അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ പോലെയുള്ള അന്യ മതക്കാരുടെ ആരാധനാലയങ്ങളില്‍ ബിംബങ്ങളടക്കമള്ള അവരുടെ അരാധ്യ വസ്തുക്കളോ അവയുടേയോ അനുബന്ധ വസ്തുക്കളുടേയോ ചിത്രങ്ങളോ ഉണ്ടെങ്കില്‍ അവിടെ പ്രവേശിക്കല്‍ ഹറാമാണ് (തുഹ്ഫ, നിഹായ, മുഗ്നി).


അല്ലാഹുവാണ് ഒരുവന്‍ എന്ന് അറിഞ്ഞ ഒരാള്‍ പിന്നീട് അമ്പലങ്ങളിലും ചര്‍ച്ചുകളിലും പോയി പ്രയാസങ്ങളും സങ്കടങ്ങളും പറയല്‍‌ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയോ പൊറുക്കുകയോ ചെയ്യാത്ത ശിര്‍ക്കും (സൂറത്തുന്നിസാഅ്) നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനോട് കാണിക്കുന്ന വലിയ അക്രമവുമാണ് (സൂറത്തു ലുഖ്മാന്‍). അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് മാത്രമല്ല അല്ലാഹുവിനേയും അവന്റെ ആരാധനയേയും തൊട്ട് കളിക്കില്ലെന്ന് ഇതര മതക്കാരോട് തുറന്ന് പറയുകയും വേണം (സൂറത്തുല്‍ കാഫിറൂന്‍). ഇതര മതസ്ഥരുടെ ആരാധ്യ വസ്തുക്കളോടും ആരാധനാലയങ്ങളിലും സങ്കടങ്ങളും പ്രയാസങ്ങളും പറയുന്നത് തനി ശിര്‍ക്കാണ്. ഇക്കാര്യത്തില്‍ ഇസ്ലാമില്‍ ഒരു വിഭാഗത്തിനും അഭിപ്രായ വ്യത്യാസമില്ല. അങ്ങനെ ചെയ്താല്‍ അവന്‍ ശിര്‍ക്ക് ചെയ്തവനായി ഇസ്ലാമില്‍ നിന്ന് പുറത്തു പോകുകയും അവന്‍ ചെയ്ത എല്ലാ സല്‍കര്‍മ്മങ്ങളും പൊളിയുകയും പരാജയികളില്‍ ഉള്‍പ്പെടുകയും ചെയ്യും. അതിനാല്‍ അല്ലാഹുവിനെ മാത്രം ആരാധിച്ച് അവനോട് നന്ദി കാണിക്കുന്നവരില്‍ ഉള്‍പ്പെടുക. ഇക്കാര്യം അല്ലാഹു തആലാ എല്ലാ പ്രവാചകന്മാരോടും അവരുടെ സമുദായങ്ങളോടും വ്യക്തമായി പറഞ്ഞതാണ് (സൂറത്തുസ്സുമര്‍). ഒരു മുസ്ലിം ഈ രിതിയില്‍ ജീവിച്ച് മരിച്ചാല്‍ ആ മരണം കാഫിറായിട്ടായിരിക്കും സംഭവിക്കുക, അതോടെ അവന്റെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമാകുകയും നരകത്തില്‍ അവന്‍ ശാശ്വതനായിരിക്കുകയും ചെയ്യും (സൂറത്തുല്‍ ബഖറഃ). ഈ രീതിയില്‍ ജീവിച്ച് മരിക്കുന്നവരെ അല്ലാഹുവും മലക്കുകളും മുഴുവന്‍ ജനങ്ങളും ശപിക്കുകയും ചെയ്യും (സൂറത്തുല്‍ ബഖറഃ). ചുരുക്കത്തില്‍ മതേതരത്വത്തിന്റേയോ ബഹുസ്വരതയുടേയോ സൌഹൃദത്തിന്റേയോ പേരില്‍ അല്ലാഹുവിനേയോ അവന്റെ ആരാധനയേയോ വിലകുറച്ച് കണ്ടാല്‍ അവനെ ഇസ്ലാമില്‍ നിന്ന്, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന്, അവന്റെ സ്വര്‍ഗത്തില്‍ നിന്നെല്ലാം അല്ലാഹു അകറ്റുും معاذ الله  .


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.