Thursday, 3 December 2020

മുന്നാക്ക സംവരണ നീക്കത്തിൻ്റെ പിന്നാമ്പുറം

സ്വിദ്ദീഖ് നദ് വി ചേരൂർ

27 October, 2020

+ -
image

ശരീരത്തിലെ ഒരവയവത്തിന് വല്ല അസുഖമോ വൈകല്യമോ വന്നാൽ ആ അവയവത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകാറുണ്ട്. അതിന് കുഴമ്പും എണ്ണയും മറ്റു മരുന്നുകളും പുരട്ടുക, എടുക്കുമ്പോഴും വയ്ക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകുക തുടങ്ങിയ കാര്യങ്ങൾ.

ഇതിൽ മറ്റു അവയവങ്ങൾ കെറുമ്പിക്കുകയോ അസൂയപ്പെടുകയോ പതിവില്ല. മറിച്ച് അനുഭാവപൂർവം സഹകരിക്കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ആണ് ചെയ്യുക. വിരലിന് കുരു വന്നാൽ ദേഹം മൊത്തം പനിക്കുന്നത് പ്രകൃതിപരമായ ഒരു ഉദാഹരണം മാത്രം.

കുറേ അംഗങ്ങളുള്ള ഒരു വീട്ടിൽ ഒരാൾ രക്തക്കുറവോ പോഷകാംശകുറവോ കാരണം മെലിഞ്ഞൊട്ടുകയോ മറ്റു അംഗങ്ങളെ പോലെ എല്ലാ മേഖലകളിലും സാന്നിധ്യമറിയിക്കാൻ കഴിയാതെ വരികയും ചെയ്താൽ രക്ഷിതാക്കൾ ആ കുട്ടിക്ക് പ്രത്യേക ഔഷധങ്ങളും പോഷകമൂല്യങ്ങളുള്ള ആഹാരങ്ങളും നൽകി ശുശ്രൂഷിക്കാറുണ്ട്. അതിലും സഹോദരങ്ങൾ എതിർപ്പു പ്രകടിപ്പിക്കുകയോ എല്ലാവർക്കും തുല്യത വേണം, അവൻ്റേതിന് തുല്യമായ വിഭവങ്ങൾ ഞങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന പേരിൽ ബഹളം ഉണ്ടാക്കാറില്ല.

ഇതൊക്കെ പൊതുവായി നാം കണ്ടു വരുന്ന, നിരാക്ഷേപം എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങൾ.

എന്നാൽ സമൂഹത്തിൽ ചില വിഭാഗങ്ങൾ സാമൂഹികമോ ചരിത്രപരമോ ആയ കാരണങ്ങളാൽ ദുർബലരായി പോവുകയും മറ്റുള്ളവർ യോഗ്യതാ പൂർവം കയറിയിരിക്കുന്ന പല പദവികളും സ്ഥാനങ്ങളും മുൻ സൂചിപ്പിച്ച ചരിത്ര/ സാമൂഹിക പശ്ചാത്തലം നൽകിയ അയോഗ്യത കാരണം ഇവർക്ക് അപ്രാപ്യമാവുകയും സമൂഹത്തിൻ്റെ പൊതുധാരയിൽ നിന്ന് അവർ മാറ്റി നിർത്തപ്പെട്ട സ്ഥിതിയിൽ പിന്നാക്കമായി മാറുകയും ചെയ്യുമ്പോൾ അവരെ പിടിച്ചുയർത്തി, ഉത്തേജിപ്പിച്ചു സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തേണ്ടത് അതാത് കാലത്തെ സർക്കാറുകളുടെ ചുമതലയാണ്. 

നേരത്തേ സൂചിപ്പിച്ച വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള  പങ്കാണ് ഇവിടെ സർക്കാരുകൾക്കുള്ളത്. കുടുംബത്തിൽ മറ്റു അംഗങ്ങൾ അനുഭാവത്തോടെ അതിനോട് സഹകരിക്കുന്നത് പോലെ സമൂഹത്തിലെ സൗകര്യങ്ങൾ അനുഭവിക്കുന്ന ഇതര വിഭാഗങ്ങൾ അതിനോട് ഐക്യദാർഢ്യപ്പെടുകയാണ് കരണീയം.

ഇവിടെ സാമുദായിക സംവരണമെന്നത് ഇത്തരമൊരു താൽക്കാലിക ഏർപ്പാടാണ്. ദൗർബല്യം ബാധിച്ച അവയവം സാധാരണ നിലയിലാക്കാൻ എണ്ണയും കുഴമ്പും പോലെ പോഷകക്കുറവ് മൂല്യം പ്രയാസപ്പെടുന്ന അംഗത്തിന് അതിന് വിഭവങ്ങൾ നൽകുമ്പോലെയുള്ള ഒരേർപ്പാട്. അത് സ്ഥിരമായി നിലനിൽക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. നിലനിർത്തണമെന്ന് ആരും ആവശ്യപ്പെടുന്നുമില്ല. പക്ഷെ, സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സമൂഹത്തിൻ്റെ അടിത്തട്ടിൽ കഴിയുന്ന ന്യൂനപക്ഷ- അധഃസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്ന കാര്യത്തിൽ മാറി മാറി ഭരിച്ച സർക്കാറുകൾക്ക് കഴിഞ്ഞില്ലെന്നത് നഗ്ന സത്യമാണ്. 

അപ്പോൾ എല്ലാവരും സഹകരിച്ച് ആ പോരായ്മ നികത്താൻ ശ്രമിക്കുകയല്ലേ ബുദ്ധി? രാഷ്ട്ര പുരോഗതിയിലും പ്രജാക്ഷേമത്തിലും ആത്മാർത്ഥമായി താൽപ്പര്യപ്പെടുന്നവർ അങ്ങനെയാണ് ചിന്തിക്കുക. എല്ലാ അവയവവും കുറ്റമറ്റ, ചുറുചുറുക്കുള്ള നിലയിലാകുമ്പോഴാണ് നല്ല പ്രസരിപ്പുള്ള വ്യക്തിരൂപപ്പെടുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും അങ്ങനെ യോഗ്യരും കർമ കുശലരും ആകുമ്പോൾ നല്ല അഭിവൃദ്ധിയുള്ള കുടുംബമായി.

അത് പോലെ രാജ്യത്തെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിക്കുകയും രാജ്യത്തിൻ്റെ സൗകര്യങ്ങളും വിഭവങ്ങളും ന്യായമായ അളവിൽ അനുഭവിക്കാൻ അവസരം നൽകപ്പെടുകയും ചെയ്യുമ്പോഴാണ് ക്ഷേമരാഷ്ട്രം എന്ന നമ്മുടെ പൂർവികരുടെ സ്വപ്നം യാഥാർത്ഥ്യമാവുക. 

ഇവിടെ തുടക്കം മുതലേ രാജ്യത്തിൻ്റെ വിഭവങ്ങളും ആനുകൂല്യങ്ങളും നിർലോപം അനുഭവിക്കുന്ന, തങ്ങൾ നയിക്കേണ്ടവരും മുന്നിൽ നിൽക്കേണ്ടവരും ആണെന്നും മറ്റുള്ളവർ ഇതിനൊന്നും അർഹരല്ലെന്നും പരമ്പരാഗതമായി വിശ്വസിച്ചു പോരുന്ന സവർണ വിഭാഗങ്ങൾ ഈ സംവരണ നയത്തെ എതിർക്കുന്നതും അതിന് ഉടക്ക് വയ്ക്കാൻ ശ്രമിക്കുന്നതും മനസിലാക്കാം. അത് അവരുടെ സവർണ മനോഭാവത്തിൻ്റെ പ്രശ്നമാണ്.

എന്നാൽ സാമൂഹിക പുരോഗതിയും തുല്യനീതിയും അവസരസമത്വവും ഉറപ്പ് വരുത്തുക തങ്ങളുടെ ലക്ഷ്യവും നയവുമാണെന്ന് പ്രഖ്യാപിച്ച് രംഗത്തുള്ള രാഷ്ട്രീയ പാർട്ടികൾ പോലും പിന്നാക്കക്കാരുടെ പുരോഗതി ദഹിക്കാത്തതിൻ്റെ പേരിൽ മാത്രം സാമൂഹിക സംവരണ നയത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന, അതിന് വേണ്ടി മാത്രം സാമ്പത്തിക സംവരണത്തിനായി മുറവിളി കൂട്ടുന്ന മുന്നാക്കക്കാരുടെ കെണിയിൽ വീണു പോകുന്നതും അവർക്കൊപ്പിച്ച് സാമ്പത്തിക സംവരണത്തിന് നിയമനിർമാണം നടത്തുന്നതും കാണുമ്പോൾ ഇവരുടെയൊക്കെ ഉള്ളിലിരിപ്പെന്താണെന്ന് ബോധ്യപ്പെടാൻ കൂടുതൽ ഗവേഷണം നടത്തേണ്ടതില്ല.

രാഷ്ട്രീയമെന്നത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമായി അധ:പതിക്കുകയും ആദർശവും നയമം നിലപാടുമൊക്കെ ആർക്കും എവിടെയും തോന്നും പടി എടുത്തണിയാനും ഇറക്കിവയ്ക്കാനും കഴിയുന്ന കേവലം ഉത്തരീയമായി മാറുകയും ചെയ്തതിൻ്റെ ദുരന്തമാണ്  രാഷ്ട്രീയം അടക്കമുള്ള സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ദൃശ്യമാകുന്നത്. 

വ്യത്യസ്ത കാലങ്ങളിലായി പുറത്തു വന്ന സർവേകളും കമ്മീഷനുകളും പുറത്തുവിട്ട വിവിധ ജാതി / മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ/ ഉദ്യോഗ രംഗങ്ങളിലെ അസന്തുലിതാവസ്ഥയുടെ കണക്കുകൾ ആർക്കും അജ്ഞാതമല്ല. അതെങ്ങനെ മാറ്റിയെടുക്കാമെന്ന ചിന്ത രാജ്യപുരോഗതിയുടെ തന്നെ ഭാഗമാണെന്ന കാര്യവും അറിയാത്തതല്ല. പക്ഷെ, പഴയ മേൽജാതി മേധാവിത്വത്തിൻ്റെ വികല ചിന്ത ഉള്ളിൽ നുരഞ്ഞു പൊന്തുന്നതിനാൽ അതിനൊക്കെ വിദഗ്ധമായി പുകമറയിടാൻ അവർക്ക് പ്രത്യക്ഷത്തിൽ നിരുപദ്രവ പരമെന്ന് തോന്നിക്കുന്ന ന്യായങ്ങളിലൂടെയും സാമ്പത്തിക നീക്കങ്ങളിലൂടെയും കഴിയുന്നു. 

ഇന്ത്യയുടെ പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും ദളിത് - മുസ് ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്ര പരിതാപകരാം വിധം അസന്തുലിതമാണെന്ന് പരിശോധിച്ചാലറിയാം കാര്യങ്ങളുടെ കിടപ്പ്. ഉദ്യോഗരംഗങ്ങളിൽ ഓരോ വകുപ്പുകളും ചികഞ്ഞുനോക്കിയാൽ അവിടെയും ഈ അസമത്വം പ്രകടമാണ്. അതൊന്നും മാറ്റിയെടുക്കാനുള്ള പ്രായോഗിക പരിഹാരമൊന്നും നിർദേശിക്കാൻ കഴിയാത്തവർ എത്ര ധൃതി പിടിച്ചാണ് കേരളത്തിൽ മുന്നാക്ക സംവരണത്തിന് വേണ്ട കരുക്കൾ വിദഗ്ധമായി നീക്കിയെടുത്തത്. 

കഴിഞ്ഞ കുറച്ചു കാലമായി ഭരണത്തുടർച്ച എന്ന കേരളീയ സാഹചര്യത്തിലെ അസാധാരണ കാര്യം സാധിച്ചു കിട്ടാൻ വേണ്ടിയുള്ള കൊണ്ട് പിടിച്ച നീക്കങ്ങൾ ഭരണ കേന്ദ്രങ്ങളിൽ പ്രകടമാണ്. പ്രളയ സഹായവും കോവിഡ് പ്രതിരോധവുമൊക്കെ ഭരണ നേട്ടങ്ങളാക്കി ഉയർത്തിക്കാട്ടി പ്രതിയോഗികളെ നിഷ്പ്രഭമാക്കിക്കളയാം എന്ന കണക്ക് കൂട്ടൽ പുതിയ സാഹചര്യത്തിൽ വേണ്ടത്ര വിജയിക്കുന്നില്ലെന്ന് മനസിലായപ്പോൾ വർഗീയ ചിന്തകൾ ഇളക്കിവിട്ടും മേൽജാതിക്കാരെ സ്വാധീനിച്ചും ലക്ഷ്യം നേടാമോ എന്ന ചിന്തയുടെ ഫലമാണീ ധൃതി പിടിച്ച മുന്നാക്ക സംവരണ നീക്കമെന്ന് കരുതേണ്ടിയിരിക്കുന്നു.

മുന്നോക്കക്കാർ ഒരിക്കലും ജാതിയുടെ പേരിൽ വിവേചനമോ പീഢനമോ അനുഭവിച്ചിട്ടില്ല. മുസ് ലിം ഭരണ കാലത്ത് പോലും അവർ ഉന്നത സ്ഥാനങ്ങളിൽ വിരാജിച്ചിരുന്നു. പിന്നെ എന്ത് ന്യായത്തിൻമേലാണ് അവർക്ക് സംവരണം ഏർപ്പെടുത്തുന്നത്? സാമ്പത്തിക പിന്നാക്കാവസ്ഥയാണ് പ്രശ്നമെങ്കിൽ രണ്ടേക്കറിൽ താഴെ ഭൂമിയും നാല് ലക്ഷത്തിൽ താഴെ വരുമാനവുളള പിന്നോക്ക വിഭാഗക്കാരുമായി അവരെ ഒന്ന് താരതമ്യപഠനത്തിന് വിധേയമാക്കുക.അപ്പോഴറിയാം ഇതിൻ്റെ പിന്നിലെ ഇരട്ടത്താപ്പ്. 

പിന്നെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയുടെ നേതാക്കൾ ഇയ്യിടെയായി യുഡിഎഫിനെ അപചയപ്പെടുത്താനുളള ശ്രമത്തിൻ്റെ ഭാഗമായി നഗ്നമായി വർഗീയ ചിഹ്നങ്ങൾ എടുത്തുപയോഗിക്കുന്നതും നിരീക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. ചിലപ്പോൾ അവർ ന്യൂനപക്ഷങ്ങളുടെ ചിഹ്നങ്ങൾ ഉയർത്തിക്കാട്ടും. അത് അൽപ്പം കൂടിപ്പോയെന്ന് ഉപദേശികളുടെ ഫീഡ്ബാക്ക് വരുമ്പോൾ മറ്റേ കയ്യിലുള്ള ഭൂരിപക്ഷ വർഗീയതയുടെ കാർഡുകൾ എടുത്തു കളിക്കും. ഇത് തീക്കളിയാണെന്നും ഇതിൻ്റെ നേട്ടം കൊയ്യുക എല്ലാം നിരീക്ഷിച്ചു മാറി നിൽക്കുന്ന മൂന്നാം ചേരിയായിരിക്കുമെന്ന കാര്യമെങ്കിലും ഇവർ ഓർക്കേണ്ടതുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഇത്തരം കളികൾക്ക് നേതൃത്വം നൽകുന്നത് നല്ല സന്ദേശമല്ല, കേരളീയ സമൂഹത്തിന് നൽകുന്നത്.