ചൈനയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്നത്

നഈം സിദ്ദീഖി

30 November, 2018

+ -
image

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ച ഭീകര വാര്‍ത്തകള്‍ പുറത്തുവരുന്നു. ഉയ്ഗൂര്‍ വംശജരായതുകൊണ്ടുമാത്രം നിങ്ങളിത് അനുഭവിക്കാന്‍ കടപ്പെട്ടവരാണെന്ന മുഖവാക്കുകളോടെയാണ് ക്യാമ്പ് അധികൃതര്‍ മുസ്‌ലിംകളെ പല വിധത്തിലുള്ള പീഡനങ്ങള്‍ക്ക് പാത്രമാക്കുന്നത്. ഈയിടെ മിഹൃഗുല്‍ ടുര്‍സുന്‍ എന്ന 29കാരി താനനുഭവിച്ച കഷ്ടപ്പാടുകള്‍ പുറത്തുപറഞ്ഞതോടെയാണ് ഇതിനെക്കുറിച്ച് ലോകം അറിയുന്നത്.

ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്ലിംകളെ പാര്‍പ്പിക്കുന്ന തടങ്കല്‍ പാളയത്തില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ ഭയാനതകള്‍ വിവരിക്കുമ്പോള്‍ മിഹൃഗുല്‍ ടുര്‍സുന്‍ കരഞ്ഞുകൊണ്ടിരുന്നു. ഉയ്ഗൂര്‍ മുസ്ലിം വംശജയായി എന്നതുകൊണ്ട് മാത്രമാണ് ചൈനീസ് അധികാരികള്‍ അവരെ തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയത്. ചൈനീസ് തടവറകളില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ടുര്‍സുനിന്റെ വെളിപ്പെടുത്തലുകള്‍.

മൂന്ന് തവണയാണ് ചൈനീസ് അധികാരികള്‍ അവരെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. ഭീകരമായ പീഡന മുറകളാണ് മൂന്നാം തവണ ചൈനീസ് പൊലീസ് പുറത്തെടുത്തത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ നാല് ദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തു. തലമുടി ഷേവ് ചെയ്യിച്ചു. അനാവശ്യ മെഡിക്കല്‍ പരിശോധനകള്‍ നടത്തി.

മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് വിട്ടയച്ചതിനുശേഷമാണ് ടുര്‍സുനെ മൂന്നാം തവണയും അറസ്റ്റ് ചെയ്തത്. 60 തടവുകാരുള്ള മുറിയിലായിരുന്നു ടുര്‍സുനിന്റെ ഇടം. വീര്‍പ്പുമുട്ടുന്ന ആ മുറിയില്‍ സമയ ക്രമം പാലിച്ചായിരുന്നു തടവുകാരുടെ ഉറക്കം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പാട്ട് പാടിച്ചു. സ്വകാര്യതക്ക് ഒട്ടും വില നല്‍കിയില്ല. ശുചിമുറിയില്‍ പോലും ക്യാമറകളുണ്ടായിരുന്നു. പലതരം മെഡിക്കല്‍ പരിശോധനകള്‍ക്ക് ഇരയായി. അനാവശ്യമായി ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന തല കറങ്ങി വീണു. ജയലധികാരികള്‍ നല്‍കിയ വെളുത്ത ലായനി കുടിച്ചതോടെ ബ്ലീഡിങ്ങുണ്ടായി. ചിലര്‍ക്ക് ആര്‍ത്തവം നിലച്ചു. മൂന്നു മാസത്തിനിടെ ഒമ്പത് പേരാണ് തടവറയില്‍ മരിച്ചത്.

ഒരിക്കല്‍ ടുര്‍സുനെ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. പിന്നീട് ഉയര്‍ന്ന കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച ശേഷം തലയില്‍ ഹെല്‍മറ്റ് പോലുള്ള ഒരു ഉപകരണം വെച്ച് ഷോക്കടിപ്പിച്ചു. വൈദ്യുതാഘാതമേറ്റപ്പോള്‍ ശരീരം വിറങ്ങലിച്ചു. ഞരമ്പുകളില്‍ പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ക്കിപ്പോള്‍ ഓര്‍മയില്ല. വായിലൂടെ വെള്ളനിറത്തിലുള്ള പത പുറത്തുവന്ന് ബോധം മറയുമ്പോള്‍ ഒരാള്‍ ടുര്‍സുനെയോട് പറഞ്ഞു: ഉയ്ഗൂര്‍ വംശജയായതാണ് നിന്റെ കുറ്റം. കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ഓരോ ദിവസവും ഇതിനെക്കാള്‍ നല്ലത് മരണമാണെന്ന് ടുര്‍സുന്‍ ആഗ്രഹിച്ചു. കൊന്നുതരാന്‍ വേണ്ടി അവര്‍ അധികൃതരോട് യാചിച്ചു.

ആദ്യ രണ്ട് തവണ തടവറയിലെ പീഡനങ്ങള്‍ അതിജീവിച്ച് പുറത്തുവന്നപ്പോള്‍ ടുര്‍സുന് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിരുന്നു. പിഞ്ചുകഞ്ഞുങ്ങളില്‍നിന്ന് വേര്‍പ്പെടുത്തിയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തടവറയില്‍നിന്ന് വിട്ടയച്ചപ്പോള്‍ മൂന്ന് കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റ് രണ്ട് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. അതില്‍നിന്ന് ആ കുരുന്നുകള്‍ ഇനിയും മുക്തരായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്. ശേഷം രണ്ട് വര്‍ഷത്തിനുശേഷം മൂന്നാമതും ടുര്‍സുന്‍ അറസ്റ്റിലായി. ഇക്കാലത്താണ് ഏറ്റവും ഭീകരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നത്.

ചൈനയിലെ ഷിന്‍ജിയാങില്‍ ജനിച്ചുവളര്‍ന്ന ടുര്‍സുന്‍ പഠനാവശ്യാര്‍ത്ഥം ഈജിപ്തിലേക്ക് പോയി വിവാഹശേഷം മൂന്ന് കുട്ടികളുമായി തിരിച്ചെത്തിയതോടെയാണ് അറസ്റ്റുകളും പീഡനങ്ങളുമെല്ലാം. കുടുംബത്തെ കാണാനായി ചൈനയിലേക്ക് മടങ്ങുന്ന തന്നെ ഭീകരമായ പീഡനങ്ങളാണ് കാത്തിരിക്കുന്നതെന്ന് അവര്‍ ഓര്‍ക്കുക പോലുമുണ്ടായില്ല. ഉയ്ഗൂര്‍ മുസ്ലിംകളെ പാര്‍പ്പിക്കാന്‍ ചൈനീസ് ഭരണകൂടം സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളെ മുഴുവന്‍ ശരിവെക്കുന്നതാണ് ടുര്‍സുനിന്റെ വെളിപ്പെടുത്തലുകള്‍.

രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഇല്ലെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വാദം. ചെറിയ ക്രിമിനലുകളെ എംപ്ലോയ്മെന്റ് ട്രെയിനിങ് സെന്ററുകളിലേക്ക് അയക്കാറുണ്ടെന്ന് മാത്രമാണ് ചൈന പറയുന്നത്. എന്നാല്‍ ടുര്‍സുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാന്‍ ചൈന തയാറായിട്ടില്ല. 20 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്ലിംകള്‍ ചൈനീസ് തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മതപരമായ ആചാരങ്ങളില്‍നിന്നും ജീവിതത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ കമ്യൂണിസ്റ്റ് അധികാരികള്‍ തടവുകാരെ നിര്‍ബന്ധിക്കുന്നു.
തടവറകള്‍ക്ക് പുറത്തുള്ള മുസ്ലിംകള്‍ക്കും രക്ഷയില്ല. കര്‍ശന നിരീക്ഷണത്തിലാണ് അവരുള്ളതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.