സഭയ്ക്കുള്ളിലും പാര്‍ട്ടീ ഓഫീസിലും നടക്കുന്ന പെണ്‍ പീഡനങ്ങളാണ് കേരളത്തില്‍ ഇന്നത്തെ ചൂടേറിയ ചര്‍ച്ച. രാഷ്ട്രീയ തട്ടകങ്ങളില്‍ മാത്രമല്ല, ചര്‍ച്ചിനുള്ളിലും സ്ത്രീ ഇരവത്കരിക്കപ്പെടുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകളുടെ തന്നെ നേതൃത്വത്തില്‍ സമരനിര തുടങ്ങിയതോടെ ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കയാണ്. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തേണ്ടവര്‍ തന്നെ സ്ത്രീ വിരുദ്ധ പ്രവണതകളില്‍ പങ്കാളിയാകുന്നത് സാമൂഹിക സുസ്ഥിതിയില്‍ വലിയ അപകടത്തെ മണപ്പിക്കുന്നു. വേലി തന്നെ വിള തിന്നുന്നത് ദുരന്തം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. കന്യാസ്ത്രീ സമൂഹം വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളായിട്ടാണ് ക്രൈസ്തവ സമൂഹം വിലയിരുത്തുന്നത്. എന്നാല്‍, അവരെ ചുറ്റിപ്പറ്റി നടക്കുന്ന ചൂഷണങ്ങളും പീഡനങ്ങളും പുറത്ത് വരുമ്പോള്‍ തകര്‍ന്നുപോകുന്നത് ചിലരുടെ വിശ്വാസങ്ങളാണ്. ഇത് കന്യാസ്ത്രീ സമൂഹത്തിന്റെ ഭാവി ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. ആയതിനാല്‍, സത്യം പുറത്തുവന്നേ മതിയാകൂ.സഭയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നതിലാണ് വലിയ അപകടം പതിയിരിക്കുന്നത്. സ്ത്രീവിരുദ്ധ ശ്രമങ്ങല്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഏതു ഭാഗത്തുനിന്നായാലും അന്വേഷിക്കപ്പെടേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുമാണ്. പക്ഷെ, അതിന് രാഷ്ട്രീയ ഛായം പകരുകയും മറച്ചുവെക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നത് വലിയം അപകടം ചെയ്യും.സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാനും മാനഹാനിക്കെതിരെ ചോദ്യശരങ്ങളുയര്‍ത്താനും സ്ത്രീകള്‍ തന്നെ തെരുവിലിറങ്ങേണ്ടിവരുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. അത് മത മേലധ്യക്ഷന്മാരില്‍നിന്നുള്ള പീഡനങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാകുമ്പോള്‍ വലിയ പുനര്‍ വിചിന്തനങ്ങള്‍ക്ക് വഴി തുറക്കുന്നു.മതം രാഷ്ട്രീയവത്കരിക്കപ്പെടുകയും സഭകള്‍ രാഷ്ട്രീയ അധീശത്വത്തിന്റെ കോട്ടക്കൊത്തളങ്ങളാവുകയും ചെയ്യുന്നതാണ് പ്രശ്‌നം. മതത്തെ അതിന്റെ വഴിക്കും രാഷ്ട്രീയത്തെ അതിന്റെ വഴിക്കും വിടണം. സഭ അതിന്റെ ധര്‍മവും പാര്‍ട്ടികള്‍ അതിന്റെ ധര്‍മവും ചെയ്യണം. അല്ലാതെ, അരുതാത്തത് ചെയ്തവരെ സംരക്ഷിക്കാന്‍ മാന്യതയില്ലാത്ത വഴികള്‍ സ്വീകരിക്കുന്നത് മതത്തോടുള്ള വെല്ലുവിളിയാണ്. അതിലപ്പുറം, സ്ത്രീത്വത്തോടുള്ള അധിക്ഷേപവുമാണ്.