വിസ്മൃതിയുടെ പുതിയ കാലത്ത് ബില്‍ഖീസ് ബാനുവിന്‍റെ പോരാട്ടവും 'കാവല്‍ക്കാരുടെ പരാജയവും മറക്കാനെളുപ്പമാണ്

റാണ അയ്യൂബ്

27 April, 2019

+ -
image

2002 മെയ് മാസം മുംബൈയില്‍ നിന്നും  വളന്‍റിയര്‍മാരായ  ഞങ്ങളില്‍ ചിലർ ഗുജറാത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു. കൂടെ കരുതിയിരുന്ന ചില ആവശ്യ വസ്തുക്കള്‍ ക്യാമ്പിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കാനും സാധ്യമായ മറ്റു സഹായങ്ങള്‍ നല്‍കാനുമായിരുന്നു യാത്ര. 

ടെലിവിഷനില്‍ കണ്ട കലാപത്തിന്‍റെ കരളലിയിക്കുന്ന കാഴ്ചക്കള്‍ സമ്മാനിച്ച കടുത്ത വേദനയായിരുന്നു ഗുണകാംക്ഷികളില്‍ നിന്ന് സ്വരുക്കൂട്ടിയെടുത്ത പുതപ്പുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വസ്തുക്കളുമായി ബസ് വഴി ഗുജറാത്തിലേക്ക് പുറപ്പെടാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഓരോ ദുരിതാശ്വാസ ക്യാമ്പിനും ക്രൂരതകളുടെ,വേദനയുടെ നിരവധി കദനകഥകളാണ് പങ്ക് വെക്കാനുണ്ടായിരുന്നത്. 

താന്‍ സഹിച്ച ക്രൂരതകള്‍ ഒരു യുവതി ഞങ്ങളോട് വിവരിക്കുമ്പോള്‍ അവളുടെ തോളില്‍ കുഞ്ഞ് ആര്‍ത്തലച്ച് കരയുന്നുണ്ടായിരുന്നു. ചെറിയ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളിലെ മുറിവുകളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും ഈച്ചകള്‍ ചുറ്റും തടിച്ച് കൂടുന്നതും കാണാമായിരുന്നു. 20 പേരടങ്ങിയ ഞങ്ങളോട് പല സ്ത്രീകളും കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഞങ്ങള്‍ പോലീസുകാരോട് ഒത്തുകളിക്കുന്നവരാണെന്ന് ധരിച്ചായിരിക്കാം അവരിത്തരമൊരു സമീപനം സ്വീകരിച്ചിട്ടുണ്ടാവുക. ഇതിനിടയിലാണ് രണ്ട് സ്ത്രീകള്‍ ഒരു സ്ത്രീയുടെ ധീരത വാഴ്ത്തുന്നത് കേട്ടത്. ദാഹോദ് നിവാസിയായ ആ സ്ത്രീയെ കലാപകാരികള്‍ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ പല അംഗങ്ങളെയും വെട്ടി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അവളുടെ സംഭവം പറഞ്ഞ് കരഞ്ഞ അവര്‍ പക്ഷേ പോലീസിനെതിരെ ആ യുവതി പരാതി കൊടുത്തത് വലിയ അത്ഭുതത്തോടെയായിരുന്നു പങ്ക് വെച്ചത്. പിന്നീടവര്‍ ഉറങ്ങാനായി വേര്‍പിരിയുകയും ചെയ്തു. ആ യുവതി ബില്‍ഖീസ് ബാനുവായിരുന്നു. 

 

 

 

ഗുജറാത്ത്  2002

 

ഞാനാദ്യമായി ബില്‍ഖീസ് ബാനുവിനെ കാണുന്നത് ഗുജറാത്തില്‍ വെച്ച് അവര്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിനിടയിലാണ്. സാമൂഹ്യപ്രവര്‍ത്തര്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് അവര്‍ ഇരുന്നിരുന്നത്. 20വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ പെണ്‍കുട്ടി പക്ഷേ താനനുഭവിച്ച ആ കാളരാത്രിയുടെ ഓര്‍മ്മകളാല്‍ കൂടുതല്‍ വയസ്സ് തോന്നിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനങ്ങളില്‍ അവർ തന്‍റെ ദുരിതങ്ങള്‍ വിവരിക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയിലെത്തിയത് 1992-1993 കാലത്ത് നടന്ന കലാപത്തില്‍ കലപാകാരികളില്‍ നിന്ന് രക്ഷ തേടി ഞാനും സഹോദരിയും ഓടി രക്ഷപ്പെട്ടതാണ്. 

