അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


വെള്ളം, വെളിച്ചം, വായു സഞ്ചാരം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു കൊണ്ട് വീടിന്റെ സ്ഥാന നിർണ്ണയം നടത്താൻ കഴിയുമെങ്കിൽ അത് ഭാവിയിൽ ആ  വീട്ടിൽ ആവശ്യത്തിന് വെളിച്ചവും വായുവും നേരാം വണ്ണം കിട്ടാനും വീട്ടുകാരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും നല്ലതാണ്. ഈ അർത്ഥത്തിൽ മാത്രം തെക്കു പടിഞ്ഞാറ് എന്ന കന്നിമൂലയും നിർണ്ണയിക്കാം. അതു പോലെ വെള്ളത്തിന്റെ നീരൊഴുക്ക് നോക്കി കിണറിനും സ്ഥാനം നിർണ്ണയിക്കാം. അതിനുതകുന്ന രീതിയിൽ (മാത്രം)ഉള്ള അറിവ് വാസ്തു ശാസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം.   എന്നാൽ ഹൈന്ദവ ആചാരപ്രകാരം വാസ്തു പുരുഷന്റെ കിടപ്പു വശവുമായി ബന്ധപ്പെട്ടോ അഷ്ഠദിക്കുകളിലെ ഏക അസുര ദിക്കെന്ന നിലയിലോ മറ്റോ ഉള്ള അനിസ്ലാമിക വിശ്വാസം ഏതെങ്കിലും തരത്തിൽ പ്രതിഫലിക്കുന്ന യാതൊരു സ്ഥാന നിർണ്ണയവും വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വിശ്വാസി നടത്താൻ പാടില്ല.


ഹൈന്ദവ വിശ്വാസപ്രകാരം അഷ്ടദിക്കുകളിൽ മറ്റ് ഏഴ് ദിക്കുകളുടെയും അധിപൻമാർ ദേവൻമാർ ആണ്. എന്നാൽ തെക്കു പടിഞ്ഞാറേ ദിക്കിന്റെ അധിപൻ നിര്യതി എന്നു പേരുള്ള അസുരന്മാരുടെ ദേവനായ പിശാചാണെന്നും സാത്വികന്‍മാരായ ദേവൻമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ ക്ഷിപ്രകോപികൂടിയായ നിര്യതി പിശാച് സംരക്ഷിക്കുന്ന ദിക്കായ കന്നിമൂല മലിനമാക്കിയാൽ അത് നിര്യതിനെ കോപിപ്പിക്കുമെന്നും വാസ്തു ശാസ്ത്രം പറയുന്നു. ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ച് തെക്കു പടിഞ്ഞാറേ മൂലയിൽ നിന്ന് വടക്ക് കിഴക്കേ മൂലയിലേക്ക് (അഥവാ ഇശാനകോണിലേക്ക്) ആണ് ഊർജ്ജത്തിന്റെ പ്രവാഹം ഉണ്ടാകുന്നതെന്നും ഈ പ്രപഞ്ചത്തിന്റെ ഗുണപരമായ രണ്ട് ഊർജ്ജങ്ങളിലൊന്ന് കിഴക്ക് നിന്ന് തുടങ്ങി പടിഞ്ഞാറ് ദിക്കിലും രണ്ടാമത്തേത് വടക്ക് ദിക്കിൽ തുടങ്ങി തെക്ക് ദിക്കിലും അവസാനിക്കുന്നതിനാൽ ഈ രണ്ട് ഊർജ്ജങ്ങളുടേയും സന്ധി തെക്കു പടിഞ്ഞാറെന്ന കന്നിമൂലയാണ് എന്നും അക്കാരണത്താലും ഈ ഭാഗം മലിനമാകാൻ പാടില്ലെന്നും വാസ്തു വിദ്വാന്മാർ പറയുന്നത് കാണാം. അത്കൊണ്ടൊക്കെത്തന്നെ ഈ ഭാഗത്ത് കക്കൂസോ ബാത്ത് റൂമോ അഴുക്ക് ചാലോ കിണറോ കുളമോ കുഴിയോ മറ്റോ ഒന്നും ഉണ്ടാക്കരുതെന്നും അങ്ങനെ വല്ലതും ചെയ്തിട്ട് ആ ഭാഗം മലീമസമായാൽ ആ വീട്ടിൽ താമസിക്കുന്നവരുടെ അഭിമാനം, ധനം, ഉയർച്ച എന്നിവക്ക് ദോഷമുണ്ടാകുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുകയും ഭാര്യാ-ഭർതൃ ബന്ധം തകരുകയും കുടുംബ ബന്ധം ശിഥിലമാകുകയും കർമ്മ മേഖല തളരുകുയും കുട്ടികൾക്ക് ഗതിയില്ലാതാകുകയും തൊഴിൽ കിട്ടാതാകുകയും വഴിതെറ്റുകയും ഒക്കെ സംഭവിക്കുമെന്നും വാസ്തു ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നുണ്ടത്രേ. അതു പോലെ വിരാട് പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി