രജീന്ദര്‍ സച്ചാര്‍: ഇന്ത്യന്‍ മുസ്ലിംകളുടെ ദുരവസ്ഥ പുറത്ത് കൊണ്ട് വന്ന സോഷ്യലിസ്റ്റ്

റാഷിദ് ഒ.പി

22 April, 2019

+ -
image

സ്വതന്ത്രാനന്തര മുസ്ലിം ജീവിതത്തെക്കുറിച്ച് ആദ്യമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച രജീന്ദര്‍ സച്ചാറിന്‍റെ ആദ്യ ചരമവാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ്, മികച്ച ജഡ്ജ്, മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തി, പൗരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ച ഒരു മഹാ മനീഷി എന്ന് അദ്ദേഹത്തെ ഒറ്റവാക്കില്‍ പരിചയപ്പെടുത്താം.

 

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്‍റെ കറകളഞ്ഞ വക്താവായിരുന്നു അദ്ദേഹം. സുരേന്ദ്ര മോഹന്‍, ഭീ വൈദ്യ, പനലാല്‍ സുരാന, കേശവ് ജാദവ് തുടങ്ങിയ പല യുവ  സോഷ്യലിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം 2011 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ്  ഇന്ത്യ രൂപീകരിച്ചിരുന്നു. സോഷ്യലിസ്റ്റുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ തീരെ അപ്രസക്തമായ പുതിയ കാലത്തും തന്‍റെ വീക്ഷണങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം വെച്ച് പുലര്‍ത്തിയിരുന്നു അദ്ദേഹം. ഈ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുമോ എന്ന് പലരും ആശങ്കയോടെ ചോദിക്കാറുണ്ടായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെയുള്ള ഒരു പുഞ്ചിരിയായിരിക്കും അദ്ദേഹം മറുപടിയായി നല്‍കുക.

 

സച്ചാര്‍ റിപ്പോര്‍ട്ട് 

വ്യക്തിപരമായുള്ള നിലപാടുകള്‍ ഏറെ പുകള്‍ പറ്റതാണെങ്കിലും അവസാന 7 വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന്‍റെ പ്രശസ്തി ഇന്ത്യയൊട്ടുക്കും പ്രചരിച്ചത്. 2005 ല്‍ ഒന്നാം യു.പി.എ ഭരണ കാലത്ത് മന്‍മോഹന്‍ സിങാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ച് ഒരു സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ചത്. നിരന്തരമായ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം 2006 നവംബര്‍ 30ന് കമ്മീഷന്‍ 403 പേജുകളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാവുകയും ചെയ്തു. മുസ്ലിം സമൂഹത്തിന്‍റെ യഥാര്‍ഥ ചിത്രം പുറത്ത് കൊണ്ട് വന്ന റിപ്പോര്‍്ട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അക്കാദമിക വിദഗ്ദരും ഇരും കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. റിപ്പോര്‍്ട്ടിനെതിരെ ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രം എതിര്‍പ്പുയര്‍ന്നു. ബി.ജെ.പിയായിരുന്നു പ്രധാനമായും റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞത്. എങ്കിലും റിപ്പോര്‍ട്ടിന്‍റെ അവതരണ രീതിയും പരിഹാര നടപടികളും ജനങ്ങളില്‍ സച്ചാര്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യം നേടിക്കൊടുത്തു.

 

റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം

                ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ മനസ്സിലാക്കാനായി രൂപം നല്‍കിയ ആദ്യത്തെ കമ്മീഷനാണ് സച്ചാര്‍. മുസ്ലിംകള്‍ നേരിടുന്ന സകല സാമൂഹ്യ പ്രശ്നങ്ങളെയും കണക്കിലെടുത്തു കൊണ്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമൂഹത്തില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന സാമ്പത്തിക അസമത്വം, സാമൂഹിക അരക്ഷിതാവസ്ഥ, സ്വാതന്ത്ര്യാനന്തരം മുസ്ലിംകള്‍ അനുഭവിച്ച അന്യവത്കരണം എന്നിവയെല്ലാം അദ്ദേഹം വ്യക്തമായി വരച്ച് കാണിച്ചു. 2001 ലെ സെന്‍സസ് പ്രകാരം 138 ദശലക്ഷം മുസ്ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ്, സൈന്യം, പോലീസ്, രാഷ്ട്രീയം തുടങ്ങിയ മേഖലയിലെല്ലാം മുസ്ലിംകള്‍ ജനസംഖ്യാനുപാധികമായി വളര പിന്നിലാണെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി വ്യക്തമാക്കി.  വലിയൊരു വിഭാഗം മുസ്ലിം സമൂഹം നിരക്ഷരരും പാവപ്പെട്ടവരുമാണെന്നും അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് അവര്‍ ജീവിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതിയായിരുന്നു റിപ്പോര്‍ട്ട് ഇവ്വിധം കൃത്യവും സുതാര്യവുമായി തയ്യാറാക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നത്.

                റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മാധ്യമങ്ങളും വലത് പക്ഷ കക്ഷികളും നിരന്തരമായി പ്രചരിപ്പിച്ചിരുന്ന 'മുസ്ലിം പ്രീണനം' എന്നത് വെറും മിഥ്യ മാത്രമാണെന്ന് വ്യക്തമായി. മുസ്ലിംകളുടെ വോട്ട് കിട്ടാന്‍ കോണ്‍ഗ്രസും സോഷ്യലിസ്റ്റ് കക്ഷികളും അവര്‍ക്ക് വേണ്ടി അനധികൃതമായി എന്തൊക്കെയോ വാരിക്കോരി നല്‍കുന്നുണ്ടെന്നായിരുന്നു വലത് പക്ഷ കക്ഷികള്‍ നിരന്തരമായി ആക്ഷേപിച്ചിരുന്നത്.

 

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍

    ഇന്ത്യയിലുടനീളം വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയാര്‍ജ്ജിച്ചതോടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇത് ഉള്‍പ്പെടുത്താന്‍ തുടങ്ങി. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സച്ചാര്‍ കമ്മീഷന്‍ മുന്നോട്ട് വെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനങ്ങള്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാലത്ത് അതിനെ എതിര്‍ത്ത ബി.ജെ.പി മാത്രമാണ് ഇതിനൊരപവാദം. എന്നാല്‍ അധികാരം നേടിയ കക്ഷികള്‍ക്ക് പൂര്‍ണ്ണ തോതില്‍ ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം.

                മുസ്ലിംകളുടെ ഉന്നമനത്തിനായി കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം ഏറെ പ്രധാനപ്പെട്ടതാണ്.

1. ഈക്വല്‍ ഓപ്പര്‍ച്യുണിറ്റി കമ്മീഷന്‍ രൂപീകരിക്കുക. (equal opportunity commission). സ്വകാര്യ വിദ്യാഭ്യാസ, തൊഴില്‍, പാര്‍പ്പിട രംഗങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വിവേചനം തടയുകയെന്നതാണ് ഈ കമ്മീഷന്‍റെ ചുമതല. പൊതുവേ സ്വകാര്യ മേഖലകളില്‍ നടക്കുന്ന വിവേചനത്തിനെ തടയാന്‍ തക്കമുള്ള നിയമങ്ങള്‍ നിലവിലില്ല. കഴിഞ്ഞ ആഴ്ച എറണാകുളം തൃപ്പൂണിത്തറയിലെ കിറ്റെക്സ് ഗാര്‍മെന്‍റ്സില്‍ മുസ്ലിമായതിന്‍റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട ഒരു യുവാവിന്‍റെ ദുരിത കഥ ഏറെ വൈറലായിരുന്നു. ഈ നിര്‍ദേശം ഇനിയും നടപ്പിലാക്കപ്പെടാത്തതിന്‍റെ ദുരന്ത ചിത്രമാണത്. കേന്ദ്ര സര്‍ക്കാരിന് പുറമെ ഓരോ സംസ്ഥാന സര്‍ക്കാരിനും ഈ കമ്മീഷന്‍ രൂപീകരിക്കാന്‍ ഫെഡറല്‍ വ്യവസ്ഥയില്‍ അനുമതിയുണ്ട്.

2. നിലവിലെ തെരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കുക. ജനസംഖ്യാനുപാതികമായി നിയമ നിര്‍മ്മാണ സഭകളില്‍  പ്രാതിനിധ്യമില്ലാത്ത അവസ്ഥക്ക് പരിഹാരം കാണാനാണ് സച്ചാര്‍ കമ്മീഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഈ പ്രശ്നത്തിന്‍റെ കാരണങ്ങളിലൊന്ന് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പലതും പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടതാണെന്നാണ്. അതേ സമയം പല പട്ടിക ജാതി ഭൂരിപക്ഷ മണ്ഡലങ്ങളിലും സംവരണമില്ല താനും. ഉത്തര്‍പ്രദേശിലെ പല മണ്ഡലങ്ങളിലും ഈ പ്രശ്നം കാണാവുന്നതാണ്. മണ്ഡലത്തെ പുനര്‍ നിര്‍ണ്ണയിക്കുക വഴി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. അത് വഴി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ സംവരണത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയും അവിടങ്ങളില്‍ മുസ്ലിംകള്‍ക്ക് തന്നെ മല്‍സരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

                സച്ചാര്‍ കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇനിയുമുണ്ട്. ഈ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കിയാല്‍ മാത്രമേ മുസ്ലിംകള്‍ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് അറുതി വരുത്താന്‍ സാധിക്കുകയുള്ളൂ.