അത്തിപ്പറ്റ ഉസ്താദ്: പൊലിമകള്‍ ഇഷ്ടപ്പെടാത്ത ജ്ഞാനി

ഡോ. കെ.ടി. ജലീല്‍

20 December, 2018

+ -
image

അത്തിപ്പറ്റ ഉസ്താദ് വർത്തമാന കാലത്ത് ജീവിച്ചിരുന്ന അപൂർവരിൽ അപൂർവനായ സൂഫിയായിരുന്നു. 2004 ലാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്. എന്റെ നാട്ടുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി.എസ്. കുട്ടിയാണ് അൽ ഐനിൽ മൊയ്തീൻ കുട്ടി മുസ്ല്യാർ താമസിച്ചിരുന്നിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയത്. വർഷങ്ങളായി അദ്ദേഹം അവിടെ ഔഖാഫിന്റെ ഉദ്യോഗസ്ഥനായി പള്ളിയിൽ ജോലി ചെയ്തു വരികയാണെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു. അറബിയിലുള്ള ഒരുപാട് മതഗ്രന്ഥങ്ങൾ അടുക്കി വെച്ച മജ്ലിസിൽ വെച്ചാണ് ഉസ്താദ് സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തിയത്. സംസവും കാരക്കയും നൽകി സുഖവിവരങ്ങൾ തിരക്കി. വേഷത്തിലും കാഴ്ചയിലും പെരുമാറ്റത്തിലും സംസാരത്തിലും അദ്ദേഹം എത്രയോ ഉയർന്നു നിന്നത് ഞാനിന്നുമോർക്കുന്നു. 

ശമ്പളമായി തനിക്ക് കിട്ടുന്നതിൽ നിന്ന് വീട്ടിലേക്കയക്കാൻ വളരെ കുറച്ചേ ഉസ്താദിന്റെ കയ്യിൽ ഉണ്ടാകാറുള്ളൂ എന്ന് അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തിയത് എന്നെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.
 
താൻ ജോലി ചെയ്തിരുന്ന പള്ളിയിൽ സ്ഥിരമായി പ്രാർത്ഥനക്ക് വരാറുള്ള താഴ്ന്ന ജോലികളിൽ കഴിഞ്ഞിരുന്ന അഫ്ഘാനികളും പട്ടാണികളും സുഡാനികളും നാട്ടിലേക്ക് പണമയക്കാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ കയ്യിലുള്ളത് അദ്ദേഹം ആരുമറിയാതെ അവർക്കു നൽകി. ഇതദ്ദേഹം ആരോടെങ്കിലും വെളിപ്പെടുത്തി മറ്റുള്ളവർ അറിഞ്ഞതല്ല.
 
ഉസ്താദ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ച ദിവസം, അദ്ദേഹത്തെ യാത്രയാക്കാൻ ചെന്ന നാട്ടുകാരായ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, അത്തിപ്പറ്റ മുസ്ല്യാർ  ജോലി ചെയ്തിരുന്ന പളളിയിലും പരിസരത്തും കണ്ണീരോടെ ചുറ്റിപ്പറ്റി നിന്നിരുന്ന പരദേശികളായ സാധാരണക്കാരെ കണ്ട് അൽഭുതം കൂറിയത് കഥയല്ല. അവരുടെ കണ്ണുകൾ ചുറ്റും നിന്നവരോട് വെളിപ്പെടുത്തിയതായിരുന്നു ആ ദാനത്തിന്റെ സുഗന്ധം പരത്തിയ വാർത്ത. ഇങ്ങോട്ട് വാങ്ങാതെ അങ്ങോട്ട് കൊടുക്കാൻ ദൈവചൈതന്യം കൂടപ്പിറപ്പായവർക്കേ കഴിയൂ. തനിക്കു കിട്ടുന്ന 'ഹദിയ'കൾ ഉൾപ്പടെ തന്റെ മുന്നിലെത്തുന്നവർക്ക് പങ്കുവെച്ചു നൽകി സായൂജ്യമടയുന്ന മനുഷ്യനെ വിശേഷിപ്പിക്കാൻ എന്റെ ഖജാനയിൽ വാക്കുകളില്ല. 
 
കഷ്ടി രണ്ടു വർഷം മുമ്പാണ് സുഖമില്ലാതെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന അത്തിപ്പറ്റ ഉസ്താദിനെ ഞാൻ പോയി കാണുന്നത്. മൂത്ത മകൻ ഉൾപ്പടെ ബന്ധുമിത്രാതികൾ പലരുമുണ്ടായിരുന്നു വീട്ടിൽ. മുപ്പത് വർഷം ഗൾഫിൽ നല്ല വേതനത്തിന് ജോലി ചെയ്ത അദ്ദേഹത്തിന്റെ വീടും കിടപ്പുമുറിയും സൂഫിവര്യനാണ് ഉസ്താതെന്ന എന്നിലെ ധാരണ നൂറ്റൊന്ന് ശതമാനം ഊട്ടി ഉറപ്പിച്ചു.
 
ആത്മീയോൽക്കർഷം വിൽപ്പനച്ചരക്കാകുന്ന കെട്ട കാലത്ത് അദ്ദേഹമതിന്റെ വിശുദ്ധി ഒരു അണുമണിത്തൂക്കം കളങ്കമേൽക്കാതെ സമ്പൂർണ്ണതയിൽ കാത്തു സൂക്ഷിച്ചു. ആരോടും പരിഭവമില്ലാതെ എല്ലാവർക്കും സ്നേഹം മാത്രം നൽകി, പ്രവാചക ചര്യയുടെ ഓരം ചേർന്ന് ഒരുറുമ്പിനെപ്പോലും നോവിക്കാതെ നമുക്കു മുന്നിലൂടെ നടന്ന് ഉസ്താദ് കാലത്തിന്റെ മറുതീരം പൂകിയിരിക്കുന്നു.  
 
വിനയത്തിന്റെ മൂർത്തീമൽഭാവമായ ആ പണ്ഡിത ശ്രേഷ്ഠൻ സൂര്യതേജസ്സായി ജനമനസ്സിൽ ജ്വലിച്ചു നിൽക്കുമെന്നുറപ്പാണ്.  മൊയ്തീൻകുട്ടി മുസ്ല്യാരുടെ വിയോഗം തീർത്ത വ്യസനക്കടലിൽ ലക്ഷക്കണക്കിന് ആളുകൾക്കൊപ്പം ഈയുള്ളവനും പങ്കുചേരുന്നു. ബ്രഹ്മാണ്ഡകടാഹങ്ങളുടെ ഉടമസ്ഥനായ നാഥാ അറിവും ലാളിത്യവും സ്നേഹവും സഹിഷ്ണുതയും ഒരുപോലെ സമ്മേളിച്ച  അത്തിപ്പറ്റ ഉസ്താദിനെ സ്വർഗ്ഗം നൽകി അനുഗ്രഹിച്ചാലും.