സ്വഹാബിയായ അബ്ദുല്ല എന്നവര്‍ ആവർത്തിച്ചു തെറ്റ് ചെയ്തുവെന്ന് ഹദീസില്‍ കാണുന്നുണ്ട്. അപ്പോള്‍ ഒരുപാട് കാലം പിറകെയുള്ള നമ്മുടെ അവസ്ഥ എന്താണ്? ഉമര്‍ (റ) നിവേദനം: നബി(സ)യുടെ കാലത്ത്‌ അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങള്‍ അയാളെ (ഹിമാര്‍ ) എന്നാണ്‌ വിളിച്ചിരുന്നത്‌. അയാള്‍ നബി(സ)യെ തമാശ പറഞ്ഞ്‌ ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച കാരണം നബി(സ) അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നില്‍ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്പനപ്രകാരം അനുചരന്മാര്‍ അയാളെ അടിച്ചു. കൂട്ടത്തിലൊരാള്‍ പറഞ്ഞു. അല്ലാഹു നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി നിന്നെ മദ്യപിച്ച നിലക്ക്‌ പിടിച്ചുകൊണ്ടുവരുന്നു. നബി(സ) അരുളി: നിങ്ങളയാളെ ശപിക്കരുത്‌. അല്ലാഹു സത്യം! അയാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന്‌ തന്നെയാണ്‌ എന്‍റെ അറിവ്‌ (ബുഖാരി) .

ചോദ്യകർത്താവ്

Mishal

Feb 10, 2020

CODE :Abo9604

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

23 വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് നബി(സ്വ) ദീനുല്‍ഇസ്ലാമിന്‍റെ ദഅ്,വത്ത് പൂര്‍ത്തീകരിച്ചത്. നുബുവ്വത് ലഭിച്ച് പ്രബോധനം ആരംഭിച്ചത് മുതല്‍ കള്ളും പെണ്ണും യുദ്ധവും നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ ജനതയെയാണ് ഇസ്ലാമിന്‍റെ മഹിതമായ സംസ്കാരത്തിലേക്ക് നബി(സ്വ) കൈപിടിച്ചുകൊണ്ടുവന്നത്.

നെറികേടിന്‍റെ അങ്ങേയറ്റത്തുള്ള ഒരു സമൂഹത്തെ നേരിന്‍റെ പരിപൂര്‍ണതയിലെത്തിക്കുകയെന്നത് ഘട്ടംഘട്ടമായേ നടക്കൂ എന്നത് നമുക്കറിയാമല്ലോ. അതുകൊണ്ടുതന്നെയാണ് ഇസ്ലാം കടുത്ത ഭാഷയില്‍ വിലക്കിയ മദ്യോപയോഗം നിരോധിക്കാന്‍ പല ഘട്ടങ്ങളായി ആയത്തുകളിറക്കി വളരെ തന്ത്രപരമായും മനശാസ്ത്രപരമായുമുള്ള സമീപനം കൈകൊണ്ടത്.

ഇസ്ലാം എന്നത് മഹിതവും ദൈവികവുമായ ഒരു സംസ്കാരമാണ്. ഒരു സംസ്കാരത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും വികാസവും നിലനില്‍പുമെല്ലാം പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ്. ഇസ്ലാം അല്ലാഹു നല്‍കിയ സംസ്കാരമായതിനാല്‍ അതിന് മറ്റേതിനേക്കാളും ചില പ്രത്യേകതകളുണ്ടെന്നത് സുവ്യക്തമാണ്.

വിവിധപ്രദേശക്കാരും  പല സ്വഭാവക്കാരും പലതരക്കാരുമായ സ്വഹാബികളുടെ ജീവിതത്തിന്‍റെ നാനാതുറകളിലുള്ള വിഷയങ്ങളെയും പലഘട്ടങ്ങളിലൂടെയായി അല്ലാഹുവില്‍ നിന്നുള്ള വഹ്’യനുസരിച്ച് നബി(സ്വ) സംസ്കരിച്ചെടുത്ത് പൂര്‍ത്തീകരിച്ചു തന്നതാണ് ഇസ്ലാം.

ചുരുക്കത്തില്‍, സ്വഹാബിയായ ഒരാളുടെ പക്കല്‍നിന്ന് കുറ്റങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചുവെന്നത് അത്യല്‍ഭുതത്തോടെ കാണുകയും അതിനോട് തുലനം ചെയത് കാലങ്ങള്‍ക്കിപ്പുറമുള്ള നമ്മുടെ തെറ്റുകുറ്റങ്ങളെ ചെറുതാക്കിക്കാണുകയും ചെയ്യുകയെന്നത് അര്‍ത്ഥശൂന്യമാണ്.

നബി(സ്വ)യെ കാണുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത സ്വഹാബികളോടെ തന്നെ നബിയെ കാണാതെ നബിയില്‍ വിശ്വസിച്ച് ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുന്ന വരുംതലമുറയിലെ ഉമ്മത്തിനെ കുറിച്ച് (അവരാണെന്‍റെ സഹോദരന്മാരെന്ന്) വളരെ വികാരത്തോടെ നബി(സ്വ) പറഞ്ഞതായി നിരവധി ഹദീസുകളിലുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter