ഈ പതാക പുതച്ച് എനിക്ക് മരണം പുല്‍കണം; ഫലസ്തീനി പോരാളി അംറോ പറയുന്നു

നഈം സിദ്ദീഖി

26 October, 2018

+ -
image

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വെറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്.

കത്തിക്കൊണ്ടിരിക്കുന്ന ടയറുകളുടെ പശ്ചാത്തലത്തില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപത്തിരുന്ന് ഇസ്രായേലി സൈനികര്‍ക്കു നേരെ കവണ പ്രയോഗിക്കുന്ന അഹമ്മദ് അബൂ അംറോ എന്ന ഫലസ്തീനിയുടെതാണ് ഈ ചിത്രം. 

പിറന്ന നാട്ടില്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കാതെ, നിരന്തരം സംഘര്‍ഷങ്ങളും പോരാട്ടങ്ങളും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ സൈന്യത്തിനെതിരെയുള്ള ഫലസ്തീനീ യുവാക്കളുടെ ജീവന്‍ മരണ പോരാട്ടത്തിന്റെ പ്രതീകമാണിത്.

ഫ്രഞ്ച് റവലൂഷനെ ആവിഷ്‌കരിക്കുന്ന ലിബേര്‍ട്ടി പെയ്ന്റിംഗിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് മാധ്യമലോകം ഇതിനെ നിരീക്ഷിക്കുന്നത്.

ഒക്ടോബര്‍ 22 ന് തുര്‍ക്കി അനദോലു ഏജന്‍സിയുടെ മുസ്ഥഫ ഹസ്സോന പകര്‍ത്തിയതാണ് ഈ ചിത്രം. 20 കാരനായ അംറോ ഇസ്രയേലീ മുന്നേറ്റത്തിനെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തുന്നതാണ് ഇത് ചിത്രീകരിക്കുന്നത്. 

കത്തിയെരിയുന്ന കലാപാന്തരീക്ഷത്തില്‍, പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലാണ് അംറോയുടെ പോരാട്ടം. ഇതിനകം ആയിരങ്ങള്‍ ട്വീറ്റ് ചെയ്ത ഈ ഫോട്ടോ സോഷ്യല്‍മീഡിയയിലും ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ഫലസ്തീനിലെ ഗാസ സിറ്റിക്കടുത്ത് അല്‍ സൈതൂന്‍ പ്രവിശ്യയിലെ അന്തേവാസിയാണ് അംറോ. എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും സുഹൃത്തുക്കളോടൊപ്പം അംറോ പോരാട്ടത്തിനിറങ്ങാറുണ്ട്.

'എന്റെ പടം സോഷ്യല്‍മീഡിയയില്‍ വൈറലായതറിഞ്ഞ് ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. ഞാന്‍ സാധാരണപോലെ എന്റെ പ്രതിവാര പോരാട്ടത്തിലായിരുന്നു. അവിടെ ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നുവെന്നുപോലും എനിക്ക് അറിയുമായിരുന്നില്ല. സുഹൃത്ത് അയച്ചുതന്നപ്പോഴാണ് ഞാനും ആദ്യമായി എന്റെ ഈ പടം കാണുന്നത്.' അംറോ അല്‍-ജസീറ പ്രതിനിധിയോട് പറഞ്ഞു.

'ആളുകള്‍ കാണാനോ ഫോട്ടോയില്‍ പതിയാനോ അല്ല ഞാന്‍ പോരാടുന്നത്. പക്ഷെ, ഈ പടം കണ്ടപ്പോള്‍ പോരാട്ടം തുടരേണ്ടതാണെന്ന ഊര്‍ജ്ജം ലഭിച്ചു.' അംറോ പറയുന്നു.

'ഞാന്‍ സാധാരണ പോരാട്ട നേരങ്ങളില്‍ കൈയില്‍ കരുതുന്ന പതാകയാണ് ഫോട്ടോയിലും ഞാന്‍ പിടിച്ചിട്ടുള്ളത്. പോരാട്ട നേരത്ത് പതാക കൈയില്‍ പിടിക്കരുതെന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയാറുണ്ട്. പക്ഷെ, ഞാന്‍ നെഞ്ചേറ്റുന്ന പതാക സദാ കൂടെ കരുതുകയെന്നത് എന്റെ നിര്‍ബന്ധമായിരുന്നു.'

'ഞാന്‍ വധിക്കപ്പെടുകയാണെങ്കിലും അതേ പതാകയില്‍തന്നെ അടക്കം ചെയ്യപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ഞങ്ങള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരണം. നാട്ടില്‍ ഞങ്ങളുടെ അഭിമാനം തിരിച്ചുപിടിക്കണം.' അംറോ പറയുന്നു.

ഏഴു മാസമായി തങ്ങള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി ഗാസാ മുനമ്പില്‍ ശക്തമായ പോരാട്ടത്തിലാണ് യുവാക്കള്‍. 70 വര്‍ഷമായി കൈമോശം വന്ന ജന്മഭൂമി തിരിച്ചുപിടിക്കാനുള്ള നിരന്തര ശ്രമത്തിലാണ് അവര്‍.