ലബനാൻ പ്രക്ഷോഭം: പശ്ചിമേഷ്യയിൽ പുതിയ പ്രതിസന്ധിയുടെ തുടക്കമോ?

റാശിദ് ഓത്തുപുരക്കൽ ഹുദവി

27 October, 2019

+ -
image

പശ്ചിമേഷ്യൻ രാഷ്ട്രമായ ലബനാനിൽ കഴിഞ്ഞ ഒക്ടോബർ 17 മുതൽ സർക്കാർവിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്. നാലുവർഷത്തെ ശാന്തമായ സ്ഥിതിഗതികൾക്ക് ശേഷമാണ് ലെബനാൻ വീണ്ടും പ്രക്ഷോഭങ്ങൾക്ക് സാക്ഷിയാകുന്നത്. മുൻപ് നടന്ന രണ്ട് പ്രക്ഷോഭങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ ഭരണത്തിലുള്ള സർക്കാറിനെതിരെയാണ് പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്.

                 ലബനാൻ രാഷ്ട്രീയം

മറ്റു രാഷ്ട്രങ്ങളിൽ നിന്ന് വിഭിന്നമായി ഏറെ സങ്കീർണമാണ് ലബനാനിലെ രാഷ്ട്രീയ വ്യവസ്ഥ. പ്രസിഡന്റ് പദം മണോരൈറ്റ് ക്രിസ്ത്യാനികൾക്കും പ്രധാനമന്ത്രിപദം സുന്നി മുസ്‌ലിംകൾക്കും പാർലമെന്റ് സ്പീക്കർ പദവി ശിയാ വിശ്വാസികൾക്കും സംവരണം ചെയ്യപ്പെട്ടതാണ്. അതിനാൽ മറ്റു കക്ഷികൾക്ക് ഈ പദം നേടിയെടുക്കാനാവില്ല. പാർലമെന്റിലേക്കുള്ള സീറ്റുകളിലും ഇതേ വ്യവസ്ഥ തന്നെയാണുള്ളത്. 34 സീറ്റുകൾ മണോരൈറ്റ് ക്രിസ്ത്യാനികൾക്കും 14 സീറ്റുകൾ ഈസ്റ്റേൺ ഓർത്തഡോക്സുകൾക്കും സംവരണം ചെയ്യപ്പെട്ടതാണ്. അതേസമയം 27 വീതം സീറ്റുകളാണ് സുന്നികൾക്കും ശിയാക്കൾക്കുമായി നീക്കിവെക്കപ്പെട്ടിട്ടുള്ളത്. ഈ പറഞ്ഞ വ്യവസ്ഥയെ  കൺഫെഷണലിസം എന്നാണ് വിളിക്കപ്പെടുന്നത്. മേൽപ്പറഞ്ഞ വ്യവസ്ഥപ്രകാരം ഒരു തെരഞ്ഞെടുപ്പിലും സാമുദായിക വളർച്ചയോ തളർച്ചയോ ഉണ്ടാവുകയില്ല. അതേസമയം ഓരോ മത വിഭാഗത്തിലെ വിവിധ പാർട്ടികൾക്ക് സീറ്റ് വർധനവും കുറവും നേരിട്ടേക്കാം. നിലവിൽ മൈക്കൽ ഔൻ ആണ് ലബനീസ് പ്രസിഡന്റ്. പ്രധാനമന്ത്രി സഅദ് ഹരീരിയും പാർലമെന്റ് സ്പീക്കർ നബീഹ് ബെറിയുമാണ്. 2019 ജനുവരിയിലാണ് പുതിയ സർക്കാർ അധികാരത്തിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ രാജ്യത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ തയ്യാറാവാതിരുന്നതോടെയാണ് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കപ്പെട്ടത്.

               പ്രക്ഷോഭത്തിന്റെ കാരണം

രാജ്യത്ത് അതിരൂക്ഷമായി വര്‍ധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനെതിരെയുള്ള കടുത്ത അഴിമതി ആരോപണങ്ങളുമാണ് ശക്തമായ ജനരോഷം ഇളക്കി വിട്ടത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഈ വര്‍ഷം ജനുവരിയില്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഹരീരിയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രക്ഷോഭകാരികൾ ആവർത്തിച്ച് വ്യക്തമാക്കുന്നു.

                 സമരക്കാരുടെ ആവശ്യം

പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സമയത്ത് സർക്കാറിനെതിരെയാണ് തുടങ്ങിയിരുന്നതെങ്കിലും സമരക്കാർ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രണ്ടു ദിവസങ്ങൾ കൊണ്ട് പ്രക്ഷോഭത്തിന് ശക്തമായ ജനപിന്തുണ കൈവന്നതോടെ പ്രധാനമന്ത്രി പരിഷ്കാര നടപടികൾ പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രക്ഷോഭത്തിന് ലഭിച്ച വർധിത ജനപിന്തുണയുടെ ആത്മവിശ്വാസത്തിൽ സർക്കാരിനെ തന്നെ താഴെയിറക്കുക എന്ന ആവശ്യം ഉയർത്തിപ്പിടിക്കാൻ പ്രക്ഷോഭകാരികൾ ധൈര്യം കാണിക്കുകയായിരുന്നു.

                  മന്ത്രിമാരുടെ രാജി

അതിനിടെ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ എക്കാലത്തെയും സഖ്യകക്ഷിയായ ലെബനീസ് ഫോഴ്സസ് പാർട്ടിയുടെ നാലു മന്ത്രിമാർ രാജി വെച്ചത് പ്രക്ഷോഭത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്. രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്. രാജ്യം നേരിടുന്ന ഗുരുതരമായ സ്ഥിതിഗതികൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്തിയാണ് മന്ത്രിമാർ രാജിവെച്ചത്. സഖ്യകക്ഷി പാർട്ടി പ്രതിനിധികൾ രാജിവെച്ചത് ഹരീരി സർക്കാറിന് തികഞ്ഞ രാഷ്ട്രീയ തിരിച്ചടി തന്നെയാണ്.   

                 ഹരീരിയുടെ പ്രതികരണം

സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സഅദ് ഹരീരി 2020ലെ ബജറ്റില്‍ നികുതിവര്‍ധനവ് എടുത്തുകളയുകയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സമരം ഉപേക്ഷിക്കാൻ പ്രക്ഷോഭകാരികൾ തയ്യാറായിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ ശമ്പളം പകുതിയായി കുറയ്ക്കുമെന്നും ഹരീരി പറഞ്ഞിരുന്നു.

                 ഹിസ്ബുല്ല നിലപാട്

എന്നാൽ രാജ്യത്തെ നിർണായക ശക്തിയായ ശിയാ പ്രസ്ഥാനം ഹിസ്ബുല്ല പ്രക്ഷോഭത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രാജ്യത്തെ കലാപത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നയിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വന്തമായി സൈന്യമുള്ള ഹിസ്ബുല്ല ഇസ്രായേലുമായുള്ള കടുത്ത പോരാട്ടം കൊണ്ട് ലബനാനിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഇസ്രായേലിൽ കടന്നുചെന്ന് ആക്രമണം നടത്താൻ സജ്ജമാണെന്ന് ഈ അടുത്ത് ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിരുന്നു. ഹസൻ നസ്റുല്ലയെ വധിക്കാൻ ഇസ്രായേൽ പദ്ധതികൾ തയ്യാറാക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

                   പ്രക്ഷോഭത്തിന്റെ പ്രത്യേകത

സിറിയന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ 2005ൽ നടന്ന ‘സെഡാര്‍’ വിപ്ലവം 2015ലെ മാലിന്യക്കൂമ്പാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എന്നിവകളിൽ നിന്നും വിഭിന്നമാണ് 2019ലെ പ്രക്ഷോഭം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടപെടാത്ത തികച്ചും ജനകീയമായ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. 2015നേക്കാള്‍ വിശാലമായ വേർതിരിവുകൾ ഇല്ലാത്ത വിധം ജനങ്ങള്‍ ഒറ്റക്കെട്ടായാണ് ഇപ്പോള്‍ സമരത്തിലുള്ളത്. തലസ്ഥാന നഗരിയില്‍ ഒതുങ്ങിനിൽക്കുന്നതിന് പകരം രാജ്യത്തുടനീളം അവര്‍ പ്രക്ഷോഭവുമായി അണിനിരക്കുകയും എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കൾക്കെതിരെയും ശക്തമായ വിമർശന ശരമുന്നയിക്കുകയും സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ലബനാനിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പ്രക്ഷോഭത്തിലേക്ക് കടന്നു വരാനാണ് സാധ്യത. അതേസമയം പ്രക്ഷോഭത്തെ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പശ്ചിമേഷ്യയിലെ പുതിയൊരു സംഘർഷ ബാധിത മേഖലയായി ലബനാൻ മാറുമെന്നതിൽ ഒരു സംശയവുമില്ല. സിറിയൻ അഭയാർത്ഥി പ്രതിസന്ധി മൂലം ഏറെ പ്രയാസപ്പെടുന്ന മേഖലയിൽ പുതിയൊരു ആഭ്യന്തര കലഹം കൂടി താങ്ങാനാവില്ലെന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്. അതുകൊണ്ട് ചർച്ചകളിലൂടെയും പഴുതടച്ച നടപടികളിലൂടെയും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തിയാൽ മാത്രമേ ആസന്നമായ ഒരു ദുരന്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സാധ്യമാവുകയുള്ളൂ.