ഡൽഹി കലാപം: ഇരകളെ പ്രതികളാക്കാൻ നുണപ്രചാരണങ്ങളുടെ റിപ്പോർട്ട്

വെർലമാൻ

29 June, 2020

+ -
image

കഴിഞ്ഞ ഫെബ്രുവരി മാസം ഡൽഹിയിൽ പൗരത്വ സമരക്കാർക്ക് നേരെ നടന്നത് തീർത്തും മുസ്‌ലിം വിരുദ്ധമായ ഒരു കലാപമായിരുന്നു. എന്നാൽ കലാപത്തിൽ ഇരകളാക്കപ്പെട്ടവരെ തന്നെ കലാപത്തിന്റെ വേട്ടക്കാരായി ചിത്രീകരിക്കുന്ന അത്യന്തം ഹീനമായ നടപടിയാണ് നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.

സംഘപരിവാർ ശക്തികൾ നടത്തുന്ന ഇത്തരം നീക്കങ്ങൾ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ ജനാധിപത്യ മതേതര ആശയങ്ങളെ തകർക്കുക, മാത്രമല്ല മറിച്ച് ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ആക്രമണം നടത്താൻ അൽപം പോലും ഭയപ്പെടേണ്ടതില്ലെന്ന അപകടകരമായ സന്ദേശം കൂടി ഈ പ്രചരണം വഴിയൊരുക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളെ നോക്കുകുത്തിയാക്കി 200 ദശലക്ഷം മുസ്‌ലിംകൾക്കെതിരെ രാജ്യത്തെ വലതുപക്ഷ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വിവേചനപരമായ നടപടികൾക്കെതിരെ ഐക്യരാഷ്ട്രസഭയും ഗൾഫ് രാജ്യങ്ങളും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമെല്ലാം രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസ് വ്യാപനത്തെ പോലും മുസ്‌ലിംകളുടെ തലയിൽ കെട്ടിവെച്ച് വർഗീയ ശക്തികൾ അഴിച്ചുവിട്ട വിദ്വേഷ പ്രചരണം ഏറെ ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മുസ്‌ലിംകൾ ഇരകളാക്കപ്പെട്ട കലാപത്തിന്റെ ഉത്തരവാദികളായി മുസ്‌ലിംകളെ തന്നെ ചൂണ്ടിക്കാണിക്കുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ കാൾ ഫോർ ജസ്റ്റിസ് പുറത്തുവിട്ട അത്യന്തം വ്യാജമായ റിപ്പോർട്ട് ഉയർത്തി പിടിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അസത്യമായ രീതിയിൽ കലാപം നടന്ന ദിവസത്തെ സംഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ റിപ്പോർട്ട് എന്ന് നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന ആർക്കും മനസ്സിലാക്കാനാവും. യഥാർത്ഥ ചിത്രം ഇങ്ങനെ ഡൽഹി കലാപത്തെ കുറിച്ചുള്ള വസ്തുനിഷ്ഠമായ അന്വേഷണ റിപ്പോർട്ട് ഇങ്ങനെ ഇരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലുടനീളം ശക്തമായ പ്രതിഷേധം ആളിപ്പടരുന്നു, അതോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാനും പ്രതിഷേധം തകർക്കാനും ബിജെപി രാജ്യത്തുടനീളം പ്രവർത്തകർക്ക് നിർദേശം നൽകുന്നു. ഇതേതുടർന്ന് ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിലടക്കമുള്ള പ്രതിഷേധക്കാർക്ക് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നു.

പ്രതിഷേധക്കാർക്ക് നേരെയുള്ള ഈ അക്രമങ്ങൾ ജനുവരി ഫെബ്രുവരി മാസം വർദ്ധിക്കുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതോടെ അക്രമം ശതഗുണീഭവിക്കുന്നു. തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ വ്യക്തികളിലൊരാളായ കപിൽ മിശ്ര തോറ്റതിന്റെ ദേഷ്യം തീർക്കുന്നത് പൗരത്വ സമരക്കാർക്ക് നേരെയാണ്. തന്റെ പരിസരത്ത് റോഡ് തടഞ്ഞ് സമരം ചെയ്യുന്നവരെ ഒഴിപ്പിച്ചിട്ടില്ലെങ്കിൽ നിയമം തങ്ങൾ കയ്യിൽ എടുക്കുമെന്ന് മിശ്രയും അനുയായികളും ഡൽഹി പോലീസിന് മുന്നറിയിപ്പ് നൽകി.

കപിൽ മിശ്രയുടെ ഭീഷണി സ്വരം ഉയർന്നതിന് വൈകാതെതന്നെ ഡൽഹിയുടെ തെരുവുകൾ അക്രമികൾ കയ്യടക്കി. സ്റ്റീൽ ദണ്ഡുകളും ബാറ്റും തോക്കുമായി സമരക്കാർക്ക് നേരെ അവർ അക്രമം അഴിച്ചുവിട്ടു. ഇതേ തുടർന്ന് നിരവധി മുസ്‌ലിംകൾക്ക് മർദ്ദനമേറ്റു, ചിലർ കൊല്ലപ്പെടുകയും ചെയ്തു.

"കപിൽ മിശ്ര ജയിലിലടക്കപ്പെടണം, അയാളാണ് വർഗീയ കലാപം ആളിക്കത്തിച്ചത്, ജനങ്ങളുടെ ഹൃദയങ്ങൾ ക്കിടയിൽ ഭിന്നത രൂപപ്പെടുത്തിയത് അയാളാണ്". മിശ്രയുടെ ചെറുപ്പകാലത്തെ സുഹൃത്തും ബിസിനസുകാരനുമായ രൂപേഷ് ബാത്യ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. അക്രമം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതാണെന്നായിരുന്നു തുടക്ക സമയത്ത് മോദി സർക്കാർ വ്യക്തമാക്കിയിരുന്നതെങ്കിൽ ഇപ്പോൾ മുസ്‌ലിംകളെ തന്നെ കലാപത്തിന്റെ ഉത്തരവാദികളായി ചിത്രീകരിക്കുന്ന തിരക്കിലാണ് അവർ.

കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന വർഗീയ അക്രമങ്ങളുടെ കണക്കെടുത്തു പരിശോധിച്ചു നോക്കിയാൽ അതിൽ 90 ശതമാനവും സംഭവിച്ചത് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണെന്ന് കാണാനാവും. അതായത് ഇവയെല്ലാം സംഭവിച്ചത് മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം! ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആണ്.

പോലീസിന്റെ ഇടപെടൽ

ഇത്തരം കേസുകളിലെല്ലാം അക്രമികളെ സഹായിക്കുന്ന നിലപാടാണ് എപ്പോഴും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേസന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ അന്വേഷണം അട്ടിമറിക്കാനായി സാക്ഷികൾക്കെതിരെയും ഇരകൾക്കെതിരെയും കേസെടുക്കുകയാണ് പോലീസ് ചെയ്യുക. പലയിടത്തും ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പോലും അക്രമത്തിൽ മുൻപന്തിയിലാണ്. ഇത്തരം അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് മുസ്‌ലിംകളുടെ ജീവിതം പരമാവധി ദുസ്സഹമാക്കി മാറ്റാനും അതുവഴി അവരെ രാജ്യത്ത് നിന്ന് ചവിട്ടി പുറത്താക്കാനുമാണ്. തീർത്തും നുണകൾ മാത്രം വെച്ച് എഴുതിയ ഒരു റിപ്പോർട്ട് വിശ്വാസത്തിൽ എടുക്കുക വഴി ഡൽഹിയിൽ നടന്ന അത്യന്തം രക്തപങ്കിലമായ ഒരു വംശീയ കലാപത്തെ നിസാരവൽക്കരിക്കാനാണ് മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തീർത്തും നുണകൾ മാത്രം വെച്ച് എഴുതിയ ഒരു റിപ്പോർട്ട് വിശ്വാസത്തിൽ എടുക്കുക വഴി ഡൽഹിയിൽ നടന്ന അത്യന്തം രക്തപങ്കിലമായ ഒരു വംശീയ കലാപത്തെ നിസാരവൽക്കരിക്കാനാണ് മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കടപ്പാട്: ടിആർടി വേൾഡ്