ബില്‍ഖീസിന്‍റെ കഥ ഗുജറാത്തിന്‍റെ കഥ തന്നെയാണ്. എത്ര കാലം കഴിഞ്ഞാലും രാജ്യത്തിന്‍റെ ധാര്‍മ്മിക ബോധത്തെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന കഥയാണത്.

ഗോധ്ര ട്രയിനില്‍ 59 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടതിന്‍റെ കൃത്യം  അഞ്ചാം ദിനം ഗുജറാത്ത് വര്‍ഗീയ കലാപകാരികള്‍ കയ്യടക്കി. ബില്‍ഖീസ് ബാനുവും കുടുംബവും സുരക്ഷിത സ്ഥാനത്തെത്തിച്ചേരാന്‍ ഒരു വാനില്‍ യാത്ര പുറപ്പെട്ടെങ്കിലും ദാഹോദിലെ രന്ദികപൂര്‍ ഗ്രാമത്തില്‍ 35 ലധികം വരുന്ന ജനക്കൂട്ടം അവരെ തടഞ്ഞു.

ഭയപ്പെട്ടത് തന്നെ സംഭവിച്ചു. വാളുകള്‍ തല്‍ക്ഷണം രക്തപ്പുഴ തന്നെ ഒഴുക്കി. തലകള്‍ വെട്ടിമാറ്റപ്പെട്ടു. ശരീരഭാഗങ്ങള്‍ വിഛേദിക്കപ്പെട്ടു. അക്രമകാരികളിലൊരാള്‍ ബില്‍ഖീസിന്‍റെ 3 വയസ്സ് മാത്രമുള്ള കുഞ്ഞിനെ എടുത്ത് തല നിലത്തടിച്ചു കൊന്നു. താന്‍ കാണുന്ന കാഴ്ചയുടെ അമ്പരപ്പ് മാറുന്നതിന് മുമ്പ് അക്രമകാരികള്‍ അവളെ വിവസ്ത്രയാക്കുകയും ഓരോരുത്തരായി മാനഭംഗപ്പെടുത്തുകയും ചെയ്തു. താന്‍5 മാസം ഗര്‍ഭിണിയാണെന്ന് ഗുജറാത്തിയില്‍ ഉറക്കെ വിളിച്ച് പറഞ്ഞെങ്കിലും അവര്‍ ചെവികൊണ്ടേയില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുഞ്ഞിന് ജന്മം നല്‍കിയ തന്‍റെ പിതൃസഹോദര പുത്രിയെ മാനഭംഗപ്പെടുത്തുന്നതിനും അങ്ങനെ അവളെ കൊല്ലുന്നതിനും ബില്‍ഖീസിന് സാക്ഷിയാവേണ്ടി വന്നു. 

മരിച്ചെന്ന് കരുതി അക്രമകാരികള്‍ അവളെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മണിക്കൂറുകളോളം ബോധരഹിതയായി കിടന്നതിന് ശേഷം എഴുന്നേൽക്കുമ്പോൾ ശരീരത്തിൽ നൂലിഴ ബന്ധമുണ്ടായിരുന്നില്ല. ഒരു പുറം കോട്ട് കൊണ്ട് ശരീരം മറച്ച് വേച്ച് വേച്ച് ഒരു ആദിവാസി സ്ത്രീയുടെ സഹായം തേടി അവര്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് നടന്ന് നീങ്ങി. 

ഒരിക്കലും സ്കൂളിന്‍റെ പടി ചവിട്ടാത്ത, കുടുംബത്തിന്‍റെ ചുറ്റും മാത്രം ജീവിതം ക്രമപ്പെടുത്തിയ ഒരു തനി സാധാരണ സ്ത്രീ ജീവിതത്തിലനുഭവിക്കേണ്ടി വന്ന അതി ക്രൂരമായ അനുഭവങ്ങളില്‍ നിന്ന് അനിതര സാധാരണമായ ധീരത ആര്‍ജ്ജിച്ചെടുക്കുകയും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെ തൃണവല്‍ഗണിച്ച് അക്രമാകരികള്‍ക്കെതിരെ പരാതി കൊടുക്കാനുള്ള ചങ്കുറപ്പ് കാണിക്കുകയും ചെയ്തു. 

 

17 വര്‍ഷത്തെ നിയമ പോരാട്ടം

ആദ്യം തന്‍റെ നാട്ടിലുള്ള പോലീസ് സ്റ്റേഷനിലാണ് അവര്‍ പരാതി കൊടുത്തിരുന്നത്. എന്നാല്‍ അവര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് കേസ് തള്ളിക്കളയുകയാണ് ചെയ്തത്. കൃത്യമായ തെളിവുകളുടെ സാന്നിധ്യത്തിലും അക്രമകാരികള്‍ക്കെതിരെുയുള്ള മറ്റു പല കേസുകളും അവര്‍ തള്ളിക്കളഞ്ഞിരുന്നു. 2003ല്‍ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രിം കോടതിയെയും സമീപിച്ചു. 2004 ഓഗസ്റ്റില്‍ ബില്‍ഖീസ് ബാനുവിന്‍റെ അഭ്യര്‍ത്ഥന പ്രകാരം സുപ്രീം കോടതി കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. അക്രമകാരികൾക്ക്.   കനത്ത തിരിച്ചടി നൽകി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസില്‍ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 

2004 ല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബില്‍ഖീസ് ബാനു നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു, "ഞങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലായിരുന്നോ, നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ട പരിഹാരവും നല്‍കേണ്ടതില്ലേ, ഇപ്പോള്‍ സുപ്രിം കോടതി കേസ് പരിഗണിച്ച് കൊണ്ടിരിക്കുന്നു. നഷ്ടപരിഹാരവും കേസില്‍ നിന്ന് അക്രമികള്‍ രക്ഷപ്പെടുന്നതുമെല്ലാം കോടതി പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാനടക്കമുള്ള എന്‍റെ സമുദായത്തിലെ നിരവധി സ്ത്രീകള്‍ അനുഭവിച്ച ക്രൂരമായ അനുഭവങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ വലിയ വേദനയുണ്ട്.

2002 മാര്‍ച്ച് 1 ന് വഡാദരയിലെ ബെസ്റ്റ് ബേക്കറിയില്‍ വെച്ച് 14 ആളുകളെ ജനക്കൂട്ടം കത്തിച്ച കേസിന്‍റെയും വിധി പുറത്ത് വന്നു. ഈ കേസില്‍ ബില്‍ഖീസ് ബാനുവിന്‍റെ സമാനമായ പോരാട്ടം നടത്തിയിരുന്ന സ്ത്രീയായിരുന്നു സാഹിറ ശൈഖ്. കേസില്‍ കുറ്റാരോപിതരായ 21 ആളുകളുടെയും അപ്പീല്‍ തള്ളിക്കളഞ്ഞ ജസ്റ്റിസ് ആരിജിത്ത്, ദൊരൈസ്വാമി രാജു എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ബെസ്റ്റ് ബേക്കറിയില്‍ ആളുകള്‍ വെന്ത് മരിക്കുമ്പോള്‍ സംരക്ഷണം നല്‍കാതെ കൈകെട്ടി നോക്കി നിന്ന സര്‍ക്കാര്‍ ആധുനിക നീറോയാണ് എന്നും പ്രതികളെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. 

ബിൽഖീസ് ബാനു കേസിലെ നിർണ്ണായകമായ മറ്റൊരു വിധി വന്നത് 2008 ലാണ്. മുംബൈയിലെ പ്രത്യേക കോടതി കേസിലുൾപ്പെട്ട 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചു.

 ബില്‍ഖീസിന് നഷ്ട പരിഹാരമായി ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്‍കണമെന്ന സുപ്രിം കോടതിയുടെ പുതിയ വിധി 17 ഓളം പ്രാവശ്യം മാറിത്താമസിക്കേണ്ടി വന്ന ബില്‍ഖീസിനും കുടുംബത്തിനും വലിയ ആശ്വാസം  തന്നെയാണ്. 

