EDITORS PICK

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?

| ചോദ്യകർത്താവ് ‍   അബ്ദുല്‍ കരീം, തിരുവേഗപ്പുറ
| മറുപടി നൽകിയത് &nb
| Subject&nb sp;  എഡിറ്റര്‍

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ. ഏത് വ്യാധികള്‍ക്കിടയിലും ഇത്തരം വിഷയങ്ങളിലുള്ള സൂക്ഷ്മതയും ആരാധനകളുടെ സ്വീകാര്യതയില്‍ പുലര്‍ത്തുന്ന കണിശതയും പ്രത്യേകം പ്രശംസിക്കട്ടെ. അല്ലാഹു നമ്മുടെ ഇബാദതുകളെല്ലാം കുറവുകള്‍ പരിഹരിച്ച് സ്വീകരിക്കുമാറാവട്ടെ. ഇന്ന് ലഭ്യമായ സാനിറ്റൈസറുകളിലെല്ലാം ചെറുതോ വലുതോ ആയ അളവുകളില്‍ ആള്‍കഹോള്‍ അടങ്ങിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ലഹരിയുണ്ടാക്കുന്നതെല്ലാം നജസ് ആണ് എന്ന അടിസ്ഥാന തത്വത്തില്‍നിന്നാണ് ആള്‍കഹോള്‍ നജസ് ആണ് എന്ന നിയമം പിടിക്കപ്പെടുന്നത്.  അതേസമയം, ആള്‍കഹോള്‍ പല തരത്തിലുണ്ടെന്നത് ഇവിടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈഥൈല്‍, മീഥൈല്‍, ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങി ഇത് പല വിധത്തില്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നുണ്ട്. ഇവയില്‍ ലഹരിയുണ്ടാക്കുന്നവയും അല്ലാത്തവയുമുണ്ട് എന്നാണ് അവയുടെ നിര്‍മ്മാണരീതിയും ചേരുവകളും നോക്കുമ്പോള്‍ മനസ്സിലാവുന്നത്. ജൈവവസ്തുക്കളില്‍നിന്നുണ്ടാക്കുന്നവ ലഹരിക്ക് കാരണമാവുന്നവയാണെന്നും വ്യാവസായികാവശ്യങ്ങള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നും മറ്റും രാസപ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നവയില്‍ ലഹരി ഉണ്ടാക്കത്തവയുമുണ്ടെന്നും മനസ്സിലാവുന്നു.   സാനിറ്റൈസര്‍, സ്പ്രേ തുടങ്ങിയവയിലെല്ലാം രണ്ട് തരത്തിലുള്ളതും ഉപയോഗിക്കപ്പെടാറുണ്ട്. അത് കൊണ്ട് തന്നെ, നാം ഉപയോഗിക്കുന്ന സാനിറ്റൈസറിന്റെ ചേരുവകള്‍ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലഹരിയുണ്ടാക്കാത്തതാണ് ചേര്‍ത്തിട്ടുള്ളതെങ്കില്‍ അത് ശുദ്ധമാണെന്നും ലഹരി ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ അവ മുതനജ്ജിസ് ആവുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.  ചേരുവകള്‍ വ്യക്തമായി പറയപ്പെടാത്തവയോ അറിയപ്പെടാത്തവയോ ആണെങ്കില്‍, അത് സംശയത്തിന്റെ പരിധിയിലാണെന്നതിനാലും കൂടുതല്‍ സാധ്യത ഇന്‍ഡസ്ട്രിയല്‍ ആള്‍കഹോള്‍ ആവാനാണെന്നതിനാലും, നജസ് ആണെന്ന് പറയാവതല്ല, ഉറപ്പാവുന്ന പക്ഷം മാത്രമേ ഒരു സാധനത്തെ കുറിച്ച് നജസ് ആണെന്ന് വിധിക്കാനൊക്കൂ.  മേല്‍ പറഞ്ഞവയുടെ വെളിച്ചത്തില്‍, സാനിറ്റൈസര്‍ ഉപയോഗത്തെകുറിച്ചും  ശേഷമുള്ള നിസ്കാരത്തെ കുറിച്ചും ഇങ്ങനെ പറയാവുന്നതാണ്. 1. നജസ് അല്ലാത്ത ആള്‍കഹോള്‍ ഉപയോഗിച്ചുണ്ടാക്കിയതാണെങ്കില്‍, (ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തിലാണ് വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്) അത് ഉപയോഗിക്കാവുന്നതാണ്, അത് നിസ്കാരത്തെ ബാധിക്കുകയുമില്ല. 2. നജസ് ആയ ആള്‍കഹോള്‍ ഉപയോഗിച്ചുണ്ടാക്കിയതാണെങ്കില്‍, ആവശ്യത്തിനല്ലാതെ അത് ഉപയോഗിക്കാവതല്ല, ഉപയോഗിക്കുന്ന പക്ഷം, നിസ്കാരത്തിന് മുമ്പായി അത് കഴുകി വൃത്തിയാക്കേണ്ടതാണ്.  3. നജസ് ആണോ അല്ലേ എന്ന് ഉറപ്പില്ലാത്ത വിധമാണെങ്കില്‍, അത് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്നോ അങ്ങനെ നടത്തുന്ന നിസ്കാരം അസാധുവാണെന്നോ പറയാവതല്ല. നജസ് ആണോ എന്ന ധാരണക്ക് ശക്തിയുണ്ടെങ്കില്‍ പോലും, ഉറപ്പ് ആവാത്തിടത്തോളം അത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

FEATURED QUESTION

കൊറോണ അസുഖം കാരണം നോമ്പ് ഒഴിവാക്കേണ്ടി വന്നാൽ മുദ്ദ് കൊടുക്കുകയും നോമ്പ് ഖളാ വീട്ടുകയും ചെയ്യേണ്ടതുണ്ടോ? മുദ്ദ് കൊടുക്കേണ്ടതുണ്ടെങ്കിൽ എത്രയാണ് കൊടുക്കേണ്ടത്? വിശദീകരിക്കാമോ?

| ചോദ്യകർത്താവ് ‍   Mansoor Ali
| മറുപടി നൽകിയത്    മുബാറക് ഹുദവി അങ്ങാടിപ്പുറം

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ. നോമ്പ് പിടിക്കാനാവാത്ത അസുഖം കാരണം നോമ്പൊഴിവാക്കിയാല്‍ അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് അത് ഖളാഅ് വീട്ടിയാല്‍ മതി. നോമ്പ് ഒഴിവാക്കിയതിന് മുദ്ദ് നല്‍കേണ്ടതില്ല. എന്നാല്‍ അടുത്ത റമളാന്‍ വരുന്നതിനിടയിലും നോമ്പ് ഖളാഅ് വീട്ടാന്‍ അവസരം ലഭിച്ചിരിക്കെ നോമ്പ് ഖളാഅ് വീട്ടാതിരുന്നാല്‍ ഒരു നോമ്പിന് ഒരു മുദ്ദ് എന്ന കണക്കില്‍ ഫിദ്’യ നല്‍കേണ്ടി വരും. ഇത് നോമ്പ് ഖളാഅ് ആയതിന്‍റെ പേരിലല്ല, മറിച്ച് ഖളാഅ് വീട്ടാതെ ഒരു വര്‍ഷം പിന്തിപ്പിച്ചതിന്‍റെ പേരിലാണ്. പിന്നീട് വര്‍ഷങ്ങളോളം പിന്തിപ്പിക്കുന്നതിനനുസരിച്ച് ഓരോ നോമ്പും ഖളാഅ് വീട്ടാന്‍ എത്ര വര്‍ഷം പിന്തിപ്പിച്ചോ അത്ര മുദ്ദ് നല്‍കേണ്ടി വരും (ഫത്ഹുല്‍മുഈന്‍). നാട്ടിലെ സാധാരണ ഭക്ഷണത്തില്‍ നിന്ന് ഒരു മുദ്ദാണ് ഫിദ്’യ നല്‍കേണ്ടത്. ഒരു മുദ്ദ് എന്നാല്‍ 800 മില്ലി ലിറ്റര്‍ ആണ്. നമ്മുടെ നാട്ടിലെ സാധാരണ ഭക്ഷണവസ്തുവായ അരി പലതും പല തൂക്കമായതിനാല്‍ മുദ്ദിന്‍റെ പാത്രം സംഘടിപ്പിച്ച് അളവ് തിട്ടപ്പെടുത്തലാണ് ഏറ്റവും നല്ലത്. പലതരം അരികളുടെ തൂക്കത്തിലുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ഒരു മുദ്ദ് ഏകദേശം മുക്കാല്‍ കിലോ ആയി പരിഗണിക്കപ്പെടാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.

MOST POPULAR QUESTIONS
NEW QUESTIONS