കഅ്‌ബയെക്കാൾ ശ്രേഷ്ഠത ശഅ്‌റേ മുബാറകിനാണ്. ഇതിൽ ഒരു മുസ്‌ലിം സംശയിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്നും പുറത്താണ് എന്ന് ഒരു ഉസ്താദ് പ്രസംഗിക്കുന്നത് കേട്ടു. ഈ വിഷയത്തിൽ അഹ്‌ലുസ്സുന്നയുടെ കാഴ്ചപ്പാട് എന്താണ് .ഒന്ന് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

സാലിം ജിദ്ദ

Mar 7, 2019

CODE :Aqe9194

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നബി (സ്വ)യുമായി ബന്ധപ്പെട്ട ഏതിനും ലോകത്തെ മറ്റെല്ലാ വസ്തുക്കളേക്കാളും പുണ്യവും പ്രത്യേകതയുമുണ്ടെന്നുള്ള കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. നബി (സ്വ)യുടെ പുണ്യ ശരീരം ലോകത്തെ എല്ലാ പള്ളികളേക്കാളും സ്രേഷ്ഠതയുള്ളതാണെന്ന് വിമർശകരുടെ നേതാവായ ഇബ്നു തൈമിയ്യ തന്നെ വ്യക്തമാക്കിയതാണ് (മജ്മൂഉൽ ഫതാവാ). നബി (സ്വ)യുടെ ഖബ്റ് കഅ്ബാലയം അടക്കം ലോക്കത്തെ എല്ലാ വസ്തുക്കളേക്കാളും സ്രേഷ്ഠതയുള്ളതാണ്(അൽ ഹാവീ, അത്തുഹഫത്തുൽലത്വീഫ) ഇക്കാര്യം ഇജ്മാഅ് ആണ്, അഥവാ ഈ വിഷയത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല ( കിതാബുശ്ശിഫാ, ഫൈളുൽ ഖദീർ). റസൂലുല്ലാഹ് (സ്വ)യെ അടക്കം ചെയ്യപ്പെട്ട മണ്ണ് അല്ലാഹുവിന്റെ അർശിനേക്കാളും സ്രേഷ്ഠതയുള്ളതാണ് (തുഹ്ഫ, ബുജൈരിമി). അത് അർശിനേക്കാളും കുർസിയ്യിനേക്കാളും സ്വർഗത്തേക്കാളും സ്രേഷ്ഠതയുള്ളതാണ് (ഹാശിയത്തുർറൌള്). അത് സ്വർഗത്തോപ്പാണ്, അർശിനേക്കാളും സ്വർഗത്തിലെ അദ്ൻ, ഫിർദൌസ് എന്നിവയേക്കാളും സ്രേഷ്ഠതയുള്ളതാണ് (ദാഫിഅഃ).

ചുരുക്കത്തിൽ അല്ലാഹുവിന്റെ റസൂൽ (സ്വ) കുടികൊള്ളുന്ന ഖബ്റിന് പോലും ഇത്ര മാത്രം പ്രത്യേകതയുണ്ടെങ്കിൽ നബി തിരുമേനി (സ്വ)യുടെ ശരീരത്തിലെ തിരുമുടി അടക്കമുള്ള ഏത് ഭാഗത്തിനും ലോകത്തെ എല്ലാ വസ്തുക്കളേക്കാളും പവിത്രതയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ നമ്മുടെ നാട്ടിലും മറ്റു പല നാടുകളിലും റസൂലുല്ലാഹ് (സ്വ)യുടേതെന്ന പേരിൽ ചില വ്യാജ മുടികളും ചെരിപ്പും പാത്രവുമൊക്കെ ചിലർ പ്രദർശിപ്പിക്കുകുയും അത് വഴി ജനങ്ങളെ കബളിപ്പിച്ച് പണം സമ്പാദിക്കുകയും ചെയ്യുന്നത് കണ്ടു വരുന്നുണ്ട്. ചൂഷണ മനസ്ഥിതിയുള്ള ഇത്തരക്കാരുടെ ആത്മീയ വാണിഭങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ പവിത്രത തെല്ലൊന്നുമല്ല സമൂഹ മധ്യത്തിൽ ഇടിച്ച് താഴ്ത്തപ്പെടാൻ കാരണമാകുന്നത്. ഇത്തരം വ്യാജന്മാരുടെ ചൂഷണങ്ങളിൽപ്പെട്ട് പാപ്പരാകാതിരിക്കാൻ ബഹു ജനം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter