'രിജാലുൽ ഗൈബ്' എന്നാൽ എന്താണ് ?

ചോദ്യകർത്താവ്

oru sahodhari

Mar 3, 2019

CODE :Abo9187

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

രിജാലുൽ ഗൈബ് എന്നാൽ അദൃശ്യരായ മനുഷ്യർ. അങ്ങനെ ചില മനുഷ്യരെപ്പറ്റി പറയപ്പെടാൻ കാരണം സാധാരണഗതിയിൽ അധിമാളുകളുടേയും നിരീക്ഷണ പരിസരങ്ങളിൽ സാർവ്വത്രികമായി കാണാനും വ്യക്തമായി മനസ്സിലാക്കാനും കഴിയാത്ത, അല്ലാഹുവുമായി ഏറേ അടുത്ത, ആത്മ വിശിദ്ധി കൈവരിച്ച മനുഷ്യരാണവർ (അൽ ഫതാവൽ ഹദീസിയ്യഃ). അവർ ലോകത്തെ അത്യുൽകൃഷ്ടരിൽ പെട്ടവരും ഭൂമിയുടെ സുകൃതവുമാണവർ.

നബി (സ്വ) അരുൾ ചെയ്തു: “നിങ്ങൾ യാത്ര ചെയ്യുമ്പോൾ വഴി തെറ്റിയാൽ അല്ലെങ്കിൽ ഏതെങ്കിലും വിജനമായ സ്ഥലത്ത് നിങ്ങൾക്ക് വല്ല സഹായവും ആവശ്യമായി വരികയാണെങ്കിൽ ‘അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കുവീൻ, അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കുവീൻ’ എന്ന് പറയുക. കാരണം തിർച്ചയായും നിങ്ങൾക്ക് കാണാൻ കഴിയാത്ത ചില അടിമകൾ അല്ലാഹുവിനുണ്ട്”.-അഥവാ അവർ നിങ്ങളെ സഹായിക്കും-. (ത്വബ്റാനി).  ഇക്കാര്യം പലരും പരീക്ഷിച്ച് ബോധ്യപ്പെട്ടതാണെന്ന് ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ത്വബ്റാനി (റ) യും (അൽ മുഅ്ജമുൽ കബീർ) ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ) വും (മസാഇലുൽ ഇമാം അഹ്മ്ദ്) സാക്ഷ്യപ്പെടുത്തുന്നുണ്ട്.  

നബി (സ്വ) അരുൾ ചെയ്തു: “നിങ്ങളുടെ മൃഗം വിജനമായ സ്ഥലത്ത് വെച്ച് ഓടിപ്പോയാൽ നിങ്ങൾ വിളിച്ചു പറയുക: ‘അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ അതിനെ പിടിച്ചു കെട്ടുവീൻ,’ കാരണം ഭൂമിയിൽ അല്ലാവിന്റെ ചില സൃഷ്ടികൾ സദാ ജാഗ്രതിയിലാണ്. അവർ അതിനെ പിടിച്ചു കെട്ടും” (അൽ മുഅ്ജമുൽ കബീർ, അദ്കാർ, അൽമത്വാബുൽ ആലിയ, മുസ്നദു അബീ യഅ്ലാ, അമലുൽ യൌമി വല്ലൈലഃ). ഈ ഹദീസ് ഉദ്ധരിച്ച ഇമാം നവവി (റ) സ്വന്തം അനുഭവത്തിൽ ഇത് ബോധ്യപ്പെട്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (അദ്കാർ). ഇവിടെ നാം കാണാത്ത എന്നാൽ നമ്മെ സഹായിക്കുന്ന അല്ലാഹുവിന്റെ അടിമകൾ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മനുഷ്യനോ ജിന്നോ മലക്കോ  ആകാം എന്ന് ഇമാം സൂയൂഥി (റ)യും ഇമാം മനാവി (റ) യും രേഖപ്പെടുത്തിയിട്ടുണ്ട് (ശറഹു ജാമിഇസ്സഗീർ, ശറഹുത്തൈസീർ).

രിജാലുൽ ഗൈബിലെ ഏറ്റവും ഉയർന്ന വ്യക്തിത്തമാണ് ഖുത്വുബ്, വ്യക്തി വിശുദ്ധി അതിന്റെ ഉന്നത തലത്തിലെത്തിയ, അല്ലാഹുവുമായി ഏറെ അടുത്ത്  അല്ലാഹുവിനെ അനുഭവിച്ചറിയുന്ന ഔലിയാക്കളുടെ നേതൃ സ്ഥാനമാണ് ഖുത്വുബ്. ഈ പദവി ഒരു സമയത്ത് ഒരാൾ മാത്രമേ അലങ്കരിക്കൂ.. പദവിയിൽ തൊട്ടു താഴെയുള്ളത് നാലു പേരാണ്. അവർക്ക് ഔതാദ് എന്ന് പറയപ്പെടും. അവർക്ക് താഴെ ഏഴു പേരാണ്, അവർക്ക് അബ്ദാൽ എന്ന് പറയപ്പെടുന്നു. അവർക്കു താഴെ നുഖബാഅ് എന്ന് അറിയപ്പെടുന്ന നാൽപതു പേരാണ്. അവർക്കു താഴെ നുജബാഅ് എന്ന പദവിയിൽ അറിയപ്പെടുന്ന മുന്നൂറ് പേരാണ്. ഇവരിൽ ഖുത്വുബ് മരണപ്പെട്ടാൽ ഔതാദിൽ നിന്ന് ഒരാൾ ഖുത്വുബായി ഉയരുകുയും തുടർന്ന് താഴയുള്ള പദിവികളിലുള്ളവരിൽ ഓരോരുത്തർ തൊട്ടു മുകളിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും. അന്ത്യാനാളാകുമ്പോൾ അവരെയെല്ലാം അല്ലാഹു മരിപ്പിക്കും. അവരാണ് അല്ലാഹുവിന്റെ അടിമകളെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നത്. അവർ കാരണമാണ് മുകളിൽ നിന്ന് മഴ വർഷിക്കുന്നതും (അൽ ഫതാവൽ ഹദീസിയ്യ)

ചുരുക്കത്തിൽ തെറ്റുകളും ധിക്കാരങ്ങളും മാത്രം ചെയ്ത് ലോകം അല്ലാഹുവിനെ മറന്നു കൊണ്ടിരിക്കമ്പോഴും അല്ലാഹുവിന്റെ കോപം ഈ ഭൂമിയെ ഭസ്മമാക്കാത്തത് ഇത്തരം ഉൽകൃഷ്ട ജന്മങ്ങളുടെ സാന്നിധ്യമാണ്. അഥവാ ഇവരാണ് യഥാർത്ഥത്തിൽ ഈ ഭൂമിയുടെ സുകൃതം. മരിക്കുന്നതിന് മുമ്പ് ഇവരുടെ കൂട്ടത്തിലേക്ക് പാപികളായ നമ്മെ അല്ലാഹു ഉയർത്തി അനുഗ്രഹിക്കട്ടേ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter