നബിദിനാഘോഷം: ഒരു ഹ്രസ്വ വിശകലനം

ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്

29 November, 2018

+ -
image

ലോകാനുഗ്രഹി തിരുനബി (സ്വ)യുടെ ജന്മ മാസം എന്ന പേരില്‍ പ്രസിദ്ധമായ റബീഉല്‍ അവ്വലില്‍ തിരുദൂതരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നത് പൊതുവെ നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നു. ലോകത്ത് മുസ്‌ലിംകള്‍ താമസിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ ആഘോഷം നടക്കാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന നിരവധി സദാചാരങ്ങളെ വിമര്‍ശിക്കുകയും സമുദായത്തിന്റെ ആത്മികവും ചിന്താപരവുമായ മുരടിപ്പിന് വഴിയൊരുക്കുകയും ചെയ്ത വഹാബി പ്രസ്ഥാനം നബിദിനാഘോഷത്തെയും രൂക്ഷമായി തന്നെ ആക്ഷേപിച്ചു.

'ഉത്തമ നൂറ്റാണ്ടുകളില്‍ നബിദാനാഘോഷം ഉണ്ടായിരുന്നില്ല, മഹാന്മാരായ ഇമാമുമാര്‍ അതു കാണുകയോ കേള്‍ക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല'. (മൗലിദ്: വിമര്‍ശനവും വിശകലനവും; മായിന്‍ കുട്ടി സുല്ലമി). 'മക്കയിലും മദീനയിലും ഒരു കാലത്തും നബിദിനാഘോഷം ഉണ്ടായിരുന്നില്ല'. (അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി: മാതൃഭൂമി, 2010 മാര്‍ച്ച് 22) എന്നിവയൊക്കെയാണ് വിമര്‍ശന വേദികളില്‍ പൊതുവെ ഉയര്‍ന്നു കേള്‍ക്കാറുള്ള നിരീക്ഷണങ്ങള്‍. നമുക്ക് വിശദീകരിക്കാം.

റബീഉല്‍ അവ്വലില്‍ നബി(സ്വ)യുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്. എന്നാല്‍  നബി(സ്വ)യുടെ വിയോഗ ശേഷം ഇസ്‌ലാമിക ലോകത്ത് നിരവധി പരിഷ്‌കരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിദ്ദീഖ് (റ)വിന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം, ഉമര്‍(റ)വിന്റെ കാലത്തെ സംഘടിത തറാവീഹ്, ഉസ്മാന്‍ (റ)വിന്റെ കാലത്തെ ജുമുഅയുടെ രണ്ടാം ബാങ്ക്, അലി(റ)വിന്റെ കാലത്തെ അറബി വ്യാകരണത്തിന്റെ ആവിര്‍ഭാവം, ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് (റ)വിന്റെ കാലത്തെ ഹദീസ് ക്രോഡീകരണം തുടങ്ങിയ നിരവധി പുതിയ കാര്യങ്ങള്‍ നിലവില്‍ വന്നു. ഇവയെല്ലാം സൂക്ഷ്മ ജ്ഞാനികളായ പണ്ഡിതന്മാര്‍ ബിദ്അത്ത് ഹസനഃ' എന്നാണ് പരിചയപ്പെടുത്തിയത്. ഇമാം നവവി(റ) പറയുന്നു: ''നബി(സ്വ)യുടെ കാലത്തില്ലാത്ത പുതിയ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനെ ബിദ്അത്ത് എന്നു വിളിക്കും. അത് ഹസനത്ത് (സ്വീകാര്യം), ഖബീഹത്ത് (ദോഷകരം) എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷം ആരംഭിച്ച നബിദിനാഘോഷം 'ബിദ്അത്ത് ഹസനഃ' എന്ന വിഭാഗത്തിലാണ് ഇമാമുമാര്‍ ഉള്‍പ്പെടുത്തിയത്.

എന്തു കൊണ്ട് സ്വഹാബിമാര്‍ നബി(സ്വ)യുടെ ജന്മദിനം ആഘോഷിച്ചില്ല എന്ന് ചോദിക്കാറുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ പുതിയ രീതികള്‍ ഉടലെടുത്തത് പ്രത്യേക പശ്ചാത്തലങ്ങളിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. മുസൈലിമതുല്‍ കദ്ദാബുമായി നടന്ന യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറു കണക്കിന് സ്വഹാബിമാര്‍ രക്തസാക്ഷികളായതാണ് ഖുര്‍ആന്‍ ക്രോഡീകരണത്തിന് വഴിയൊരുക്കിയത്.

നബി(സ്വ)യുടെ സ്മരണകളില്‍ സദാ മുഴുകുകയും അവിടത്തോട് കൂടെ വര്‍ഷങ്ങളോളം ജീവിക്കുകയും ചെയ്ത സ്വഹാബിമാരെ നബി(സ്വ)യുടെ മാഹാത്മ്യം പഠിപ്പിക്കുവാനും പ്രവാചക സ്‌നേഹം വളര്‍ത്താനും വര്‍ഷത്തിലൊരിക്കല്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുക എന്നത് അപ്രസക്തമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം നബി(സ്വ)യുടെ ജീവചരിത്രം മുസ്‌ലിംകളെ ഓര്‍മിപ്പിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ അവിടത്തെ ജന്മദിനാഘോഷം പ്രസക്തമായിത്തീര്‍ന്നു. ഈ പ്രസക്തിയാണ് നബിദിനാഘോഷത്തിന് മുസ്‌ലിം ലോകത്തിന്റെ പിന്തുണ നേടിക്കൊടുത്തത്.

പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. നബി(സ്വ)യുടെ സ്വഹാബിമാരും ഇമാമുമാരും സ്‌നേഹം പല രീതികളിലാണ് പ്രകടിപ്പിച്ചത്. ചിലര്‍ നബി(സ്വ)യുടെ വിശുദ്ധ രക്തവും തുപ്പുനീരും കുടിച്ചു. ചിലര്‍ പരിശുദ്ധ വിയര്‍പ്പ് ആദര പൂര്‍വം സൂക്ഷിച്ചു വെച്ചു. ഇബ്‌നു ഉമര്‍ (റ) നബി (സ്വ)യുടെ പ്രവര്‍ത്തനങ്ങളില്‍ അപ്രസക്തമെന്ന് തോന്നുന്നതു പോലും ജീവിതത്തില്‍ പുലര്‍ത്തി. ഇമാം മാലിക് (റ) മദീനയില്‍ ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല. സ്‌നേഹ പ്രകടനത്തിന്റെ ഈ രീതികള്‍ സ്വീകരിക്കാന്‍ ഖുര്‍ആനോ സുന്നത്തോ നിര്‍ദേശിച്ചതായിരുന്നില്ല; അവര്‍ സ്വയം സ്വീകരിക്കുകയായിരുന്നു. അതിനാല്‍ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഖുര്‍ആനിലും സുന്നത്തിലും നിരോധനം ഇല്ലാത്തതിനാല്‍ സ്‌നേഹ പ്രകടനത്തിന്റെ രീതി എന്ന നിലയില്‍ അത് പുണ്യകരമാണെന്നതില്‍ സംശയിക്കേണ്ടതില്ല.

പ്രത്യേക സമയമൊന്നും നിശ്ചയിക്കാതെ സ്വഹാബിമാരും ഇമാമുമാരും നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയും സ്‌നേഹ പ്രകടനം നടത്തുകയും ചെയ്തിരുന്നു. റബീഉല്‍ അവ്വല്‍ എന്ന പ്രത്യേക സമയത്തേക്ക് നിശ്ചയിച്ചത് കൊണ്ട് മാത്രം അത് അനിസ്‌ലാമികമായി മാറുമോ? എങ്കില്‍ ഇന്ന് നിസ്തര്‍ക്കിതം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, പ്രബോധന പ്രവര്‍ത്തനങ്ങളെ നമുക്കെങ്ങനെ ന്യായീകരിക്കാന്‍ കഴിയും? വിദ്യാഭ്യാസവും പ്രബോധനവും സമയ ക്രമമില്ലതെയാണ് നബി(സ്വ)യും സ്വഹാബിമാരും നിര്‍വഹിച്ചിരുന്നത്. ഇന്ന് മതവിദ്യാഭ്യാസം പോലും നിശ്ചിത സമയ പരിധി നിര്‍ണയിച്ചു കൊണ്ട് നിര്‍വഹിക്കപ്പെടുന്നു. ജനങ്ങളെ നന്മയിലേക്ക് നയിക്കാന്‍ സമയ ബന്ധിതമായി സമ്മേളനങ്ങളും കാമ്പയിനുകളും നടക്കുന്നു. നബി(സ്വ)യും സ്വഹാബിമാരും സമയം നിശ്ചയിക്കാതെ നിര്‍വഹിച്ച കാര്യങ്ങള്‍ക്ക് നാം സമയം നിശ്ചയിക്കുന്നത് തെറ്റാണെങ്കില്‍ ഈ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അന്യായവും തിരു ചര്യക്ക് വിരുദ്ധവുമാകില്ലേ?

നബിദിനാഘോഷം മക്കയിലും മദീനയിലും

നബി(സ്വ)യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം  വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബി(സ്വ)യുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ  സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം  സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു: അതിനു മുമ്പ് നബി(സ്വ)യുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.

ഇമാമുമാരുടെ നിലപാട്

നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.

1. ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു  ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).

2. ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.

3. ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) (9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.

ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).

4. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.

5. ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: 'ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.

നബിദിനാഘോഷത്തിന്റെ ഗുണങ്ങള്‍

1. വിശ്വാസികള്‍ക്കിടയില്‍ നബി(സ്വ)യോട് സ്‌നേഹം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു.

2. പ്രവാചക ജീവിതത്തിലെ ഗുണപാഠ കഥകള്‍ ആവര്‍ത്തിച്ചു കേള്‍ക്കാന്‍ അവസരമൊരുങ്ങുന്നു.

3. നബി(സ്വ)യുടെ ജീവചരിത്രം ആദ്യാവസാനം പഠിക്കാന്‍ സാധിക്കുന്നു. 

4. അന്നദാനം, മറ്റു ദാന ധര്‍മങ്ങള്‍, സ്വലാത്ത് തുടങ്ങിയ ഒട്ടനേകം സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവുന്നു.

5. അമുസ്‌ലിംകള്‍ക്ക് നബി(സ്വ)യെ മനസ്സിലാക്കാനും പഠിക്കാനും സാഹചര്യമൊരുങ്ങുന്നു.

വഹാബി നിലപാടിലെ വൈരുധ്യം

നബി(സ്വ)യില്‍ നിന്നും സ്വഹാബിമാരില്‍ നിന്നും മാതൃകയില്ലെന്ന് പറഞ്ഞു നബിദിനാഘോഷത്തെ തള്ളി പറയുന്നവര്‍ മുന്‍ മാതൃകയില്ലാത്ത ഒട്ടേറെ ആചാരങ്ങള്‍ മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്നുവെന്നത് അത്ഭുതകരമാണ്. വിദ്യാഭ്യാസ- ദഅ്‌വാ രംഗത്ത് പരിഷ്‌കരണങ്ങള്‍ അംഗീകരിക്കുന്നവര്‍ സ്‌നേഹ പ്രകടനത്തിലെ പരിഷ്‌കരണം അംഗീകരിക്കാത്തത് നബി(സ്വ)യോടുള്ള സ്‌നേഹത്തില്‍ താത്പര്യമില്ലാത്തതു കൊണ്ടാണെന്ന് വ്യക്തം. മാത്രമല്ല, വിമര്‍ശകര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലിയും ഗോള്‍ഡന്‍ ജൂബിലിയുമെല്ലാം ആഘോഷിക്കാറുണ്ട്. എന്നാല്‍ നബി(സ്വ)യോ സ്വഹാബികളോ മദീനയിലെ വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്ന മസ്ജിദുന്നബവിയുടെ വാര്‍ഷികം ആഘോഷിച്ചിരുന്നോ എന്ന് അന്വേഷിക്കാറില്ല.  നബി(സ്വ)യുടെ ജന്മദിനാഘോഷത്തെ പുച്ഛിച്ചു തള്ളിയവര്‍ സി. എന്‍. അഹ്മദ് മൗലവി ജന്മശതാബ്ദിയോടനുബന്ധിച്ചു പുറത്തിറക്കിയ സ്മരണികയില്‍ ലേഖനങ്ങള്‍ എഴുതിയത് യാതൊരു വൈമനസ്യവുമില്ലാതെയാണ്. 

വഹാബി വീക്ഷണങ്ങള്‍ അവസരവാദപരമെന്നതിന് ഇനിയും കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലല്ലോ.