വടക്ക് കിഴ്കക് തലയും (മീനം) തെക്ക് പടിഞ്ഞാറ് കാലും (കന്നി) നീട്ടി വെച്ചിട്ടാണ് എന്നതിനാൽ കന്നിമൂല വൃത്തികേടാക്കിയാൽ കാലുവേദന, വാദരോഗങ്ങൾ തുടങ്ങിയ ദുരിതങ്ങൾ അവസാനിക്കില്ലെന്നും വാസ്തു ശാത്രം പറയുന്നുണ്ട്. ബ്രഹ്മ പദത്തിന്റെ കന്നിയിൽ കുറ്റിവെക്കാം എന്നതിനാൽ ആദ്യം കുറ്റിയടിക്കേണ്ടതും തറക്കല്ലിടേണ്ടതും കന്നിരാശിയിൽ ആവണമെന്നാണ് വാസ്തു വിധിയെന്നതിനാൽ അതിനും കന്നി മൂലയാണ് തെരഞ്ഞെടുക്കേണ്ടത്..... ഇവയെല്ലാം തികച്ചും ഹൈന്ദവ വിശ്വാസങ്ങളാണ്.


ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു മുസൽമാന് ഉണ്ടായാൽ അത് അവന്റെ ഈമാനിനെ ബാധിക്കുന്ന കാര്യമാണെന്ന് ഓർക്കണം. അതിനാൽ ഒരു മുസ്ലിം തന്റെ വീട് നിർമ്മാണ സമയത്ത് ഈ രീതിയിൽ ചിന്തിക്കുകയോ ഇങ്ങനെ വിശ്വസിച്ച് സ്ഥാനം നിർണ്ണയിക്കുന്നവരേ ആശ്രയിക്കുകയോ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അനുഗ്രഹീതമാകേണ്ട ആ തുടക്കം അല്ലാഹുവിന്റെ കോപത്തിനും തദ്വാരാ അനുഗ്രഹ ശൂന്യതക്കും കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല. വീടിന്റെ സ്ഥാന നിർണ്ണയത്തിൽ തെറ്റ് പറ്റിയാൽ ദൈവ കോപവും പിശാചിന്റെ ശല്യവും നേരത്തേ സൂചിപ്പിക്കപ്പെട്ട ദോഷങ്ങളും ഉണ്ടാകുമെന്നത് ഒരു മുസ്ലിമിന്റെ വിശ്വാസമല്ല. അത് വിശുദ്ധ ഖുർആനിലോ തിരു ഹദീസിലോ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലോ വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലോ പേരിനു പോലും പരാമർശിക്കാത്ത കാര്യങ്ങളാണ്. അതിന്റെ പേരിൽ ബാത്ത് റൂം പൊളിക്കാനും അടുക്കള മാറ്റാനും പറഞ്ഞ് ജനങ്ങളെ വിഢ്ഢികളാക്കുന്നവർ ഈ മഹത്തായ മതത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് മനസ്സിലാക്കിയവരോ പഠിച്ച അറിവ് ഉപകാരപ്പെട്ടവരോ ആകാൻ ഒരു ന്യായവുമില്ല. വാസ്തു വിധികൾ നൂറ്റൊന്ന് ശതമാനം പാലിച്ച് നിർമ്മിക്കപ്പെട്ട വലിയ ഇല്ലങ്ങളും മനകളും തറവാടു വീടുകളും 1967-ലെ ഭൂപരിഷ്കരണ നിയമത്തിലൂടെയും മക്കത്തായ നിയമത്തിലൂടെയും സാമ്പത്തിക പാരാധീനത കാരണവും മുടിന്മാരായ മക്കൾ കാരണവുമൊക്കെ തകർന്നടിഞ്ഞ്‌ നാമാവശേഷമാവുകയും സ്വന്തമായി വാസ്തുവോ വസ്തുവോ ഇല്ലാത്ത പാവപ്പെട്ട ആളുകൾ പിന്നീടുണ്ടായ സാമൂഹിക മാറ്റത്തിന്റെ ഭാഗമായി  ജീവിതവിജയം നേടുകയും ചെയ്ത ചരിത്ര സാക്ഷ്യമുള്ള ഇക്കാലത്ത് ഹൈന്ദവ സഹോദരങ്ങൾ പോലും ഈ അന്ധ വിശ്വാസ പ്രസരണ കേന്ദ്രങ്ങളെ ഏറെ സംശയത്തോടെയാണ് കാണുന്നത്. എന്നിട്ടും ഹൈന്ദവ ജ്യോതിഷികളേയും സേവക്കാരേയും ആശാരിമാരേയുമൊക്കെ കടത്തിവെട്ടും വിധം പണ്ഡിത-സയ്യിദ് വേഷധാരികളായ ചിലർ (മാത്രം) അവരുടെ സാമ്പത്തിക നേട്ടത്തിനായി ഇന്നും ഈ രീതിയിലുള്ള (തങ്ങൾക്ക് യാതൊരു അറിവുമില്ലാത്ത) പൊളിക്കൽ സൂത്രവുമായി ഇസ്ലാമിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയും കൂടുതൽ ധന നഷ്ടത്തിലേക്കും കടക്കെണിയിലേക്കും അവരെ തള്ളിവിടുകയും ചെയ്യുന്നത് തിരിച്ചറിയപ്പെടേണ്ട ദുരന്തമാണ്.


ഏതായാലും വീടിന്റെ സ്ഥാന നിർണ്ണയത്തിലെ പിശക് മൂലമോ കന്നിമൂലയെ അപമാനിച്ചത് കാരണമോ ഒരു പിശാചും ശല്യം ചെയ്യാൻ വരില്ല. എന്നാൽ മറ്റു പല കാരണങ്ങളാലും പൈശാചിക ശല്യം ഏതൊരാൾക്കും ഉണ്ടാകാം. അതിന് ഇസ്ലാം വ്യക്തമായ എന്നാൽ കാൽ കാശിന് ചെലവില്ലാത്ത പരിഹാരവും പഠിപ്പിച്ച് തന്നിട്ടുണ്ട്..  മനുഷരെപ്പോലെത്തന്നെ അല്ലാഹുവിന്റെ സൃഷ്ടികളാണ് ജിന്നുകളും. അവരിലെ അവിശ്വാസികളും അധർമ്മകാരികളുമാണ് പിശാചുക്കൾ. അവർ നമ്മുടെ പരിസരങ്ങളിൽ ഉണ്ടാകുക സ്വാഭാവികമാണ്. രക്തത്തിൽ വരേ പിശാചിന് സഞ്ചരിക്കാം (ബുഖാരി, മുസ്ലിം), രക്തം മനുഷ്യ ശരീരത്തെ വിട്ടു പിരിയാത്തത് പോലെ പിശാച് മനുഷ്യന്റെ കൂടെത്തന്നെയുണ്ടാകും (മിൻഹാജ്). മലമൂത്ര വിസർജ്ജനം ചെയ്യാൻ വേണ്ടി സംവിധാനിക്കപ്പെടുന്ന സ്ഥലത്ത് അഥവാ ടോയ്ലറ്റിൽ പിശാചുക്കളുടെ സാന്നിധ്യം വലിയ തോതിൽ ഉണ്ടാകുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്. അതിന് പരിഹാരമായി പക്ഷേ ബാത്ത് റൂം പൊളിക്കാനല്ല നമ്മോട് പറഞ്ഞിട്ടുള്ളത്. മറിച്ച് അവിടേക്ക് പ്രവേശിക്കുമ്പോൾ  اللهم إني أعوذ بك من الخبث والخبائث എന്ന ദിക്റ് ചൊല്ലാനാണ് കൽപ്പിച്ചത് (ബുഖാരി, മുസ്ലിം). പഴയ കാലത്ത് ബാത്ത്റൂമും കക്കൂസും വീട്ടിൽ നിന്ന് അൽപം അകലെ പുറത്തായിരുന്നു നിർമ്മിച്ചിരുന്നത്. ഇന്ന് ഓരോ ബെഡ്റൂമിനും ഒരു ടോയ്ലറ്റ് അറ്റാച്ച്ഡ് ബാത്ത് റൂം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അഥവാ വീട്ടിനകത്ത് തന്നെ പിശാചുക്കളുടെ കുറേയേറെ താവളങ്ങൾ നാം സ്ഥാപിക്കുന്നുണ്ട്. അതിനാൽ അതിലേക്ക് പ്രവേശിക്കുമ്പോൾ വീട്ടുകാർ എല്ലാവരും ഉപര്യുക്ത ദിക്റ് ചൊല്ലുന്ന കാര്യത്തിൽ നല്ല ശ്രദ്ധ ചെലുത്തണം. അല്ലെങ്കിൽ അവരുടെ സാന്നിധ്യം ഒരു പക്ഷേ വീട്ടിലേക്ക് വ്യാപിക്കാം. അതു പോലെ സൂറത്തു ബഖറ ഓതിയാൽ ആ വീട്ടിൽ നിന്ന് പിശാച് ഓടിപ്പോകുമെന്ന് പുണ്യ റസൂൽ (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസ്ലിം), അതിനാൽ വീട്ടിൽ ആ സൂറത്ത് ഓതൽ പതിവാക്കുക. വീട്ടിൽ നിസ്കാരം മുറക്ക് നടക്കണം അല്ലെങ്കിൽ അത് സ്മശാന ഭൂമി പോലെയാകുമെന്നും അല്ലാഹുവിന്റെ റസൂൽ (സ്വ) പഠിപ്പിച്ചിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). അതുപോലെ നബി (സ്വ) തങ്ങൾ അരൾ ചെയ്തു: “നിങ്ങളിലാരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് പറയും ‘ഞാൻ നിങ്ങളുടെ കൂടെ  ഈ വീട്ടിൽ തങ്ങുന്നില്ല’. ഭക്ഷണം കഴിക്കുന്ന സമയത്ത് നിങ്ങളിലാരെങ്കിലും അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് പറയും ‘ഞാൻ നിങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുന്നില്ല’, എന്നാൽ അല്ലാഹുവിനെ സ്മരിക്കാതെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നതെങ്കിൽ പിശാച് പറയും’ ‘ഞാൻ നിന്നോടൊപ്പം ഈ വീട്ടിൽ തങ്ങുന്നു’, അല്ലാഹുവിനെ സ്മരിക്കാതെയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ പിശാച് പറയും ‘ഞാൻ നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും ഇവിടെ തങ്ങുകയും ചെയ്യും’ “ (സ്വഹീഹ് മുസ്ലിം). അതിനാൽ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മറ്റേത് കാര്യം ചെയ്യുമ്പോഴും അതിന്റേതായ ദിക്റുകൾ ചൊല്ലിയിട്ടും മറ്റും അല്ലാഹുവിനെ സ്മരിച്ചാൽ നമ്മുടെ വീട്ടിലേക്കും ഭക്ഷത്തിലേക്കും ശരീരത്തിലേക്കുമെല്ലാം പിശാചിന് പ്രവേശനം നിഷേധിക്കപ്പെടും.. അതുപോലെ ജീവനുള്ള വസ്തുക്കളുടെ പ്രതിമകൾ ചിത്രങ്ങൾ, ശരീരം തന്നെ നജസായ നായ, ഏറ്റവും വലിയ ദൈവസ്മരണയായ നിസ്കാരത്തന് സമയമായിട്ടും അത് മൈന്റ് ചെയ്യാതെ കുളിച്ചു് ശുദ്ധിയാകാത്ത ജനാബത്തുകാർ, ഹൈള് കഴിഞ്ഞ് നിസ്കരിക്കാൻ സമയമായിട്ടും കുളിച്ചു ശുദ്ധിയാകാത്ത സ്ത്രീകൾ തുടങ്ങിയവരുടെ സാന്നിധ്യം വീടിന്റെ പവ്ത്രതക്ക് കളങ്കമാകുന്നതിനാൽ അവയുള്ള കാലം ആ വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല (അഥവാ ആ വീട് പിശാചിന്റെ വിളനിലമാകും) എന്ന തിവചനവും (ശറഹുൽ മുഹദ്ദബ്, നസാഈ, ഇബ്നു മാജ്ജഃ) ഉൾക്കൊണ്ട് നമ്മുടെ വീടിന്റെ പവിത്ര കാത്തു സൂക്ഷിക്കുക............... നമ്മുടെ വീട്ടിൽ ഈ രീതിയിലൊക്കെ മര്യാദ പുലർത്തിയാൽ ഒരു പിശാചിനും അങ്ങോട്ട് പ്രവേശനം നൽകപ്പെടില്ല. ഒരു അസ്വസ്ഥതയും ആ വീട്ടിൽ പുകയില്ല. ഒരു 'അസുര ശല്യവും' ആ വീട്ടിൽ പേടിക്കേണ്ടതില്ല. എല്ലാം അല്ലാഹുവിന്റെ കാവലിൽ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സംരക്ഷണ വലയത്തിൽ ഭംഗിയായി നടക്കും.  വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇസ്ലാം നിർദ്ദേശിക്കുന്ന, ഒരു രൂപ പോലും ചിലവില്ലാത്ത, പരിഹാരമാണിത്. ഈ പരിഹാരം പാമരന്മാരായ ജനങ്ങൾക്ക് നല്ല രീതിയിൽ പറഞ്ഞു മനസ്സലാക്കിക്കൊടുത്ത് സമാധാനിപ്പിക്കാനാണ് വിവരമുള്ളവർ ശ്രമി്ക്കുക. അല്ലാതെ, ഇക്കാര്യത്തിലെ ജനങ്ങളുടെ അനാവശ്യമായ ആശങ്കയെ ചൂഷണം ചെയ്ത് പണമുണ്ടാക്കലും ഇസ്ലാമിന്റെ അതിർ വരമ്പുകൾ ലംഘിക്കാൻ അവർക്ക് ലൈസൻസ് നൽകലും ഭൌതികവും പാരത്രികവുമായ തുടർ അസ്വസ്ഥതകളിലേക്ക് അവരെ തള്ളിവിട്ട് അവരെക്കൊണ്ട് ജീവിക്കാൻ ശ്രമിക്കലും ഈമാൻ ഹൃദയത്തിൽ ഉറച്ച ഒരു വിശ്വാസിക്ക് ചേർന്നതല്ല.


ചുരുക്കത്തിൽ, കന്നിമൂലയിൽ ബാത്ത് റൂമോ മറ്റോ പാടില്ലായെന്നത് ആ ഭാഗത്ത് നിന്ന് കാറ്റടിച്ചു വീശിയാൽ ബാത്ത് റൂമിലെ മണം വീട്ടിലേക്ക് മൊത്തം വ്യാപിക്കും എന്നതോ മറ്റോ ആയ ആരോഗ്യ - പരിസ്ഥിതി – ഭൂമിശാസ്ത്ര കാരണങ്ങളാലാണെങ്കിൽ കുഴപ്പമില്ല. അല്ലാതെ വാസ്തു പുരുഷന്റെ കാൽ വെച്ചിരിക്കുന്ന ഭാഗം അശുദ്ധമാക്കിയാലോ അസുര മുഖ്യനായ നിര്യതിയുടെ സംരക്ഷത്തിലുള്ള ദിക്ക് മലിനമാക്കിയാലോ ഒക്കെ അത് കാരണം പിന്നീട് ഉപര്യുക്ത വിപത്തുകളുുണ്ടാകുമെന്ന് വിശ്വസിച്ചിട്ടാണെങ്കിൽ ആ വിശ്വാസം അപകടകരവും ഇല്ലാത്ത അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകാവുന്നതുമാണെന്ന് ഓർക്കുക. അതു പോലെ അക്കാരണത്താലാണ് അവിടെ നിന്ന് ബാത്ത് റൂമോ അടുക്കളയോ ഒക്കെ പൊളിച്ചു മാറ്റി  പകരം അവിടെ ഗോവണിയോ മറ്റോ നിർമ്മിക്കണമെന്ന് ആരെങ്കിലും പറയുന്നത് എങ്കിൽ അവർ ഒന്നുകിൽ വാസ്തു വിധിയനുസരിച്ച് ഫത് വ കൊടുക്കുകയാണ് അല്ലെങ്കിൽ തങ്ങൾക്കറിയാത്ത ഒരു കാര്യം തങ്ങളുടെ ഭൌതിക നേട്ടത്തനായി തട്ടിവിടുകയാണ് ചെയ്യുന്നത്. അത്തരക്കാർ എത്ര താടി നീട്ടിയാലും എത്ര ഉയരത്തിൽ തലപ്പാവ് കെട്ടിയാലും ഏത് മോഡൽ തൊപ്പി ധരിച്ചാലും ഏതെല്ലാം വിധത്തിൽ ഭയപ്പെടുത്തിയാലും ഒരു കയ്യിൽ വിശുദ്ധ ഖുർആനും മറുകയ്യിൽ തസ്ബീഹ് മാലയുമായി സത്യം ചെയ്താലും അവരെ വിശ്വസിച്ച് പോകുകയോ അവരുടെ ജൽപനങ്ങൾ കേട്ട് വല്ലുതും ചെയ്ത് വീട്ടിലെ ഉള്ള സ്വസ്ഥതയും കയ്യിലെ പണവും കളയുകയോ ചെയ്യരുത്, തീർച്ചയായും അത് അനിസ്ലാമികമായ ഒരു വിശ്വാസത്തെ അറിയാതെ പുൽകലാണ്. അല്ലാഹു തആലാ കാത്തു രക്ഷിക്കട്ടേ...


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.