 

മറവിക്കാലം

ബില്‍ഖീസ് ബാനു നീതി നേടിയെടുത്തത് സംസ്ഥാനത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ 1.3 ശതകോടി ജനങ്ങളുടെ വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും ആത്മാഭിമാനം സംരക്ഷിക്കുന്ന കാവല്‍ക്കാരനെന്ന് കൊട്ടിഘോഷിക്കുന്ന വ്യക്തിയില്‍ നിന്നാണെന്നത് ഏറെ കൌതുകകരം തന്നെയാണ്.

    ബില്‍ഖീസ് ബാനുവിന്‍റെ കഥ നിശ്ചയദാർഢ്യത്തിന്‍റെയും ധീരതയുടെയും സ്ത്രീപക്ഷ ചിന്തകളുടെയും നീതി തേടിയുള്ള അലച്ചിലിന്‍റെയും കഥയാണ്. എന്നാല്‍  ബില്‍ഖീസിതര കലാപബാധിതരായ സ്ത്രീകളുടെ യാതന അംഗീകരിക്കാതിരിക്കുന്നത് അവളുടെ പോരാട്ടത്തെ അവമതിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഈ വലിയ കലാപം ആസൂത്രണം ചെയ്ത സൂത്രധാരകരെ ഒന്നൊഴിയാതെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ട് വരാത്തിടത്തോളം ഇരകളോട് നീതി ചെയ്യുവാന്‍ നമുക്കാവില്ല.

    ദുരിതാശ്വാസ ക്യാമ്പില്‍ കണ്ട്മുട്ടിയ ഇത്തരം സ്ത്രീകളാണ് കലാപകാരികളെ തുറന്ന് കാണിക്കാന്‍ എനിക്ക് പ്രചോദനമേകിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു പ്രതിക്ക് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ കേന്ദ്ര സർക്കാർ പ്രതിക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത് ബില്‍ഖീസിനെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിച്ചിട്ടുണ്ടായിരിക്കാം.

    സൊഹ്റാബുദ്ദീന്‍ ശൈഖിന്‍റെ ഭാര്യയായിരുന്ന കൌസ‍ര്‍ബുവിനെ മാനഭംഗം ചെയ്ത് കൊന്ന് മൃതശരീരം കത്തിച്ച് കളഞ്ഞ പ്രതികള്‍ ഇന്ന് തങ്ങളുടെ പേരിന് മുമ്പ് ചൌകീദാർ എന്ന് ചേർക്കുന്നത് എത്രമാത്രം വിരോധാഭാസകരമാണെന്ന് ബില്‍ഖീേസ് കരുതുന്നുണ്ടാവാം.

ഇന്ത്യന്‍ പ്രധാനമന്ത്രി മുസ് ലിം സ്ത്രീകളുടെ രക്ഷക്കായി മുത്വലാഖ് നിരോധിക്കാനായി ഒരു ഓർഡിനന്‍സ് തന്നെ ഇറക്കുന്ന അതേ കാലയളവിലാണ് ഒരു സ്ത്രീക്ക് തന്‍റെ അഭിമാനം പിച്ചിച്ചീന്തിയ അനീതിക്കെതിരെ 15 വർഷത്തോളമൊക്കെ പോരാടേണ്ടി വന്നതെന്ന് വോട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ പൌരന്‍റെ മനസ്സിനെ മഥിക്കേണ്ട കാര്യം തന്നെയാണ്.

ബില്‍ഖീസിന് അനുകൂലമായി സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം മുന്നോട്ടുള്ള ഒരു ചെറിയ കാല്‍വെപ്പാണ്. അതൊരു പ്രതീക്ഷയുടെ കിരണം മാത്രമാണ്. ഉദ്ദിഷ്ട ലക്ഷ്യം ഇപ്പോഴും സഫലമായിട്ടില്ലെന്നാണ് ഞാനടക്കമുള്ള മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും കരുതുന്നത്.

   

( മാധ്യമപ്രവർത്തകയും ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകത്തിന്‍റെ രചയിതാവുമാണ് ലേഖിക)

വിവര്‍ത്തനം; റാഷിദ് ഹുദവി ഓത്തുപുരക്കല്‍