അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


ഭാര്യ- ഭർതൃ ബന്ധം വളരേ പരിശുദ്ധമായിട്ടാണ് ഇസ്ലാം കാണുന്നത്. സ്വസ്ഥതയും സമാധാനവും കണ്ടെത്തുവിധമാണ് അല്ലാഹു ഇണകളെ സൃഷ്ടിച്ചത്. അവർക്കിടയിൽ അവൻ സ്നേഹവും കാരുണ്യവുമാണ് നിറച്ചിരിക്കുന്നത്. ഇത് അവന്റെ ദൃഷ്ടാന്തമാണെന്നും ആ ദൃഷ്ടാന്തം ചിന്തിക്കുന്നവർക്ക് കണ്ടെത്താൻ കഴിയുമെന്നും അല്ലാഹു തആലാ (സൂറത്തുർറൂം) വ്യക്താമയി നമ്മെ ഉദ്ബോധിപ്പിക്കുകുയും ആ സ്വാസ്ഥ്യവും സമാധാനവും കണ്ടെത്താനും ജീവിതത്തിൽ സ്നേഹവും കാരുണ്യവും നിറഞ്ഞൊഴുകാനും വേണ്ടി വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.


വിവാഹ ജീവിതത്തിൽ പുരുഷൻ ഭാര്യയുടെ അധികാരിയോ സ്ത്രീ ഭർത്തവിന്റെ അടിമപ്പെണ്ണോ അല്ല. രണ്ടു പേർക്കും അവരവരുടെ പ്രകൃതത്തിനനുസരിച്ച് പരസ്പരം സഹകരിച്ചും സ്നേഹത്തോടെയും കാരണ്യത്തോടെയും മാത്രം ചിന്തിച്ചും പെരുമാറിയും ജീവിതം സ്വർഗീയമാക്കാൻ ആവശ്യമായ കാര്യങ്ങൾ ഇരു കൂട്ടരും ജീവിതത്തിൽ നിർബ്ബന്ധമായും പാലിക്കാൻ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് കുടുംബ ബന്ധത്തിൽ വിള്ളൽ വീഴുന്നത്.


മോശമായി പെരുമാറലും ഉപദ്രവിക്കലും ഭർത്താവ് ഭാര്യോട് മാത്രമല്ല ഒരാളോടും ചെയ്യാൻ പാടില്ലാത്ത മഹാ പാതകമാണ്. ‘നിങ്ങളിലാരെങ്കിലും മറ്റൊരാളോട് അതിക്രമം കാണിച്ചാൽ നാം അവനെ ഭയാനകമായ ശിക്ഷ നൽകി നാളെ കഷ്ടപ്പെടുത്തും’ (സൂറത്തുൽ ഫുർഖാൻ) എന്ന് അല്ലാഹു മുന്നറിയിപ്പ് നൽകിയത് കൂടെയുള്ളവരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന ഭർക്കാന്മാരും അല്ലാത്തവരും ഓർക്കുന്നത് നല്ലതാണ്.


ഭാര്യയുടെ ജീവിതച്ചെലവ് വഹിക്കാനും ജീവിത സൌകര്യങ്ങൾ ഒരുക്കാനും സംരക്ഷണം നൽകാനും കൈകാര്യകർതൃത്വത്തിനും നിർദ്ദേശിച്ച അല്ലാഹു ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നുവെന്ന കാരണത്താൽ അവരോട് അധികാരമോ ധാർഷ്ട്യമോ കാണിക്കരുതെന്നും നല്ല നിലയിലേ അവരോട് പെരുമറാവൂ (സൂറത്തുന്നിസാഅ്) എന്നും ഭർത്താക്കന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അതു പോലെ ഒരു കാരണവശാലും ഭാര്യമാരെ ചീത്ത പറയരുതെന്ന് ശറഅ് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്: ‘നിങ്ങൾ ഭക്ഷിക്കുമ്പോൾ അവരേയും ഭക്ഷിപ്പിക്കുക, നിങ്ങൾ പുതിയ വസ്ത്രം ധരിക്കുമ്പോൾ അവരേയും ധരിപ്പിക്കുക, അവരെ ചീത്ത പറയരുത്. വല്ല വഴക്കോ പിണക്കമോ ഉണ്ടായാൽ അത് വീട്ടിൽ വെച്ച് തന്നെ നല്ല നിലയിൽ തീർക്കണം, അല്ലാതെ വീടിന് പുറത്തേക്ക് അത് വ്യാപിക്കരുത്’ (ദാറഖുത്നീ).


അതു പോലെ ഭർത്താവിനെ അംഗീകരിച്ചും അനുസരിച്ചും വിവാഹ ജീവതത്തിൽ അഭിമുഖീകരിക്കാവുന്ന എല്ലാ വിഷയങ്ങളിലും താങ്ങും തണലുമായി നില കൊണ്ടും അദ്ദേഹത്തിന്റെ അഭിമാനവും സ്വത്തും സംരക്ഷിച്ചും മക്കളെ പരിപാലിച്ചും തനിക്കും മക്കൾക്കും വേണ്ടി സമ്പാദിക്കാനും മറ്റു കാര്യങ്ങൾ സാധിച്ചെടുക്കാനും അഹോരാത്രം കഷ്ഠപ്പെടുന്ന ഭർത്താവിന്റെ അവസ്ഥ മനസ്സിലാക്കി സ്നേഹത്തോടെയും ലാളനയോടെയും പെരുമാറിയും പോരായ്മകളിൽ ക്ഷമിച്ചും ഒരു നിലക്കും തമാശക്ക് പോലും ചതിക്കാതെയും ദാമ്പത്യത്തിന്റെ ആത്മാവ് നിലനിർത്തേണ്ട ഉത്തരവാദിത്തം ഭാര്യമാരിൽ നിക്ഷിപ്തമാണെന്ന് അല്ലാഹുവിന്റെ റസൂൽ (സ്വ) നിരവധി തവണ ഓർമ്മിപ്പിച്ച  കാര്യം അവരും മറക്കരുത്.  


ഇക്കാര്യങ്ങളൊക്കെ പരസ്പരം മനസ്സിലാക്കി നല്ലനിലയിൽ മുന്നോട്ടു പോകാൻ കഴിയുമോയെന്ന് നോക്കാവുന്നതാണ്. ഒരു മുസ്ലിമായ ഭർത്താവ് എങ്ങനെയാകണമെന്ന അറിവ് അദ്ദേഹത്തിലേക്കെത്തിക്കുകയാണ് ആദ്യം വേണ്ടത്. അതിന് സാധിക്കുമെങ്കിൽ ശ്രമിച്ചു നോക്കാവുന്നതാണ്. ഈ ശ്രമങ്ങൾക്ക് അല്ലാഹുവിന്റെ പരിപൂർണ്ണ സഹായം ഉണ്ടാകുന്നതുമാണ് ഇനി ഒരു നിലക്കം മുന്നോട്ടു പോകാൻ കഴിയില്ലെങ്കിൽ ഒരു സ്ത്രീയേയും പുരഷനേയും ബുദ്ധിമുട്ടാക്കി വിവാഹ ബന്ധം തുടരണമെന്ന് ഇസ്ലാം നിർബ്ബന്ധിക്കുന്നില്ല, കണിശമായ നിബന്ധനകൾക്ക് വിധേയമായി പരസ്പരം വിട്ടു പിരിയാനുള്ള സ്വാതന്ത്ര്യമുണ്ട്.


പിന്നെ, ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്ന ഭാര്യക്ക് സ്വർഗമുണ്ട് (ഇബ്നു ഹിബ്ബാൻ) എന്ന് പറഞ്ഞ നബി (സ്വ) തന്നെ, ഭർത്താവിനെ നല്ലവനായി നാളെ അല്ലാഹു പരിഗണിക്കണെങ്കിൽ അദ്ദേഹം തന്റെ ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാകണമെന്നും ഞാൻ എന്റെ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കന്നവനാണെന്നും (തിർമ്മിദി) പറഞ്ഞിട്ടുണ്ട്. അഥവാ ഭാര്യ-ഭർത്താക്കളുടെ ആഖിറം നന്നാകണമെങ്കിൽ അവർ പരസ്പരമുള്ള ധർമ്മങ്ങൾ യഥാവിധി ചെയ്യണമെന്നർത്ഥം.


എന്നാൽ  ഭാര്യാ– ഭർത്താക്കൾ തമ്മിൽ വിട്ടു പിരിഞ്ഞാൽ അതോടെ അവർ തമ്മിലുള്ള ബാധ്യതകളും തീർന്നു. അവർ ഭാര്യ – ഭർത്താക്കളായി തുടരുന്ന കാലത്തോളമേ അവരുടെ ബാധ്യകൾ പരസ്പരം നിർവ്വഹിക്കേണ്ടതുള്ളൂ, അതിലൂടെ രണ്ടാളുടേയും ആഖിറം നന്നാകുന്ന സാഹചര്യവും നിലനിൽക്കുന്നുമുള്ളൂ. അവർ പിരിഞ്ഞാൽ പിന്നെ അന്യരായി മാറി. അതോടെ ഇനിയങ്ങോട്ട് സ്വർഗ പ്രാപ്തിയുടെ ഒരു വഴിയായ ഭർത്താവിനെ അനുസിക്കുകയെന്നത് ഈ ഭർത്താവിനെയല്ല, ഇനി മറ്റൊരു വിവാഹം കഴിച്ചാൽ ആ ഭർത്താവിനെയാണ്. അതു പോല ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാണ് അല്ലാഹുവിങ്കൽ നല്ലവൻ എന്നത് ഈ ഭാര്യയോടല്ല, ഇനി മറ്റൊരു വിവാഹം കഴച്ചാൽ ആ ഭാര്യയോടാണ്.


സഹോദരി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ലോകത്തുള്ള എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും ചീത്തയോ ക്രൂരന്മാരോ ഭയപ്പെടേണ്ടവരോ അല്ല എന്നതാണ്. ബഹുഭൂരിപക്ഷവും നല്ലവരാണ്. ഒരു ന്യനപക്ഷമേ ഇരുഭാഗത്തും കേടുള്ളതുണ്ടാകുകയുള്ളൂ. അതിനാൽ പിരിയുകയല്ലാതെ വേറേ വഴിയില്ലെങ്കിൽ അല്ലാഹുവിനോട് സ്വാലിഹായ മറ്റൊരു ഭർത്താവിനെ ലഭിക്കാൻ വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയും അതിനു വേണ്ടിയുള്ള കുടുംബത്തിന്റെ ശ്രമങ്ങളിൽ സഹകരിക്കുകയും ചെയ്യുന്നതാകും ഭാവി ജീവിതം തിളക്കമുള്ളതാകാനും വാർദ്ധക്യത്തിലടക്കം സന്തോഷം കളിയാടാനും മാതാപിതാക്കൾക്കും ഉറ്റവർക്കും മനസ്സമാധാനം ഉണ്ടാകാനും ഉത്തമം. തീച്ചയായും അങ്ങനെ ചെയ്യുന്നവർക്ക് ഐശ്വര്യപൂർണ്ണവും സന്തോഷകരുവമായ ഭാവിജീവിതം ഉണ്ടാകുമെന്ന് അല്ലാഹുവും (സൂറത്തുന്നിസാഅ്) റസുൽ (സ്വ)യും (ബുഖാരി, മുസ്ലിം) വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.


അതേസമയം മാനസികമായി ഒരു നിലക്കും ഇനിയൊരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ സാധ്യമല്ലെങ്കിൽ മാതാപിതാക്കളുടെ കൂടെ ദീനീ ചിട്ടയിൽ തന്റെ വികാര വിചാരങ്ങളെ നിയന്ത്രിച്ച് ആരാധനയെ ജീവിത ലഹരിയാക്കി ജീവിക്കാൻ കഴിയുമെങ്കിൽ അതും അനുവദനീയമാണ്, അതിലൂടെയും അല്ലാഹുവിന്റെ പൊരുത്തവും സ്വർഗവും ലിഖാഉമൊക്കെ ലഭിക്കുകയും ചെയ്യും إن شاء الله. പക്ഷേ അത് നിലവിലെ കാലഘട്ടത്തിൽ താരതമ്യേന പ്രയാസകരമായത് കൊണ്ട് അവസാനത്തെ ചോയ്സ് മാത്രമായേ പരിഗണിക്കാവൂ എന്ന് ഗുണകാംക്ഷയോടെ ഉണർത്തുന്നു. താങ്കളുടെ ദുനിയാവും ആഖിറവും ഗുണകരമാകുംവിധമുള്ള ജീവിത സാഹചര്യം താങ്കൾക്ക് അല്ലാഹു പ്രദാനം ചെയ്യട്ടേ.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.