കലാവേദികളിലെ മുസ്‌ലിംവിരുദ്ധതയും വളരുന്ന ഇസ്‌ലാമോഫോബിക് മനസ്സും

ശക്കീല്‍ ഫിര്‍ദൗസി

25 November, 2018

+ -
image

കലാവേദികളില്‍ വര്‍ദ്ധിച്ചുവരുന്ന മുസ് ലിം വിരുദ്ധതയെ നമുക്ക് ചിരിച്ച് തള്ളാം. മുഖവിലക്കെടുക്കാതെ തള്ളിക്കളയാം. അവഗണന ഒരു രാഷ്ട്രീയം തന്നെയാണ്. പലപ്പോഴും പലതിലും കയറി ഇടപെട്ട് ആവശ്യമില്ലാത്ത വയ്യാവേലികള്‍ നമ്മള്‍ വരുത്തിവെക്കാറുമുണ്ട്. 

പക്ഷേ, നിശബ്ദത കൊണ്ട് മാത്രം നമുക്കീ ഇസ്ലമോഫോബിക് പരിസരങ്ങളെ നേരിടാനാവില്ല. 

കലാരംഗങ്ങള്‍, പ്രത്യേകിച്ച് സിനിമാ, നാടക വേദികള്‍ മുസ്ലിംവിരുദ്ധതയുടെ കൂത്തരങ്ങാണ് ഇന്ന്. ചെറിയ കാലം മുതല്‍ ഇത്തരം അവഹേളനപരമായ മുസ്ലിം ജീവിതങ്ങള്‍ കാണുന്നത് നമ്മള്‍ക്കെത്രത്തോളം വേദന ഉണ്ടാക്കുന്നതാണ്? ഏതു മതക്കാരനായാലും ഒരു സാധാരണ പയ്യന്റെ ഉള്ളില്‍ പോലും ഇത് പുച്ഛം ജനിപ്പിക്കും. കിത്താബ് ഇവിടെ ചെയ്തതും അതു തന്നെയാണ്.

കേരളത്തില്‍ പരസ്യമായി ജാതി വിരുദ്ധ നാടകങ്ങളും സിനിമകളും വളരെ തുച്ഛമാണ്. കേരളത്തില്‍ ജാതി വര്‍ക്ക് ചെയ്യുന്നത് രഹസ്യമായാണ്. അതിന് കാരണം ദലിത് ബുദ്ധിജീവികള്‍ ഉയര്‍ത്തിയിട്ടുള്ള ബൗദ്ധിക ഇടപെടലുകളും പ്രതിരോധങ്ങളും തന്നെയാണ്. 

നമ്മള്‍ക്ക് കലാരംഗത്തുള്ള ഈ മുസ്ലിം വിരുദ്ധതയോട് മുഖം തിരിഞ്ഞു നില്‍ക്കാം, എതിരിടാം. ലോംഗര്‍ ഫ്രെമില്‍ ഇതിനെ നേരിടുക എന്നത് തന്നെയാണ് ശരിയായ പ്രതിരോധം എന്നാണെന്റെ അഭിപ്രായം. 

ഈ നാടകം എതിര്‍ക്കപ്പെടുന്നത് പല കാരണങ്ങളാലാണ്: 

ഒന്ന് : സ്‌കൂള്‍/കോളേജ് നാടകങ്ങളുടെ സ്ഥിരം പാറ്റേണ്‍ തന്നെയാണ് ഇവിടെയുമുള്ളത്.

രണ്ട് : ഇത്തരം നാടകങ്ങള്‍ കാണുന്നത് നമ്മുടെ യുവതലമുറയില്‍ അപകര്‍ഷതാ ബോധമുണ്ടാക്കും, പുരോഗമനം എന്ന് പറയുന്നത് മതത്തെ തെറി പറയലാണ് എന്നൊരു സന്ദേശം നല്കു്ന്നുണ്ട്.

മൂന്ന്: ജില്ലാ -സംസ്ഥാന തലങ്ങളില്‍ ഇത്തരം നാടകങ്ങള്‍ കൊണ്ടാടപ്പെടുമ്പോള്‍ അതിനുണ്ടാവുന്ന റീച്ച് തടയാം, പരിമിതമാണെങ്കിലും. കാരണം, ഔദ്യോഗികമായിത്തന്നെ ഇതിലൂടെ മതവിരുദ്ധത പ്രബോധനം ചെയ്യപ്പെടുന്നു.

അതുകൊണ്ട്, കിത്താബ് വിമര്‍ശന വിധേയമാകുന്നതോടൊപ്പം അത്തരം ചിന്തകളെ ജനിപ്പിക്കുന്ന സാഹചര്യങ്ങളെയും ധാരണകളെയും തിരുത്തേണ്ടതുണ്ട്. അതാണ് യഥാര്‍ത്ഥ പരിഹാരം.