അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


അല്ലാഹു അല്ലാത്ത വ്യാജ ദൈവങ്ങളുമായി യാതൊരു തരത്തിലുള്ള ബന്ധവും, അത് തമാശക്കായാലും കാര്യത്തിലായാലും നേർക്കു നേരെയായായലും അഭിനയത്തിലായാലും, ഒരു രീതിയിലും ഒരു സത്യ വിശ്വാസിക്ക് അനുവദനീയമല്ല. അക്കാര്യത്തിൽ അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്നതാണ് അല്ലാഹുവിന്റെ ശക്തമായ കൽപന (സൂറത്തുൽ കാഫിറൂൻ). മറ്റു മതസ്തരുടെ ആരാധന ബിംബങ്ങളോ മറ്റു രൂപങ്ങളോ ഉണ്ടെങ്കിൽ അക്കാരണത്താൽ അവരുടെ ആരാധനാലയങ്ങളിലേക്ക് പ്രവേശിക്കൽ ഹറാമാണ് (തുഹ്ഫ, നിഹായ, ശർഹുൽ മഹല്ലി). ഒരു മുസ്ലിം ഒരിക്കലും ആരാധിക്കാൻ വേണ്ടി അമ്പലത്തിലും ചർച്ചിലുമൊന്നും പോകില്ലല്ലോ.. വെറുതെ സന്ദർശിക്കാനാണെങ്കിൽ പോലും അവിടെ അവരുടെ ആരാധനാ വസ്തു ഉണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കാൻ പാടില്ല എന്നാണിവിടെ അർത്ഥമാക്കുന്നത്. അപ്പോൾ പിന്നെ അതിനടുത്ത് നിന്ന് ഫോട്ടോ എടുക്കലും ദൈവ നിഷേധത്തിന്റേയും ശിർക്കിന്റേയും ആ പ്രതീകങ്ങളെ പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങൾ സൂക്ഷിക്കലും തെറ്റാണെന്നും നിഷിദ്ധമാണെന്നും പറയേണ്ടതില്ലല്ലോ. ഒരു ഏകദൈവ വിശ്വാസിയേയും ബഹുദൈവ വിശ്വാസിയേയും വേർത്തിരിക്കുന്ന ഘടകമാണ് ശിർക്ക്. അല്ലാഹു തആലാ ഏറ്റവും വെറുക്കുന്നതും മാപ്പാക്കാത്തതുമായ കുറ്റമാണത് (സൂറത്തുന്നിസാഅ്). ഏറ്റവും വലിയ അക്രമവും ശിർക്ക് തന്നെയാണ് (സൂറത്തു ലുഖ്മാൻ). അത്തരമൊരു മഹാ ദുരന്തത്തിന്റെ പ്രതീകത്തെ തമാശക്കോ രസത്തിനോ ഫോട്ടോ എടുക്കാനോ വേണ്ടി പോലും പരിഗണിക്കുന്നതും തൊഴുന്നതും ഒരു സത്യ വിശ്വാസിക്ക് ചേർന്നതല്ല. എല്ലാ കാര്യത്തോടും തമാശയും രസവും ചേരില്ല. ഉദാഹരത്തിന് ഒരു തീക്കൊള്ളി തമാശക്കോ രസത്തിനോ ഫോട്ടോ എടുക്കാനോ വേണ്ടി ഒരാൾ പിടിച്ചാൽ അയാളുടെ കൈ പൊള്ളാതിരിക്കില്ല. ഇസ്ലാമിക ദൃഷ്ട്യാ അതിനേക്കാൾ മാരകവും അപകടകരവുമാണ് അല്ലാഹുവിനെ നിഷേധിക്കാൻ പടച്ചുണ്ടാക്കപ്പെട്ട വ്യാജ ദൈവ നിർമ്മിതികൾ. അതിനാൽ അവയുമായുള്ള ഏത് തരത്തിലുള്ള സാമീപ്യവും ഇസ്ലാമിന്റെ അതിർ വരമ്പുകളെ ഭേതിക്കുന്നതാണെന്ന ഉൾഭയം ഒരു സത്യവിശാസിയെ സദാ ജാഗ്രത്താക്കുന്നു.


കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.