഈ പരീക്ഷണം ഏതെങ്കിലും കാലത്ത് വിജയിച്ചാൽ അത് മൂലം അവയവങ്ങൾ ഉണ്ടാകുകയും അത് ശരീരത്തിൽ ഘടിപ്പിക്കൽ സാധ്യവുമകയും തന്മൂലം ശരീരത്തിന് ഹാനി വരാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ  അവ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമായ നമ്മുടെ അവയവങ്ങൾക്ക് പകരം വെക്കാവുന്നതാണ്.والله أعلم بالصواب

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter