അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


ഉമ്മുൽ മുഅ്മിനീൻ ആഇശാ ബീവി (റ)യോട് വ്യഭിചാരത്തിൽ പിറന്ന കുട്ടിയെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവർ മറുപടി പറഞ്ഞു: ആ കുട്ടിയുടെ മാതാപിതാക്കൾ ചെയ്ത വൃത്തികേടുകൾക്കും ദുർനടപ്പിനും ആ കുട്ടി ഒരു കാരണവശാലും ഉത്തരവാദിയല്ല. ഒരാളുടേയും കുറ്റം മറ്റൊരാൾ വഹിക്കുന്ന സാഹചര്യം വരുന്നില്ല. ( മുസ്വന്നഫ് അബ്ദുർറസ്സാഖ്). അഥവാ തന്റെ ഈ ജന്മത്തിൽ ഒരു ഉത്തരവാദിത്തവുമില്ലാത്ത ഈ കുട്ടിയെ തന്റെ മാതാപിതാക്കൾ ചെയ്ത കുറ്റത്തിന് ശിക്ഷിക്കുകയോ നിന്ദിക്കുകയോ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്.


എന്നാൽ ഈ കുട്ടിയുടെ ജന്മം നേരായ മാർഗത്തിലൂടെയല്ലാത്തതിനാൽ ഇവന്റെ പിതൃത്വം ഇസ്ലാം അംഗീകരിക്കുന്നില്ല. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘വ്യഭിചാരത്തിലുണ്ടായ കുട്ടിക്ക് തന്റെ മാതാവുമായി മാത്രമേ ബന്ധമുണ്ടാകുകയുള്ളൂ’ (ബുഖാരി, മുസ്ലിം). അഥവാ കുട്ടിയുടെ പരമ്പരയും അനന്തരവുമെല്ലാം ഉമ്മ വഴിക്കു മാത്രമേ ഇസ്ലാം അംഗീകരിക്കുന്നുള്ളൂ. തന്റെ ഉമ്മയെ വ്യഭിചരിച്ചവനെ ഇസ്ലാം ഉപ്പയായി അംഗീകരിക്കുന്നില്ല, എന്നും ഈ കുട്ടി അയാൾക്ക് അന്യൻ മാത്രമായിരിക്കും. ഇമാം നവവി (റ) പറയുന്നു: വ്യഭിചാരത്തിലുണ്ടായ കുട്ടി തന്റെ അന്തര സ്വത്തവകാശം അടക്കം എല്ലാ കാര്യത്തിലും ഉമ്മയുമായും ഉമ്മയിലുള്ള സഹോദരങ്ങളും കുടുംബവുമായും ബന്ധപ്പെട്ടിക്കും എന്ന കാര്യം ഇജ്മാഅ് ആണ് (ശറഹു മുസ്ലിം).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.