അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


നബി (സ്വ)അരുൾ ചെയ്തു: ആർത്തവം എന്നത് മനുഷ്യ സ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒരു പ്രത്യേക കാര്യമാണ് (സ്വഹീഹുൽ ബുഖാരി). പ്രഥമ മനുഷ്യ സ്ത്രീ ഹവ്വാ ബീവി (റ)യായതിനാൽ സ്വാഭാവികമായും ആദ്യം ഹൈള് ഉണ്ടായത് അവർക്കാണ്. അവർ ആദം നബി (അ)യോടൊപ്പം ആദ്യം സ്വർഗത്തിലായിരുന്നു വസിച്ചിരുന്നത്. സ്വർഗവാസികളായ സ്ത്രീകൾക്ക് ഹൈള് ഉണ്ടാകുകയില്ല എന്ന് അല്ലാഹു തആലാ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തുൽ ബഖറ). ഹവ്വാ ബിവി (റ)യും സ്വർഗത്തിൽ കഴിഞ്ഞ ഘട്ടത്തിൽ അവർക്ക് ആർത്തവം ഇല്ലായിരുന്നു.


എന്നാൽ അല്ലാഹു ഭൂമിയിൽ തന്റെ പ്രതിനിധിയായിട്ടാണല്ലോ മനുഷ്യനെ സൃഷ്ടിച്ചത് (സൂറത്തുൽ ബഖറഃ). അതിന്റെയടിസ്ഥാനത്തിൽ അവർ ഇരുവരും ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടതോട് കൂടി ഭൂനിവാസിയുടെ പ്രകൃതം ആദം നബിക്കും ഹവ്വാ ബീവിക്കും അല്ലാഹു നൽകി. അത് സംഭവിച്ചത് സ്വർഗത്തിലെ വിലക്കപ്പെട്ട മരത്തിലെ ഫലം ഭക്ഷിച്ചതോടെയാണ്. അത് കഴിച്ചതോടെ ഇരുവരുടേയും ശാരീരിക പ്രകൃതി സ്വർഗവാസികളുടേതിൽ നിന്നും  വ്യത്യസ്തമായി പരീക്ഷണ ലോകമായ ഭൂമിയിൽ ജീവിക്കുന്നതിനനുസരിച്ചായി മാറി. ആ മാറ്റങ്ങളിൽ ഒന്നായിരുന്നു അവരുടെ നഗ്നത വെളിപ്പെട്ടത് (സൂറത്തു ത്വാഹാ). അത് പോലെ മറ്റൊന്നായിരുന്നു ഹവ്വാ ബീവിക്ക് ആർത്തവം ഉണ്ടായതും. അതിനെ ഉപമിച്ചത് ആ മരത്തിൽ നിന്ന് പഴം പറിച്ചപ്പോൾ കറ പൊട്ടിയത് പോലെ എന്നായിരുന്നു (ത്വബ്രി).


ആദം നബി (അ)യും ഹവ്വാ ബീവി (റ)യും വിലക്കപ്പെട്ട പഴം കഴിച്ചത് മറന്നു കൊണ്ടായിരുന്നുവെന്ന് അല്ലാഹു തആലാ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തു ത്വാഹാ).. മറവി തെറ്റോ കുറ്റമോ അല്ലെങ്കിലും അവരിരുവരും അല്ലാഹുവുമായി ഏറെ അടുത്തവരായത് കൊണ്ട് അവരുടെ മറവി നിസ്സാരമല്ല എന്ന് ബോധ്യപ്പെടുത്താനാണ് ഗൌരവപ്പെട്ട വാക്കുകൾ അല്ലാഹു ഇക്കാര്യത്തിൽ ഉപയോഗിച്ചത്. എന്നാൽ ഈ ഗൌരവം ബോധ്യപ്പെട്ട ആദം നബിയും ഹവ്വാ ബീവിയും ഉടൻ അല്ലാഹുവിനോട് പശ്ചാതപിക്കുകയും അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയും (സുറത്തുൽ ബഖറഃ) അവരെ ഉൽകൃഷ്ഠരായി തെരഞ്ഞെടുക്കുകയും (സൂറത്തു ത്വാഹാ) ചെയ്തു എന്ന് അല്ലാഹു തആലാ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ആ വിഷയം അവിടെ അവസാനിച്ചു. അല്ലാതെ അവരിൽ നിന്ന് സംഭവിച്ച ഈ മറവി കൊണ്ടാണ് പിന്നീട് ലോകത്ത് പിറന്ന, പിറക്കുന്ന ഒരോ മനുഷ്യനും ഭൂമിയിൽ നരകിക്കേണ്ട ഗതികേടുണ്ടായത് എന്ന് വാദിക്കുന്നുന്നതും വിശ്വസിക്കുന്നതും വിവരക്കേടാണ്. കാരണം ആദം നബിയേയും ഹവ്വാ ബീവിയേയും അവരുടെ സന്താനങ്ങളായ മനുഷ്യകുലത്തെയാകമാനവും ഭൂമിയിലെ പ്രതിനിധികളായിട്ടാണ് അല്ലാഹു നിയോഗിച്ചത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. അപ്പോൾ അല്ലാഹുവിന്റെ ആ ഖളാഅ് അനുസരിച്ച് എന്തായാലും ഭൂമിയിലേക്ക് അവർക്ക് വരേണ്ടതുണ്ട്. അതിന്റെയടിസ്ഥാനത്തിലാണ് അവർ ഭൂമിയിലേക്ക് ഇറക്കപ്പെട്ടത്. അതു പോലെ പരീക്ഷണ ലോകമായ ഭൂമിയിൽ വസിക്കുന്നതിന് അതിനനുസരിച്ചുള്ള ശാരീരിക ഘടനയും പ്രകൃതവും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ഇറക്കിയപ്പോൾ അവർക്ക് ആ ഘടനയും സ്വഭാവവും അവൻ നൽകി. നഗ്നതയും വികാരവും മലമൂത്ര വിസർജ്ജനവും ആർത്തവവും എല്ലാം ഭൂമിയിലെ മനുഷ്യ ജീവതത്തിലെ പ്രത്യേകതകളാണ്. അതാണ് അവർക്കും പിന്നീട് വന്ന മനുഷ്യർക്കഖിലവും അല്ലാഹു നൽകിയത്. എന്നാൽ അതിനിടയിൽ സംഭവിച്ച ഒരു കാര്യമാണ് അവരിരുവരിൽ നിന്നും മറവിയാൽ ഇങ്ങനെയൊരു ആജ്ഞാ ലംഘനം ഉണ്ടാകകുയും വിലക്കപ്പെട്ട മരത്തിന്റെ ഫലം അവർ ഭക്ഷിക്കുകയും ഭൂവാസത്തിനനുസൃതമായി അവരുടെ ശരീര ഘടന വ്യത്യാസപ്പെടുകയും തുർന്ന് അവരെ അല്ലാഹു ശാസിക്കുകയും അവർ അതുൾക്കൊണ്ട് ഖേദിച്ചു മടങ്ങുകയും അവരുടെ പശ്ചാതാപം അല്ലാഹു സ്വീകരിക്കുകയും അവരിൽ തൃപ്തനാവുകയും ഭൂമിയിലെ മനുഷ്യവാസം എന്ന അല്ലാഹുവിന്റെ ഖളാഅ് നടപ്പാക്കാൻ അവരെ ഭൂമിയിലേക്കിറക്കുകയും ചെയ്തുവെന്നുള്ളത്. ആ വിഷയം അവിടെ അവസാനിക്കുകയും ചെയ്തു. അതു കൊണ്ടാണ് നബി (സ്വ) അരുൾ ചെയ്തത്: ‘ആർത്തവം മനുഷ്യ സ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒരു പ്രത്യേക കാര്യമാണ് എന്ന്’. (അഥവാ ഹവ്വാ ഉമ്മയുടേയോ മറ്റോ തെറ്റിന്റെ ആഘാതം ആർത്തവ രൂപത്തിൽ ജീനിലൂടെ സ്ത്രീ ജന്മങ്ങളിലേക്ക് പകരുകയല്ലാ എന്നർത്ഥം.) അല്ലാഹു തആലാ പറയുന്നു: ‘ഏതൊരാളും ഒരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടുക്കുകയില്ല’ (സൂറത്തു ഫാത്വിർ). അഥവാ അങ്ങനെയൊരു സാഹചര്യം അല്ലാഹു സൃഷ്ടിച്ചിട്ടില്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.