അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


നബി(സ്വ)യുടെ മോതിരം ഇടതുകയ്യിലെ ചെറുവിരലിലായിരുന്നു എന്ന് അനസ്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് സ്വഹീഹ് മുസ് ലിമി(ഹദീസ് നമ്പര്‍ 5610)ല്‍ കാണാം.


നബി(സ്വ)യുടെ മോതിരം വെള്ളിനിര്‍മിതവും അതിന്‍റെ കല്ല് എത്യോപ്യന്‍(ഹബ്ശ)ആയിരുന്നു എന്നും സുനനുഅബീദാഊദി(ഹദീസ് നമ്പര്‍ 4218)ലും സുനനുത്തുര്‍മുദി(ഹദീസ് നമ്പര്‍ 1739)ലും കാണാം.


നബി(സ്വ) മോതിരം അതിന്‍റെ കല്ല് അടക്കം വെള്ളിനിര്‍മിതമായിരുന്നു എന്ന് സുനുഅബീദാഊദില്‍(ഹദീസ് നമ്പര്‍ 4219) കാണാം.


നബിയുടെ മോതിരത്തില്‍ മൂന്ന് വരികളായി മുഹമ്മദുന്‍ റസൂലുല്ലാഹ് (മുഹമ്മദ്/റസൂല്‍/അല്ലാഹ്) എന്ന് കൊത്തിവെക്കപ്പെട്ടിരുന്നു എന്നത് സുനനുത്തുര്‍മുദി(ഹദീസ് 1747)ല്‍ കാണം.


നബി(സ്വ) റോമക്കാര്‍ക്ക് കത്തയക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ റോമക്കാര്‍ സീലു വെക്കാത്ത കത്തുകള്‍ വായിക്കില്ലെന്ന് സ്വഹാബികള്‍ പറയഞ്ഞപ്പോഴാണ് നബി(സ്വ) വെള്ളിയാലുള്ള മോതിരം ഉണ്ടാക്കിയത് എന്ന് സുനനുന്നസാഈ(ഹദീസ് 5201)ല്‍ കാണാം.


നബി(സ്വ) മോതിരം ധരിക്കുമ്പോള്‍ മോതിരക്കല്ല് കൈപള്ളയുടെ ഭാഗത്തേക്കാക്കിയാണ് ധരിച്ചിരുന്നത് എന്ന് സുനനുന്നസാഈ(9448)യില്‍ കാണാം.


അനസ്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹദീസായി സ്വഹീഹുല്‍ബുഖാരി(5879)യില്‍ കാണാം: നബി(സ്വ)മോതിരം നബിയുടെ കയ്യിലായിരുന്നു. നബിതങ്ങളുടെ കാലശേഷം അത് അബൂബകര്‍ സിദ്ദീഖ്(റ)ന്‍റെ കയ്യിലും അവരുടെ കാലശേഷം ഉമര്‍(റ)ന്‍റെ കയ്യിലുമായിരുന്നു. പിന്നീട് അത് ഉസ്മാന്‍(റ)ന്‍റെ കയ്യിലെത്തുകയും ഒരിക്കല്‍ അരീസ് കിണറിനടത്തിരുന്ന് മോതിരം ഊരി അതുകൊണ്ട് കയ്യില്‍ അങ്ങോട്ടുമിങ്ങോട്ടും വെക്കുന്നതിനിടയില്‍ ആ കിണറിലേക്കത് വീണു. അങ്ങനെ ഉസ്മാന്‍ തങ്ങളും മറ്റെല്ലാവരും  ചേര്‍ന്ന് മൂന്ന് ദിവസം ആ കിണറിലെ വെള്ളം വറ്റിച്ച് മോതിരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.


ഖുലഫാഉര്‍റാശിദീങ്ങളായ മൂന്ന് പേരും നബിയുടെ അതേ മോതിരം ധരിച്ചിരുന്നുവെന്ന് സ്വഹീഹുല്‍ബുഖാരിയില‍് തന്നെ കണ്ടല്ലോ. അതുപോലെ, മുന്‍ഗാമികളും പിന്ഗാമികളുമായ ഒട്ടനവധി മഹാന്മാര്‍ മുഹമ്മദുന്‍ റസൂലുള്ളാഹ് എന്നെഴുതപ്പെട്ട മോതിരം ധരിച്ചിരുന്നുവെന്നും അത് അനുവദനീയമാണെന്നും മജ്മൂഇല്‍ ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്.


മലമൂത്രവിസര്‍ജനവേളകളില്‍ മ്ലേച്ഛമായ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇത്തരം ബഹുമാനിക്കപ്പെടേണ്ടതായ വസ്തുക്കളെ മാറ്റിവെക്കണമെന്നതും ഇവിടെ ശ്രദ്ധക്കേണ്ടതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.