എന്താണ് ഹുലൂലും ഇത്തിഹാദും ഒന്ന് വിശദീകരിക്കുമോ ? الحلول والاتحاد

ചോദ്യകർത്താവ്

Mishal

Jan 13, 2019

CODE :Aqe9065

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹു തആലാ ലോകത്തെ (കടൽ, പർവ്വതം, സർപ്പം, മരം, മനുഷ്യൻ, ജീവികൾ ...തുടങ്ങിയ)ഏതെങ്കിലും വസ്തുവിൽ ഇറങ്ങി കുടികൊള്ളുന്നുവെന്ന വിശ്വാസമാണ് ഹുലൂൽ, ലോകത്തെ ഏതെങ്കിലും ഒരു മനുഷ്യൻ അല്ലെങ്കിൽ വസ്തു തന്നെയാണ് അല്ലാഹു (അത് രണ്ടും ഒന്നാണ്) അല്ലെങ്കിൽ ആ വസ്തു അല്ലാഹുവായി മാറി എന്ന വിശ്വാസമാണ് ഇത്തിഹാദ്. ഇതിന് മലയാളത്തിൽ അദ്വൈത സിദ്ധാന്തം എന്ന് പറയും.  ഇത് രണ്ടും ശുദ്ധ അസംബന്ധവും ശിർക്കും കുഫ്റുമാണ്. ഇക്കാര്യം മുൻഗാമികളായ മഹത്തുക്കൾ പ്രത്യേകിച്ച് ഇമാം ഗസ്സാലീ (റ), ശൈഖ് ഇബ്നു അറബി (റ), ശൈഖ് അബ്ദുൽ വഹ്ഹാബ് ശഅ്റാനീ (റ), ശൈഖ് അബുൽ അബ്ബാസ് അൽ മുർസീ (റ) തുടങ്ങിയ തസ്വവ്വുഫിന്റെ മശാഇഖുമാർ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതുമാണ് (അൽമഖ്സ്വദുൽ അസ്നാ, അൽ യവാഖീത്തു വൽ ജവാഹിർ, അൽ ഫുതൂഹാത്തുൽ മക്കിയ്യഃ, നഹ്ജൂർറശാദ്).

എന്നാൽ ആത്മീയമായി ഏറെ ഉയർന്ന് അല്ലാഹുവുമായി ഏറേ അടുത്ത് തൌഹീദിന്റേയും മഅ് രിഫത്തിന്റേയു ജ്ഞാനക്കടലിൽ മുങ്ങി വ്യക്തി വിശുദ്ധി അതിന്റെ പാരമ്യത്തിലെത്തി ദിവ്യ പ്രേമത്തിന്റെ ലഹരിയിൽ കാര്യങ്ങളെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്നതിന് പകരം അകക്കണ്ണു കൊണ്ട് മാത്രം കാണുന്ന ഘട്ടത്തിലെത്തി തന്റെ അസ്ഥിത്വവും ലോകത്തെ മറ്റെല്ലാ വസ്തുക്കളുടെ അസ്ഥിത്വങ്ങളും തന്റെ ബോധ മണ്ഡലത്തിൽ നിന്ന് മറഞ്ഞ് (ഫനാഇന്റെ അവസ്ഥയിൽ എത്തി) എല്ലായ്പ്പോഴും എല്ലായിടത്തും സ്വന്തത്തിൽ പോലും അല്ലാഹുവിന്റെ സാന്നിധ്യം മാത്രം അനുഭവിച്ചറിഞ്ഞ ആരിഫീങ്ങളായ ചില ഔലിയാക്കൾ ആ അർത്ഥത്തിൽ പറഞ്ഞ വാക്കുകളെ അവരുടെ അവസ്ഥകളും വാക്കുകളുടെ അർത്ഥവും മനസ്സിലാക്കാൻ കഴിയാത്തവർ അവയെല്ലാം ഹുലൂലിന്റേയും ഇത്താഹാദിന്റെ സ്വഭാവത്തിലുള്ളതാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുസ്ലിം ലോകം അംഗീകരിച്ച പ്രഗൽഭ പണ്ഡിതർ ഉണർത്തിയിട്ടുണ്ട്. കാരണം ഇസ്ലാമിനെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കിയ ചിലർ ഈ മഹാന്മാരുടെ വചനങ്ങളേയും പ്രവൃത്തികളേയും അവർ നിലകൊണ്ടിരുന്ന അവസ്ഥ മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് അവരെ ഹുലൂലൂം ഇത്തിഹാദും വാദിക്കുന്ന അവിശ്വാസികളായി മുദ്ര കുത്തി സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അല്ലാഹുവിന്റെ തൌഹീദിനേയും മഅ് രിഫത്തിനേയും ഭൌതിക തടസ്സങ്ങളൊന്നുമില്ലാതെ അവർ അനുഭവിച്ചറിഞ്ഞ ആ ഘട്ടത്തിൽ അവർ അനുഭവിക്കുന്ന അവസ്ഥ വിവരിക്കാൻ അവരുടെ വാക്കുകൾ പരാജയപ്പെടുന്ന സാഹചര്യം വരുന്നു. ദൈവ ജ്ഞാന സാഗരത്തിൽ ലയിച്ച് ദിവ്യാനുരാഗത്തിൽ സ്വയം മറന്ന് ഇനി ലോകത്ത് ഈ ദൈവ സാന്നിധ്യമാല്ലാതെ താനടക്കം ലോകത്തെ എല്ലാ ചരാചരങ്ങളും മാഞ്ഞ് ഇല്ലാതായാതായി അനുഭവപ്പെടുന്ന അപൂർവ്വമായ (ഫനാഇന്റെ) ഈ ഘട്ടത്തിൽ അവർ കാര്യങ്ങളെ മനസ്സിലാക്കുന്നത് എന്നേ അവർ വിസ്മരിച്ചു പോയ ഭൌതിക കണ്ണുകൾ കൊണ്ടാകില്ല, മറിച്ച് അവരുടെ അകക്കണ്ണു് കൊണ്ട് മാത്രമായിരിക്കും. ആ അവസ്ഥയിൽ ഞാൻ തന്നെയാണ് ഹഖ്ഖ് എന്നും കല്ലും മുള്ളും ലാ ഇലാഹ് എന്നും തുടങ്ങിയ പല കാര്യങ്ങളും അവർ പറയാം. അത് പക്ഷേ അകക്കണ്ണ് പൂർണ്ണായും അടഞ്ഞ്, താൻ ഏറേ പ്രാധാന്യം കൊടുക്കുന്ന ശരീരത്തിന്റെ  കണ്ണു കൊണ്ട് മാത്രം കാര്യങ്ങൾ കാണുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം, അതിനാൽ ഇത്തരക്കാർ കാഫിറാക്കിയാൽ കാഫിറാകുന്നവല്ല ഈ ആരിഫീങ്ങൾ, മറ്റു മതസ്ഥർ വിശ്വസിക്കുന്ന പോലെ ലോകത്തെ ഏതെങ്കിലും ഒരു വസ്തുവിലേക്ക് ദൈവം ഇറങ്ങി കുടികൊള്ളുന്നുവെന്നോ അല്ലെങ്കിൽ ഇന്ന വസ്തു തന്നെ ദൈവമായി മാറി എന്നോ ഒക്കെ ഈ മഹാന്മാരും വിശ്വസിച്ചിരുന്നുവെന്ന് കളവ് പടച്ചുണ്ടാക്കുന്നത് അവരുടെ അറിവിന്റേയും ദീനിന്റേയും കുറവാണ് സൂചിപ്പിക്കുന്നത്, അതു പോലെ അവർ أنا الحق ، سبحاني ، ما أعظم شأني എന്നൊക്കെ പറഞ്ഞാൽ ‘അവർ സദാ ആരാധിച്ചും പ്രണയിച്ചു ലയിച്ചും കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ വചനം എടുത്ത് ഉദ്ധരിക്കുകയാണ് അവർ ചെയ്യുന്നത്’ എന്നാണ് മനസ്സിലാക്കേണ്ട്, അല്ലാതെ ഹുലൂലിന്റേയോ ഇത്തിഹാദിന്റേയോ ഭാഗമായി അവർ പറയുന്നല്ല, അല്ലാഹുവിന്റെ ഔലിയാക്കളിൽ നിന്ന് അങ്ങനെ ഉണ്ടാകുമെന്ന് ബുദ്ധിയുള്ളവർ ചിന്തിക്കില്ല. കാരണം അവരിൽ നിന്ന് അങ്ങനെ വല്ലതും ഉണ്ടാകൽ അസംഭവ്യമാണ്, എന്നാൽ ഈ രംഗത്ത് ഔലിയാക്കളുടെ പേര് പറഞ്ഞ പണ്ടും ഇന്നും പല കള്ള നാണയങ്ങൾ രംഗപ്രവേശം ചെയ്യാറുണ്ട്, അവർ വിഢ്ഢികളാണ്, അവരുടെ ചെയ്തികൾ മഹാന്മാരായ് ആരിഫീങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത് അപകടമാണ്  തുടങ്ങിയ കാര്യങ്ങൾ മഹാന്മാരായ ഇമാമുമാർ വ്യക്തമാക്കുന്നുണ്ട്. (അൽ ഫതാവൽ ഹദീസിയ്യ, അൽ ഹാവീ ലിൽ ഫതാവാ, അൽ മഖ്സ്വദുൽ അസ്നാ, അൽ യവാഖീത്തു വൽ ജവാഹിർ, അഅവാരിഫ്).

ഈ വിഷയത്തിൽ ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ വിമർശിക്കുന്നവർ അവരുടെ നേതാവായി സാഭിമാനം ഉയർത്തിക്കാട്ടുന്ന അല്ലാമാ ഇബ്നുൽ ഖയ്യിം എന്നവർ അവരുടെയൊക്കെ കണ്ണ് തുറക്കാൻ പ്രാപ്തമാക്കും വിധം ഇതിന്റെ നിജസ്ഥിതി വളരേ വ്യക്തമായി തന്റെ മദാരിജു സ്സാലികീൻ എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ‘മൂന്നാമത്തെ ഉന്നത പദവി അത് ഫാനാഇന്റെ ഉയർന്ന ഘട്ടങ്ങളാണ്’ എന്ന് ഹെഡ്ഢിങ് കൊടുത്തിട്ട് ഇത് ഔലിയാക്കളിൽ പ്രമുഖന്മാരുടേയും അല്ലാഹുവുമായി ഏറേ അടുപ്പമുള്ളവരുടേയും ഫനാഇന്റെ അവസ്ഥയാണ് എന്നും ഇവിടെ ഫനാഅ് എന്നാൽ അല്ലാഹു അല്ലാത്തവരെ ഉദ്ദേശിക്കാനോ ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത മാനസിക തലത്തിലേക്ക് മനുഷ്യൻ എത്തിച്ചേരലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.  . ഒരാളോടുള്ള പ്രേമം അതിരു കവിഞ്ഞ ഒരു വ്യക്തി തന്റെ പ്രേമം തലക്ക് പിടിച്ചത് കാരണം താൻ എല്ലാ വസ്തുക്കളിലും തന്നിൽ പോലും താൻ അവനെ / അവളെയാണ് കാണുന്നത് എന്ന് പറയുമ്പോലെയാണ്  ഫനാഇന്റെ ഘട്ടത്തിൽ അവർ പറയുന്ന വാക്കുകളെ മനസ്സിലാക്കേണ്ടത്. ഇവിടെ സ്നേഹം മൂത്തത് കാരണം ഇയാളുടെ മനസ്സിൽ പ്രിയതമ/ൻ മാത്രം അവശേഷിക്കുന്നുവെന്ന എന്ന അർത്ഥത്തിലാണ് ഇയാൾ ഇങ്ങനെ പറയുന്നത്. അല്ലാതെ പ്രിയതമ/ൻ തന്നിലേക്ക്/അവയിലേക്ക് ഇറങ്ങി വന്ന് കുടകൊണ്ടുവെന്നോ താൻ തന്നെ പ്രിയതമ/ൻ ആയി മാറിയെന്നോ അല്ല. ഇത് പോലെയാണ് ദിവ്യാനുരാഗത്തിന് നാം കാണുന്ന അതിരുകൾക്കപ്പുറത്തേക്ക് എത്തിയ അല്ലാഹുവിന്റെ ആരിഫീങ്ങളായ ഔലിയാക്കളാരെങ്കിലും പറഞ്ഞാൽ അത് നാം ഉൾക്കൊള്ളേണ്ടത്. അല്ലാതെ അല്ലാഹു അവരിൽ അല്ലെങ്കിൽ മറ്റു വസ്തുക്കളിൽ ഇറങ്ങി കുടികൊണ്ടുവെന്നോ അവരോ ലോകത്തെ ഏതെങ്കുിലുമൊരു വസ്തവോ അല്ലാഹുവായി മാറിയെന്നോ എന്നോക്കെ അവർ പറയുമെന്നല്ല തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (മദാരിജുസ്സാലികീൻ). ഈ വിഷയത്തിൽ മഹാന്മാരുടെ പൊതു അഭിപ്രായത്തിന് എതിരായി അഭിപ്രായം പറയുകയും തന്റെ വാദത്തിന് മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉണ്ട് എന്ന് വരേ  തെളിവുകളുടെ പിൻബലമില്ലാതെ പറഞ്ഞ് വിമർശകർക്ക് വളം വെച്ചു കൊടുക്കുകയും ചെയ്ത അല്ലാമാ ഇബ്നു തൈമിയ്യ വരേ സ്നേഹാധിരേകത്താൽ ഒരാൾ അത്തരം വചനങ്ങൾ പറഞ്ഞാൽ അത് കുഫ്റാകില്ലെന്ന് പറയാൻ നിർബ്ബന്ധിതനായത് കാണാം (മജ്മൂഉൽ ഫതാവാ)

ചരിത്രത്തിൽ മുൻകാലത്തും പിൽക്കാലത്തും ഫനാഇന്റെ അവസ്ഥയിൽ എത്തിയ ധാരാളം മഹാന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ അവരിൽ ചിലരെ ഉൾക്കൊള്ളാൻ സമകാലികരായ ചില പണ്ഡിതർക്ക് കഴിയാതിരുന്നതും ആ പണ്ഡിതരുടെ ഭരണ രംഗത്തെ സ്വാധീനവും ഇത്തരം മഹാന്മാർ നിന്ദിക്കപ്പെടാനും മർദ്ദിക്കപ്പെടാനും കൊല്ലപ്പെടാനും വരേ കാരണമായിട്ടുണ്ട്. ആ തരത്തിൽ ഏറ്റവും മൃഗീയമായി കൊലചെയ്യപ്പെട്ട അല്ലാഹുവിന്റെ ആരിഫായ വലിയ്യായിരുന്നു ശൈഖ് ഹുസൈനു ബിൻ മൻസൂർ അൽ ഹല്ലാജ് (റ). ചരിത്രത്തിലെത്തന്നെ തുല്യതയില്ലാത്ത നര ഹത്യകളിലൊന്നായ ആ കൊലപാതകത്തെ വിശദീകരിക്കാൻ ഈ എളിയ ചോദ്യോത്തര പംക്തിക്ക് പ്രാപ്തിയില്ലെന്ന സങ്കടം അറിയിക്കുന്നു. എന്നാൽ ആ കാലത്ത് തന്നെ ഭൂരിഭാഗം ജനങ്ങൾക്കോ പണ്ഡിതർക്കോ അതിനോട് യോജിപ്പില്ലായിരുന്നുവെന്നും തന്നെ തെറ്റിദ്ധരിച്ചവരോട് ഞാൻ അല്ലാഹുവിനെ ആരാധിക്കുന്ന, മറ്റുള്ളവരേക്കാൾ കൂടുതൽ നിസ്കാരവും നോമ്പും അധികരിപ്പിക്കുന്ന സാധാരണക്കാരൻ മാത്രമാണെന്നും തന്റെ വിശ്വാസം ഇസ്ലാമും തന്റെ മദ്ഹബ് സുന്നത്തുമാണെന്നും അദ്ദേഹം പറയുമായിരുന്നുവെന്നും ആയിരം പ്രാവശ്യം അദ്ദേഹത്തെ ചാട്ടവാറടി അടിച്ചപ്പോൾ ഓരോ അടിയേൽക്കുമ്പോഴും അദ്ദേഹം കഴിയുന്നത്ര ഉച്ചത്തിൽ അഹ്ദ്, അഹദ് എന്ന പറയുന്നുണ്ടായിരുന്നുവെന്നും ചരിത്ര ഗന്ഥങ്ങളിൽ കാണാം (അൽ ബിദായത്തു വന്നിഹായ, താരീഖ് ഇബ്നുൽ അസീർ). അതു പോലെ പിൽക്കാലത്ത് വന്ന് പിന്നീടങ്ങോട്ടുള്ള കാലഘട്ടങ്ങളിലെ ജനങ്ങൾക്ക് ആത്മീയ വെളിച്ചം നൽകിയ അല്ലാഹുവിന്റെ ഔലിയാക്കളായ പണ്ഡിതന്മാർ ഈ വിഷയത്തിൽ അന്നത്തെ പണ്ഡിതന്മാർക്ക് സംഭവിച്ചത് തെറ്റാണെന്ന് സമൂഹത്തെ ഉൽബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് അബ്ദുൽ ഖാദിൽ ജീലാനി (റ) പറയുന്നു: ‘ഹല്ലാജ് എന്നവർ കൊല്ലപ്പെടുന്ന സമയത്ത് ആരും അവിടെ അദ്ദേഹത്തിന്റെ കൈ പിടിക്കാൻ (അദ്ദേഹത്തെ സഹായിക്കുവാനും പ്രതിരോധിക്കുവാനും) ആരും ഉണ്ടായില്ല. ഞാൻ ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കൈപിടിച്ച് രക്ഷിക്കുമായിരുന്നു’ (ദീവാനുൽ ജീലാനീ). ഇമാം അബുൽ ഹസനുശ്ശാദുലീ (റ) പറയുന്നു: ‘ഹല്ലാജ് (റ) നെ കാഫിറാക്കുന്നവരെ ഞാൻ വെറുക്കുന്നു. ആരെങ്കിലും മഹാനവർകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ മനസ്സിലാക്കീയാൽ അവർക്ക് എന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും മനസ്സിലാകും’. ഇമാം അബ്ദുസ്സലാം അൽ അസ്മർ (റ) പറയുന്നു: ‘ഞാൻ ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് നില കൊള്ളുമായിരുന്നു’. ഇങ്ങനെ ധാരാളം മശാഇഖുമാരും ഖുഫഖഹാഉം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മഹാനവർകൾ ആധ്യത്മിക രംഗത്തെ താര ശോഭയായിരുന്ന ഇമാം സഹ്ലു ബിൻ അബ്ദില്ലാഹിത്തസ്തരി (റ)യിലൂടെ ആത്മ സംസ്കരണ വഴിയിലേക്ക് പ്രവേശിക്കുകയും സയ്യിദുത്താഇഫ അബുൽ ഖാസിം ജുനൈദുൽ ബാഗ്ദാദി (റ), അംറു ബിൻ ഉസ്മാൻ അൽ മക്കി (റ), അബുൽ ഹസൻ അന്നൂരി (റ) തുങ്ങിയവരുടെ ശിഷ്യനായും അതു പോലെ ആധ്യാത്മീക രംഗത്ത് സർവ്വാംഗീകൃതരായ അബുൽഅബ്ബാസിബ്നു അത്വാഇനിൽ ബാഗ്ദാദി (റ), മുഹമ്മദ്‌ ഇബ്നു ഹഫീഫി ശീറാസി (റ), ഇബ്രാഹീമിബ്നു മുഹമ്മദിന്നസ്രാബാദി അന്നൈസാബൂരി (റ) തുടങ്ങിയവരുടെ റബ്ബാനിയായ ശൈഖുമായും അറിയപ്പെടുകയും ചെയ്തിരുന്നു.  (അൽ ബിദായ 11-177) ധാരാളം കറാമത്തുകൾ കാണിച്ച അല്ലാഹുവിന്റെ വലിയ്യായിരുന്നു മഹാനായ ഹല്ലാജ് (റ)  (വഫിയ്യാത്ത്).

ആധ്യത്മിക ലഹരിയുടേയും സ്വയം മറുന്നുള്ള ദിവ്യ പ്രേമത്തിലേയും നെല്ലും പതിരും വേണ്ടത്ര ഗ്രഹിക്കാത്തതിന്റെ ഫലമായോ മറ്റോ ചില പണ്ഡിതന്മാർ ഇസ്ലാം ഒരു നിലയിലും അംഗീകരിക്കാത്ത ഹുലൂലിന്റേയും ഇത്തിഹാദിന്റേയും ഉപാസകരായി ചിത്രീകരിക്കകുയും നാക്ക് കൊണ്ടും പേന കൊണ്ടും ആയുധം കൊണ്ടും ക്രൂശിച്ചു കൊല്ലുകയും ചെയ്ത ആരിഫിങ്ങളായ ഔലിയാക്കളുടെ നിജസ്ഥിത വ്യക്തമാക്കാൻ മഹാനായ ഹല്ലാജ് (റ) നെ ഉദാഹരിച്ചുവെന്നു മാത്രം. ഇമാം ഇബ്നു അറബി, ഇമാം അബൂ യസീദിൽ ബിസ്ത്വാമി തുടങ്ങിയ അല്ലാഹുവിന്റെ ആരിഫീങ്ങളുടെ അവസ്ഥയും ഇതിൽ നിന്നും ഭിന്നമല്ല. ഇമാം സുയൂഥീ (റ), ഇമാം ഇബ്നു ഹജർ അൽ ഹൈത്തമി (റ), ഇമാം ശഅ്റാനി, ഇമാം ഗസാലി (റ), , ശൈഖ് ശിഹാബുദ്ദീൻ അസ്സുഹർവദീ (റ)  തുടങ്ങിയവർ, ഇക്കാര്യത്തിൽ വിമർശക്കുന്നവരുടെ വിമർശനങ്ങളിലും മൌനം അവലംബിക്കുന്നവരുടെ മൌനത്തിലും ആശങ്കപ്പെട്ട് ആശക്കുഴപ്പത്തിലായവർക്ക്, വസ്തുതകൾ വിവരിച്ചു കൊടുത്തവരിൽ പ്രമുഖരാണ്( അൽ ഹാവീ, അൽ അവാരിഫ്, അൽ അസ്നാ, അൽ യവാഖീത്ത്, ഫതാൽ ഹദീസിയ്യ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter