യുഎഇയുടെ ഹോപ് പ്രോബ് വിക്ഷേപണം ബൈതുൽ ഹിക്മയെ ഓർമ്മിപ്പിക്കുന്നു

റാശിദ് ഓത്തുപുരക്കൽ ഹുദവി

20 July, 2020

+ -
image

ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററില്‍ ബുധനാഴ്ച പുലർച്ചെ 1.58ന് ഹോപ്പ് എന്ന യുഎഇ നിർമ്മിത ഉപഗ്രഹം ചൊവ്വ ലക്ഷ്യമാക്കി പറന്നുയർന്നതോടെ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് യുഎഇ എന്ന രാജ്യം മാത്രമല്ല, അറബ് ലോകം മുഴുവനാണ്. യുഎഇയിലെ മുഹമ്മദ്​ ബിന്‍ റാശിദ്​ സ്​പേസ്​ സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ പേടകം നിർമ്മിച്ചതെന്ന വസ്തുതയും യുഎഇയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ്.

മുഹമ്മദ്​ ബിന്‍ റാശിദ്​ സ്​പേസ് സെന്റർ

2006 ഫെബ്രുവരി ആറിനാണ് ബഹിരാകാശ രംഗത്തേക്ക് ചുവടുറപ്പിക്കാനായി യുഎഇ പ്രധാനമന്ത്രിയും 31 ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നിർദ്ദേശപ്രകാരം എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ആരംഭിച്ചത്. 2015 ൽ ഈ സ്ഥാപനമാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻറർ എന്നപേരിലേക്ക് മാറുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് യുഎഇയുടെ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട ഹോപ്പ് ചൊവ്വ ദൗത്യത്തിന് വേണ്ടി തന്നെയായിരുന്നു ഇതിന്റെ രൂപവൽക്കരണം. യുഎഇയിൽ ബഹിരാകാശ പഠന ഗവേഷണ മുന്നേറ്റത്തിനായി നിരവധി പദ്ധതികളാണ് സെന്ററിന് കീഴിൽ നടന്ന്കൊണ്ടിരിക്കുന്നത്.

ഏറെക്കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ 2009 ൽ മുഹമ്മദ് ബിൻ റാശിദ് സ്പെയ്സ് സെന്റർ ആദ്യ സാറ്റലൈറ്റ് വിക്ഷേപിച്ച് തങ്ങളുടെ വരവറിയിച്ചു. ഭൂമിയെ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ്സാറ്റ്-1 എന്ന് പേരിട്ട ഈ ഉപഗ്രഹം വിക്ഷേപിച്ചത്. കൊറിയൻ ശാസ്ത്രജ്ഞരുമായി ചേർന്നാണ് ഈ ഉപഗ്രഹം നിർമ്മിച്ചത്.

2013 ൽ ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞരുമായി ചേർന്നുതന്നെ കൂടുതൽ വ്യക്തതയുള്ള ക്യാമറകൾ ഘടിപ്പിച്ച ദുബായ്സാറ്റ്-2 സെന്ററിലെ ഇമാറാതി ശാസ്ത്രജ്ഞർ നിർമ്മിക്കുകയും റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ കോസ്മട്രാസിന്റെ സഹകരണത്തോടെ വിക്ഷേപിക്കുകയും ചെയ്തു.

2018 ൽ ഇന്ത്യൻ ബഹിരാകാശ വിക്ഷേപണ റോക്കറ്റായ പിഎസ്എൽവിയുടെ ചിറകിലേറി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറിന്റെ മൂന്നാം ഉപഗ്രഹമായ നായിഫ്-1 ഭ്രമണപഥത്തിലെത്തി. പൂർണ്ണമായും ഇമാറാത്തി ശാസ്ത്രജ്ഞർ മാത്രം നിർമിച്ച ആദ്യ ഉപഗ്രഹമെന്ന വിശേഷണമായിരുന്നു നായിഫിനെ വേറിട്ട് നിർത്തിയിരുന്നത്. 2018 ൽ ഖലീഫസാറ്റ് എന്ന മറ്റൊരു ഭൗമ നിരീക്ഷണ ഉപഗ്രഹവും യുഎഇ വിക്ഷേപിച്ചിരുന്നു.

ചൊവ്വാ ദൗത്യത്തിനായി വിക്ഷേപിച്ച ഹോപ്പ് പ്രോബായിരുന്നു ഇതുവരെയുള്ള സെന്ററിന്റെ അഭിമാന പദ്ധതി. ഇനി സെന്റർ ഉറ്റുനോക്കുന്നത് ചൊവ്വയിൽ ഒരു വാസസ്ഥലം തയ്യാറാക്കാനാണ്. 2117 ൽ ചൊവ്വയിൽ ജനവാസം സ്ഥാപിക്കാനുള്ള 'മാർസ് 2177 ' എന്ന സ്വപ്ന പദ്ധതി ഇതിനായി സെന്റർ ആരംഭിച്ചിട്ടുണ്ട്.

ഹോപ്പ് നിർമാണം, പ്രത്യേകതകൾ

ആറ്​ വര്‍ഷം മുന്‍പ്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനാണ്​ ഹോപ്പ് പ്രോബിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്​. തൊട്ടടുത്ത വര്‍ഷം ഹോപ്പിന്റെ നിര്‍മാണം നടന്നു. 55 ലക്ഷം മണിക്കൂറില്‍ 450ലധികം ജീവനക്കാരുടെ ശ്രമഫലമായാണ്​ ഹോപ്പിന്​ ജീവന്‍ നല്‍കാനായത് യുഎസിലെ കൊളറാഡോ യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ-ബെര്‍ക്ക്‌ലി യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായി ചേര്‍ന്നാണ് ഇമാറാതി ശാസ്ത്രജ്ഞർ ഹോപ് പ്രോബ് നിർമിച്ചിരിക്കുന്നത്.

നക്ഷത്രങ്ങളെക്കുറിച്ച്‌ അറിയാനുള്ള സ്റ്റാര്‍ ട്രാക്കറുകള്‍, ചൊവ്വയിലെ വെള്ളം, മഞ്ഞുകണങ്ങള്‍, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകള്‍ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷന്‍ ഇമേജര്‍ , 20 ഗീഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അള്‍ട്രാവയലറ്റ് സ്പെക്‌ട്രോമീറ്റര്‍ തുടങ്ങിയ സുപ്രധാന ഘടകങ്ങൾ പേടകത്തിൽ ഉൾപ്പെടുന്നു. 1.3 ടണ്‍ ഭാരമുള്ള ഹോപ്പ് പ്രോബിനായി 73.5 കോടി ദിര്‍ഹമാണ് ചെലവ് വന്നത്.

അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെ തിങ്കളാഴ്ച പുലർച്ചെ 1.58 നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളില്‍ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പ്പെടുകയും ചെയ്തു.

ഹോപ്പ് പ്രോബ് വേർപെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്‌നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയും ചെയ്തു. ഇതോടെ ഉപഗ്രഹത്തിന്റെ നിയന്ത്രണം ദുബായിലെ ഗ്രൗണ്ട് സ്റ്റേഷന്‍ ഏറ്റെടുത്തു. ഇനിയുള്ള 30 ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും.

ബൈത്തുൽ ഹിക്മയെ ഓർമ്മിപ്പിക്കുന്ന നേട്ടം

എട്ടാം നൂറ്റാണ്ടിൽ മുസ്‌ലിം ലോകത്തിന്റെ അധികാര ചെങ്കോൽ അണിഞ്ഞിരുന്ന അബ്ബാസി ഖലീഫ ഹാറൂൺ റശീദ് സ്ഥാപിച്ച ബൈത്തുൽ ഹിക്മയെ ഓർമ്മിപ്പിക്കുന്നതാണ് മുഹമ്മദ് ബിൻ റാശിദ് കേന്ദ്രത്തിന്റെ നേട്ടങ്ങൾ.

വാനനിരീക്ഷണ ശാസ്ത്രത്തിൽ നിർണായക സംഭാവനകൾ അർപ്പിച്ച കേന്ദ്രമാണ് ബൈത്തുൽ ഹിക്മ. ക്രി. 828 ൽ ഖലീഫ മഅമൂന്റെ ആഭിമുഖ്യത്തിൽ ബൈത്തുൽ ഹിക്മയിലെ വാനശാസ്ത്രജ്ഞരായ യഹ്‌യ ഇബ്നു അബീ മൻസൂർ, സനദ് ബ്ൻ അൽ യഹൂദി എന്നിവരാണ് ലോകത്തെ ആദ്യ വാനനിരീക്ഷണ കേന്ദ്രം നിർമ്മിച്ചത്. മുംതഹൻ എന്ന് പേരിട്ട ഈ വാനനിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ശാസ്ത്ര ജ്ഞാനങ്ങൾ സമാഹരിച്ച് അൽ സിജ് അൽ മുംതഹൻ എന്നൊരു ഗ്രന്ഥവും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

യു എ ഇ യുടെ അഭിമാന സ്ഥാപനമായ മുഹമ്മദ് ബിൻ റാശിദ് സ്പെയ്സ് സെന്റർ മറ്റൊരു ബൈത്തുൽ ഹിക്മയായി മാറുമെന്ന് പ്രത്യാശിക്കാം. ഏഴുമാസത്തിന് ശേഷം, 2021ല്‍ യുഎഇയുടെ അമ്പതാം വാര്‍ഷികത്തോടടുത്ത് ഈ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഉപഗ്രഹത്തിന്റെ ഭാവി ചലനങ്ങളും വിജയകരമായാൽ ഒരിക്കൽ കുത്തകയാക്കി വെച്ചിരുന്ന വാനശാസ്ത്ര രംഗത്തേക്കുള്ള അറബികളുടെ തിരിച്ച് വരവിനായിരിക്കും ലോകം സാക്ഷിയാവുക.