വിഷയം: ‍ സൂഫീ മ്യൂസിക് എന്നൊരു മ്യൂസിക് ഇസ്ലാമിലുണ്ടോ

ഫ്ലൂട്ട് (flute) ഉപയോഗം ഹറാമാണോ? സൂഫിസത്തിൽ മ്യൂസിക് ഉപയോഗം എന്ത് കൊണ്ടാണ് വ്യാപകമായി കാണപ്പെടുന്നത്? ഇമാം ഗസ്സാലി (റ) യുടെ അഭിപ്രായം എന്താണ്?

ചോദ്യകർത്താവ്

Muhammad Hy

Jan 2, 2019

CODE :Fat9036

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (റ) പറയുന്നു: ‘തസ്വവ്വുഫെന്നാല്‍ ശാശ്വതമായ വിജയം കരസ്ഥമാക്കാന്‍ വേണ്ടി ആത്മാവിനെ സംസ്കരിക്കുന്നതും സ്വഭാവം ശുദ്ധീകരിക്കുന്നതും ഉള്ളും പുറവും തഖ്വയാല്‍ നിറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിചയപ്പെടുത്തുന്ന വിജ്ഞാന ശാഖയാണ്’ (അര്‍രിസാലത്തുല്‍ ഖുശൈരിയ്യ). ഈ രീതിയില്‍ മനസ്സും ശരീരവും ഈമാനിന്റെ പ്രഭയാല്‍ തിളങ്ങും വിധം ജീവിതം ക്രമപ്പെടുത്തിയവരാണ് സൂഫികള്‍. റസൂല്‍ (സ്വ)യുടേയും സ്വഹാബത്തിന്റേയും കാലത്ത് ദീനില്‍ ഫിത്ന കുറവായതിനാല്‍ ഈ വിഷയത്തില്‍ കൂടുതലായി ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാല്‍ ഹിജ്റ രണ്ടാം നൂറ്റാണ്ടിലും അതിനു ശേഷവും ജനങ്ങളുടെ ദീനിനെ ദുനിയാവ് അപഹരിക്കുന്നത് സാര്‍വ്വത്രികമായപ്പോള്‍ പണ്ഡിത ലോകം ആത്മ സംസ്കരണത്തെക്കുറിച്ച് ഗൌരവത്തില്‍ ചിന്തിക്കുകയും അത് ചിട്ടയൊത്ത രീതിയില്‍ ജനകീയമാക്കുകയും ചെയ്തു (മുഖദ്ദിമ). ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വിശ്വാസ മേഖലകളില്‍ പില്‍ക്കാലത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ ഇമാമുമാരടക്കമുള്ള എല്ലാ നൂറ്റാണ്ടിലേയും പണ്ഡിത വൃന്ദം ഇത് അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ജീവിത വിജയത്തിന് ഇത് അനിവാര്യമാണെന്ന് പഠിപ്പിക്കുകയും ചെയതവരായിരുന്നു. ഇമാം ശാഫിഈ (റ) പറയുന്നു: എനിക്ക് ദുനിയാവില്‍ മൂന്ന് കാര്യങ്ങള്‍ വളരേ ഇഷ്ടമാണ്. എനിക്ക് ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് കാണിക്കുന്ന സ്വഭാവം വെടിയുക, ജനങ്ങളോട് വളരെ സൌമ്യമായി പെരുമാറുക, സ്വൂഫികളുടെ വഴി പിന്‍പറ്റുക എന്നിവയാണവ (കശ്ഫുല്‍ ഖഫാ). സൂഫികളുടെ വഴിയായ ത്വരീഖത്തിനെക്കുറിച്ച് ലളിതമായി മനസ്സിലാക്കാന്‍ 1 , 2  എന്നിവ വായിക്കുക.

അത് പോലെത്തന്നെ ഈ രംഗം ഉപജീവനത്തന് വേണ്ടി ചൂഷണം ചെയ്തിരുന്നവരുടെ പൊയ്മുഖം തുറന്നു കാട്ടി അവരുടെ ചതിയില്‍പ്പെടാതിരിക്കാന്‍ മുന്‍ഗാമികള്‍ സമൂഹത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇമാം നവവി (റ) പറയുന്നു: ‘തസ്വവ്വുഫ് എന്നാല്‍ അത് വിശുദ്ധ ഖുആനിലും തിരു ഹദീസിലും മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇലും ഖിയാസിലും അധിഷ്ഠിതമായ ആത്മ സംസ്കരണമാണ്. ഇതില്‍ നിന്ന് ഒരിഞ്ചു പോലും വ്യതിചലിച്ച് നടക്കുന്നവന്‍ (പിന്നെ സൂഫിയല്ല, മറിച്ച്) മുബ്തദ്അ് ആണ്. അത്തരക്കാരെ സൂഫികളുടെ പട്ടികയില്‍പ്പെടുത്തി ആദരിക്കാതെ മുബ്തദിഅ് ആയി മാത്രം കണ്ട് തള്ളുകയും എതിര്‍ക്കുകയും വേണം. സൂഫികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നാഫിആയ ഇല്‍മും ശരീഅത്തിന്റെ ആദാബുകള്‍ പാലിച്ചു കൊണ്ടുള്ള അമലും സ്വാലീഹീങ്ങളുമായുള്ള സഹവാസവുമാണ് (അല്‍ മഖാസ്വിദ്).

ഇനി സൂഫീ സംഗീതത്തെക്കുറിച്ച് പറയാം. അങ്ങനെ ഒരു സംഗീതം സൂഫികള്‍ക്ക് മാത്രമായോ മറ്റോ ആരിഫീങ്ങളായ ഔലിയാക്കളാല്‍ ആവിഷ്കരിക്കപ്പെട്ടതായോ നടപ്പാക്കപ്പെട്ടതായോ തെളിവില്ല. പരിഗണനീയരായ പണ്ഡിതരില്‍ ഇമാം ഗസാലി (റ) അടക്കമുള്ള ചില പണ്ഡിതരാണ് ദൈവിക ചിന്തയിലേക്ക് നയിക്കുന്ന എന്നാല്‍ ഒരിഞ്ചു പോലും ദൈവത്തെ മറക്കുന്ന സാഹചര്യം ഉണ്ടാക്കാത്ത വിധത്തലുള്ള വല്ല സംഗീതവുമുണ്ടെങ്കില്‍ അതിന്റെ വിധി കറാഹത്തിനപ്പുറത്തേക്ക് ഹറാമാണെന്ന് തീര്‍ത്തു പറയാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്. അതില്‍ത്തന്നെ വായ കൊണ്ട് ഊതിയിട്ടല്ലാതെ വീണക്കമ്പികള്‍ പോലെയുള്ള കമ്പികളിലൂടെ സംഗീതം വരുന്ന വാദ്യോപകരണങ്ങള്‍ ഹറാമാണ് എന്ന് ഇവരും പറയുന്നുമുണ്ട്. എന്നാല്‍ ഇവരാരും അങ്ങനെ ചെയ്യുകയോ അത് പ്രോത്സാഹിപ്പിക്കുയോ മുന്‍ഗാമികളായ മഹത്തുക്കളായ സൂഫിവര്യന്മാര്‍ അത് പ്രാവര്‍ത്തികമാക്കിയതായി സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല ഈ വിഷയത്തിലെ ഇത്തരമൊരു നിരീക്ഷണം ഒറ്റപ്പെട്ടതാണെന്നും അതിനാല്‍ പരിഗണനീയമോ അനുകരണീയമോ അല്ലെന്നും പില്‍ക്കാലത്തെ മുഹഖ്ഖിഖീങ്ങളായ പണ്ഡിതന്മാര്‍

നടത്തിയ വിശദമായ പഠനങ്ങളില്‍ വ്യക്തമായതായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമാം അദ്റഈ (റ) പറയുന്നു: സംഗീതത്തെക്കുറിച്ച് ഗസ്സാലീ ഇമാം നടത്തിയ നിരീക്ഷണം ഒറ്റപ്പെട്ട അഭിപ്രായമാണ്. മഹാനവര്‍കള്‍ക്ക് മുമ്പ് കഴിഞ്ഞു പോയ പരഗണനീയരായ ഒരു പണ്ഡിതനും അതിനെ പ്രബലമാക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ല’. സൂഫിയാക്കളിലെ എക്കാലത്തേയും അതികായന്മാരിലൊരാളായിരുന്ന മഹാനായ ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ‘കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദങ്ങള്‍ ദൈവ സ്മരണയെ തടയുകയും സൂഫീ രിയാളക്ക് അയോഗ്യനാക്കുകയും ചെയ്യും എന്ന കാരണത്താല്‍ ഹറാമാണ്’.

സംഗീതോപകരണങ്ങള്‍ ഉപയോഗിക്കലും ആ സംഗീതം കേള്‍ക്കലും അനുവദീനയമല്ലെന്ന് നാല് മദ്ഹബുകളിലെ ഇമാമുമാരും വിശദീകരിച്ചിട്ടുണ്ട്. ഇമാം അബൂ ഹനീഫ(റ) ‘സംഗീതം ഹറാമും കുറ്റകരമായ പ്രവര്‍ത്തനവുമാണെന്നും’ ഇമാം മാലിക് (റ) ‘സംഗീതം തെമ്മാടികളുടെ പ്രവര്‍ത്തനമാണെന്നും’ ഇമാം ശാഫിഈ (റ) ‘സംഗീതം തിന്മയിലേക്ക് നയിക്കുന്നതും അതുമായി നടക്കുന്നവന്‍ വിഢ്ഢിയും സാക്ഷി നില്‍ക്കാന്‍ യോഗ്യതയില്ലാത്തവനുമാണെന്നും’ ഇമാം അഹ്മദ് (റ) ‘സംഗീതം ഹൃദയത്തില്‍ കാപട്യം ഉണ്ടാക്കുന്നതായതിനാല്‍ എനിക്കിഷ്ടമല്ലെന്നും’ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതിനാലാണ് വാദ്യോപകരണങ്ങളിലൂടെയുള്ള സംഗീതം ഹറാമാണെന്നത് നാല് മദ്ഹബിലേയും ഇജ്മാണ് ആണ് എന്ന് പില്‍ക്കാല പണ്ഡിതന്മാര്‍ തീര്‍ത്തു പറഞ്ഞത്. ഖാളി ഇയാള് (റ) പറയുന്നു: ‘ഹറാമായ സംഗീതത്തെ ഹലാലാക്കുന്നത് കുഫ്ര്‍ ആണെന്ന കാര്യം ഇജ്മാഅ് ആണ്’.  

