അവയവ ദാനത്തെ കുറിച്ച് ഇസ്ലാമീക കാഴ്ചപ്പാട് എന്താണ് ?

ചോദ്യകർത്താവ്

abdulla

Sep 19, 2018

CODE :Abo8912

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പരിഗണിക്കപ്പെടുന്നത്. ഒന്ന് സ്വന്തം ശരീരത്തേയോ അതിലെ ഒരു അവയവത്തേയോ സ്വന്തം ലാഭത്തിനും താല്‍പര്യത്തിനും വേണ്ടി അല്ലെങ്കില്‍ മറ്റാരോടെങ്കിലുമുള്ള വിധേയത്വത്തിന്റെ പേരില്‍ വില്‍ക്കുവാനോ ദാനം ചെയ്യാനോ പാടുണ്ടോ എന്നുള്ളതാണ്. അത് ഒരു കാരണവശാലും പാടില്ല. കാരണം ഒരാള്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ മാത്രമേ ദാനം ചെയ്യാനോ വില്‍ക്കാനോ വഖ്ഫ് ചെയ്യാനോ ഒക്കെ പറ്റുകയുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് സ്വന്തം ശരീരത്തില്‍ ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ (അഥവാ ആരെങ്കിലും ദാനമായി തന്നിട്ടോ ആരില്‍ നിന്നെങ്കിലും വാങ്ങിയിട്ടോ സ്വന്തമായി ഉണ്ടാക്കിയിട്ടോ ഏതെങ്കിലും രീതിയില്‍ ഉടമയാക്കിയത് അല്ലാത്തതിനാല്‍) തന്റെ ശരീരവുമായി ബന്ധപ്പെട്ട് ഇത്തരം ഇടപാടുകളൊന്നും അനുവദനീയമല്ല (തുഹ്ഫ, മുഗ്നി).

രണ്ടാമതായി സ്വന്തം ശരീരത്തിലെ അവയവങ്ങളില്‍ ചിലതിന് കേട് സംഭവിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ മറ്റ് അവയവയവങ്ങളില്‍ മാംസമോ എല്ലോ ഒക്കെ എടുത്ത് മാറ്റിവെക്കുകയെന്നതാണ്. ഇത് അനുവദനീയമാണ് (ശറഹുല്‍ ഉബാബ്, ശര്‍വാനി).

മൂന്നാമ്മതായി ഒരാളുടെ ജീവന്‍ രക്ഷിക്കാനായി മറ്റൊരാളുടെ ഏതെങ്കിലും അവയവത്തെ മുറിച്ചെടുക്കാന്‍ പറ്റുമോയെന്നതാണ്. ഇവിടെ പണ്ഡിതന്മാര്‍ രണ്ട് രീതിയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഒന്ന് ജീവന് വിലയില്ലാത്തവരും കൊല്ലപ്പെടേണ്ടവരുമായ കുറ്റവാളികളുടേത് മുറിച്ചെടുക്കാമെന്നും അല്ലാത്തവരായ സജ്ജനങ്ങളുടേത് മുറിച്ചെടുക്കാന്‍ പാടില്ലായെന്നുമാണ് (ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ, മുഗ്നി, നിഹായ, ബുജൈരിമി). രണ്ടാമത്തേത് മുങ്ങിത്താഴുക തുടങ്ങി മറ്റൊരാള്‍ക്ക് ജീവഹാനി സംഭവിക്കുന്ന അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി സ്വന്തം ശരീരത്തെ പോലും ഉപയോഗപ്പെടുത്താം എന്നതാണ് (തുഹ്ഫ). സ്വന്തം ജീവന്‍ തന്നെ അപകടപ്പെട്ടേക്കാവുന്ന ഒരു പ്രവര്‍ത്തനമായിട്ടു കൂടി ഇക്കാര്യത്തില്‍ കഴിയുന്നത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ശറഅ് സ്വീകരിക്കുന്നത് എന്നതിനാല്‍, അവയവ മാറ്റം സാധാരമാകുകയും ഒരു പരിധി വരേ ധാരാളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്ത ഇക്കാലത്ത്, ഒരാള്‍ തനിക്ക് ആരോഗ്യകരമായി കുഴപ്പങ്ങളൊന്നും സംഭവിക്കില്ലെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ ജീവനു വേണ്ടി മല്ലിടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ വേണ്ടി തന്റെ ഒരു വൃക്ക സ്വമേധയാ നല്‍കാന്‍ തയ്യാറാകുന്നത് ശറഇന് വിരുദ്ധമാണ് എന്ന് പറയാന്‍ കഴിയില്ലായെന്നും മുന്‍ഗാമികളായ ഇമാമുമാര്‍ ശരീര ഭാഗങ്ങള്‍ മുറിച്ചു മാറ്റാന്‍ പാടില്ലായെന്ന് പറഞ്ഞത് അന്നത്തെ കാലത്ത് ശരീരത്തിന്റെ ഇതു പോലുള്ള അവയവങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടാല്‍ അത് പിന്നീട് മുറിച്ചു മാറ്റപ്പെടുന്നവന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കും എന്ന കാരണത്താലാകാമെന്നുമാണ് ഇക്കാലത്തെ പല പണ്ഡിതന്മാരുടേയും പക്ഷം. അതു പോലെ മരണപ്പെട്ട വ്യക്തിയുടെ വയറ്റില്‍ അയാള്‍ വിഴുങ്ങിയ മറ്റൊരാളുടെ അമൂല്യ വസ്തു ഉണ്ടെങ്കില്‍ മയ്യിത്തിന്റെ വയറ് കീറി അത് പുറത്തെടുക്കാം (ശറഹുല്‍ മുഹദ്ദബ്) എന്നും മരണപ്പെട്ട സ്ത്രീയുടെ വയറ്റില്‍ ജീവന്‍ തുടിക്കുന്ന കുഞ്ഞുണ്ടെങ്കില്‍ മയ്യിത്തിന്റെ വയറ് കീറി സിസേറിയനിലൂടെ ആ കുഞ്ഞിനെ പുറത്തെടുക്കാം (റൌള) എന്നും ശറഅ് പറയുമ്പോള്‍ ഒരാള്‍ ഹൃദയ തകരാര്‍ മൂലം ജീവനു വേണ്ടി മല്ലിടുമ്പോള്‍ അയാളെ രക്ഷിക്കാന്‍ വേണ്ടി മരണപ്പെട്ട ഒരാളുടെ ഹൃദയം ഒന്നുകില്‍ അയാളുടെ സ്വമേധയാ ഉള്ള മുന്‍സന്നദ്ധതയോ അല്ലെങ്കില്‍ അയാള്‍ക്ക് എതിര്‍പ്പില്ലായെന്ന് അറിയുകയും അടുത്ത അനന്തരാവകാശി (അഥവാ അത് വെച്ച് വിലപേശാത്ത, പണം മോഹിക്കാത്ത, അതൊരു ജീവന്‍ രക്ഷിക്കാനാണെന്ന ഉത്തമ ബോധ്യമുള്ള അനന്തരാവകാശി) അനുവദിക്കുകയോ ചെയ്താല്‍ എടുത്ത് വെക്കുന്നതും ശറഇന് വിരുദ്ധമാണെന്ന് പറഞ്ഞു കൂടായെന്നാണ് പല ആധുനിക പണ്ഡിതരുടേയും വിലയിരുത്തല്‍. ഇവിടെയൊക്കെ തന്റെ അവയവം ദാനം ചെയ്യുക എന്നതിലുപരി ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിന് സന്നദ്ധത കാണിക്കുകയെന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ അത്യാസന്ന നിലയിലകപ്പെട്ടവന് ആ ഘട്ടം മറികടക്കാന്‍ നിഷിദ്ധമായവ ഉപയോഗിക്കല്‍ അനുവദനീയമാകുമെന്നും, രണ്ട് അപകടകരമായ കാര്യങ്ങളില്‍ ഒന്നിനെ പരിഗണിച്ചാല്‍ മറ്റേതിന്റെ അവസ്ഥ പ്രായസകരമാകും എന്ന സ്ഥിതിയാണെങ്കില്‍ അവയില്‍ ഗുരുതരമായ പ്രത്യാഘാധം ഉണ്ടാകാവുന്നതിനെ പരിഗണിക്കണമെന്നുമുള്ള ഇസ്ലാമിലെ പൊതു തത്വവും (അല്‍ അശ്ബാഹു വന്നളാഇര്‍) ഒരാള്‍ മറ്റൊരാള്‍ക്ക് ജീവിതം നല്‍കിയാല്‍ അവന്‍ ജനങ്ങളെയൊന്നാകെ ജീവിത്തിലേക്ക് കൊണ്ട് വന്നത് പോലെയാണെന്ന (സൂറത്തുല്‍ മാഇദഃ) വിശുദ്ധ ഖുര്‍ആന്‍ വചനവുമൊക്കെ ഇക്കാര്യം അത്യാവശ്യ ഘട്ടത്തില്‍ അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാര്‍ തെളിവായി ഉദ്ധരിക്കുന്നുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter