അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


മസീഹ് എന്നത് ഇസാ നബി (അ)ന്റേയും ദജജാലിന്റേയും വിശേഷണമാണ്.


ഈസാ നബി (അ)ന് ആ പേര് വരാനുള്ള കാരണം ബഹുമാനപ്പെട്ടവർ ഏത് രോഗിയെ തടവിയാലും അയാളുടെ അസുഖം സുഖമാകും എന്നതും ബഹമാനപ്പെട്ടവരുടെ കാലിന്റെ അടിഭാഗം ഒരേ പോലെ നിരപ്പായതായിരുന്നു എന്നതും ബഹുമാനപ്പെട്ടവർ പ്രവസവിക്കപ്പെട്ടത് എണ്ണ പുരട്ടപ്പെട്ട അവസ്ഥയിലായിരുന്നു എന്നതും പ്രവസ സമയത്ത് ബറകത്ത് കൊണ്ട് കടാക്ഷിക്കപ്പെവരായിരുന്നുവെന്നതും മറ്റുമാണ്.


ദജ്ജാലിന് ആ പേര് വരാനുള്ള കാരണം അയാളുടെ ഒരു കണ്ണിന്റെ ഭാഗം നിരപ്പായ ഒറ്റക്കണ്ണനാണ് എന്നതും അവസാന നാളിൽ പുറത്ത് വരുമ്പോൾ മക്കയും മദീനയുമല്ലാത്ത ഭൂമിയുടെ എല്ലാ ദിക്കിലും അവൻ സഞ്ചരിച്ചെത്തും എന്നതും മറ്റുമാണ്. (ശറഹ് മുസ്ലിം)


ഈസാ നബി (അ) ആരാണെന്ന് പ്രസവിച്ച ഉടൻ ഈസാ നബി (അ) തന്നെ ലോകത്തോട് പ്രഖ്യാപിച്ചത് വിശദ്ധ ഖുർആൻ എടുത്ത് പറയുന്നുണ്ട്:. ‘ ഞാൻ അല്ലാഹുവിന്റെ അടിമയാണ്. എനിക്ക് അവൻ ഗ്രന്ഥം നൽകുകയും എന്നെ അവൻ നബിയാക്കുകയും ചെയ്തു.  ഞാൻ എവിടെയാണെങ്കിലും നന്മ കൊണ്ട് കൽപ്പിക്കുന്നവനും തിന്മ വിരോധിക്കുന്നവനുമായി എന്നെ അവൻ ആക്കി. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നിസ്കരിക്കാനും സക്കാത്ത് കൊടുത്തു വീട്ടാനും അവൻ എന്നോട് കൽപ്പിച്ചു. എന്റെ മാതാവിന് ഗുണം ചെയ്യാനും അവൻ എന്നോട് നിർദ്ദേശിച്ചു. എന്നെ അവൻ അഹങ്കാരിയും തന്മൂലം പരാജയിയും ആക്കിയില്ല’ (സൂറത്തു മർയം).


അല്ലഹു തആലാ ഈസാ നബി (അ) ആരാണെന്ന വിഷയം ഇങ്ങനെ സംഗ്രഹിക്കുന്നു.: ‘മുമ്പ് കഴിഞ്ഞു പോയ ദൈവ ദൂതന്മാരുടെ കൂട്ടത്തിൽപ്പെട്ട ഒരു ദൈവദൂതൻ മാത്രമാണ് മറിയമിന്റെ പുത്രൻ ഈസാ മസീഹ്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. അവർ രണ്ടു പേരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. ചിന്തിക്കൂ, എങ്ങനെയൊക്കെ സ്പഷ്ടമായിട്ടാണ് നാം ദൃഷ്ടാന്തങ്ങളെ വിവരിച്ചു തരുന്നത്, എന്നിട്ടും നോക്കൂ, ജൂതന്മാരും ക്രിസ്ത്യനികളും എങ്ങനെയാണ് ഇല്ലാത്തത് കെട്ടിച്ചമച്ചുണ്ടാക്കുന്നത്’ (സൂറത്തുൽ മാഇദഃ).. എല്ലാ ദൈവ ദൂതന്മാരുടെ കാര്യത്തിലും അല്ലാഹു തആലാ പല അൽഭുതങ്ങളും സമൂഹത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട്. മാതാവും പിതാവുമില്ലാതെ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചു, പിതാവില്ലാതെ ഈസാ നബി (അ)യെ സൃഷടിച്ചു, ലോകരെ മുഴുവൻ പടക്കുന്നതിന് മുമ്പ് മുഹമ്മദ് നബി (സ്വ)യുടെ പ്രഭയെ അല്ലാഹു സൃഷടിച്ചു, ആൺ ഒട്ടകവും പെൺ ഒട്ടകവും ഇല്ലാതെ പാറക്കുള്ളിൽ നിന്ന് ഒട്ടകത്തെ പ്രസവിപ്പിച്ചു, സുലൈമാൻ നബി (അ) സഞ്ചരിക്കാനുള്ള വാഹനമായി കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു തുടങ്ങിയ എത്രയെത്ര അത്ഭുതങ്ങൾ.. അതു പോലെ എല്ലാ ദൈവ ദൂതന്മാർക്കും അമാനുഷിക കഴിവകൾ നൽകപ്പെട്ടിട്ടുണ്ട്.  അതു പോലെ ഈസാ നബി (അ)നും നൽകപ്പെട്ടിട്ടുണ്ട് എന്നു മാത്രം. അവരെല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളും അടിമകളും ദൈവ ദൂദന്മാരുമായിരുന്നു. ഈസാ നബി (അ)നെ അല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ തന്റെ മകൻ എന്നല്ല മറിച്ച് മറിയമിന്റെ മകൻ ഈസാ എന്നാണ്. എന്നാൽ അല്ലാഹു പറഞ്ഞതു പോലെ കാര്യങ്ങളെ ഉൾക്കൊള്ളാൻ ചിലർ തയ്യാറായില്ല. പിതാവില്ലാതെ ഈസാ നബി (അ) നെ അല്ലാഹു സൃഷ്ടിച്ചതിനാൽ ഈസാ നബി (അ)ന്റെ പിതാവ് അല്ലാഹുവാണ് എന്നവർ വാദിച്ചു. അല്ലാഹുവിനെക്കൂടാതെ അല്ലാഹുവിന്റെ സൃഷ്ടിയായ ഈസാ നബിയിലും അവർ ദിവ്യത്തം ആരോപിച്ചു , അല്ലാഹുവിന്റെ ഏകത്വത്തെ നിഷേധിക്കുകയും വഴി പിഴച്ചു പോകുകയും ചെയ്തുു. ഇക്കാര്യം അല്ലാഹു വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി  വിശദീകരിക്കുന്നുണ്ട്. അല്ലാഹു തആലാ പറയുന്നു: ‘മർയമിന്റെ മകൻ ഈസാ തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ സത്യ നിഷേധികളായിരിക്കുന്നു. മസീഹ് അവരോട് പറഞ്ഞു. ഇസ്രാഈൽ സന്തതികളേ, നിങ്ങൾ എന്റേയും നിങ്ങളുടേയും റബ്ബായ അല്ലാഹുവിനെ ആരാധിക്കൂ. അവനിൽ ആരെങ്കിലും പങ്ക് ചേർത്താൽ അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുകയും അവൻ നരകത്തിൽ ചെന്നെത്തുകയും ചെയ്യും.അക്രമകാരികളെ സഹായിക്കാൻ ആരുമുണ്ടാകില്ല. അല്ലാഹു മൂന്നിൽ ഒന്നാണ് എന്ന് പറഞ്ഞവർ സത്യ നിഷേധികളായിരിക്കുന്നു. ആകെ ഒരേയൊരു ദൈവമേയുള്ളൂ. അവർ പറഞ്ഞു കൊണ്ടിരിക്കന്ന ജൽപനങ്ങൾ അവർ നിർത്തിയില്ലെങ്കിൽ അവരിലെ സത്യ നിഷേധികൾ വേദനാ ജനകമായ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും. നബിയേ, അങ്ങ് ജൂതന്മാരോടും ക്രിസ്ത്യാനകളോടും പറയുക, ഈസാ നബി (അ) ന്റെ കാര്യത്തിൽ അദ്ദേഹം ദൈവമാണെന്നും ദൈവ പുത്രനാണെന്നുമുള്ള അവാസ്ഥവവും പരിധിവിട്ടതുമായ നിലപാടുകൾ നിങ്ങൾ സ്വീകരിക്കരുതെന്ന്, നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ച് സ്വയം പിഴക്കുകുയും കാലകാലങ്ങളായി അനേകം പേരെ വഴി പിഴപ്പിക്കുയും ചെയ്ത് കഴിഞ്ഞു പോയ സമൂഹത്തിന്റെ ഇച്ഛകളെ നിങ്ങൾ പിന്തുടരരുതെന്നും (സൂറത്തുൽ മാഇദഃ)


 കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.