ഖാതിമത്തുല്‍ മുഹഖ്ഖിഖീന്‍ ഇമാം ഇബ്നു ഹജര്‍ അല്‍ഹൈത്തമി (റ) പറയുന്നു: ‘ഇന്ന് അറിയപ്പെടുന്ന ഏത് തരം സംഗീതോപകരണവും ഹറാമാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. ഒന്നുകില്‍ ഈ വിഷയം വിലയിരുത്തുന്നതില്‍ പിഴവ് സംഭവിച്ചവരോ അല്ലെങ്കില്‍ അല്ലാഹു ഹിദായത്ത് തടയുകയും തന്റെ ദേഹേച്ഛ തന്നെ ആത്മീയമായി അന്ധനും ബധിരനുമാകുന്ന വിധം ആധിപത്യം സ്ഥാപിക്കുകയും ചെയ്ത് മരവിച്ചവനോ അല്ലാതെ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാമുണ്ടെന്ന് ആരും പറയില്ല’. ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ‘സംഗീതോപരകണങ്ങളില്‍ നിന്ന് വരുന്ന സംഗീതം കേള്‍ക്കല്‍ ഹറാമാണെന്ന കാര്യത്തില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതരില്‍ പരിഗണനീയരായ ആര്‍ക്കും അഭിപ്രായ വ്യത്യാസ’മില്ല. ഇമാം ബഗ് വീ(റ), ഇമാം ത്വബ്രി (റ), ഇമാം ഇബ്നുസ്സ്വലാഹ്(റ) തുടങ്ങിയ ധാരാളം ഇമാമുമാര്‍ സംഗീതോപകരണം ഹറാമണെന്നത് ഇജ്മാഅ് ആണെന്നും അതിലെ ഏതെങ്കിലും ഒരിനം ഹലാലാണെന്ന് പറയുന്നവര്‍ സ്വീകരിക്കുന്ന തെളിവകള്‍ അടിസ്ഥാന രഹിതമാണെന്നും സമര്‍ത്ഥിക്കുന്നുണ്ട്. ഇമാം മുല്ലാ അലിയ്യുല്‍ ഖാരീ (റ) പറയുന്നു: ‘ഇന്നത്തെ പല പണ്ഡിതന്മാരും ഗാനമേളയോടും സംഗീതത്തോടും ആഭിമുഖ്യം കാണിക്കുന്നതായി കാണുന്നു. ആ വിഷയത്തിലുള്ള അനാവശ്യമായ അഭിപ്രായ വ്യത്യാസത്തന്റെ മറപിടിച്ചാണത്. യഥാര്‍ത്ഥില്‍ ദീനില്‍ നിഷിദ്ധമായ ഈ രണ്ടു കാര്യങ്ങളേയും ഹലാലാക്കുകയാണ്  ഇവര്‍ ചെയ്യുന്നത്. കാരണം ഇവ ഹറാമാണെന്ന കാര്യത്തില്‍ ഫിഖ്ഹിന്റെ അഹ്ലുകാരായ ഇമാമുമാരും തസ്വവ്വുഫിന്റെ അഹ്ലുകാരായ മശാഇഖുമാരും ഏകോപിച്ചിരിക്കുന്നു’

(തല്‍ബീസു ഇബ്ലീസ്, അസ്സവാജിര്‍, ശറഹുസ്സുന്ന, തഫ്സീര്‍ ഖുര്‍ത്വുബി, ഗിദാഉല്‍ അല്‍ബാബ്, അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ഇഗാസത്തുല്ലഹ്ഫാന്‍, ശറഹു ഐനില്‍ ഇല്‍മ്, ഫത്ഹുല്‍ അസ്മാഅ്, അല്‍ ഇഅ്തിനാഉ ബില്‍ഗീനാഅ്, കഫ്ഫുര്‍റആഅ്, അല്‍ കാഫീ, മുഗ്നീ ഇബ്നു ഖുദാമ, അല്‍ഫുറൂഅ്, ശറഹുമുസ്ലിം.......).

കാര്യങ്ങള്‍ ഇവ്വിധം വ്യക്തമാക്കപ്പെട്ടിരിക്കെ പിന്നെ സൂഫീ സംഗീതം എന്ന ആശയം എങ്ങനെ വന്നുവെന്നതാണ് ഏറെ കൌതുകകരം. മഹാന്മാരായ പല സൂഫീവര്യന്മാരും അല്ലാഹുവിനോടുള്ള അഗാധമായ പ്രണയവും ദുനിയാവിനോടുള്ള ശക്തമായ വെറുപ്പും കൊണ്ട് അവര്‍ അനുഭവിക്കുന്ന സകല ഐഹിക ബന്ധനങ്ങളില്‍ നിന്നും മുക്തവും സ്വതന്ത്രവുമായ ആത്മീയ നിര്‍വൃതിയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ചില കവിതകളും മറ്റുമൊക്കെ രചിക്കുകയും ചൊല്ലുകയും ചെയ്തിട്ടുണ്ട്. പിന്നീട് വന്ന താന്തോന്നികളായി നടന്ന ആരുടേയും (അല്ലാഹുവിന്റേയും പടപ്പുകളുടേയും) യാതൊരു നിയമവും പാലിക്കാതെ തന്നിഷ്ടപ്രകാരം ജീവിച്ച മുസ്ലിംകളും അമുസ്ലിംകളുമായ പല ബുദ്ധിജീവികളും ഇത്തരം ഗദ്യങ്ങളേയും പദ്യങ്ങളേയും എടുത്തുദ്ധരിച്ച് അവയെ തങ്ങളുടെ വഴിവിട്ട ജീവിതം ശരിയായണെന്നതിന് തെളിവായി പ്രചരിപ്പിച്ച് തങ്ങളും അവരെപ്പോലെയുള്ള സൂഫികളാണെന്ന് കയ്യടിച്ച് പാസ്സാക്കി ഒരു വ്യാജ മതേതര സൂഫീ ട്രെന്റ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവര്‍ക്ക് വിശുദ്ധ ഖുആനും തിരു ഹദീസും ദീനിന്റെ വിധിവിലക്കുകളും ശരിയായ വിധം അറിയുകയില്ല, അവ അവര്‍ ഗൌരവമായി പരിഗണിക്കാറുമില്ല, പകരം ഭാവനകളിലും ചൂഷണങ്ങളിലും അധിഷ്ഠിതമായ തങ്ങളുടെ സ്വതന്ത്ര ചിന്തക്ക് സൂഫിസത്തെ മറപിടിക്കുകയാണവര്‍ ചെയ്തു വരുന്നത്. വ്യാജ സിദ്ധന്മാരുടേയും കപട ഭക്തന്മാരുടേയും ആധിക്യവും മുമ്പ് ചില പണ്ഡിതന്മാര്‍ സംഗീതവുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയ ചില അപൂർണ്ണമായ കാര്യങ്ങളെ ആസ്പദമാക്കി അവർ നിര്‍ദോഷമായും നിബന്ധനകൾക്ക് വിധേയമായും വ്യക്തമാക്കിയ ചില അഭിപ്രായ പ്രകടനങ്ങളെ എടുത്തുദ്ധരിച്ച് അവയുടെ ശക്തമായ മറുവശവും അത് ഹറാമാണെന്ന ഉമ്മത്തിന്റെ എക്കാലത്തേയും ഇജ്മാഉം മറച്ചുവെച്ച് ചില ആധുനിക പണ്ഡിതര്‍ നടത്തുന്ന അവസരവാദ നിലപാടുകളും ഇവര്‍ക്ക് വളമാകുകയും ചെയ്തു. സൂഫീ ഗാനമേളയും സൂഫീ സംഗീത വിരുന്നും നടത്തി അരങ്ങു തകര്‍ക്കുന്ന ഇക്കൂട്ടര്‍ ഒരിക്കലും സൂഫികളല്ല, ദീനിന്റെ കാര്യത്തിലോ ദുന്യാവിന്റെ കാര്യത്തിലോ ശരീഅത്തിന്റെ അഹ്ലുകാര്‍ക്കോ ത്വരീഖത്തിന്റെ അഹ്ലുകാര്‍ക്കോ ഇവര്‍ തെളിവുമല്ല. പ്രത്യുത ഇവര്‍ ഇമാം അബൂഹനീഫാ (റ) വിന്റെ അഭിപ്രായത്തില്‍ പാപികളും ഇമാം മാലിക് (റ) അഭിപ്രായത്തില്‍ തെമ്മാടികളും ഇമാം ശാഫിഈ (റ)ന്റെ അഭിപ്രായത്തില്‍ വിഢ്ഢികളും ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ (റ) ന്റെ അഭിപ്രായത്തില്‍ മുനാഫിഖീങ്ങളുമാണ് نعوذ بالله .      

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter