മറ്റു മതസ്ഥർ പ്രാകിയാൽ അല്ലെങ്കിൽ ശപിച്ചാൽ മുസ്ലിമിന് അത് നിൽക്കുമോ? നമ്മൾ ഭയപ്പെടേണ്ടതുണ്ടോ അവരുടെ മനസ്സ് വേദനിച്ചിട്ടാണു പ്രാകുന്നതും ശപികുനതും എങ്കിലോ?

ചോദ്യകർത്താവ്

sumayya

Jan 16, 2019

CODE :Abo9069

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാപം എന്നാൽ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് അകറ്റട്ടേയെന്ന പ്രാർത്ഥനയാണ് (ഇആനത്ത്). ഇത് യഥാർത്ഥത്തിൽ അവിശ്വാസത്തിന്മേൽ മരണപ്പെട്ടവർക്ക് മാത്രമേ ഏൽക്കുകയുള്ളൂ (സൂറത്തുൽ ബഖറഃ) അഥവാ ഒരു മുസ്ലിമിനെ ഒരു മുസ്ലിം ശപിച്ചാലോ അല്ലാത്തവൻ ശപിച്ചാലോ ഏൽക്കുകയില്ല.

അത് പോലെ നിലവിൽ അവിശ്വാസികളായവർ അതേ അവസ്ഥയിലാണോ മരിക്കുന്നത് എന്നും അവിശ്വാസികളായിരുന്നവരൊക്കെ മരിച്ചപ്പോൾ അവർക്ക് ഈമാൻ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ആർക്കും തീർത്ത് പറയാൻ പറ്റാത്തത് ആരും ആരെയും ശപിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. ശാപം അത് ഒരു മുസ്ലിലിമിനെതിരെയാണെങ്കിലും ഏതെങ്കിലും അവിശ്വാസിക്കെതിരേയാണെങ്കിലും മൃഗത്തിനെതിരെയാണെങ്കിലും നടത്തൽ ഹറാമാണ്. (സവാജിർ).

ഇനി ആരെങ്കിലും ആരെയെങ്കിലും ശപിച്ചാൽ ശപിക്കപ്പെട്ടവൻ നേരത്തെ പറയപ്പെട്ട രീതിയിൽ അതിന് അർഹനല്ലെങ്കിൽ ആ ശാപം അയാൾക്ക് തന്നെ തിരിച്ചടിക്കുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (അബു ദാവൂദ്, ഫത്ഹുൽ ബാരി). അതിനാൽ ആ പണിക്ക് ആരും മുതിരരുത്.  

എന്നാൽ ഒരാളെ ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ഒക്കെ മുറിപ്പെടുത്തിയിട്ട് അത് സഹിക്കാൻ കഴിയാതെ അയാൾ അത് അവിശ്വാസിയാണെങ്കിലും ശരി പ്രാർത്ഥിച്ചാൽ ആ വിളിക്ക് അല്ലാഹു ഉത്തരം ചെയ്യും. അക്രമിക്കപ്പെട്ടവന്റെ മനസ്സിന്റെ വിളി അത് അവിശ്വാസിയുടേതാണെങ്കിലും ഉത്തരം ചെയ്യാതെ മടക്കപ്പെടില്ലെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ത്വബ്റാനി, അബു ശൈബഃ, ത്വയാലിസി) അതിനാൽ നാം ആരോട് അതിക്രമം കാണിച്ചാലും ആരെ പ്രയാസപ്പെടുത്തിയാലും അവരോട് മാപ്പിരന്ന് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷ നേടേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter