Tuesday, 26 January 2021

വാഗൺ ട്രാജഡിക്ക് 99 വർഷം: ജീവ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച അറുപത്തിനാല് പേരുടെ ഓർമ മരിക്കുന്നില്ല

റാശിദ് ഓത്തുപുരക്കൽ ഹുദവി

20 November, 2020

+ -
image

64 ധീര ദേശാഭിമാനികളായ മാപ്പിളമാർ രക്ത സാക്ഷിത്വം വരിച്ച വാഗൺ ദുരന്തത്തിന് ഇന്നേക്ക് 99 വർഷങ്ങൾ തികയുന്നു. 1920 നവംബർ 10 നാണ് തിരൂരിൽ നിന്നും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ ബെല്ലാരിയിലെ ജയിലിലേക്കുള്ള യാത്രക്കിടെ 100 മാപ്പിള സമര സേനാനികളിൽ 64 പേരും മരണപ്പെട്ടത്.

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം

1921 ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച ഉടൻ ബ്രിട്ടീഷ് സാമ്രാജ്യം തങ്ങളുടെ എതിരെ യുദ്ധം ചെയ്തിരുന്ന മുസ്‌ലിം ലോകത്തിന്റെ നേതൃത്വമായ തുർക്കിയിലെ ഉസ്മാനിയാ ഖിലാഫത്ത് അവസാനിപ്പിച്ചു. ഇതിനെതിരെ ലോകത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു. ഇന്ത്യയിലും ഖിലാഫത്ത് മൂവ്മെന്റ് എന്ന പേരിൽ പലയിടങ്ങളിലായി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ സമരം ആരംഭിച്ചു. ഈ സമയത്ത് ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ സമര നിരയുമായി ഇറങ്ങിയിരുന്ന ഗാന്ധിജി ഇതൊരു അവസരമായി കാണുകയും ഇന്ത്യയിലെ നാനാജാതി ജനങ്ങളെയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിപ്പിക്കുവാൻ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളം പ്രസ്ഥാനത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. നാനാജാതി ജനങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് വെച്ച് സമരത്തിലേക്ക് എടുത്തു ചാടി. കേരളത്തിലെ സമരം ശക്തിപ്പെടുത്താൻ സമരത്തിന് നേതൃത്വം നൽകി ഗാന്ധിജി തന്നെ കോഴിക്കോട് കടപ്പുറത്ത് നേരിട്ടെത്തി. ഇതോടെ കേരളത്തിൽ സമരം ശക്തിപ്രാപിച്ചു. വര്‍ഗീയമായ ചേരിതിരിവ് ഇല്ലാതെ നിസ്സഹകരണപ്രസ്ഥാനവുമായി ചേര്‍ന്ന് ബ്രിട്ടനെതിരെ പോരാടാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്.

അതിന് മുമ്പ് തന്നെ 1920ൽ കുടിയാന്‍ സംഘം രൂപീകരിച്ചിരുന്നു. അതിന് നേതൃത്വം നല്‍കിയത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എംപി നാരായണമേനോനുമാണ്. മലബാറില്‍ ഖിലാഫത്ത് മൂവ്‌മെന്റ് സജീവമായപ്പോള്‍ ജാതിമതഭേദമന്യേ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അണിനിരന്നു. പിന്നീട് സമരത്തിന്റെ പ്രധാന നായകനായി മാറിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അംഗത്വം കൊടുത്തത് എംപി നാരായണമേനോന്‍ ആയിരുന്നു.

മലബാർ സമരം

ഏറനാട്ടിലും വള്ളുവനാട്ടിലും പക്ഷേ സമരം സായുധ സമരമായി മാറി. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ, ആലി മുസ്‌ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, കുഞ്ഞിക്കാദര്‍ തുടങ്ങിയവരാണ് സായുധ ഖിലാഫത്ത് സമരത്തിന് നേതൃത്വം നൽകിയത്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപ്പിച്ച് അൽപ കാലം മലയാളരാജ്യം എന്ന പേരിൽ ഒരു ഭരണം സ്ഥാപിക്കാൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്ക് സാധിച്ചു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തോട് വിജയിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്നെ ഒരു ഭരണകൂടം സ്ഥാപിക്കാൻ കഴിഞ്ഞത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മാത്രമായിരുന്നു. ഓരോ മതസ്ഥർക്കും അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്ന ഭരണമായിരുന്നു വാരിയൻ കുന്നൻ കാഴ്ച വെച്ചത്. ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്ന മുസ്‌ലിമിനെ വധശിക്ഷക്ക് വിധിച്ചിരുന്നു അവിടെ.

ബ്രിട്ടീഷുകാരുടെ അടിച്ചമർത്തൽ

ഈ ഭരണം ഏറെക്കാലം നീണ്ടുനിന്നില്ല. ഇന്ത്യയിൽ സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ചു ബ്രിട്ടീഷുകാർ മലബാറിലെത്തി സമരം അടിച്ചമർത്തി. പോലീസ് സ്‌റ്റേഷന്‍ അക്രമണം, റെയില്‍ ട്രാക്കുകള്‍ നശിപ്പിക്കല്‍, വാര്‍ത്താവിതരണ സംവിധാനം തകര്‍ക്കല്‍, ആയുധ സന്നാഹത്തോടെ സംഘം ചേരല്‍ തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങളെല്ലാം ചുമത്തി മാപ്പിളമാരെ ജയിലിലടച്ചു. പലരെയും അന്തമാനിലെ കുപ്രസിദ്ധ തടവറയിലേക്ക് നാടുകടത്തി. വാഗൺ ട്രാജഡി ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചെയ്ത ഏറ്റവും വലിയ ക്രൂര നടപടികളിൽ ഒന്നായി വാഗൺ ട്രാജഡിയെ എണ്ണാനാവും. തിരൂരിൽ നിന്നും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ ബെല്ലാരിയിലെ ജയിലിലേക്ക് 100 മാപ്പിള സമര സേനാനികളെയായിരുന്നു ബ്രിട്ടീഷ് പട്ടാളം ഒരൊറ്റ വാഗണിൽ കുത്തി നിറച്ച് വാതിലടച്ചു കളഞ്ഞത്. ശ്വാസ വായു പോലും നിഷേധിക്കപ്പെട്ടതോടെ വാഗണിനുള്ളിൽ നടന്നത് ഭീകര രംഗങ്ങളായിരുന്നു.

ദാഹിച്ചു വലഞ്ഞ ആ സംഘം പരസ്പരം മാന്തി പറിക്കുകയും മറ്റുള്ളവരെ ചുടുചോരയും മറ്റും കുടിക്കുകയും ചെയ്തു. ബെല്ലാരിയിലെത്തി വാഗൺ തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച ആരെയും നടുക്കുന്നതായിരുന്നു. 100 പേരിൽ 64 പേർ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവർ മൃതപ്രായരും. ദുർഗന്ധം കൊണ്ട് മൂക്കു പൊത്തിയ ബെല്ലാരിയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായില്ല അത് തിരൂരിലേക്ക് തന്നെ തിരിച്ചയച്ചു. ഇനി ആരെയും അറസ്റ്റ് ചെയ്യരുതെന്ന ഉപാധിയോടെ തിരൂരിൽ പ്രദേശവാസികൾ ആ മയ്യത്തുകൾ ഏറ്റുവാങ്ങി കബറടക്കി. ഈ സംഭവത്തോടെ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ ജനത സമരം ശക്തമാക്കി. ഈ രക്തസാക്ഷിത്വം വരിച്ച അറുപത്തിനാലു പേരുടെ സ്മരണക്കായി തിരൂരിൽ വാഗൺ നിർമ്മിച്ചിട്ടുണ്ട്.