ജലാലിയ്യ റാത്തീബിനെ കുറിച്ച് വിശദീകരിക്കുമോ?

ചോദ്യകർത്താവ്

Jaslaan

Jul 1, 2019

CODE :Oth9340

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ദിനേനയോ ആഴ്ച തോറുമോ മാസാന്തമോ ഒക്കെ പതിവായി ചൊല്ലുപ്പെടുന്ന വിര്‍ദുകള്‍ക്കാണ് റാതിബ്, റാതിബത്ത്, റാത്തീബ് എന്നൊക്കെ പറയപ്പെടുന്നത്. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷം പതിവായി നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരത്തിന് റാത്തിബത്ത് എന്നാണ് പറയുക. അത് പോലെ മാസം പൂര്‍ത്തിയാകുമ്പോള്‍ പതിവായി ലഭിക്കുന്ന ശമ്പളത്തിനും റാതിബ് എന്ന പദമാണ് ഉപയോഗിക്കുന്നത്.

ദീനിനെ നന്നായി മനസ്സിലാക്കകുയും അത് അക്ഷരം പ്രതി പാലിച്ച് ഇഖ്ലാസ്വോടെ കര്‍മ്മങ്ങളനുഷ്ഠിച്ച് ജീവിതം നേര്‍വഴിയില്‍ നിലനിര്‍ത്തിപ്പോരുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്നും തുടര്‍ന്ന് അവന്‍ അവരുടെ കൈകാലുകളും കണ്ണും കാതുമൊക്കെയാകുമെന്നും (സ്വഹീഹുല്‍ ബുഖാരി) ലദുന്നിയായ അറിവ് അവര്‍ക്ക് നല്‍കുമെന്നും (അബു നുഐം) അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. മാത്രവുമല്ല നമ്മുടെ കാര്യത്തില്‍ കഠിനമായി പ്രയത്നിക്കുന്നവര്‍ക്ക് നമ്മുടെ വിവിധ വഴികളിലേക്ക് നാം മാര്‍ഗ ദര്‍ശനം ചെയ്യുമെന്ന് അല്ലാഹു തആലാ വിശുദ്ധ ഖു‍ര്‍ആനില്‍ (സൂറത്തുല്‍ അൻകബൂത്ത്) വ്യക്തമാക്കിയിട്ടുണ്ട. ഈ രീതിയില്‍ അനുഗ്രഹീതരായവരെയാണ് നാം ഔലിയാക്കള്‍ എന്നു വിളിക്കുന്നത്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലെ മികവിനനുസരിച്ച് അല്ലാഹുവിങ്കല്‍ നിന്ന് സ്രേഷ്ഠമായ ഇല്‍ഹാമുകളും ലഭിച്ചു കൊണ്ടിരിക്കും (ഫതാവല്‍ ഇസ്സ്). അതു കൊണ്ട് തന്നെ പ്രസിദ്ധരായ പല ഔലിയാക്കളും തങ്ങള്‍ക്ക് ലഭിച്ച ലദുന്നിയായ അറിവ് കൊണ്ടും സല്‍ സ്വപ്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലും പതിവാക്കുകയും തങ്ങളുടെ ശിശ്യഗണങ്ങളോട് പതിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രത്യേക രീതിയില്‍ ക്രോഡീകൃതമായ ആയത്തുകളും ദിക്റുകളും സ്വലാത്തുകളും ദുആകളും അടങ്ങുന്ന വിര്‍ദുകളാണ് റാത്തീബുകള്‍.

തമിഴ്നാട്ടിലെ കീളക്കരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് മാപ്പിളൈ ലബ്ബ ആലിം (ഖ.സി) ആണ് ജലാലിയ്യ: റാത്തീബ് ക്രോഡീകരിച്ചത്. ഇദ്ദേഹത്തിന്റെ ആത്മീയ പരമ്പര യഥാക്രമം ശൈഖ് അഹ്മദുല്‍ ഖാഹിരി (ഖ.സി), ശൈഖ് ഉമറുല്‍ ഖാഹിരി (ഖ.സി), ശൈഖ് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി (ഖ.സി) എന്നിവരിലൂടെ ശൈഖ് ജലാലുദ്ദീന്‍ മൗലല്‍ ബുഖാരി (ഖ.സി) യിലേക്കാണ് ചെന്നെത്തുന്നത്. വിവധ വിഷയങ്ങളിലായി നൂറില്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ച മഹാ പണ്ഡിതനായിരുന്നു മുഹമ്മദ് മാപ്പിളൈ ലബ്ബ എന്ന ആത്മീയ ഗുരുവര്യന്‍. യമനില്‍ ശിയാക്കളുടെ കടന്നു കയറ്റം ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ട ഘട്ടത്തില്‍ അതിനെ സംരക്ഷിക്കാന്‍ വേണ്ടി ശൈഖ് അബ്ദുല്ലാഹ് ബിന്‍ അലവി അല്‍ ഹദ്ദാദ് (ഖ.സി) ക്രോഡീകരിച്ച ഹദ്ദാദ് റാത്തീബ് കൊണ്ടാണ് ജലാലിയ്യാ റാത്തീബ് തുടക്കം കുറിക്കപ്പെടുന്നത്. തുടര്‍ന്ന് ശൈഖ് മുഹമ്മദ് അല്‍ ബുഖാരി അല്‍ ജലാലി (ഖ.സി) പതിവാക്കാന്‍ നിര്‍ദ്ദേശിച്ച ഖാദിരിയ്യാ ത്വരീഖത്തിലെ ചില വിര്‍ദുകളും വിശുദ്ധ ഖുര്‍നിലെ ചില ആയത്തുകളും ശൈഖ് മുഹമ്മദ് മാപ്പിളൈ ലബ്ബ ആലിം (ഖ.സി) തന്നെ രചിച്ച ചില ഖസ്വീദകളും ചൊല്ലി ദുആ ചെയ്ത് പിരിയുന്ന രീതിയാണ് ജലാലിയ്യാ റാത്തീബിലുള്ളത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ശ്രീലങ്ക, തമിഴ്നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ പല വീടുകളിലും പള്ളികളിലും മറ്റു ദീനീ കേന്ദ്രങ്ങളിലും ഇത് പതിവായി ചൊല്ലി വരുന്നു. ഹലാലായ മുറാദുകള്‍ ഹാസ്വിലാകാനും ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന മഹാമാരികളെ പ്രതിരോധിക്കാനും ആത്മീയമായ മുന്നേറ്റത്തിനും ജലാലിയ്യാ റാത്തീബ് പതിവാക്കുന്നത് ഉപകരിക്കുമെന്നാണ് അനുഭവ സാക്ഷ്യം. കൊണ്ടോട്ടിക്കടുത്ത മു­ക്കുളം പ്രദേശത്ത് കേന്‍സര്‍ ബാധിച്ച് നിരവധി ആളുകള്‍ മരണപ്പെടുകയും പലരിലും രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുയും ചെയ്ത 1995-96 കാലഘട്ടത്തില്‍ ആശങ്കാകുലരായ ജനങ്ങള്‍ ഈ പ്രതിസന്ധിക്ക് പരിഹാരം തേടി വലിയ്യുല്ലാഹ് കിഴിശ്ശേരി മുഹമ്മദ് മുസ്ലിയാരെ (ഖ.സി) സമീപിച്ചപ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിച്ച പരിഹാരങ്ങളിലൊന്ന് ജലാലിയ്യാ റാത്തീബ് ചൊല്ലലായിരുന്നു. മഹാനവര്‍കള്‍ ജലാലിയ്യാ റാത്തീബിന് നല്‍കി വന്ന പ്രാധാന്യവും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇത് ചൊല്ലുന്നതിലെ ഫലസിദ്ധിയും കേരളീയരില്‍ നിന്ന് അന്യം നിന്നു പോയിക്കൊണ്ടിരുന്ന ഈ റാത്തീബ് വീണ്ടും സജീവമാകാന്‍ കാരണമായിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter